സ്വപ്നസാക്ഷാത്കാരത്തിന്റെ അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങളാണിത്. ഓരോ ചിത്രത്തിന്റെയും പിന്നില്‍ നീണ്ട കാത്തിരിപ്പുണ്ട്. അതോടൊപ്പം അധ്വാനവും മണിക്കൂറുകള്‍ നീണ്ട യാത്രയും.

കാനഡയിലെ ടൊറന്റോയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന മലയാളിയായ ഡോ. നിജില്‍ ഹാറൂണിന് യാത്ര ഹരമാണ്. ഭൂഖണ്ഡങ്ങള്‍ പിന്നിടുമ്പോള്‍ കാമറയുടെ ഫ്രെയിമില്‍ ഒതുങ്ങുന്ന ചിത്രങ്ങളെ കുറിച്ച് സ്വപ്നം കാണും. ടൊറന്റോയില്‍ നിന്ന് മണിക്കൂറുകള്‍ പിന്നിടുന്ന യാത്ര കഴിയുമ്പോള്‍ എത്തുക ആഫ്രിക്കയിലോ ദക്ഷിണ അമേരിക്കയിലെ കോസ്റ്റാറിക്കയിലോ പസഫിക്ക് സമുദ്രത്തിലെ പപ്പുവ  ന്യൂഗിനിയയോ ആയിരിക്കും. നിഗൂഢ വനങ്ങളും പര്‍വത നിരകളും കടലും കായലും തടാകങ്ങളും പിന്നിടുമ്പോള്‍ മനസ്സ് പ്രകൃതിയുടെ മാസ്മര മേഖലകളിലേക്ക് നീങ്ങുന്നു.

യാത്ര കഴിഞ്ഞ് തിരിച്ച് ലോഡ്ജിലെ മുറിയിലെത്തുമ്പോള്‍ അനുഭവങ്ങളുടെ മിന്നുന്ന ചെപ്പായി ലാപ്ടോപ്പ് തുറക്കും. അപ്പോള്‍ തെളിഞ്ഞുവരുന്നത് പ്രകൃതിയുടെ കാലിഡോസ്‌കോപ്പ് ആയിരിക്കും. 

Thomson's gazelle
തോംസണ്‍സ് ഗസ്സല്‍

 

മിന്നല്‍ പോലെ കുതിക്കുന്ന മാന്‍വര്‍ഗത്തില്‍പ്പെട്ട തോംസണ്‍സ് ഗസ്സലിനെ (Thomson's gazelle) ക്യാമറയില്‍ പകര്‍ത്തിയത് കിഴക്കന്‍ ആഫ്രിക്കന്‍ വനത്തില്‍ നിന്നാണ്. വേഗത്തില്‍ ഒരു പക്ഷേ  ചീറ്റപ്പുലിയെപ്പോലും പിന്നിലാക്കാന്‍ ഈ മൃഗത്തിന് കഴിഞ്ഞേക്കും. പിരിയന്‍ കൊമ്പുകള്‍ ആകര്‍ഷകമാണ്. പുല്‍മേടുകളില്‍ മേഞ്ഞുനടക്കാനാണ് ഈ മൃഗത്തിന് ഏറെ താല്‍പ്പര്യം.

Snowy Owl
സ്നോവി ഹൌള്‍

 

മഞ്ഞിലെ മൂങ്ങയാണ് സ്നോവി ഹൌള്‍ (Snowy Owl) സമുദ്രം പോലെ പരന്നുകിടക്കുന്ന മഞ്ഞില്‍ ഈ മൂങ്ങയെ സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. കാനഡയിലെ ഒന്‍ടാറിയോയില്‍ നിന്ന് എടുത്തതാണ് ചിത്രം. ദേഹം മുഴുവന്‍ രോമക്കുപ്പായത്തില്‍ പൊതിഞ്ഞ് മാത്രമേ അതിശൈത്യത്തില്‍ ക്യാമറയുമായി സഞ്ചരിക്കാന്‍ കഴിയൂ.

Yellow Throated Toucan
യെല്ലോ ത്രോട്ടഡ് ടൂക്കാന്‍

 

കോസ്റ്റാറിക്കയില്‍ നിന്നാണ് കാഴ്ചയില്‍ വേഴാമ്പലിനെപ്പോലുള്ള യെല്ലോ ത്രോട്ടഡ് ടൂക്കാന്‍ (Yellow Throated Toucan) പക്ഷിയെ ക്യാമറയില്‍ പകര്‍ത്തിയത്. കാഴ്ചയില്‍ ഭീകരരൂപമാണ് കിങ് വള്‍ച്ചര്‍ (King Vulture) നുള്ളത്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്നതാണ് ആകൃതി. കോസ്റ്റാറിക്കയില്‍ നിന്നാണ് ഈ ചിത്രവും.

King Vulture
കിങ് വള്‍ച്ചര്‍

 

കൊക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട ഹെറോണ്‍ (Heron)ന്റെ കുഞ്ഞ് കൂട്ടില്‍ വിരിഞ്ഞതാണ് ചിത്രം. ആരെയും ആകര്‍ഷിക്കുന്ന കുഞ്ഞിന്റെ അമ്മ ഭക്ഷണം തേടിപ്പോയപ്പോള്‍ എടുത്ത ചിത്രം. അമേരിക്കയിലെ ടെക്സാസ് വനത്തില്‍നിന്നാണ്. ഇതിന്റെ കൂട് തേടി ഡോ. ഹാറൂണിന് അലയേണ്ടി വന്നു.

Heron
ഹെറോണ്‍

 

കാറ്റില്‍ പറന്ന് വിടര്‍ന്ന് നില്‍ക്കുന്ന ചിറകുകളുടെ ചിത്രം  റഗിയോണ (Raggiona) പറുദീസ പക്ഷിയുടേതാണ്. പപ്പുവ ന്യൂഗിനിയില്‍ നിന്നാണ് ചിത്രം. നിഗൂഢമായ  വനങ്ങളിലൂടെ മണിക്കൂറുകള്‍ നടന്നാലാണ് ഈ സുന്ദര പക്ഷിയെ കണ്ടെത്താന്‍ കഴിയുക.

Content Highlights: Nigil Haroon, wildlife photography, Snowy Owl, Yellow Throated Toucan, King Vulture, Heron, Raggiona