ഒറിഗോൺ തീരത്തടിഞ്ഞ് സ്പേം തിമിംഗലത്തിൽ വന്യമൃഗങ്ങളിൽ നടത്തുന്ന പോസ്റ്റ്മോർട്ടമായ നെക്രോപ്സിക്ക് നേതൃത്വം നൽകുന്ന എൻഒഎഎ ഫിഷറീസ് ജീവനക്കാരൻ | Photo: AP
ഒറിഗോണിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തടിഞ്ഞത് 40 അടി നീളമുള്ള സ്പേം വെയില്. കപ്പലിടിച്ചുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലുള്ള എന്‍ഒഎഎ ഫിഷറീസ് നടത്തിയ പരിശോധനയില്‍ തിമിംഗലത്തിന്റെ ഉള്ളില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തി. ശനിയാഴ്ചയോടെയാണ് വടക്കുപടിഞ്ഞാറന്‍ ഒറിഗോണിലെ ഫോര്‍ട്ട് സ്റ്റീവന്‍സ് സ്റ്റേറ്റ് പാര്‍ക്കില്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. മൃഗങ്ങള്‍ക്കായി നടത്തുന്ന നെക്രോപ്സി എന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ 20 വയസ്സ് പ്രായമുള്ള ആണ് തിമിംഗലമാണ് തീരത്തടിഞ്ഞതെന്നും വ്യക്തമാക്കുന്നു.
തിമിംഗല വേട്ടക്കാരെ ഭയന്ന് ജീവശാസ്ത്രജ്ഞര്‍ തിമിംഗല പല്ലുകള്‍ ആദ്യമേ മുറിച്ചു മാറ്റിയിരുന്നു. വലിപ്പമേറിയ പല്ലുകളുള്ള രണ്ടാമത്തെ തിമിംഗല വിഭാഗം കൂടിയാണ് സ്പേം വെയിലുകള്‍. കരിഞ്ചന്തയില്‍ വന്‍വിലയാണ് ഈ പല്ലുകള്‍ക്ക്. ഇവയുടെ തലയ്ക്കുള്ളില്‍ കണ്ടെത്തുന്ന മെഴുക് പരുവത്തിലുള്ള സ്പെര്‍മാസെറ്റി എന്ന വസ്തു ഓയില്‍ ലാംപുകള്‍, ലൂബ്രിക്കന്റ്, മെഴുകുതിരികള്‍ എന്നിവയില്‍ ഉപയോഗിക്കുന്നുണ്ട്. വംശനാശ പട്ടിക പ്രകാരം ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണിവ. പ്രതിവര്‍ഷം നൂറോളം സമുദ്ര സസ്തനികളാണ് പടിഞ്ഞാറന്‍ തീരത്തടിയുന്നതെന്ന് എന്‍ഒഎഎയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമുദ്ര സസ്തനികളില്‍ തീരത്തടിയുന്നത് സംബന്ധിച്ച് ഗവേഷകര്‍ പഠനങ്ങൾനടത്തിവരികയാണ്. അംഗസംഖ്യ നിര്‍ണയം പോലെയുള്ളവയ്ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ സഹായകരമാകാറുണ്ട്. പലപ്പോഴും തീരത്തടിയലിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ലെന്നാണ് എന്‍ഒഎഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗം, മലിനീകരണം, വിശപ്പ്, കപ്പലിടിച്ചുണ്ടാകുന്ന ആഘാതം എന്നിവയാണ് മിക്ക സംഭവങ്ങള്‍ക്കും പ്രധാന കാരണം. തീരത്തടിയുന്ന എല്ലാ സമുദ്ര സസ്തനികളും ചത്തൊടുങ്ങുകയും ചെയ്യുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ചിലവയെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ രക്ഷപ്പെടല്‍ സംഭവിക്കാറുള്ളൂ.
ഒറിഗോണ്‍ തീരത്ത് അടിക്കടി തീരമടിയാറുള്ള മൂന്നാമത്തെ ജീവി വര്‍ഗം കൂടിയാണ് സ്പേം വെയിലുകള്‍. ഗ്രേ വെയില്, ഹംപ്ബാക്ക് എന്നിവയ്ക്ക് തൊട്ടുപിന്നാലെയാണിത്. സംഘമായാണ് സാധാരണ ഇവയെ കാണുക. 15 മുതല്‍ 20 വരെ തിമിംഗലങ്ങള്‍ ഒരു സംഘത്തിലുണ്ടാവും. ഇതിൽ പെണ് തിമിംഗലങ്ങളും കുഞ്ഞുങ്ങളുമുണ്ടാവും. വലുപ്പമേറിയ തലയുള്ള ഇവയുടെ തലച്ചോറിനും നല്ല വലിപ്പമുണ്ട്. പല സാഹചര്യങ്ങളിലും തീരത്തടിയുന്ന ജഡങ്ങള്‍ എന്തു ചെയ്യുമെന്നതും വെല്ലുവിളിയാണെന്ന് വിദ്ഗധര്‍ പറയുന്നു.
Content Highlights: 40 foot sperm whale stranded in oregon coast
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..