‘അവർ മരംവെട്ടാൻ കോടാലിയുമായി വന്നാൽ

മരത്തെ കെട്ടിപ്പിടിച്ച് സംരക്ഷിക്കൂ...

നമ്മുടെ സ്വത്തിനെ, നമ്മുടെ മരങ്ങളെ,

കവർന്നിടാതെ കാക്കൂ...’

(ഘനശ്യാം രടോറി ചിപ്‌കോ പ്രസ്ഥാനത്തിനുവേണ്ടി രചിച്ച കവിതയിൽനിന്ന്)

‘ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യത്തിലൂന്നി ഹിമാലയൻസാനുക്കളിലെ കാടുകളെ സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ മുന്നിട്ടിറങ്ങിയപ്പോൾ അലയടിച്ച കവിതാശകലമാണിത്. ‘ചിപ്‌കോ’ എന്നാൽ ചേർന്നു നിൽക്കുക, ഒട്ടിനിൽക്കുക എന്നൊക്കെയാണ് അർഥം. 1974 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണവനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്. മരം മുറിക്കാനെത്തിയവരെ മരത്തിനുചുറ്റും കൈകോർത്തുനിന്ന് സ്ത്രീകൾ പ്രതിരോധിക്കുകയായിരുന്നു. പ്രതിരോധം ഭയന്ന് ഭരണകൂടത്തിന് മരംമുറിക്കൽ നിർത്തിവെക്കേണ്ടി വന്നു.

ഇതിന്റെ തുടർച്ചയായി 1978 ഡിസംബറിൽ ബദിയാർഗാർ പ്രദേശത്തെ വനങ്ങളിൽനിന്ന് വൻതോതിൽ മരംമുറിച്ചുമാറ്റാൻ യു.പി. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ തീരുമാനിച്ചു. ഇതിനെതിരേ 1979 ജനുവരി ഒമ്പതിന് സുന്ദർലാൽ ബഹുഗുണ മരണംവരെ നിരാഹാരം ആരംഭിച്ചു. സമീപഗ്രാമങ്ങളിലെ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാർ ഒത്തുചേർന്നു. പതിനൊന്നുദിവസം ജനങ്ങൾ കാട്ടിൽത്തന്നെ തങ്ങി. അവസാനം കരാറുകാർക്ക് പിൻവാങ്ങേണ്ടിവന്നു. ബഹുഗുണയുടെ സമരം അധികാരകേന്ദ്രങ്ങളിൽ ഇളക്കമുണ്ടാക്കി. ആഗോളതലത്തിൽതന്നെ ചിപ്‌കോ പ്രസ്ഥാനവും ഗാന്ധിയൻ സമരമാർഗവും ചർച്ചയായി.

ചിപ്‌കോ ഉന്നയിച്ച പല പ്രശ്നങ്ങളെയും അനുഭാവപൂർവം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. സുന്ദർലാൽ ബഹുഗുണയുമായി നേരിട്ട് ചർച്ച നടത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.പി.യിലെ ഹിമാലയൻ വനങ്ങളിൽനിന്ന് വാണിജ്യാവശ്യങ്ങൾക്കുവേണ്ടി മരംമുറിക്കുന്നത് 15 വർഷത്തേക്ക് നിരോധിക്കാൻ നിർദേശിച്ചു. ഹിമാലയൻ താഴ്‌വരയിൽ കശ്മീർ മുതൽ കൊഹിമവരെ 4,780 കിലോമീറ്റർ ദൂരം ബഹുഗുണ നടത്തിയ പദയാത്രയുടെ ഫലമായി ചിപ്‌കോയുടെ സന്ദേശങ്ങൾക്ക് വിപുലമായ പ്രചാരം സിദ്ധിച്ചു. ചിപ്‌കോയുടെ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പരിസ്ഥിതിപ്രസ്ഥാനങ്ങൾ ആവിർഭവിച്ചു. ചിപ്‌കോയ്ക്കുശേഷം തെഹ്രി അണക്കെട്ട് നിർമാണത്തിനു നേരെയുള്ള പ്രക്ഷോഭപാതയിൽ ദശാബ്ദങ്ങളോളം ബഹുഗുണ നിലകൊണ്ടു.

സമരം, ജയിൽ, മുന്നേറ്റം

പതിനേഴാം വയസ്സിലാണ് സുന്ദർലാൽ ബഹുഗുണ ആദ്യമായി ജയിലിലടയ്ക്കപ്പെട്ടത്. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടർന്ന് ജയിലിൽ മരിച്ച സ്വാതന്ത്ര്യസമരപോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. ജയിലിലായിരുന്ന ദേവ് സുമന് പുറത്തുനിന്നുള്ള വിവരങ്ങൾ എത്തിച്ചുകൊണ്ടാണ് കുട്ടിയായിരുന്ന സുന്ദർലാൽ സമരരംഗത്തേക്ക് കടന്നുവരുന്നത്. 1947-മുതൽ 1956-വരെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയൻ ഗ്രാമങ്ങളിൽ തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചു.

ദളിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് അക്കാലത്ത് അദ്ദേഹം മുഴുകിയിരുന്നത്. ഗാന്ധിജിയുടെ രണ്ടു ശിഷ്യരായ മീരാബെന്നും സരളാബെന്നും ഉത്തരാഖണ്ഡിൽ സ്ഥിരതാമസമാക്കുന്നതും ശക്തമായൊരു സർവോദയാ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതും ഇക്കാലത്താണ്. തുടർന്ന് പ്രത്യേക പരിശീലനം നൽകി വനിതകളുടെ ഒരു സേനയെയും അവർ രൂപവത്കരിച്ചു. ഇതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. ഇതിനിടെ സുന്ദർലാൽ സരളാബെന്നിന്റെ ശിഷ്യയും സർവോദയസംഘത്തിന്റെ സജീവപ്രവർത്തകയുമായ വിമലാ നൗതിയാലിനെ വിവാഹം കഴിച്ചു. പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവർ ഒരുമിച്ചാണ് നടത്തിയത്. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന്റെ പ്രധാനകാരണം മദ്യമാണെന്നു മനസ്സിലാക്കി ഇരുവരും സർവോദയ പ്രവർത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിനുവേണ്ടി ബൃഹത്തായൊരു സമരമാരംഭിച്ചു. ഒടുവിൽ, നാടൻ മദ്യശാലകൾ പൂട്ടാൻ സർക്കാരിന് ഉത്തരവിടേണ്ടി വന്നു.