വേങ്ങര : തോട്ടിലൂടെ ഒലിച്ചുവന്ന എഴുനൂറോളം പ്ലാസ്റ്റിക് കുപ്പികൾശേഖരിച്ച് ആ കുപ്പികൾകൊണ്ട് തോണിയുണ്ടാക്കി വേങ്ങരത്തോട്ടിലൂടെ സഞ്ചരിക്കുകയാണ് ഈ യുവാക്കൾ. രാഗിൽ അണ്ടിശ്ശേരി(24), വിഷ്ണു തേലത്ത്പടിക്കൽ(24), ശരത് വെട്ടൻ (26), നിധിൻ കൂരിയാട്ട് പടിക്കൽ(26) എന്നിവർ ചേർന്നാണ് തോണിയുണ്ടാക്കിയത്.
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ഈ പ്രളയകാലത്ത് തോട്ടിലൂടെ ഒഴുകിവന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചപ്പോഴാണ് ഇവരുടെ മനസ്സിൽ ഇത്തരമൊരാശയം രൂപംകൊണ്ടത്. അടിക്കടി വേങ്ങര കൂരിയാട്ഭാഗത്തുണ്ടായ വെള്ളപ്പൊക്കങ്ങളും ഇത്തരം ഒരാശയത്തിന് പ്രചോദനമേകി. കുപ്പികൾക്ക് പുറമെ കമുങ്ങ്പാളികളും കയറുമാണ് തോണി നിർമിക്കാനായി ഉപയോഗിച്ചത്.
കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിന് ഭയരഹിതമായി യാത്രചെയ്യാൻ ഉതകുന്നതരത്തിൽ കൈവരികൾ ഉൾപ്പെടെയാണ് തോണി നിർമിച്ചിട്ടുള്ളത്. കൂരിയാട് കാസ്‌മ ക്ലബ്ബ് പ്രവർത്തകരാണ് യുവാക്കൾ.