വാഷിങ്ടണ്‍: അമേരിക്കയിലെ മത്സ്യസമ്പത്തിന്റെ 30 ശതമാനത്തോളം അനധികൃതമായി കടത്തപ്പെടുന്നുവെന്ന് കണക്കുകള്‍. നാഷണല്‍ ജോഗ്രാഫിക്ക് ചാനല്‍ നടത്തിയ അന്വേഷണത്തിലാണ്  ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്.  ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ കടൽക്കൊള്ളയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  സമുദ്രമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു വൻനിക്ഷേപകേന്ദ്രം കൊള്ളയടിക്കുന്നതിന് തുല്യമാണ് ഈ കടത്തലെന്ന് നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസസ് പറയുന്നു. 20 ബില്ല്യണ്‍ ഡോളറലിധകം വരുന്ന കരിഞ്ചന്ത കച്ചവടമാണ്  ഈ കടത്തലിന്റെ മറവിൽ നടക്കുന്നത്‌.

ദിവസങ്ങളോളം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചെലവഴിച്ചാണ്  ഇൻവെസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റായ വാൻ സെല്ലർ ഡോക്യുമെന്ററിയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചത്.  ഈ മേഖലയിൽ വൻതോതിൽ സമുദ്ര സമ്പത്ത് ഖനനം ചെയ്യപ്പെടുകയാണെന്ന് വാന്‍ പറയുന്നു. ഭീമന്‍ വലകളാണ് മത്സ്യബന്ധനത്തിന് ഉപയോ​ഗിക്കുന്നത്. സമുദ്രത്തിലേക്ക് വീശിയ വലകളിലൂടെ വൻതോതിൽ മീൻ ശേഖരം അപ്രത്യക്ഷമാകുന്ന കാഴ്ചയാണ്  അവിടെ കാണാന്‍ കഴിഞ്ഞതെന്ന് വാന്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍  ഈ വിഷയം ഇതുവരെ ​ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല.  

മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഉള്‍പ്പെടെ ലോകമെമ്പാടും നടക്കുന്ന അനധികൃത മത്സ്യബന്ധനം തടയാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുന്നതിനിടെയാണ്‌ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്‌. ബുധനാഴ്ച ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ മത്സ്യബന്ധനം നടത്തുന്ന മെക്‌സിക്കന്‍ മത്സ്യബന്ധന കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ ഇറക്കി. ഉത്തരവ് അനുസരിച്ച് ഫെബ്രുവരി ഏഴ് മുതല്‍ മെക്‌സിക്കന്‍ മത്സ്യബന്ധന കപ്പലുകള്‍ക്ക് അമേരിക്കന്‍ തുറമുഖങ്ങളില്‍ പ്രവേശനാനുമതി ഉണ്ടാവുകയില്ല. 

Content Highlights: 30 percentage of fish caught in america is done illegaly