കുങ്കുമക്കുരുവികളുടെ ജോഡി | Photo: Wiki/By Shantanu Kuveskar - Own work, CC BY 4.0, https://commons.wikimedia.org/w/index.php?curid=56884220
കുങ്കുമപ്പൊട്ട് തൂവി നില്ക്കുന്നതു പോലെയുള്ള ശരീരപ്രകൃതി. കൂടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ജീവിവര്‍ഗം. ഒറ്റവാക്കില്‍ ഇവയെല്ലാമാണ് കുങ്കുമക്കുരുവികള്‍. റെഡ് അവഡവാറ്റ് (Red avadavat), റെഡ് മുനിയ എന്നെല്ലാം വിളിപ്പേരുള്ള ഇവ ആസ്ട്രില്ഡിഡേ കുടുംബത്തില്‍പ്പെട്ട കുരുവി വിഭാഗമാണ്. മുന്‍പ് ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നു പെറ്റ് വിപണിയിലേക്ക് ഇവ ധാരാളമായി ഒഴുകിയെത്തിയിരുന്നതിനാല് വന്ന പേരാണ് അവഡവാറ്റെന്നത്. ട്രോപ്പിക്കല്‍ ഏഷ്യയിലെ പുല്പ്രദേശങ്ങളിലാണിവ അധികവും കാണപ്പെടുക. ഭാരതപ്പുഴയില്‍ പുല്ത്തകിടികളില് തീയിടുന്നത് മൂലം പുഴയോരത്തെത്തുന്ന കുങ്കുമക്കുരുവികളുടെ എണ്ണം കുറഞ്ഞതായിട്ടാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വാലിനറ്റം കറുപ്പ് നിറത്തിലാകും കാണപ്പെടുക. പ്രജനനകാലത്ത് ആണ്ക്കുരുവികളുടെ കണ്ണൊഴികെയുള്ള ഭാഗങ്ങള്‍ ചുവപ്പാല്‍ അലങ്കൃതമായിരിക്കും. പ്രജനന കാലമല്ലെങ്കില്‍ ചുവപ്പ് നിറം താരതമ്യേന കുറവായിരിക്കും. പെണ്കുരുവികളുടെ തൂവലില്‍ വെള്ളപ്പുളളികളുണ്ടാകും. ജലാശയങ്ങള്‍ക്ക് സമീപമോ ഉയരം കൂടിയ പുല്ലുള്ള പ്രദേശങ്ങളിലോ ഇവയെ കണ്ടെത്താന്‍ കഴിയും. നാല് ഉപവര്‍ഗ്ഗങ്ങളാണ് പ്രധാനമായും ഇവയ്ക്കുള്ളത്. അമന്ഡാവ എന്ന ഉപവര്‍ഗ്ഗത്തെ ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന് എന്നീവിടങ്ങളില് കാണാം.
ഫ്ളാവിഡിവെന്ട്രിസ് എന്ന ഉപവര്‍ഗം ഏറ്റവുമധികം കാണപ്പെടുന്നത് ചൈന, ഇന്തൊനീഷ്യ, തായ്ലന്ഡ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ്. പുനീസിയ എന്ന ഉപവര്‍ഗ്ഗത്തെ കിഴക്കന്‍ ജാവയിലും ഡികൗക്സി എന്ന വര്‍ഗ്ഗത്തെ കംബോഡിയയിലും കണ്ടെത്താം. സ്പെയിന്, ഫിജി, ഈജിപ്ത്, പോര്‍ച്ചുഗല്‍, സിങ്കപ്പുര്‍, ഹവായി എന്നിവിടങ്ങളില്‍ ഇവയുടെ വര്‍ഗ്ഗത്തെ കാണാം. ചെറുകൂട്ടങ്ങളായിട്ടാണ് ഈ കുരുവി വര്‍ഗ്ഗത്തെ കണ്ടെത്താന്‍ കഴിയുക. പ്രജനന കാലയളവില്‍ ഇണകളെ ഒരുമിച്ച് കാണാം. പുല്ലിന്റെ വിത്തുകള്‍ പ്രധാന ആഹാരമാക്കാറുള്ള ഇവ പ്രാണികളെയും ഭക്ഷിക്കാറുണ്ട്.
പുല്ലുകളുപയോഗിച്ചാണ് (Grass blade) ഇവ കൂടൊരുക്കുന്നത്. പെണ്കുരുവികള് അഞ്ചു മുതല്‍ ആറ് മുട്ടകള്‍ വരെയിടും. നിറത്തില്‍ മാത്രമല്ല, ചുണ്ടുകളിലുമുണ്ട് പ്രത്യേകത. മേയ് മാസത്തില്‍ ചുവപ്പ് നിറമാകുന്ന ചുണ്ടുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കടുംചുവപ്പാകും. ഏപ്രിലില്‍ ചുണ്ട് വീണ്ടും കറുപ്പ് നിറമാകുകയും ഈ ചക്രമിങ്ങനെ തുടര്‍ന്ന് പോരുകയും ചെയ്യും. ആണ്കുരുവികളുടെ ദേഹത്ത് ചുവപ്പ് നിറത്തിനൊപ്പം വെള്ളപ്പുളളികളുമുണ്ടാവും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതപ്പുഴയില്‍ പുല്‍ത്തകിടിയില്‍ തീയിട്ടത് മൂലം പക്ഷികളും മുട്ടകളും നശിച്ചു പോവുകയും ഹരിത ട്രിബ്യൂണല്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഐ.യു.സി.എന്‍. പട്ടിക പ്രകാരം ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്.
Content Highlights: about all you need to know about Red avadavat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..