നംവകുപ്പിന്റെ സാമൂഹിക വനവത്‌കരണവിഭാഗം വയനാട്ടിലെ ഉന്നതമായ മലഞ്ചരിവുകൾ കിളച്ചുമറിച്ച് അക്കേഷ്യ എന്ന വിദേശമരം നടുന്നതിനെ ഞങ്ങൾ എതിർത്തു. 1984-ൽ ലക്ഷക്കണക്കിന്ന് അക്കേഷ്യ തൈകൾ നശിപ്പിച്ച ഞങ്ങൾക്കെതിരേ കേസെടുത്ത വാർത്ത ഹിന്ദു പത്രത്തിൽ വായിച്ച സുന്ദർലാൽ ബഹുഗുണ വയനാട് പ്രകൃതിസംരക്ഷണ സമിതിയെ ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ ശിഷ്യനും കർണാടകയിലെ അപ്പിക്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ പാണ്ഡുരംഗ ഹെഗ്‌ഡെയെ ചുമതലപ്പെടുത്തി. പിന്നീട് ഹെഗ്‌ഡെ മുഖാന്തരം ഞങ്ങളെ ബന്ധപ്പെട്ടു. തൊട്ടടുത്ത വർഷം അദ്ദേഹം മുത്തങ്ങയിലെത്തി. ഞങ്ങൾ ‘ചിപ്‌കോ’ നടത്തി സംരക്ഷിച്ച കാടും ആദിവാസിഗ്രാമങ്ങളും സന്ദർശിച്ചു.

തെളിഞ്ഞ വെള്ളംപോലെ
മുത്തങ്ങയിലെ മന്മഥമൂല എന്ന ആദിവാസിഗ്രാമത്തിലെ യോഗത്തിൽ സംസാരിക്കവേ പ്രകൃതിസംരക്ഷണസമിതി പ്രവർത്തകർക്ക് അദ്ദേഹം ഒരു സന്ദേശംനൽകി. ഒരിക്കലും സർക്കാരിന്റെയോമറ്റോ ഫണ്ടുവാങ്ങി പരിസ്ഥിതിപ്രവർത്തനം നടത്തരുത്. സാമൂഹിക വനവത്‌കരണത്തെക്കുറിച്ച് വ്യക്തമായകാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഗ്രാമീണരുടെ അഞ്ചാവശ്യങ്ങൾ നിറവേറ്റുന്നതായിരിക്കണം. ഭക്ഷണം, കാലിത്തീറ്റ, പച്ചിലവളം, നാര്, വിറക് എന്നിവ തരുന്നതായിരിക്കണം.  

ആദ്യസന്ദർശനത്തിനുശേഷം പലതവണ അദ്ദേഹം വയനാട്ടിൽ വന്നു. വാർധക്യത്തിന്റെ അവശത അവഗണിച്ച് ക്ഷീണരഹിതനായി ഞങ്ങളുടെകൂടെ നടന്നു. ഗ്രാമീണരും കർഷകരും വിദ്യാർഥികളുമായി സംവദിച്ചു. സ്ത്രീകളെയും കുട്ടികളെയും പരിസ്ഥിതിബോധമുള്ളവരാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം സദാ ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. രണ്ടോ മൂന്നോ കുട്ടികളെ കണ്ടാൽപ്പോലും അദ്ദേഹം ചിപ്കോ ഗെയിം കളിക്കുമായിരുന്നു. ഒരാൾ ഒരു മരം വെട്ടുന്നതായി അഭിനയിക്കും. കുറച്ചുകുട്ടികൾ മരത്തിനുചുറ്റും ഓടിയെത്തി പാട്ടുപാടി ആലിംഗനംചെയ്യും. അതായിരുന്നു ചിപ്‌കോ ഗെയിം. മരംനട്ടാൽ ചുറ്റും കൂടിനിന്ന് പാട്ടുപാടണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

 ‘ഞാൻ ചിപ്‌കോ മെസഞ്ചർ’
ചിപ്‌കോയുടെ ഉപജ്ഞാതാവെന്നോ നേതാവെന്നോ തന്നെ വിശേഷിപ്പിക്കുന്നതിനെ അദ്ദേഹം വിലക്കി. ചിപ്‌കോ ആദ്യമായി 250 വർഷംമുമ്പ് രാജസ്ഥാനിലെ അഡ്വാനി എന്ന ബിസ്‌നോയി ഗ്രാമത്തിൽ അമൃതാദേവിയും അവരുടെ മകളും 166 സ്ത്രീകളും രക്തസാക്ഷികളായ പ്രക്ഷോഭമാണ്. മരം വെട്ടാൻ വന്ന രാജകിങ്കരന്മാരെ കൂസാതെ അവർ മരങ്ങളെ ആലിംഗനംചെയ്തുനിന്നു. ആ പാരമ്പര്യം ഉൾക്കൊണ്ട് ഹിമാലയത്തിലെ സ്ത്രീകളാണ് സ്വാതന്ത്ര്യാനന്തരം വനനാശത്തിനെതിരേ ചിപ്കോസമരം നടത്തിയത്. ഗാന്ധിജിയുടെ ശിഷ്യകളായ മീരാ ബെന്നും സരളാ ബെന്നുമാണ് ഹിമാലയമാകെ വനനശീകരണത്തിനെതിരേ ബോധവത്‌കരണം നടത്തിയത്.  ബഹുഗുണാജി ആ സമരരൂപം ഹിമാലയംമാത്രമല്ല, ലോകമാകെ പടർത്തിയ പ്രചാരകനാണ്. താൻ ചിപ്‌കോയുടെ ഒരു സന്ദേശവാഹകൻ മാത്രമാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു.

കർമയോഗി
ഹിമാലയത്തിൽ അരങ്ങേറിക്കൊണ്ടിരുന്ന ലക്കില്ലാത്ത വനനശീകരണം ഗ്രാമങ്ങളെ നരകതുല്യമാക്കിയപ്പോൾ ചിപ്‌കോ എന്ന സമരായുധം ഫലപ്രദമായി ബഹുഗുണയും സംഘവും ഉപയോഗിക്കുകയുണ്ടായി. കശ്മീരിൽനിന്ന്‌ കൊഹിമവരെ 70-കളിൽ നടത്തിയ അയ്യായിരം കിലോമീറ്റർ പദയാത്രയാണ് ഇന്ത്യയിൽ മരങ്ങളും വനങ്ങളും സംരക്ഷിക്കാനുള്ള വലിയ അവബോധം ഉണ്ടാക്കിയത്. ആശയപ്രചാരണത്തിന് പദയാത്രകൾക്ക് വൻ സ്വാധീനംചെലുത്താൻ കഴിയുമെന്ന് ബഹുഗുണ കണ്ടെത്തുന്നത് ഭാരതീയചരിത്രത്തിൽനിന്നും സംസ്കാരത്തിൽനിന്നുമാണ്. ശ്രീബുദ്ധൻ നടത്തിയ പദയാത്രകളും ശ്രീ ശങ്കരന്റെ പദയാത്രകളും അദ്ദേഹം ഞങ്ങളെ സദാ ഓർമിപ്പിച്ചിട്ടുണ്ട്. ഒരു രൂപപോലും കൈയിലില്ലാതെ ഗ്രാമീണർ നൽകിയ റൊട്ടിയും താമസസൗകര്യവുംകൊണ്ടുമാത്രം നടത്തിയ ഇതുപോലുള്ള ഒരു യാത്ര ആധുനികലോകചരിത്രത്തിലില്ല.  

ഒപ്പമുള്ള യാത്രകൾ
ബഹുഗുണാജിയുമൊത്ത് തമിഴ്‌നാട്ടിലും കർണാടകയിലും ഗോവയിലും സഞ്ചരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ കൂടെയുള്ളവരുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. 2009-ൽ വടക്കൻ കർണാടക ഗ്രാമങ്ങളിലും ഗോവയിലും അദ്ദേഹത്തിന് കൂട്ടായി ഞാനുമുണ്ടായിരുന്നു. അവിടെ വളരെ ചെറിയ ആൾക്കൂട്ടത്തോടും ആയിരങ്ങൾ പങ്കെടുത്ത മഹായോഗത്തിലും ഒരേ ആവേശത്തിലും ഹൃദ്യമായും അദ്ദേഹം സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏതുസദസ്സിനെയും നിഷ്കളങ്കമായ, നിഷ്കാമമായ തന്റെ പെരുമാറ്റത്തിലും സംസാരത്തിലും അദ്ദേഹം കീഴടക്കി. എവിടെയും അദ്ദേഹം തൃപ്തനായിരുന്നു. കർണാടകയിലെ പ്രബലമായിരുന്ന സാവന്തവാടി നാട്ടുരാജാവിന്റെ കൊട്ടാരത്തിലും പൊടി നിറഞ്ഞ ഗ്രാമത്തിലെ സ്കൂൾ ബെഞ്ചിലും ഞാൻ അദ്ദേഹത്തോടെപ്പം കിടന്നുറങ്ങിയിട്ടുണ്ട്. സ്കൂൾ ബെഞ്ചിൽ അദ്ദേഹം കൂടുതൽ സന്തുഷ്ടനായിരുന്നതായാണ് എനിക്ക് തോന്നിയത്.

 ‘മാതൃഭൂമി’ എവിടെ?
രണ്ടായിരത്തിഒമ്പതിലാണ് ബഹുഗുണാജി മാതൃഭൂമി സന്ദർശിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ അദ്ദേഹം മാതൃഭൂമി എവിടെയാണെന്നാണ് അന്വേഷിച്ചത്. കുളിയും വിശ്രമവും കഴിഞ്ഞ് പോകാമെന്ന് ഞങ്ങൾ ആശ്വസിപ്പിച്ചു. മാതൃഭൂമിയിൽനിന്ന്‌ സുധീർ, റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വന്നിരുന്നു. ബഹുഗുണാജിയും എം.പി. വീരേന്ദ്രകുമാറും തമ്മിൽ വലിയ സൗഹൃദം ഡൽഹിയിൽവെച്ചേ ഉണ്ടായിരുന്നു. ദെഹ്‌റാദൂണിലെ മകളുടെ വസതിയിൽവെച്ചാണ് ഞാനദ്ദേഹത്തെ അവസാനമായി കാണുന്നത്. ഭാര്യ വിമലാജിയോടൊപ്പം പടിക്കൽവരെ വന്ന് കെട്ടിപ്പിടിച്ചാണ് എന്നെ യാത്രയാക്കിയത്.
സ്റ്റോക്ഹോം കൺവെൻഷനിൽ പ്രസംഗിച്ചപ്പോഴും റൈറ്റ് ടു ലൈവ്‌ലി ഹുഡ് അവാർഡ് സ്വീകരിച്ചപ്പോഴും തന്റെ ലളിതവും പ്രത്യാശാഭരിതവുമായ പ്രകൃതിദർശനം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ യുഗപുരുഷന്റെയൊപ്പം നിൽക്കാനായത് ജന്മസുകൃതമായി കണക്കാക്കുന്നു.
   
വയനാട് പ്രകൃതിസംരക്ഷണസമിതി പ്രസിഡൻറാണ്‌ ലേഖകൻ