തിമിംഗല സ്രാവ് | Photo-Wiki/By Abe Khao Lak - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=37306146
കേരളത്തില്‍ തുമ്പ കടപ്പുറത്ത് തിമിംഗല സ്രാവുകള്‍ കരക്കടിയുന്ന സംഭവങ്ങള്‍ ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴക്കടലില്‍ വാസമുറപ്പിച്ചിരിക്കുന്ന ഇവയുടെ സഞ്ചാര പാതയും പ്രത്യുത്പാദനത്തിനായി തിരഞ്ഞെടുക്കുന്ന മേഖലകളും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഇപ്പോഴിതാ ഇവയുടെ സ്വഭാവ രീതികളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരിക്കുകയാണ് വിദേശ സ്ഥാപനങ്ങളായ സ്മിത്സോണിയന് ട്രോപ്പിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (എസ്ടിആര്‍ഐ), ദി ആന്ഡേഴ്സണ് കാബോട്ട് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ലൈഫ്, യൂണിവേഴ്സിറ്റി ഓഫ് പനാമ എന്നിവിടങ്ങളിലെ ഗവേഷകര്‍. പനാമിയന്‍ പസഫിക്കിനെ കേന്ദ്രീകരിച്ചാണ് പഠനങ്ങള്‍ നടത്തിയിരിക്കുന്നത്. സമുദ്ര മേഖലയിലെ 30-ഓളം വരുന്ന തിമിംഗല സ്രാവുകളില്‍ സാറ്റ്ലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങള്‍ ടാഗ് ചെയ്താണ് ഇവയുടെ സ്വഭാവ രീതികളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവേഷകര്‍ മനസ്സിലാക്കിയത്. മറ്റ് സ്രാവ് വിഭാഗങ്ങളെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുന്ന ഇവ വളരെ വൈകി മാത്രമാണ് പ്രത്യുത്പാദനവും മറ്റും നടത്താറ്. മറ്റ് മത്സ്യങ്ങളെ ലക്ഷ്യം വെച്ചുള്ള മത്സ്യബന്ധനവും കപ്പലുകളും സമുദ്ര പ്രദേശത്ത് ഇവയുടെ നിലനില്പിന് ഭീഷണിയുള്ളതായും പഠനം കണ്ടെത്തി.
ഭക്ഷ്യലഭ്യത കൂടുതലുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇവയുടെ സഞ്ചാരമെന്നും പഠനം കണ്ടെത്തി. ഗവേഷണത്തില്‍ പനാമിയന്‍ പസഫിക്കിന്റെ കരയ്ക്കും സമുദ്രത്തിനും മധ്യേയുള്ള പ്രദേശങ്ങളിലും സീമൗണ്ടിലുമാണ് (അഗ്നിവിസ്ഫോടന പ്രവര്‍ത്തനങ്ങളാല്‍ കടലിന്റെ അടിത്തട്ടില്‍ രൂപപ്പെടുന്ന ചെറു പര്‍വതങ്ങള്‍) ഇവ ആഹാരം തേടുന്നതെന്ന് കണ്ടെത്തി. ചെറു മീനുകളും പ്ലാങ്ക്ടണുകളും കൂടുതലുള്ള പ്രദേശങ്ങളാണിത്. ഇവയുടെ സഞ്ചാര രീതി മനസ്സിലാക്കൽ ഇവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.
മത്സ്യബന്ധന മേഖലകളിലും കപ്പലുള്ള മേഖലകളിലും എത്തപ്പെടുന്നതും എണ്ണം കുറയുന്നതിന് പ്രധാന കാരണമാണ്. ഇതും ഇവയ്ക്ക് ഒരു പരിധി വരെ ഭീഷണി ചെയ്യുമെന്ന് ഫ്രണ്ടിയേഴ്സ് ഇന്‍ മറൈന്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടാഗ് ചെയ്യപ്പെട്ട 30-ഓളം തിമിംഗലസ്രാവുകള്‍ അഞ്ചു രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന 17 സംരക്ഷിത സമുദ്ര മേഖലകള്‍ പഠന കാലയളവില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതേ സമയം 77 ശതമാനം സമയവും സംരക്ഷണമില്ലാത്ത സമുദ്ര മേഖലകളിലാണ് സമയം ചിലവഴിച്ചത്. അതിനാൽ പ്രാദേശികമായ സംരക്ഷണപ്രവർത്തനം കൊണ്ട് മാത്രം പ്രയോജനമില്ലെന്നാണ് വിലയിരുത്തല്‍. ദേശാതിര്‍ത്തികള്‍ കടന്നുള്ള സമുദ്ര സംരക്ഷണ മേഖലകള്‍ ഇവയുടെ നിലനില്പിന് അനിവാര്യമാണെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.
കേരള തീരത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ 20 ഓളം തവണ മാത്രമേ തിമിംഗല സ്രാവുകളുടെ സാന്നിധ്യമുണ്ടായിട്ടുള്ളൂവെന്ന് വിദ്ഗധര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..