പ്രതീകാത്മക ചിത്രം | Photo-Gettyimage
അമേരിക്കയില്‍ പ്രതിവര്‍ഷം അര ലക്ഷത്തോളം അകാലമരണങ്ങളാണ് വായുമലിനീകരണം മൂലമുണ്ടാവുന്നത്. രാജ്യത്തെ വായുമലിനീകരണത്തിന്റെ പ്രധാന ഉറവിടമായ ഫോസില്‍ ഇന്ധനങ്ങളാണിതിന് പ്രധാന കാരണം. യൂണിവേഴ്സിറ്റി ഓഫ് വിന്‍സ്കോണ്‍സിന്‍-മാഡിസണിലെ ഒരുക്കൂട്ടം ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. രാജ്യത്തെ വായു നിലവാരം ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെങ്കിലും മാരകമായ രീതിയിലുള്ള വായു മലിനീകരണമുണ്ടാവുന്നുണ്ട്. ഫാക്ടറിക്കും പവര്‍ പ്ലാന്റുകള്‍ക്കും സമീപം താമസിക്കുന്നവരാണ് ഇതിന് കൂടുതലും വിധേയമാകുന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വായുമലിനീകരണം PM 2.5 ചെറുകണികകളുടെ ഉത്ഭവത്തിന് കാരണമാകുന്നു. 2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ളതും ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ ശേഷിയുള്ളതും ചിലയവസരങ്ങളില്‍ രക്തചംക്രമണത്തില്‍ പ്രവേശിച്ച് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വായുവിലെ മലിനകണികകളാണ് PM 2.5.
വായു നിലവാരം മെച്ചപ്പെടുത്താനായി ക്ലീന്‍ എയര്‍ ആക്ട് ഉണ്ടെങ്കില്‍ പോലും പ്രതിവര്‍ഷം ഒരുലക്ഷം പേര് ഇത്തരത്തില്‍ അകാല മരണത്തിന് വിധേയമാകാനുള്ള സാധ്യത നിലവില്‍ രാജ്യത്തുണ്ടെന്നും പറയുന്നു. പഠനത്തിന്റെ രചയിതാക്കളിലൊരാളായ ജൊണാതന് പാറ്റ്സ്. കല്‍ക്കരി പോലെ മാരകമായ വായു മലിനീകരണം പുറപ്പെടുവിക്കുന്നവയുടെ ഉപയോഗം രാജ്യത്ത് കുറച്ചിട്ടുണ്ടെങ്കിലും പ്രതിവര്‍ഷം ഇപ്പോഴും 9,000-ഓളം മരണങ്ങള് ഇത്തരത്തിലുള്ള മലിനീകരണം മൂലമുണ്ടാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫോസില്‍ ഇന്ധനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന കാര്‍, ട്രക്ക് പോലെയുളള വാഹനങ്ങളാണ് 11,000-ഓളം മരണങ്ങളുടെ പ്രധാന കാരണം. ലോകത്താകമാനം ദശ ലക്ഷക്കണക്കിന് അകാല മരണങ്ങളാണ് ഇത്തരത്തില്‍ വായു മലിനീകരണമുണ്ടാവുന്നതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ(ഡബ്ല്യുഎച്ച്ഒ) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും ഇത്തരത്തിലുണ്ടാവുന്ന 10 ലക്ഷത്തിലധികം മരണങ്ങള് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് ഇല്ലാതാക്കാന്‍ കഴിയുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠന റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള വായുമലിനീകരണം പ്രതിവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നുണ്ട്. ഇത് കുറയ്ക്കുക വഴി പ്രതിവര്‍ഷം 600 ബില്ല്യണ്‍ ഡോളര്‍ രാജ്യത്തിന് ലാഭിക്കാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..