കുമളിക്ക് സമീപം മന്നാക്കുടി ആദിവാസി കോളനിയില്‍ ജനിച്ചുവളര്‍ന്ന കണ്ണന്‍ അച്ഛന്റെ പ്രകൃതിസ്‌നേഹം കണ്ടാണ് വളര്‍ന്നത്. ചെറുതിലേ അച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ പ്രകൃതിപാഠം പച്ചകുത്തിയതുപോലെ ആ കുഞ്ഞുമനസ്സില്‍ പതിഞ്ഞുനിന്നു. അതിന്റെ തുടര്‍ച്ചയായാണ് പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ താല്‍ക്കാലിക വാച്ചറായി ചേര്‍ന്നത്. കാടിനെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാട്ടുകള്ളന്‍മാരെയും കഞ്ചാവുകൃഷിക്കാരെയും ഓടിക്കാന്‍ വനപാലകര്‍ക്കൊപ്പംനിന്നു. അവരില്‍നിന്ന് ജീവന് ഭീഷണിയുണ്ടായപ്പോഴും കാടിനെ നോക്കി നിറഞ്ഞുചിരിച്ചു.
'ഒച്ചയുണ്ടാക്കാതനങ്ങാതെ...' കാട്ടിലൂടെയുള്ള യാത്രയില്‍ പ്രകൃതിസ്‌നേഹികള്‍ക്ക് വഴികാട്ടുന്ന കണ്ണന്‍ ഇടക്കിടെ പറയും. തേക്കടി തടാകത്തിലെ വനംവകുപ്പിന്റെ ബോട്ടിന്റെ എന്‍ജിന്, അതിന്റെ വളയംപിടിച്ചിരുന്ന കണ്ണന്റെ ഹൃദയതാളമായിരുന്നു.

ഇതിനിടയില്‍ വനപാലകരില്‍ കണ്ണന്‍മാര്‍ കൂടിയപ്പോള്‍ അദ്ദേഹം താടിക്കണ്ണനായി. തേക്കടിയെ വിറപ്പിച്ച കൊലകൊല്ലി എന്ന ഒറ്റയാന്‍ പിടിയാനകളുടെ കൊലയാളിയായി മാറിയപ്പോള്‍ കൊലകൊല്ലിയെ പിന്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു.
2015ലാണ് കണ്ണന് വനം വകുപ്പ് ഗാര്‍ഡായി സ്ഥിരനിയമനം നല്‍കിയത്. ഒട്ടേറെ പ്രകൃതിസ്‌നേഹികളുടെ ആഗ്രഹവുമായിരുന്നു അത്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് അംഗീകാരമായി അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും തേടിയെത്തി. വീട്ടില്‍ കിടന്നാല്‍ ഉറക്കം വരാഞ്ഞ, കാടിന്റെ ശബ്ദം എന്നും കേള്‍ക്കണമെന്ന് ആഗ്രഹിച്ച കണ്ണന്‍ ഒടുവില്‍ വീണത് താന്‍ സംരക്ഷിച്ച കാടിന്റെ മടിത്തട്ടില്‍ത്തന്നെ. വരാനുള്ള അനേകം തലമുറകള്‍ക്കുവേണ്ടി കാടിനെ കാക്കണമെന്ന സന്ദേശം ബാക്കിവെച്ച് അദ്ദേഹം യാത്രയായി. കണ്ണന്‍ എന്ന 'ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍' ഓര്‍മ്മയാകുമ്പോള്‍ വിഭൂതിഭൂഷന്റെ യുഗളപ്രസാദനെപ്പോലെ കണ്ണന്റെ കഥയും ഇനി കാലം പറയും.
തേക്കടിയുടെ പച്ചപ്പ് കാത്ത താടിക്കണ്ണന്‍ ഓര്‍മ്മയായി
കുമളി: വനത്തെയും വന്യജീവികളെയും അളവറ്റു സ്‌നേഹിച്ച താടിക്കണ്ണന്‍ ഓര്‍മ്മയായി. പെരിയാര്‍ കടുവാസങ്കേതത്തില്‍ വനപാലകനായ തേക്കടി ഗേറ്റിങ്കല്‍ കണ്ണന്‍ (താടിക്കണ്ണന്‍-52) കുഴഞ്ഞുവീണാണ് മരിച്ചത്.
പെരിയാര്‍ കടുവാസങ്കേതത്തിന്റെ വഴികാട്ടി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ജീവിതത്തിന്റെ 90 ശതമാനവും ജീവിച്ചത് തേക്കടി വനത്തിലായിരുന്നു. കുമളിക്ക് സമീപം മന്നാക്കുടി ആദിവാസി കോളനിയിലാണ് ജനിച്ചുവളര്‍ന്നത്. കണ്ണന്റെ മുത്തശ്ശന്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. അച്ഛനില്‍നിന്നാണ് കണ്ണന് പ്രകൃതിപാഠത്തിന്റെ അറിവുകള്‍ പകര്‍ന്നുകിട്ടുന്നത്. കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാരോടൊപ്പം തേക്കടി വനത്തില്‍ കയറിയ അദ്ദേഹം തുടര്‍ന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുകയായിരുന്നു.
1978ല്‍ കണ്ണന്‍ പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ദിവസവേതനക്കാരനായി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ വനത്തില്‍ വന്യമൃഗങ്ങളുടെ ചിത്രമെടുക്കാന്‍ എത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വനത്തെ തൊട്ടറിയാനെത്തുന്ന സഞ്ചാരികള്‍ക്കുമെല്ലാം വഴികാട്ടിയായി കണ്ണന്‍.
പെരിയാറില്‍ കഞ്ചാവുകൃഷിയും മരം കള്ളക്കടത്തും വ്യാപകമായിരുന്ന 1980-90 കാലഘട്ടങ്ങളില്‍ നിയമലംഘകരുടെ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. 2015ലാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനെ സ്ഥിരം ജോലിക്കാരനായി നിയമിക്കുന്നത്. തേക്കടിയെ വിറപ്പിച്ച കൊലകൊല്ലി എന്ന ഒറ്റയാന്‍, പിടിയാനകളുടെ കൊലയാളിയായി മാറിയപ്പോള്‍ കൊലകൊല്ലിയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ നല്‍കിയത് കണ്ണനായിരുന്നു.
തിരുവനന്തപുരം ഗ്രീന്‍ ഇന്ത്യന്‍സ്, ലയണ്‍സ് ക്ലബ്ബ് ഓഫ് കാഞ്ഞിരപ്പള്ളി, മാധവന്‍പിള്ള ഫൗണ്ടേഷന്‍, കുമളി വൈ.എം.സി.എ. എന്നിവയുടെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. തേക്കടി വനത്തിലെ പച്ചക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ജോലി പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്.
രണ്ടു ദിവസമായി ഒഴിച്ചിലും ഛര്‍ദ്ദിയും ഉണ്ടായിരുന്നതായി കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. തേക്കടിയില്‍നിന്ന് ബോട്ട് പച്ചക്കാട്ടിലെത്തി കണ്ണനെയും കയറ്റി തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ എത്തിക്കുകയും അവിടെനിന്ന് ആംബുലന്‍സില്‍ കുമളിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
കുമളി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: പരേതയായ സോഫി. മകന്‍ വില്‍സണ്‍ വനം വകുപ്പ് ജീവനക്കാരനാണ്.