ജി.ഡി. അഗര്‍വാള്‍ അന്തരിച്ചു. റൂര്‍ക്കി ഐ.ഐ.ടിയിലെ മുന്‍ അധ്യാപകനായിരുന്നു. കേന്ദ്ര ജല കമ്മീഷനിലും അംഗമായിട്ടുണ്ട്. 87 വയസ്സായിരുന്നു.
അഗര്‍വാള്‍ സാറിന്റെ ചരമവാര്‍ത്ത പക്ഷേ, ഇങ്ങനെ വന്നതേയില്ല. കാരണം 111 ദിവസം നിരാഹാരം കിടന്നാണ് അദ്ദേഹം മരിച്ചത്. ഗംഗ നദിയെ രക്ഷിക്കാന്‍ വേണ്ടി. ജി.ഡി. അഗര്‍വാള്‍ എന്ന സന്ത് സ്വാമി ഗ്യാന്‍ സ്വരൂപ് സാനന്ദ് സമാധിയായി. ജ്ഞാനസ്വരൂപത്തിന്റെ ആന്തരാര്‍ത്ഥങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട്.
വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു അഗര്‍വാള്‍. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അനില്‍ അഗര്‍വാള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. വിരമിച്ച ശേഷം മധ്യപ്രദേശിലെ ചിത്രകൂടില്‍ തപോതുല്യം പര്‍ണശാലയില്‍ ജീവിച്ചു. എണ്‍പതു വയസ്സാകാറായപ്പോള്‍ ദീക്ഷയെടുത്തു. ജോഷിമഠിലെ ശങ്കരാചാര്യരില്‍നിന്ന്. സന്യാസിയായ ശേഷവും ഗംഗ മാതാവിന് വേണ്ടി നിരന്തരം സമരം ചെയ്തു.
ഗംഗ നദിക്ക് വേണ്ടി മരിക്കുന്ന ആദ്യത്തെ ആളല്ല അഗര്‍വാള്‍. സ്വാമി ഗ്യാന്‍ സ്വരൂപിന്റെ ഹരിദ്വാറിലെ ആശ്രമം ഗംഗയെ രക്ഷിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയിരുന്നു. 2011-ല്‍ 115 ദിവസം ഉപവസിച്ച ശേഷം സ്വാമി നിഗമാനന്ദന സമാധിയായി. മാതൃസദന്‍ എന്ന ഈ ആശ്രമത്തിലെ ശിവാനന്ദ്, ദയാനന്ദ്, യജ്ഞാനന്ദ് എന്നീ സ്വാമിമാരും ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം കിടന്നിട്ടുണ്ട്്.
2500 കിലോമീറ്ററിലധികം ഒഴുകുന്നു ഗംഗാനദി. ഗോമുഖില്‍ തുടങ്ങി അളകനന്ദയേയും നന്ദാകിനിയേയും മന്ദാകിനിയേയും ഭാഗീരഥിയേയും പിണ്ടാറിനേയും കോസിയേയും സോന്‍ നദിയേയും ഒക്കെ ഒപ്പം കൂട്ടി ഹിമാലയത്തില്‍നിന്ന് കടലിലേക്കുള്ള മഹാപ്രയാണം. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലധികവും ഗംഗയെ മാതാവായി കാണുന്നു. കോടിക്കണക്കിന് വിശ്വാസികള്‍ ദിനംപ്രതി ഗംഗയില്‍ സ്‌നാനം ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍ ആരും ജ്ഞാനസ്‌നാനപ്പെടുന്നില്ല. വിശ്വാസികളും ആ വിശ്വാസത്തെച്ചൊല്ലി അധികാരമേറ്റവരും. ഗംഗ മലിനമായി ഒഴുകുകയാണ്. പലയിടത്തും ഒഴുക്ക് നിലയ്ക്കുകയാണ്.
ജി.ഡി. അഗര്‍വാളിലേക്ക് മടങ്ങാം. സൗഗന്ധ നദി ഭാഗീരഥിയോട് ചേരുന്ന ലൊഹാരിനാഗ് പാലയില്‍ അണക്കെട്ട് പണിയുന്നതിന് എതിരേ നേരത്തേ അദ്ദേഹം നിരാഹാരം കിടന്നിട്ടുണ്ട്. മുഴുവന്‍ ശാസ്ത്രജ്ഞരും പദ്ധതിക്ക് എതിരേ രംഗത്തെത്തി. മന്‍മോഹന്‍ സിംഗ് ഒടുവില്‍ പദ്ധതി ഉപേക്ഷിച്ചു.
ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മറക്കാറായിട്ടില്ല വിഖ്യാതമായ ആ ഗംഗാ ആരതികള്‍. 'ഗംഗാ മാതാവ് വിളിച്ചിട്ടാണ് ഞാന്‍ വാരണാസിയിലേക്ക് വന്നത്. നമുക്ക് പരിശുദ്ധമാക്കണം ഗംഗയെ , നമ്മുടെ സംസ്‌കാരത്തെ.' അന്ന് മോദി പറഞ്ഞതാണ്.
ഗംഗാ ശുചീകരണത്തിനായി മോദി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ഉമാഭാരതിക്ക് പ്രത്യേകം ചുമതല നല്‍കി. കാശിയില്‍ ഗംഗ ശ്മശാനഗംഗ എന്നാണ് സങ്കല്‍പം. മരണത്തെ സ്പര്‍ശിക്കുന്ന മോക്ഷതീരം. എന്നാല്‍ ഹരിദ്വാറില്‍ അത് പുണ്യഗംഗയാണ്. ഋഷികേശില്‍ ചെല്ലുമ്പോള്‍ പ്രത്യേകിച്ചും. രാംജുലയിലും ലക്ഷ്മണ്‍ ജുലയിലുമൊക്കെ എത്തുമ്പോള്‍ വിശുദ്ധഗംഗ എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാവും. ഗംഗോത്രിയില്‍, ഗോമുഖില്‍, ചെല്ലുമ്പോള്‍ അറിയാം ഗംഗയുടെ അര്‍ത്ഥം. ജലപാതത്തെ നിസ്സാരവല്‍ക്കരിക്കുന്ന സംസ്‌കാരത്തിന്റെ ഇരമ്പം.
ഓര്‍ക്കുന്നു, ഗോമുഖിലേക്കുള്ള നാലു മണിക്കൂറിലേറെ വരുന്ന മലമ്പാതയില്‍ നിശ്ചിത എണ്ണത്തിനപ്പുറം ആളുകളെ കടത്തിവിടാറില്ല. പുറത്തുനിന്നുള്ള ഒന്നും അവിടെ ഉപേക്ഷിക്കാനും അനുവദിക്കില്ല. എന്നിട്ടും മഞ്ഞുപാളികള്‍ പിന്നാക്കം മാറുകയാണ്. ആഗോളതാപനത്തില്‍ ഉരുകിത്തീരുകയാണ്. അവിടന്നിങ്ങോട്ട് ഓരോ ഘട്ടത്തിലും ഗംഗ മലിനമാവുന്നത് അടയാളപ്പെടുത്തിയിട്ടുണ്ട് ശാസ്ത്രജ്ഞര്‍.
ഗംഗയുടെ സ്വാഭാവിക ഒഴുക്ക് തടയരുതെന്ന് ആവശ്യപ്പെട്ടാണ് ഗ്യാന്‍ സ്വരൂപ് സാനന്ദ് സമരം തുടങ്ങിയത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ മൂന്നാമത്തെ കത്തില്‍ ചൂണ്ടിക്കാട്ടി.
'ഗംഗാ സമര്‍പ്പണം ഇല്ലാതാകുന്നു. ഗംഗയില്‍നിന്ന് എടുക്കുന്നതിലേ ഇപ്പോള്‍ ശ്രദ്ധയുള്ളൂ, ഗംഗയുടെ വിളികേട്ട് വന്ന താങ്കള്‍ അറിയുക. കോര്‍പറേറ്റുകളുടെ ലാഭക്കൊതിയാണ് ഇന്ന് ഗംഗാതീരങ്ങളില്‍. ഗംഗമാതാവിനെ രക്ഷിക്കുക.'
തിരക്കായിരുന്നിരിക്കണം. ഒരു കത്തിനും മറുപടി നല്‍കിയില്ല പ്രധാനമന്ത്രി. അല്ലെങ്കിലും നോട്ട് നിരോധനകാലത്ത് സ്വന്തം മാതാവ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കണ്ടിട്ടുണ്ട് അദ്ദേഹം. അതെന്തുമാകട്ടെ, കത്തുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ലോകത്തേക്ക് യാത്ര തിരിച്ചു സ്വാമി. 111 ദിവസത്തെ ഉണ്ണാവൃതത്തിന് ശേഷം.
സ്വാമി നാലു കാര്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട് കത്തില്‍. ഗംഗയെ രക്ഷിക്കാന്‍ അടിയന്തിരമായി ആറാണ്ട് മുമ്പത്തെ ഗംഗാ മഹാസഭയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം എന്നതാണ് ആദ്യത്തേത്. പുതിയ അണക്കെട്ടുകള്‍ പണിയരുത് എന്നതാണ് രണ്ടാമത്തേത്. അളകനന്ദ, നന്ദാകിനി, ദൗലിഗംഗ, പിണ്ടാര്‍, മന്ദാകിനി തുടങ്ങിയ പോഷകനദികള്‍ എല്ലാം പുതിയ അണക്കെട്ടുകളുടെ നിര്‍മ്മാണപ്പേടിയിലാണ്.
ഉത്തരാഖണ്ഡിലെ ദുര്‍ബലമായ ശിലാപാളികള്‍ക്ക് ഇനിയും ജലസംഭരണികളെ താങ്ങാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഹരിദ്വാറിലെ കുംഭക്ഷേത്രത്തില്‍- കുംഭമേള നടക്കുന്ന വിശാലമായ മേഖലയില്‍- ഖനനം നിര്‍ത്തണം എന്നതാണ് മൂന്നാമത്തെ ആവശ്യം. നാലാമത്തേത് ഗംഗാ ഭക്ത പരിഷത് രൂപീകരിക്കണം എന്നതാണ്. ഗംഗയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ നിര്‍ദിഷ്ട ഇരുപതംഗ സമിതി നിശ്ചയിക്കണം. ഗംഗാ നദിയിലെ വെള്ളത്തില്‍ ഇറങ്ങി അമ്മയെ രക്ഷിക്കുമെന്ന് ജല പ്രതിജ്ഞയെടുത്ത് വേണം കമ്മറ്റി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.
സാംസ്‌കാരിക ഹിന്ദുത്വത്തിന്റെ അന്തര്‍വാഹിനികളെ പോഷിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിക്കും ഉണ്ടാകില്ല എതിരഭിപ്രായം. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും യോജിപ്പേ കാണൂ. സനാനത ഹിന്ദുവിന്റെ അമ്മയായ ഗംഗാ നദിക്ക് വേണ്ടി പക്ഷേ വന്നത് പദ്ധതികള്‍ മാത്രം. ഹരിദ്വാറില്‍ മാലിന്യങ്ങളും കാശിയില്‍ പാതിവെന്ത ശവങ്ങളും ഗംഗയിലൊഴുകുന്നു. സ്വാമിമാര്‍ ജലസമാധി തേടുന്നു.
നിരാഹാരം നല്ലൊരു സമര മുറയാണ്. ഗാന്ധിജി തന്നെ കേളപ്പജിയോട് പണ്ട് പറഞ്ഞിട്ടുണ്ട്. 'സമരം നിര്‍ത്തൂ, താങ്കളുടെ ജീവന്‍ അതിലേറെ വിലപ്പെട്ടതാണ്.'
പുരാണത്തിലെ മഹാക്ഷാമ കാലത്ത് ഇറച്ചി തിന്ന മഹര്‍ഷിയോട് അതേപ്പറ്റി ചോദിച്ചപ്പോള്‍ മുനിവര്യന്‍ പറയുന്നുണ്ട്. ''ജീവനുണ്ടെങ്കിലേ ആചാരങ്ങള്‍ സാധ്യമാകൂ.''
ഗംഗയുടെ കാര്യത്തില്‍ ആചാരബദ്ധര്‍ക്ക് രണ്ടു വിധം വായിക്കാം പുരാണകഥ. ആചാരം നിലനില്‍ക്കാന്‍ സ്വജീവന്‍ വേണം. ആചാര വിലോപം സംഭവിക്കാതിരിക്കാന്‍ ഗംഗാമാതാവും ജീവിക്കണം എന്നതാണ് രണ്ടാമത്തെ സത്യം. ഗംഗയെ തൊട്ടു ചെയ്ത വലിയ ശപഥങ്ങള്‍ മിക്കവാറും പാലിക്കപ്പെടാറില്ല. അതിനാലാണ് ഭീഷ്മപ്രതിജ്ഞ എന്നും വ്യത്യസ്തമാകുന്നത്.
ഗംഗയെ തൊട്ടു ചെയ്യുന്ന വലിയ പ്രതിജ്ഞകള്‍ ജനാധിപത്യത്തിലും തുടര്‍ച്ച തേടുന്നുണ്ട്. വിധികള്‍ക്കും വിശ്വാസത്തിനും ഇടയില്‍ ഊയലാടുമ്പോള്‍ പ്രത്യേകിച്ചും.