വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവുംവലിയ മരംകൊത്തികളിലൊന്നാണ് ദൈവപക്ഷി എന്നപേരിലും അറിയപ്പെടുന്ന ഐവറി ബില്‍ഡ്. ഈ മരംകൊത്തിയടക്കം അമേരിക്കയിലെ 23 ജീവിവര്‍ഗങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍നിന്ന് ഇല്ലാതായെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇവ ജീവിച്ചിരിക്കുന്നുവെന്ന് എവിടെനിന്നും തെളിവു ലഭിച്ചിട്ടില്ല. ഇവയ്ക്ക് പൂര്‍ണ വംശനാശം വന്നെന്ന ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ യു.എസ്. സര്‍ക്കാര്‍ ഏജന്‍സിയായ 'ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസാ'ണ് പട്ടിക പുറത്തുവിട്ടത്.
ബാച്ച്മാന്‍സ് (ഏറ്റവുമൊടുവില്‍ കണ്ടത് 1981ല്‍ ക്യൂബയില്‍), ഹവായിലും ഗുവാമിലും കണ്ടിരുന്ന കുവായ് അകിയാലോവ, നുകുപു തുടങ്ങി 11 പക്ഷികള്‍, ശുദ്ധജല കക്കയുടെ എട്ടുവര്‍ഗങ്ങള്‍, സാന്‍ മാര്‍കോസ് ഗാംബൂസിയ അടക്കം രണ്ടു ശുദ്ധജലമത്സ്യങ്ങള്‍, ഒരു വവ്വാല്‍, ഒരു ചെടി എന്നിവയാണ് പട്ടികയിലുള്ള മറ്റുള്ളവ.

ഐവറി ബില്‍ഡ് മരംകൊത്തി

കറുപ്പും വെളുപ്പും തൂവലുകളുള്ള ഐവറി ബില്‍ഡുകള്‍ക്ക് ലോകത്തെ ഏറ്റവുംവലിയ മരംകൊത്തിയായ ഇംപീരിയല്‍ മരംകൊത്തിയുമായി അടുത്തബന്ധമുണ്ട്. കൂര്‍ത്ത ചുവന്ന പൂവും ഇളംമഞ്ഞ നിറത്തിലുള്ള കണ്ണുകളുമാണ് മറ്റുപ്രത്യേകതകള്‍. 51 സെന്റീമീറ്റര്‍വരെ നീളവും 450മുതല്‍ 570വരെ ഗ്രാം തൂക്കവുമുണ്ട്. 1940കളിലാണ് ഐവറി ബില്‍ഡുകളെക്കുറിച്ചുള്ള അവസാന തെളിവുകള്‍ ലഭിച്ചത്. തെക്കുകിഴക്കന്‍ യു.എസും ക്യൂബയുമായിരുന്നു ഇവയുടെ വാസസ്ഥലം. വനനശീകരണമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണം.

Content Highlights: 23 species in the United States are completely extinct