ഇ-മാലിന്യങ്ങൾ, Photo: Gettyimages | നരേന്ദ്ര മോദി | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 17 ശതമാനം വരുന്ന ഇ-മാലിന്യം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കി ബാത്തിനിടയിലായിരുന്നു വളര്‍ന്നു കൊണ്ടിരിക്കുന്ന ഇ-മാലിന്യത്തെ പറ്റിയുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇ-വേസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായി ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"നിലവിലെ അത്യാധുനിക ഉപകരണങ്ങള്‍ ഭാവിയിലെ ഇ-മാലിന്യമാണ്. ഒരാള്‍ പുതിയൊരു മൊബൈലോ മറ്റോ വാങ്ങുമ്പോള്‍ പഴയത് എന്തു ചെയ്തുവെന്നത് പ്രധാനമാണ്", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇ-മാലിന്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്താല്‍ അത് പരിസ്ഥിതിക്ക് ഗുണകരമാകുമെന്ന് മാത്രമല്ല, റീസൈക്കിള്‍ ആന്‍ഡ് റീയൂസ് എന്ന ആശയം കൂടിയാണ് പകരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം അഞ്ചുകോടി ടണ്‍ ഇ-മാലിന്യമാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. ഓരോ സെക്കന്‍ഡിലും 800 ഓളം ലാപ്‌ടോപ്പുകളാണ് വലിച്ചെറിയപ്പെടുന്നത്. അമൂല്യമായ 17 തരം ലോഹങ്ങൾ ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കാമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മന്‍കി ബാത്തില്‍ പരാമര്‍ശമുണ്ടായി. കഴിഞ്ഞ എട്ടുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണം മൂലം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് നടന്നത്.
2014-ല്‍ 26 തണ്ണീര്‍ത്തടങ്ങളുണ്ടായിരുന്നിടത്ത് നിലവില്‍ 75 ഓളം തണ്ണീര്‍ത്തടങ്ങളാണുള്ളത്. രാജ്യത്ത് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ഹരിയാണ എന്നിവിടങ്ങളിലാണ് ഇ-മാലിന്യം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഏറ്റവും വലിയ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 22 സംസ്ഥാനങ്ങളിലായി 468 അംഗീകൃത കേന്ദ്രങ്ങളുണ്ടെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ അഭാവമാണ് പലപ്പോഴും ഇ-മാലിന്യങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുന്നത്.
Content Highlights: around 15 to 17 percentage of e-waste have been recycled in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..