കോഴിക്കോട്: ഒരു കാലത്ത് മലബാറിലെ കച്ചവട വിനിമയ മാര്‍ഗങ്ങളില്‍ പ്രധാന വഴികാട്ടിയായിരുന്നു കോഴിക്കോട് നഗരത്തിന്റെ ഹൃദയം തൊട്ടൊഴുകുന്ന കനോലി കനാല്‍. 1848-ല്‍ മലബാര്‍ കളക്ടറായിരുന്ന കനോലി സായിപ്പിന്റെ കാലം മുതല്‍ കോഴിക്കോടിന്റെ പൈതൃകത്തിന്റെ ഭാഗമായി ഈ 11.50 കിലോമീറ്ററോളമുള്ള  ജലപാത. പക്ഷെ കാലം മാറിയതോടെ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാനുള്ള പ്രധാന കേന്ദ്രം മാത്രമായി കനോലി കനാല്‍ മാറുകയായിരുന്നു. പ്ലാസ്റ്റിക്കുകളും നഗരമാലിന്യങ്ങളും നിറഞ്ഞ് നിശ്ചലമായിപ്പോയ ഈ ജലപാത കോഴിക്കോട്ടുകാര്‍ക്ക് എന്നും മായ്ച്ചുകളയനാവാത്ത മനുഷ്യ ഇടപെടലിന്റെ തെളിവായിരുന്നു. ഇത് കഴിഞ്ഞ മാസം വരെയുള്ള കനോലിയുടെ കഥ. 

വേങ്ങേരി നിറവിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ഘട്ടമായി നടത്തിയ കനോലി കനാല്‍ ശുചീകരണം ഇന്ന് അവസാനഘട്ടത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ ജീവിതം തിരിച്ച് കിട്ടിയ കനോലി കനാലിന്റെ പുതിയ കാഴ്ചയുടെ കഥയാണ് പറയാനുള്ളത്. ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് രാജ്യാന്തര തലത്തില്‍ ഇന്ന് അഭിമാനമായി നിലകൊള്ളുന്ന വേങ്ങേരി നിറവിന് പിന്തുണയുമായി ഒരു നാടും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ഒന്നിച്ചപ്പോള്‍ കനോലിയില്‍ തെളിവെള്ളം ഒഴുകാന്‍ തയ്യാറായി നില്‍ക്കുന്നു. ഓപ്പറേഷന്‍ കനോലി കാനാല്‍ എന്ന പദ്ധതിയുടെ അവസാനഘട്ട മെഗാ ശുചീകരണം ശനിയാഴ്ച നടന്നപ്പോള്‍ വന്‍ ജനപങ്കാളിത്തമാണ് പരിപാടിക്കുണ്ടായത്. ശനിയാഴ്ച രാവിലെ മുതല്‍ കുടുംബശ്രീ ഖരമാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ക്കൊപ്പം 650 ശുചീകരണ തൊഴിലാളികള്‍, 200 കോര്‍പറേഷന്‍ ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി. അരയിടത്തുപാലം മുതല്‍ പുതിയറ വരെ, പുതിയറ മുതല്‍ കല്ലായ് വരെ, കാരപ്പറമ്പ് ചെറിയ പാലം മുതല്‍ കക്കുഴിപാലം , നെല്ലിക്കാപുളി പാലം മുതല്‍ എരഞ്ഞിക്കല്‍ വരെ സെക്ഷനുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. മിനി ബൈപ്പാസില്‍ കെടിസി പെട്രോള്‍ പമ്പിന് സമീപം രാവിലെ 7.30 നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

11.4 കിലോമീറ്റര്‍ നീളമുള്ള കനോലി കനാലിലെ പ്രധാനഭാഗങ്ങള്‍ വെള്ളിയാഴ്ചത്തെ ശുചീകരണത്തോടെ ഏകദേശം പൂര്‍ത്തിയായെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ .എസ്. ഗോപകുമാര്‍ പറഞ്ഞു. റോഡിലെ കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശനിയാഴ്ച നീക്കം ചെയ്തത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന കനോലി കനാലിന്റെ പൂര്‍ണ സംരക്ഷണത്തിനായി എല്ലാവരും ഒറ്റമനസോടെ പ്രവര്‍ത്തികുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പിറവി ദിനത്തില്‍ കനാലി പൂര്‍ണമായും ശുചീകരിച്ച് കനാലി പൂരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.  ശുചീകരണം പൂര്‍ത്തിയായ കനാലിലൂടെ ബോട്ട് യാത്ര നടത്തണമെന്നാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ശുചീകരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഈ മാസം 28-ന് പോലീസ്, ഫയര്‍ഫോഴ്സ്, ടെറിട്ടോറിയല്‍ ആര്‍മി എന്നിവര്‍ സംയുക്തമായി കനോലി കനാല്‍ ശുചീകരണം നടത്താനും തീരുമാനമായിട്ടുണ്ട്. കനാലിലേയ്ക്ക് വീണു കിടക്കുന്ന വലിയ മരങ്ങള്‍ പൂര്‍ണമായും വെട്ടി നീക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ മരങ്ങളില്‍ തങ്ങി കിടക്കുന്ന മാലിന്യങ്ങള്‍ മാറ്റി കനാലിന് പൂര്‍ണ ഒഴുക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിത പ്രഭ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ .എസ്. ഗോപകുമാര്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു.