ഈ വിദ്യാഭ്യാസരീതിയോട് യോജിക്കുന്നില്ല 

നമ്മള്‍ പിന്തുടരുന്ന വിദ്യാഭ്യാസരീതി സ്വതന്ത്രചിന്തയെ ഇല്ലാതാക്കുമെന്ന് പന്ത്രണ്ടാം  വയസ്സില്‍ തിരിച്ചറിഞ്ഞിരുന്നു. ''ഇന്നത്തെ കുട്ടികള്‍ക്ക് എവിടെയാണ് അവരുടെ ചിന്തയ്ക്കനുസരിച്ച് ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കുക. അവരോട് പഠിക്കൂ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കൂവെന്നല്ലേ എല്ലാവരും പറയുന്നത്. വീട്ടിലായാലും സ്‌കൂളിലായാലും ഇതാണവസ്ഥ. അതുകൊണ്ടാണ് ഞാന്‍  ഔപചാരിക വിദ്യാഭ്യാസം വേണ്ടെന്നുവെച്ചത്'' മണിക്ഫാന്‍ പറഞ്ഞു തുടങ്ങി. 

വിദ്യാര്‍ഥികളെ അറിവിന്റെ  ലോകത്തേക്ക് സ്വതന്ത്രമായി  വിടണം. ഒരു കാര്യം പഠിക്കാന്‍ മനസ്സുണ്ടെങ്കില്‍ എന്തും പഠിച്ചെടുക്കാം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങള്‍ പഠിച്ച് സമയം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹം പറയുന്നു. ''കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം പിന്നിട്ടുപോയാല്‍ പിന്നെ  തീവ്രമായ  ജിജ്ഞാസ ജീവിതത്തിലൊരിക്കലും ഉണ്ടാവില്ല.  അതുകൊണ്ട് ചെറുപ്പത്തിലേ അവര്‍ക്ക് താത്പര്യമുള്ളതും  സമൂഹത്തിന് ഗുണപരവുമായ  മേഖലകളിലേക്ക് തിരിച്ചുവിടാന്‍ വിദ്യാഭ്യാസംകൊണ്ട്  സാധിക്കണം. അല്ലെങ്കില്‍ എല്ലാം പാഴായിപ്പോകും''. 

കലണ്ടറില്‍ ഏകീകരണം വേണം

''ലോകം മുഴുവന്‍ ഏകീകരിച്ച ഒരു ഹിജ്റ കലണ്ടര്‍ ഏറെ പഠനത്തിന് ശേഷം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇതംഗീകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. ഒമാനില്‍ ഒരു ദിവസം പെരുന്നാളാണെങ്കില്‍ മറ്റൊരു ദിവസം സൗദി അറേബ്യയിലും രണ്ടുമല്ലാത്ത ഒരു ദിവസം ഇന്ത്യയിലും ഈ തീയതികളൊന്നുമല്ലാത്ത ഒരു നാള്‍ ലക്ഷദ്വീപിലും പെരുന്നാള്‍ ആഘോഷിക്കുന്ന സാഹചര്യമുണ്ടാകുന്നു'' 

ഇത് ശരിയല്ലെന്നും ഇത്തരം രീതിക്ക് മാറ്റം വരണമെന്നുമുളള ഉദ്ദേശ്യത്തിലാണ് പെരുന്നാള്‍ ലോകംമുഴുവന്‍ ഒരു ദിവസമാക്കണമെന്ന് പറയുന്നത്. ''ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്നാണ് പലരുടെയും ധാരണ. അതിനാലാണ് പലരും  തന്റെ കലണ്ടര്‍ അംഗീകരിക്കാത്തത്. ഇത് രണ്ടും വ്യത്യസ്തമായ അറിവിന്റെ ശാഖകളാണെന്ന് എത്രപറഞ്ഞിട്ടും പലര്‍ക്കും മനസ്സിലാകുന്നില്ല.   

സത്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറയുന്ന ആള്‍ക്കാരാണിവിടെ. നാലുവര്‍ഷം മുമ്പ് തനിക്കെതിരേ കോഴിക്കോട്ടുവെച്ച് വധഭീഷണിവരെ ഉണ്ടായി. അധികം പറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇന്ത്യയില്‍ വ്യത്യസ്തദിവസങ്ങളില്‍ പെരുന്നാളാകുന്നത് ഏകീകരിച്ച കലണ്ടര്‍ ഇല്ലാത്തതുകൊണ്ടാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടിയ കാര്യം ലക്ഷദ്വീപുകാര്‍ മൂന്നുമാസം കഴിഞ്ഞാണറിഞ്ഞത്. അന്ന് ആശയവിനിമയോപാധികള്‍ ഇന്നത്തെപോലെ ആയിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല. എന്ത് കാര്യങ്ങളും മനസ്സിലാക്കാനും അറിയാനുമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്.  

പഠിച്ചത് ദീപിലെ പരിമിതികളില്‍ നിന്ന്

''വായിക്കാനുളള പുസ്തകങ്ങള്‍ മിനിക്കോയിയിലെ  ലൈറ്റ് ഹൗസ് ലൈബ്രറിയില്‍നിന്നാണ് ലഭിച്ചത്.   ദ്വീപില്‍ മറ്റെവിടെയും  പുസ്തകങ്ങളും മാസികകളും ഒന്നും ലഭിക്കാറില്ല. അത്തരം സൗകര്യങ്ങള്‍ വേണമെന്ന് ആര്‍ക്കും അന്ന് ചിന്തയുമുണ്ടായില്ല. 

വീട്ടുകാര്‍ക്കാണെങ്കില്‍  വായന താത്പര്യമുള്ളവരോ  വായന അറിവുള്ളവരോ  ഉണ്ടായിരുന്നുമില്ല.  ലൈറ്റ് ഹൗസില്‍ ഉള്ളവരാണ് തനിക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ തരാറുണ്ടായിരുന്നത്. അവിടെ ജോലിയിലിരിക്കെയാണ്  ഒരു ഫ്രഞ്ച് കപ്പലെത്തിയത്. അവര്‍ കപ്പലിലുണ്ടായിരുന്ന  കുറേ മാസികകള്‍ എനിക്കു തന്നു. അവ ഇംഗ്‌ളീഷാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും വായിക്കാന്‍ കഴിയുന്നില്ല. പിന്നീട് ലൈറ്റ് ഹൗസിലെ സഹപ്രവര്‍ത്തകരാണ് അവയെല്ലാം  ഫ്രഞ്ച് മാസികകളാണെന്ന് പറഞ്ഞത്. ഇതോടെയാണ് ഫ്രഞ്ച് പഠിക്കാനുള്ള ആഗ്രഹമുണ്ടായത്.  അങ്ങനെ ലോകഭാഷകളിലേക്കുള്ള പഠനതാത്പര്യവുമുണ്ടായി.''    

കുട്ടിക്കാലവും മീനുകളും

''കുട്ടിക്കാലത്ത് ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. അക്കാലത്ത്  മീനുകളെ രണ്ടുതരം വെള്ളത്തിലും പിടിച്ചിടാറുണ്ട്. ചിലത് ചത്തുപോകും. ചിലത് ജീവിക്കും. ചിറക്, അവയുടെ നിറം, ചിറകിലെ മുള്ളുകള്‍, അവയുടെ എണ്ണം എന്നിവ കൗതുകത്തിന് നോക്കി മനസ്സിലാക്കാറുണ്ട്. പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വര്‍ഗങ്ങളെ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നത് കാണാറുണ്ട്. അത്തരം ഘട്ടത്തില്‍ ചിലര്‍ തന്റെ സഹായം തേടുമായിരുന്നു.''

മണിക്ഫാന്റെ കഴിവുകളെ തിരിച്ചറിഞ്ഞ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ.എസ്. ജോണ്‍സ്  കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുകയാണുണ്ടായത്. 1960 മുതല്‍ 1980 വരെ അവിടെ ജീവനക്കാരനായി.  അദ്ദേഹം വിരമിച്ചതോടെ മണിക്ഫാനും  ആ ഓഫീസിന്റെ പടിയിറങ്ങി. 400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു മണിക്ഫാന്.  അദ്ദേഹം തിരിച്ചറിഞ്ഞ പുതിയ ഒരിനം മത്സ്യത്തിന് സെന്‍ട്രല്‍ മറൈന്‍ വകുപ്പ് 'അബു ദഫ് ദഫ് മണിക് ഫാനി' എന്ന് നാമകരണം ചെയ്തു.  
 
ഫിറഷീസ് വകുപ്പില്‍നിന്ന് വിരമിച്ച ശേഷം തമിഴ്നാട്ടില്‍ വേതാളൈ എന്ന സ്ഥലത്ത് കടല്‍ക്കരയില്‍ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി.  ഇവിടെ കടല്‍ക്കരയില്‍ കാറ്റ് കൂടിയതിനാല്‍ കാറ്റാടിയന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. വീട്ടുപയോഗത്തിനുള്ള വൈദ്യുതിയും  ഇതില്‍നിന്നാണ് ലഭിച്ചത്.  

കല്ലിന്റെ നങ്കൂരത്തിന് കാലനിര്‍ണയം  

സെന്‍ട്രല്‍  മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്ത് മിനിക്കോയ് ദ്വീപില്‍നിന്ന്  കല്ലിന്റെ നങ്കൂരം ലഭിച്ചു. ഫിഷറീസ് വകുപ്പ് ഏറെ സമുദ്രഖനനം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇപ്പോള്‍ മറൈന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ശേഖരത്തിലുള്ള  ഈ കല്ല് ഇരുമ്പ് കണ്ടുപിടിക്കുന്നതിനുമുമ്പ് പായക്കപ്പലിന്റെ നങ്കൂരമായി ഉപയോഗിച്ചതാണെന്ന് മണിക്ഫാന്‍ കണ്ടെത്തി. ഏകദേശം ബി.സി. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ളതാണ് ഈ കല്ലെന്ന് കാലനിര്‍ണയം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ജര്‍മന്‍കാരിയായ എലന്‍ കാര്‍ട്ണര്‍ ആണ് ഇത്തരമൊരു കല്ലിനെക്കുറിച്ച് മണിക്ഫാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അവര്‍ മഹല്‍ ഭാഷ പഠിക്കാന്‍വേണ്ടി ദ്വീപില്‍ എത്തിയതായിരുന്നു. മിനിക്കോയിയിലെ ജുമഅത്ത് പള്ളിയുടെ നിര്‍മാണത്തിനിടയിലാണ് ഈ കല്ല് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് എന്താണെന്ന് ദ്വീപുകാര്‍ക്ക് ആര്‍ക്കും മനസ്സിലായില്ല. 
ഇത്തരം കല്ലുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇറ്റലിക്കാരനായ ജെറാര്‍ഡ് ക്യാപ്റ്റന്‍ എന്ന ഗവേഷകന് കത്തെഴുതി. കല്ലിന്റെ വിശദമായ വിവരണവും കത്തില്‍ എഴുതിയിരുന്നു. ഈ കത്ത് ലഭിച്ച അദ്ദേഹം ഈ കല്ലിനെപ്പറ്റി ഇറ്റലിയിലെ ഒരു പ്രസിദ്ധീകരണത്തില്‍ ലേഖനം എഴുതുകയും ചെയ്തു. കണ്ണൂരില്‍ നിന്നും ഗോവയില്‍ നിന്നും ഇത്തരം കല്ലുകള്‍ കിട്ടിയിരുന്നു. ഈ മൂന്ന് കല്ലുകളുടെയും, മണിക്ഫാന്റെ കാലനിര്‍ണയം ഇന്ത്യയിലെ ഈ മേഖലയിലെ ഗവേഷകയായ ഡോ.ഷീലാ മണി ത്രിപാഠി ശരിവെയ്ക്കുകയും ചെയ്തിരുന്നെന്ന് അലി മണിക്ഫാന്‍ പറഞ്ഞു. 

കോഴിക്കോടുമായുള്ള ബന്ധം 

ഉപ്പ കോഴിക്കോട്ട് ഹജൂര്‍ കച്ചേരിയിലേക്കും  ഉപ്പാപ്പ വ്യാപാരത്തിനായി കേരളത്തിലും തമിഴ്നാട്ടിലും  മംഗലാപുരത്തേക്കുമായി ചരക്ക് കപ്പലിലും യാത്ര തിരിക്കുമ്പോള്‍ കുഞ്ഞു മണിക്ഫാനെയും  ഒപ്പം കൂട്ടാറുണ്ടായിരുന്നു. അങ്ങനെയാണ് കുട്ടിക്കാലത്ത് പലപ്പോഴും കോഴിക്കോട് ഹജൂര്‍ കച്ചേരിയിലെത്തിയത്. മാനാഞ്ചിറയ്ക്ക് സമീപമുള്ള ഇന്നത്തെ എല്‍.ഐ.സി. ഓഫീസ് സമുച്ചയം നില്‍ക്കുന്നിടത്തായിരുന്നു കച്ചേരി ഓഫീസ്. നഗരത്തില്‍ അന്നത്തെ പ്രമുഖ മലഞ്ചരക്ക് വ്യാപാരികളായിരുന്ന കെ.പി. അഹമ്മദ് കോയ, കെ.പി. മമ്മദ് കോയ എന്നിവരുടെ കൊപ്ര പാണ്ട്യാലയിലായിരുന്നു മണിക് ഫാനും ഉപ്പയ്ക്കും ഉപ്പാപ്പയ്ക്കുമൊക്കെ താമസവും ഭക്ഷണവും. 
ഇദ്ദേഹത്തിന്റെ പിതാവിന്റെ പിതാവ് ദ്വം മണിക് ഫാന് സ്വന്തമായി ചരക്ക് കപ്പല്‍ ഉണ്ടായിരുന്നു. മൂന്ന് മുതല്‍ അഞ്ച് വയസ്സുവരെ കാലത്താണ് കടല്‍തീരത്തും കടലിലെ ലഗൂണിലുമായി  കൂടുതല്‍ സമയവും ചെലവഴിച്ചത്.  

പത്താം വയസ്സില്‍ കണ്ണൂരിലേക്ക് 

''ഇവനെ ഒന്ന് നന്നായി ഇംഗ്ലീഷും കണക്കും പഠിപ്പിച്ചെടുക്കണം.''ഗുമസ്തനായ  ഹസ്സന്‍ കുഞ്ഞിനോട് പിതാവ് ആവശ്യപ്പെട്ടു. പത്താം വയസ്സില്‍ പിതാവിന്റെ ഓഫീസ് ക്ലാര്‍ക്കിനൊപ്പം അങ്ങനെ  കണ്ണൂരിലേക്ക് സ്‌കൂള്‍പഠനത്തിന് പോയി.  മൂന്ന് വര്‍ഷം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു പഠിച്ചു. പിന്നീട് അവിടെനിന്ന് കണ്ണൂര്‍ ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പോയെങ്കിലും പാതിവഴിയില്‍ ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി. 

''അപ്പോഴേയ്ക്കും സ്‌കൂള്‍ പഠനം മുഷിപ്പനായി മാറി. താന്‍ ചിന്തിച്ച് കൂട്ടുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കാനും സ്വന്തം പരീക്ഷണങ്ങള്‍ക്കും അക്കാലത്ത് ഒട്ടും സമയം ലഭിക്കാറുണ്ടായിരുന്നില്ല...''
ഈ കാര്യം പിതാവിനോട് പറഞ്ഞു.   ലക്ഷദ്വീപിലേക്ക് തിരിച്ചുപോരാന്‍ സമ്മതംതന്നു. പിന്നീട് മിനിക്കോയിലെ ഇംപീരിയല്‍ ലൈറ്റ് ഓഫീസര്‍മാരായ എന്‍ജിനീയര്‍മാരില്‍നിന്ന്  ലൈറ്റ് ഹൗസ് സംവിധാനങ്ങള്‍, സിഗ്‌നല്‍ എന്നിവ  പഠിച്ചു. ഓഫീസര്‍മാരെല്ലാം സിലോണില്‍ നിന്നുള്ളവരായിരുന്നു. ഇവര്‍ക്കൊപ്പം കൂടി വയര്‍ലെസ് ഓഫീസര്‍മാരില്‍നിന്ന് കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളില്‍ അറിവ് നേടി. ഉപഗ്രഹങ്ങളെപ്പറ്റിയും മറ്റും അക്കാലത്ത് പഠിച്ചു. പിന്നീട് കുറച്ച് കാലം മിനിക്കോയിയില്‍ സ്‌കൂള്‍ അധ്യാപകനായി തുടര്‍ന്നു. കോഴിക്കോട്ടെ കുടുംബസുഹൃത്തുക്കളായ വ്യാപാരപ്രമുഖരായിരുന്നു ഈ സ്‌കൂളിന്റെ നിര്‍മാണത്തിന് പണം ചെലവഴിച്ചത്. പിന്നീട് ഇവിടെ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയി. അവിടെ   കപ്പലില്‍ ചേരാന്‍ വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു. ചിക്കന്‍ പോക്‌സ് പിടിച്ചതിനെത്തുടര്‍ന്ന്  തിരിച്ചുപോയി. പിന്നെയും അധ്യാപകനായും ആമീന്റെ ഗുമസ്തനായും ജോലി തുടര്‍ന്നു.  

വിജ്ഞാനസാഗരം

ബഹുഭാഷാപണ്ഡിതന്‍, സമുദ്രശ്ശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്‍, ഭൂമിശാസ്ത്രജ്ഞന്‍, സാമൂഹ്യശാസ്ത്രജ്ഞന്‍, സാങ്കേതിക വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, കാര്‍ഷിക വിദഗ്ധന്‍, പ്രകൃതി നിരീക്ഷകന്‍, മുസ്ലിം പണ്ഡിതന്‍ എന്നിങ്ങനെയെല്ലാമാണ് വിശേഷണങ്ങള്‍. മലയാളം, സംസ്‌കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹല്‍, അറബി, ഉര്‍ദു, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍ തുടങ്ങി 14 ല്‍ പരം ഭാഷകള്‍ അറിയും.

ദ്വീപിന്റെ പുത്രന്‍ 

1938 മാര്‍ച്ച് 16-ന്  ബി. മൂസ മണിക് ഫാന്റെയും ഫാത്തിമ മണിക്കയുടെയും മകനായി മിനിക്കോയ് ദ്വീപിലായിരുന്നു  ജനനം. പിതാവ് കോടതി ആമീന്‍ ആയിരുന്നു. പിതാവ് ആമീനായതുകൊണ്ട് അക്കാലത്ത് നല്ല അധികാരവും സ്വാധീനവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗുമസ്തനായ കണ്ണൂര്‍ സ്വദേശി കല്ലിവളപ്പില്‍ ഹസ്സന്‍ കുഞ്ഞില്‍നിന്നാണ് കണക്കും ഇംഗ്ലീഷും മലയാളവും കുട്ടിക്കാലത്തേ  പഠിച്ചത്. 

യെമെന്‍ രാജാവിന്റെ കൊട്ടാരത്തിലെ കപ്പല്‍

പരമ്പരാഗതമായ ഒരു അറബിക്കപ്പല്‍ ഉണ്ടാക്കാന്‍  ആരെങ്കിലുമുണ്ടോയെന്ന മറൈന്‍ ഡയറക്ടര്‍ എസ്. ജോണ്‍സിനോടുള്ള  ഐറിഷ് സഞ്ചാരിയായ  ടിം സെവറിന്റെ  അന്വേഷണം  മണിക്ഫാനിലെത്തിപ്പെട്ടു.  കപ്പല്‍ നിര്‍മിക്കാന്‍ സാധിക്കുമോയെന്ന് മണിക്ഫാനോട് ഡയറക്ടര്‍ ജോണ്‍സ് തിരക്കി.  അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ അറബികളുടെ പാരമ്പര്യ ചരക്കുകപ്പലായ സോഹറിന്റെ നവീകരിച്ച മാതൃക രൂപകല്പന ചെയ്തു. പെരുമ്പാവൂരില്‍ നിന്നാണ് കപ്പലിനുള്ള മരം ഒമാനിലേക്ക് കൊണ്ടുപോയത്. ഒമാനിലാണ്  കപ്പല്‍നിര്‍മാണം പൂര്‍ത്തിയാക്കിയതും. 

ഇതിന് ലോഹഭാഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.  അയനി മരവും കയറും മാത്രമുപയോഗിച്ച് കൈകൊണ്ട് നിര്‍മിച്ചതായിരുന്നു ഈ കപ്പല്‍. ഐറിഷ് സമുദ്രസാഹസിക സഞ്ചാരിയായ ടീം സെവറിന്‍ ഒമാനില്‍നിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്ക് ഈ കപ്പല്‍ ഉപയോഗിച്ചു. ഇത് ഒമാന്‍ രാജാവിന്റെ കൊട്ടാരത്തിനടുത്ത് ഇപ്പോഴും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. അക്കാലത്തുതന്നെയാണ് അലി മണിക്ഫാനും സുഹൃത്തും തകരം കൊണ്ടുള്ള പ്രൊപ്പല്ലര്‍ ഘടിപ്പിച്ച ഒരു ബോട്ട് നിര്‍മിച്ചത്. ലൈറ്റ് ഹൗസിലേക്ക് വരുമ്പോള്‍ കടലിലൂടെ മൂന്നും നാലും കിലോമീറ്റര്‍ ഈ ബോട്ടിലാണ് സുഹൃത്തും മണിക്ഫാനും സഞ്ചരിച്ചിരുന്നത്. 

കാറ്റില്‍ നിന്ന് വൈദ്യുതി

അതിനുശേഷം തമിഴ്‌നാട്ടില്‍ വേതാളൈ എന്ന സ്ഥലത്ത് മൂന്ന് ഏക്കര്‍ സ്ഥലം കടല്‍ക്കരയില്‍ വാങ്ങിച്ചു.തെങ്ങ് കൃഷിയില്‍ നവീനരീതികള്‍ അവലംബിച്ച് തേങ്ങയുല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. 

'ഇവിടെ കടല്‍ കരയില്‍ കാറ്റ് വളരെ കൂടുതലായിരുന്നു. അതിനാല്‍ എണ്ണവിളക്കുകള്‍ കത്തിക്കുക സാധ്യമായിരുന്നില്ല. അതിന് പോംവഴിയായി   കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. വീട്ടുപയോഗത്തിനുളള വൈദ്യുതി ഇതില്‍ നിന്ന് ഉല്‍പ്പാദി പ്പിച്ചു. സമീപപ്രദേശത്തൊന്നും അന്ന് വൈദ്യുതിയുണ്ടായിരുന്നില്ല.  

തിരുനെല്‍വേലിക്കടുത്ത് വല്ലിയൂരിലെ കൃഷിയിടത്തിലേക്കും കാറ്റില്‍ നിന്നുളള  വൈദ്യുതിയാണ് ഉപയോഗിച്ചത്.' മണിക്ഫാന്‍ പറഞ്ഞു.    

ഭാര്യ:  കദീജ മണിക്ക. മക്കള്‍: ഫാത്തിമ മണിക്ക (അധ്യാപിക, നാഗര്‍കോവില്‍), മൂസ മണിക്ഫാന്‍ (മര്‍ച്ചന്റ് നേവി അസിസ്റ്റന്റ് എന്‍ജി നീയര്‍), ആയിഷ മണിക്ക (അധ്യാപിക, ഈരാറ്റുപേട്ട), ആമിന മണിക്ക.

അഞ്ച് വര്‍ഷം മുമ്പ് ഭാര്യ കദീജ മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഒളവണ്ണ സ്വദേശിനി സുബൈദയെ വിവാഹം ചെയ്തു.