രാക്ഷസക്കൊന്നകൾ അഥവാ മഞ്ഞക്കൊന്നകൾ | Photo-Wiki/ചെയ്തത് Vinayaraj - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 3.0, https://commons.wikimedia.org/w/index.php?curid=22593836
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കേരളത്തിലേക്കെത്തിയ സസ്യവര്‍ഗമാണ് രാക്ഷസക്കൊന്നകള്‍. സെന്ന സ്പകെടാബിലീസ് എന്ന ശാസ്ത്രനാമമുളള ഇവ സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് വയനാട്ടിലെത്തുന്നത്. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് തകിടം മറിയുകയായിരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കാടടക്കി വാഴുന്ന രാക്ഷസന്മാരായി ഈ മഞ്ഞക്കൊന്നകള്‍ മാറി. 30 അടിയോളം വരെ ഉയരത്തില്‍ വളരാന്‍ ശേഷിയുള്ള രാക്ഷസക്കൊന്നയിലെ യഥാര്‍ത്ഥ വില്ലന്മാര് തൊലിയിലും ഇലയിലുമുള്ള രാസപദാര്‍ത്ഥങ്ങളാണ്. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് പിന്നിലും രാക്ഷസക്കൊന്നകള്‍ പ്രധാന കാരണമാണ്. നിലവില്‍ വയനാട് വനമേഖലയുടെ 123 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനപ്രദേശത്ത് ഇവ വ്യാപിച്ചു കഴിഞ്ഞു.
ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ ജീവിതചക്രത്തെ തെക്കെ അമേരിക്കന്‍ സ്വദേശികളായ രാക്ഷസക്കൊന്നകള്‍ ബാധിച്ചു കഴിഞ്ഞു. വയനാട് ജില്ലയിലെ ജനവാസമേഖലയില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കടുവകള്‍ കാടിറങ്ങുന്നത് മൂലം ഭീതിയുടെ നിഴലിലാണ് ജനവാസ മേഖലകള്‍. പുല്ല് വര്‍ഗങ്ങളെ യാതൊരു തരത്തിലും വളരാന്‍ അനുവദിക്കാത്ത രാക്ഷസക്കൊന്നകള്‍ സൂര്യപ്രകാശം കാടുകളിലെത്തുന്നതിനും തടസ്സമാണ്. പുല്ല് വര്‍ഗങ്ങള്‍ പോലെയുള്ള നൈസര്‍ഗിക അടിക്കാടുകള്‍ നശിക്കുന്നത് ആന, മാന്‍ തുടങ്ങിയ സസ്യഭുക്കുകള്‍ കാടിറങ്ങുന്നതിന് കാരണമാകും. ചിലവ ഭക്ഷണം തേടി മറ്റിടങ്ങളിലേക്ക് പോകും. അങ്ങിനെ കാടിറങ്ങുന്ന സസ്യഭുക്കുകളെ തേടി മാംസഭുക്കുകളും കാടിറങ്ങാന്‍ തുടങ്ങി.
രാക്ഷസക്കൊന്നകള്‍ ഒരിക്കല്‍ വ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് നശിപ്പിക്കുക അസാധ്യമാണ്. ഒരിക്കല്‍ വെട്ടിമാറ്റിയാല്‍ വീണ്ടും മുളയ്ക്കും. വേരോടെ പിഴുതു മാറ്റി നശിപ്പിക്കുകയാണ് പോംവഴി. വേരോടെ പിഴുതു മാറ്റി കാടിനു വെളിയില്‍ കൊണ്ടു പോയി തീയിട്ടു നശിപ്പിക്കുകയാണ് സാധാരണയായി ചെയ്യുക. തൊലി ചെത്തിമാറ്റി ഉണക്കിയും നശിപ്പിക്കാം. വേരോടെ പിഴുതു തലകീഴായി കുഴിച്ചിട്ട് നശിപ്പിക്കുന്ന രീതിയും അവലംബിക്കുന്നുണ്ട്. മൂന്ന് വര്‍ഷം കൊണ്ടു കായുണ്ടാവുന്ന രാക്ഷസക്കൊന്നയുടെ ഒന്നില്‍ നിന്നു തന്നെ ആറായിരത്തോളം വിത്തുകളുണ്ടാകും.
2017 ല്‍ വയനാടന്‍ വനമേഖലയില്‍ രാക്ഷസക്കൊന്നയുടെ സാന്നിധ്യം പെരുകിയപ്പോള്‍ മാതൃഭൂമിയിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് മറ്റ് മാധ്യമങ്ങള്‍ വാര്‍ത്ത് എറ്റെടുത്തതോടെ വിഷയം നിയമസഭയിലുമെത്തി. തുടര്‍ന്ന് വന്യമൃഗ ശല്യ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ചു. 2015 ല്‍ കര്‍ണാടകയില്‍ പോവുന്ന സമയത്ത് വെള്ള എന്ന സ്ഥലത്താണ് ആദ്യമായി രാക്ഷസക്കൊന്നയുടെ സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സമിതി അംഗമായ ടി.സി ജോസഫ് പറയുന്നു. പിന്നീടാണ് തോല്‍പ്പെട്ടിയില്‍ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് മേഖലയില്‍ ഇവ വ്യാപകമായി. 2017 ഓടെ ഇവ വ്യാപകമാകുകയാണ് ചെയ്തതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. വയനാടന്‍ വനമേഖലയുടെ 30 ശതമാനത്തോളം വരുന്ന പ്രദേശങ്ങളിലും രാക്ഷസക്കൊന്ന വ്യാപിച്ചു കഴിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിന്റെ ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളില്‍ ഇവ വ്യാപകമായി തഴച്ചു വളര്‍ന്ന് കഴിഞ്ഞിരിക്കുകയാണിപ്പോള്‍.
കാടിന്റെ സ്വാഭാവിക ഘടനയെ തന്നെ മാറ്റിമറിക്കാന്‍ രാക്ഷസക്കൊന്നകള്ക്ക് സാധിക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലേക്കുള്ള രാക്ഷസക്കൊന്നകളുടെ വരവ്. വളരെ വൈകിയാണ് ഇവയില്‍ പതിയിരിക്കുന്ന അപകടം വനംവകുപ്പ് അധികൃതര്‍ തിരിച്ചറിയുന്നത്. വെട്ടി നശിപ്പിച്ച രാക്ഷസക്കൊന്നകള്‍ വീണ്ടും മുളച്ചു കൊണ്ടേയിരുന്നു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലും രാക്ഷസക്കൊന്നകളുടെ സാന്നിധ്യമുണ്ട്. ബന്ദിപ്പുര്‍ വനമേഖലയിലടക്കം ഇവ വ്യാപിച്ചു കഴിഞ്ഞു. രാക്ഷസക്കൊന്നകളുമായി സാമീപ്യം വന്നാല്‍ ദേഹം പൊള്ളുമെന്നതിനാല്‍ വന്യജീവികള്‍ ആ വഴിയുള്ള യാത്ര ഒഴിവാക്കും. മറ്റു ചെടികള്‍ക്കും ഈ അധിനിവേശ സസ്യം മൂലം നിലനില്‍പ്പ് അസാധ്യമായി തീരും. മാനന്തവാടിയില്‍ തുടങ്ങി തോല്‍പ്പെട്ടി വരെയുള്ള മേഖലയുടെ ഇരുവശങ്ങളിലും രാക്ഷസക്കൊന്നകളിന്ന് സുലഭമാണ്.
മുതുമല, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങളിലും ഇന്ന് രാക്ഷസക്കൊന്നകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ അഞ്ചു മുതല്‍ എട്ടു കൊല്ലങ്ങള്ക്കിടെയാണ് സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍ ആദ്യമായി രാക്ഷസക്കൊന്നയുടെ സാന്നിധ്യം തിരിച്ചറിയുന്നതെന്ന് പരിസ്ഥിതി ഗവേഷകനായ സി.കെ വിഷ്ണുദാസ് പറയുന്നു. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇവ വ്യാപിക്കുകയാണുണ്ടായത്. മരങ്ങള്‍ക്കിടയിലുള്ള വിടവ് ഇന്ന് രാക്ഷസക്കൊന്നകള്‍ നികത്തിയിരിക്കുന്ന സാഹചര്യമാണുള്ളത്. കാട്ടുപോത്ത് പോലെയുള്ള വന്യജീവികള്‍ക്ക് മേയാനായി പുല്ല് വര്‍ഗങ്ങള്‍ വളരുന്ന മേഖലയിലേക്കാണ് ഈ അധിനിവേശ വര്‍ഗ്ഗത്തിന്റെ വരവ്.
Content Highlights: about all you need to know about Senna siamea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..