കാട്ടുതീ പോലെയുള്ള സംഭവങ്ങൾ താപനില ഉയരുന്നതിന്റെ അനന്തരഫലങ്ങളാണ്, പ്രതീകാത്മക ചിത്രം | Photo-Gettyimage
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2022 എന്ന് നാസയുടെ കണ്ടെത്തല്‍. 1880-ല്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം നാം അഭിമുഖീകരിച്ചത് ചൂടേറിയ ഒന്‍പത് വര്‍ഷങ്ങളാണ് കടന്നു പോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് 19ആം നൂറ്റാണ്ടിലെ ശരാശരി താപനില വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.11 ഡിഗ്രി സെല്‍ഷ്യസിന്റെ ഉയര്‍ച്ച. ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡയോക്സൈഡ് പോലെയുളളവയുടെ ബഹിര്‍ഗമനവും കഴിഞ്ഞ വര്‍ഷം റെക്കോഡ് ഉയരത്തിലെത്തുകയുണ്ടായി. 2022 ചൂടേറിയ അഞ്ചാമത്തയോ ആറാമത്തെയോ വര്‍ഷമായിരിക്കുമെന്ന് മുന്‍പ് വേള്‍ഡ് മെറ്ററിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രിലിമിനറി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
1901 മുതലാണ് ഇന്ത്യയില്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇതിനു ശേഷം രേഖപ്പെടുത്തുന്ന ഉഷ്ണമേറിയ അഞ്ചാമത്തെ വര്‍ഷം കൂടിയായിരുന്നു 2022.
2022 ല്‍ പ്രതിവര്‍ഷ ശരാശരി താപനിലയില്‍ രാജ്യത്ത് 0.51 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ച്ച രേഖപ്പെടുത്തിയതായി ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. അതേസമയം ആഗോള ശരാശരി താപനിലയില്‍ 0.89 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് മറ്റൊന്നിലേക്കാണ്. ആഗോള ഉപരിതല താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ചൂടേറിയ ആറാമത്തെ വര്‍ഷമായിരുന്നുവെന്ന് എന്‍ഒഎഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വര്‍ധിച്ചു വരുന്ന താപനില ഇതിനോടകം അപായമണി മുഴക്കിയതായി നാസയിലെ വിദ്ഗധരും അഭിപ്രായപ്പെടുന്നു. കാട്ടുതീ, ആഗോള സമുദ്ര നിരപ്പിലെ വര്‍ധനവ്, ചുഴലിക്കാറ്റ് പോലെയുള്ളവയാണ് പരിണിത ഫലങ്ങള്‍. ഹരിതഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനമാണ് താപനില ഉയരുന്നതിനുള്ള പ്രധാന കാരണം. ദീര്‍ഘ നാളത്തേക്കുള്ള ആഘാതങ്ങള്‍ ഭൂമിക്ക് ഹരിതഗൃഹ വാതകങ്ങള്‍ മൂലം സംഭവിച്ചു കഴിഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, അന്റാര്‍ട്ടിക്ക് റിസര്‍ച്ച് സ്റ്റേഷന് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് നാസ ആഗോള താപനില തിട്ടപ്പെടുത്തിയത്.
കോവിഡ് കാലം ഹരിത ഗൃഹ വാതക ബഹിര്‍ഗമനത്തിന് താത്കാലിക തടയിടുകയുണ്ടായി. 2020 ലാണിത്. 2022 ല്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഉയര്‍ന്നതിനൊപ്പം അതിശക്തമായ മറ്റൊരു ഹരിതഗൃഹ വാതകമായ മീഥെയ്നിന്റെ അളവും ഉയരുകയുണ്ടായി. എര്‍ത്ത് സര്‍ഫസ് മിനറല്‍ ഡസ്റ്റ് സോഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്ട്രമെന്റ് ഉപയോഗിച്ചാണ് മീഥെയ്നിന്റെ അളവ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിക്കിലും സ്ഥിതി വിഭിന്നമല്ല. ആഗോള ശരാശരിയുടെ നാല് മടങ്ങാണ് ആര്‍ട്ടിക്കിലെ ചൂട്.
Content Highlights: 2022 to be recorded as the hottest fifth year;says nasa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..