മഞ്ഞുമൂടിയ പര്‍വതനിരകളില്‍ തടിച്ചു കൊഴുത്ത പൂച്ചയെ തേടി പോയതാണ് യുവാവും യുവതിയും. ഇരുവരും പൂച്ചയെ കണ്ടു. ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു.
മംഗോളിയയിലെ മഞ്ഞിന്റെ ഗിരിശൃംഖങ്ങളിലാണ് ഈ അത്യപൂര്‍വ പ്രണയം മൊട്ടിട്ടത്. പ്രകൃതി അനുഗ്രഹിച്ച ജീവിതം- അങ്ങനെയാണ് വിവാഹത്തിലൂടെ നേടിയ പ്രണയസാഫല്യത്തെ ഇരുവരും വിശേഷിപ്പിക്കുന്നത്. ബൈണ്ടര്‍-സുരി ദമ്പതികള്‍ തങ്ങളുടെ ജീവിതം പ്രകൃതിക്കായി മാറ്റിവെച്ചിരിക്കുന്നു. പൂച്ചയെ സംരക്ഷിക്കാന്‍ ഒരു സംഘടനയും ഇവര്‍ തുടങ്ങി.
പല്ലാസ് പൂച്ചയുടെ വാസസ്ഥലമാണ് മഞ്ഞിന്‍ കുന്നുകള്‍. കാഴ്ചയില്‍ രോമക്കുപ്പായം അണിഞ്ഞ വെളുത്ത തടിയന്‍പൂച്ച. വട്ടമുഖം. തിളങ്ങുന്ന കണ്ണുകള്‍, സാധാരണ പൂച്ചയേക്കാല്‍ നീണ്ട ശരീരം, നീണ്ട വാല്‍, വ്യത്യസ്ത മുഖഭാവം.

സമുദ്രം പോലെ വ്യാപിച്ചുകിടക്കുന്നതാണ് പല്ലാസ് പൂച്ചയുടെ വാസസ്ഥലം. സൈബീരിയയും കിര്‍ഗിസ്ഥാനും കസാഖിസ്ഥാനും ഉള്‍പ്പെടെ ഇറാന്‍ മലനിരകളില്‍ കയറി അഫ്ഘാനിസ്ഥാനും ഇന്ത്യയിലെ ലഡാക്കും പിന്നിട്ട് ചൈനയും മംഗോളിയയും വരെ നീണ്ടുകിടക്കുന്ന മധ്യേഷ്യന്‍ മഞ്ഞുമലകളാണ് പൂച്ചയുടെ വാസസ്ഥലം.
അതിശൈത്യമാണ് പൂച്ചക്ക് അനുയോജ്യമായ കാലാവസ്ഥ. മഞ്ഞിനോടൊപ്പം പാറക്കൂട്ടങ്ങളും പുല്‍മേടികളുമുണ്ട്. അതാണ് പൂച്ചയുടെ പ്രധാന താവളം. പാറകളിലുള്ള ചെറിയ ഗുഹാമുഖങ്ങളിലും പൂച്ചയെ കാണാം. 6000 അടിക്ക് മുകളില്‍ ഉയരമുളള പര്‍വത നിരകളിലാണ് പൂച്ചയെ കാണുന്നത്.

വംശനാശം നേരിടുന്ന പൂച്ചയെ സംരക്ഷിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജര്‍മന്‍ പ്രകൃതി ശാസ്ത്രജ്ഞനായ പീറ്റര്‍ പല്ലാസാണ് 1770-ല്‍ പൂച്ചയെ ആദ്യമായി മംഗോളിയയില്‍ തിരിച്ചറിഞ്ഞത്. നിലവില്‍ എത്രപൂച്ചകള്‍ ഉണ്ട് എന്നത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമല്ല.

മലനിരകളില്‍ പൂച്ചയെ കണ്ടെത്തുക അത്ര എളുപ്പമല്ല. നീണ്ട കാത്തിരിപ്പും തിരച്ചിലും വേണം. നീണ്ട അലച്ചിലിന് ശേഷമാണ് പൂച്ചയുടെ ചിത്രങ്ങള്‍ കിട്ടിയതെന്ന് ബൈണ്ടര്‍ സുരി പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷമാണ് പ്രകൃതിയിലേക്ക് ഈ യുവതി ഇറങ്ങിയത്. പൂച്ചയുടെ സ്വഭാവ വിശേഷങ്ങള്‍ നിരീക്ഷിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അതിനിടയിലാണ് സുരി എന്ന യുവാവിനെ പരിചയപ്പെട്ടത്. അദ്ദേഹവും പൂച്ചയെ തേടി ഇറങ്ങിയതാണ്. രണ്ട് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇവരുടെ മധുവിധു നാളുകളും മഞ്ഞിന്റെ കൂടാരങ്ങളില്‍ ആയിരുന്നു.
കുടുംബജീവിതം സുഖമായി പോകുന്നു. പൂച്ചയെ സംരക്ഷിക്കാനുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും മുന്നോട്ടുതന്നെ- ബൈണ്ടര്‍ സുരി പറഞ്ഞു.
Content Highlights: Pallas's cat and binder- suri couples