ജീവവായുവും ആഹാരവും തന്ന് നമ്മുടെ ജീവൻ കാക്കുന്ന കാടിനെയും മറ്റ് ജന്തുജാലങ്ങളെയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഒട്ടേറെയാളുകളുണ്ട് ലോകത്ത്. കാടിറങ്ങാൻ മടിച്ച ബ്രസീലിലെ ആയിരക്കണക്കിന് ഗോത്രക്കാർ മുതൽ കൗമാരക്കാരായ വിദ്യാർഥികൾവരെ നീളുന്നു തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രകൃതിസംരക്ഷകരുടെ പട്ടിക.

ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളായ ആമസോണിൽനിന്നുതന്നെ തുടങ്ങാം പോരാട്ടങ്ങളുടെ കണക്കെടുപ്പ്. ഭൂമിയുടെ 25 ശതമാനം പ്രദേശത്തും ഗോത്രവിഭാഗക്കാരാണ് കഴിയുന്നത്. ഇവിടെത്തന്നെയാണ് ലോകത്തെ 80 ശതമാനം സസ്യസമ്പത്തുമുള്ളത്.

ബ്രസീലിന്റെ 13 ശതമാനം പ്രദേശങ്ങളിലായി മുന്നൂറോളം ഗോത്രവിഭാഗമുണ്ട്. വനനശീകരണത്തിൽനിന്ന് 40 കോടി ഏക്കർ ആമസോൺ വനം സംരക്ഷിക്കാൻ ഇവരുടെ പോരാട്ടങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ബ്രസീലിലെ ആർതെമിസ സക്രിയാബ്

ആമസോണിലെ സക്രിയാബ് ഗോത്രവിഭാഗക്കാരിയാണ് 19 വയസ്സുള്ള ആർതെമിസ സക്രിയാബ്. ബ്രസീലിൽ ആമസോൺ കാടുകൾ വ്യവസായമേഖലയ്ക്കായി തുറന്നുകൊടുക്കാനുള്ള ജൈർ ബൊൽസനാരോ സർക്കാരിന്റെ തീരുമാനത്തിനെതിരേയുള്ള സമരത്തിന് നേതൃത്വംനൽകുന്നത് ആർതെമിസയാണ്. ന്യൂയോർക്കിൽനടന്ന കാലാവസ്ഥാചർച്ചകളിൽ ഗോത്രവിഭാഗക്കാരെ പ്രതിനിധീകരിച്ച്‌ എത്തുന്നത് അവരാണ്.

തദ്ദേശീയ ഗോത്രത്തിൽപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്‌ സമരമുഖത്ത് പ്രധാനമായും ഇവർക്കൊപ്പമുള്ളത്. ‘‘കാടുമായി നേരിട്ടുബന്ധമുള്ള ഞങ്ങളല്ലാതെ മറ്റാരാണ് കാടിനുവേണ്ടി സമരം ചെയ്യേണ്ടത്‌’’ എന്നാണ് ഇവരുടെ ചോദ്യം.

അലാസ്കയിലെ വാൻഡ കൾപ്പ്

യു.എസിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ അലാസ്കയിലെ തോൻഗാസ് മൂന്നുവിഭാഗത്തിൽപ്പെട്ട ഗോത്രക്കാരുടെ അധിവാസമേഖലയാണ്. 32 ദ്വീപ്‌സമൂഹങ്ങൾ ചേർന്ന തോൻഗാസ്‌ 1.67 കോടി ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. വനത്തിലേക്ക് റോഡ് നിർമിക്കാനും മരം മുറിക്കാനും മാലിന്യസംസ്കരണസംവിധാനം സ്ഥാപിക്കാനുമുള്ള യു.എസ്. സർക്കാരിന്റെ നീക്കത്തിനെതിരേയാണ് സമരം. എഴുനൂറോളം ആളുകൾ മാത്രമുള്ള ചെറുഗ്രാമമാണിത്. വാൻഡ കൾപ്പ് എന്ന ട്‌ലിജിത് ഗോത്രക്കാരിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ജാദവ് പായേങ്, ഇന്ത്യയുടെ വനമനുഷ്യൻ

ഇന്ത്യയുടെ വനമനുഷ്യനെന്നാണ് അസമിലെ ഗോത്രവർഗക്കാരനായ ജാദവ് മൊലായ് പായേങ് അറിയപ്പെടുന്നത്. ബ്രഹ്മപുത്ര നദീതീരത്തെ 1400 ഏക്കർ തരിശുഭൂമിയെ നാലുപതിറ്റാണ്ടുകൊണ്ട് നിബിഡവനമാക്കിയെടുക്കുകയാണ് ജാദവ് ചെയ്തത്. ഇപ്പോൾ ബംഗാൾ കടുവയും ഇന്ത്യൻ കാണ്ടാമൃഗവും ആനയും മാനും മുയലും കുരങ്ങനും പക്ഷികളുമെല്ലാമുള്ള ഒരു വനമാണിത്. 30 ഹെക്ടറോളം മുളങ്കാടുകളുമുണ്ട്. മൊലായ് എന്നാണ് ഉദ്യാനത്തിന് (ജാദവിനോടുള്ള ആദരസൂചകമായി) പേരിട്ടത്. 1979-ൽ തുടങ്ങിയ ദൗത്യം 56-ാം വയസ്സിലും തുടരുന്നു. ബ്രഹ്മപുത്രയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കവും തുടർന്നുണ്ടായ വരൾച്ചയും മേഖലയെ തരിശുഭൂമിയാക്കിയിരുന്നു.

ഉരഗങ്ങളെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തു. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജാദവ് ദൗത്യം സ്വയമേറ്റെടുത്തത്. വനത്തിനുള്ളിൽ കുടിൽകെട്ടിയാണ് ഇപ്പോഴദ്ദേഹം താമസിക്കുന്നത്.

കൊല്ലപ്പെട്ട ‘ആമസോൺ ഗാർഡിയൻ’

നവംബറിലാണ് ആമസോണിലെ ഗുവാജരാര ഗോത്രവർഗക്കാരുടെ സംഘടനയായ ഗാർഡിയൻ ഓഫ് ഫോറസ്റ്റിന്റെ തലവൻ പൗലോ പൗളിനോയെ ഖനനമാഫിയ കൊലപ്പെടുത്തിയത്. ഗോത്രഭൂമി സംരക്ഷണത്തിനായി നിരന്തരം പോരാടിയ പൗലോയെ കുടുംബാംഗങ്ങളുടെ മുമ്പിലിട്ട് തലയിൽ രണ്ടുതവണ വെടിവെച്ചായിരുന്നു കൊല. ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗോത്രവിഭാഗക്കാർ വധിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ബ്രസീലിൽമാത്രം കഴിഞ്ഞവർഷം നൂറ്റമ്പതോളം ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടു.

വായോറണി ഗോത്രക്കാരുടെ വിജയം

ഒമ്പതുരാജ്യത്തായി വ്യാപിച്ചുകിടക്കുന്ന ആമസോൺ കാടുകളുടെ നല്ലൊരു പങ്ക്‌ എക്വഡോറിലുമുണ്ട്. എക്വഡോറിലെ പസ്താസയിലുള്ള വായോറണി ഗോത്രവിഭാഗക്കാർ തങ്ങളുടെ അഞ്ചുലക്ഷം ഏക്കർ വനഭൂമി നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കിയവരാണ്. വനത്തിലെ അവകാശം ഗോത്രക്കാർക്കാണെന്ന് 2019-ൽ എക്വഡോർ കോടതി വിധിച്ചു. ഭൂമി ഏറ്റെടുത്ത് എണ്ണക്കമ്പനികൾക്ക് ലേലം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരേയാണിവർ കോടതിയെ സമീപിച്ചത്. നെമോൻതെ നെൻക്വിമോയാണ് ഇവരുടെ നേതാവ്.

ഗ്രെറ്റ ത്യുൻബേ

സ്വീഡനിൽനിന്നുള്ള പരിസ്ഥിതി-കാലാവസ്ഥാ സംരക്ഷണപ്രവർത്തകയാണ് പതിനാറുകാരിയായ ഗ്രെറ്റ ത്യുൻബേ. ‘കാലാവസ്ഥയ്ക്ക് നീതിവേണം’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായി 2018 ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ സമരമാരംഭിച്ചാണ് ഗ്രെറ്റ ശ്രദ്ധേയയായത്. വെള്ളിയാഴ്ചകളിൽ സ്കൂളിൽപ്പോവാതെ, യൂണിഫോം അണിഞ്ഞെത്തിയാണവൾ പ്രതിഷേധിക്കുന്നത്.

‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ’ എന്ന പേരിൽ നടത്തിവന്ന സമരത്തിൽ ഇപ്പോൾ വിവിധ രാജ്യത്തായി ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കാളികളാണ്. പാരീസ് ഉടമ്പടിയനുസരിച്ച്, സ്വീഡൻ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കണമെന്നായിരുന്നു ഗ്രെറ്റ ഉയർത്തിയ പ്രധാന ആവശ്യം. സമാധാന നൊബേലിന് പേര്‌ ശുപാർശചെയ്യപ്പെട്ടിട്ടുള്ള ഗ്രെറ്റയ്ക്ക് കുട്ടികൾക്കായുള്ള ഇത്തവണത്തെ അന്താരാഷ്ട്ര സമാധാനപുരസ്കാരം ലഭിച്ചു.

ലിയൊനാർഡോ ഡികാപ്രിയോ

പ്രകൃതിസംരക്ഷണത്തെക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ള ഹോളിവുഡ് നടൻ ലിയൊനാർഡോ ഡികാപ്രിയോ ഒട്ടേറെ ഡോക്യുമെന്ററികൾ ഇതുസംബന്ധിച്ച് ചെയ്തിട്ടുണ്ട്. ടൈറ്റാനിക് സിനിമ പുറത്തിറങ്ങിയതിനുപിന്നാലെ പരിസ്ഥിതി സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് സന്നദ്ധസംഘടന തുടങ്ങി. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ലോകത്തെ സഹായിക്കാൻ 2016-ൽ ഒന്നരക്കോടി ഡോളറും (ഏകദേശം നൂറുകോടി രൂപ) ആമസോണിലെ തീയണയ്ക്കുന്നതിനും മറ്റുമായി 50 ലക്ഷം ഡോളറും (ഏകദേശം 35 കോടി രൂപ)അദ്ദേഹം സംഭാവനചെയ്തു.

വേൾഡ് വൈൽഡ് ഫണ്ട് (ഡബ്ല്യു.ഡബ്യു.എഫ്.), ഗ്ലോബൽ ഗ്രീൻ യു.എസ്.എ. ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ, നാച്വറൽ റിസോഴ്സസ് ഡിഫൻസ് കൗൺസിൽ എന്നീ സംഘടനകളുടെ ബോർഡിൽ അംഗമാണ്.

Content Highlights: protest for environment around the world