വാഹനമിടിച്ച് ചിന്നിച്ചിതറിയ മുഖവുമായി ഒരു കുരങ്ങന്‍. മൂക്കും കണ്ണും അടക്കമുള്ള ഭാഗത്ത് രക്തം കട്ടപിടിച്ച് ഉണങ്ങിയിരിക്കുന്നു. മുഖമാകെ ചുവപ്പുമയം. ഒറ്റനോട്ടത്തില്‍ ആരുമൊന്ന് ഞെട്ടും, പിന്നെ അത് സങ്കടത്തിന് വഴിമാറും... ഇക്കഴിഞ്ഞ ലോകപരിസ്ഥിതി ദിനത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രമാണിത്. 

ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ എന്‍.പി ജയന്‍ പകര്‍ത്തിയ ഈ ചിത്രം പിന്നീടുള്ള ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. വാഹനമിടിച്ച് പരിക്കേറ്റ മുഖവുമായി മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കുരങ്ങന്റെ ഈ ദൃശ്യം ജയന്‍ പകര്‍ത്തിയത് മുത്തങ്ങ ചെക്ക് പോസ്റ്റിലെ കോവിഡ് പരിശോധനാകേന്ദ്രത്തിന് സമീപത്തുനിന്നായിരുന്നു. 

മുത്തങ്ങയിലെന്നല്ല, എവിടെയും വാഹനമിടിച്ചും അല്ലാതെയും മനുഷ്യന്റെ ഇടപെടലുകള്‍ മൂലം ചാവുകയും അംഗഭംഗപ്പെടുകയും ചെയ്യുന്ന പക്ഷിമൃഗാദികളുടെ ദയനീയത മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു ഈ ചിത്രം. പരിസ്ഥിതിസ്‌നേഹികളുടെയും അധികാരികളുടെയും കണ്ണുതുറപ്പിക്കാന്‍ പോന്നതായിരുന്നു ഇത്. 

WhatsApp_Image_2020-06-05_at_7.17.50_AM_(1).jpg

വനമേഖലകളില്‍ക്കൂടിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുള്ളതായി കേരള വനം വന്യജീവി വകുപ്പ് പറയുന്നു. ആനിമല്‍ ക്രോസിങ് പോയന്റുകളില്‍ മുന്നറിയിപ്പുകള്‍ വെക്കുക, വാഹനങ്ങള്‍ പതുക്കെ പോകുന്നു എന്നുറപ്പുവരുത്താന്‍ ബംപുകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങള്‍ ബോധവാന്മാരാകുക എന്നതാണ് ഏറ്റവും പ്രധാനം. സംരക്ഷിത വനമേഖലകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് പരമാവധി വേഗത 30 കിലോമീറ്ററാണ്. എന്നാല്‍ അത് അനുസരിക്കാന്‍ പലരും തയ്യാറാവുന്നില്ല. ഇതാണ് വന്യമൃഗങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നത്. 

റോഡില്‍ ബംപുകള്‍ സ്ഥാപിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായി തോന്നുന്നത്. ഓരോ നൂറു മീറ്ററുകളിലും ബംപുകള്‍ സ്ഥാപിക്കണമെന്നാണ് ചട്ടം. ഇത്തരം സംഭവങ്ങള്‍ നിയന്ത്രക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ വളരെ ശക്തമാണ്. ഇത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും വനം വന്യജീവി വകുപ്പ് വ്യക്തമാക്കി.

WhatsApp_Image_2020-06-05_at_7.17.51_AM_(1).jpg

Content Highlights: Monkey injured in road accident: Wildlife department says stringent measures to save wildlife