താടിയും മീശയും വളര്‍ത്തി, മുഷിഞ്ഞ വേഷത്തില്‍ വീട്ടിലെ തിണ്ണയില്‍ ഇരുന്ന് ബീഡി വലിച്ചിരുന്ന ഒരാളെ കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു:
''ഇതാണ് നിങ്ങളുടെ അച്ഛന്‍''
മക്കള്‍ക്ക് അച്ഛന്‍ അപരിചിതനായിരുന്നു. വനംവകുപ്പില്‍ വാച്ചറായിരുന്ന അച്ഛന്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വന്നിരുന്നുള്ളൂ. വകുപ്പിലെ ഗാര്‍ഡുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാട്ടിലെ വഴികാട്ടിയായിരുന്നു അദ്ദേഹം. കണ്ണന്റെ മകന്‍ അച്ഛനെക്കുറിച്ച് ഓര്‍മിച്ചത് ഇങ്ങനെയാണ്.
കാട്ടില്‍ വളര്‍ന്ന്, കുടുംബം പോറ്റാന്‍ കാട്ടില്‍ തൊഴിലെടുത്ത കണ്ണന്‍ കഥാവശേഷനായതും കാട്ടിലാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് അന്തരിച്ച, തേക്കടി വനംവകുപ്പ് വാച്ചറായിരുന്ന ജി. കണ്ണന്‍ പ്രകൃതി സ്നേഹികളുടെ മനസ്സില്‍ എന്നും അനശ്വരനായി നിലകൊള്ളും. വിടപറഞ്ഞപ്പോള്‍ ഏതാണ്ട് 48 വയസ്സായിരുന്നു പ്രായം.
കണ്ണന് വിശ്രമമില്ലായിരുന്നു. കാടിന്റെ ഭാഷയും സംഗീതവും ആത്മാവും ഉള്‍ക്കൊള്ളാന്‍ കണ്ണന് കഴിഞ്ഞു. ഒരു പ്രതിഭാസമായിരുന്നു കണ്ണന്‍. സമാനതകള്‍ ഇല്ലാത്ത ജീവിതം. പ്രകൃതി സംരക്ഷണത്തിനായി ആത്ഥാര്‍ത്ഥത പ്രകടിപ്പിച്ച വാച്ചറായിരുന്നു. കാട്ടറിവിന്റെ കണ്ണന്‍ എന്ന് സുഹൃത്തുക്കള്‍ കണ്ണനെ വിളിച്ചു.

മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പി.വി. തമ്പി സ്മാരക അവാര്‍ഡ് ഇത്തവണ കണ്ണനാണ് ലഭിച്ചത്. കണ്ണന് വേണ്ടി മകനും തേക്കടി കടുവാ സങ്കേതത്തിലെ വാച്ചറുമായ വില്‍സണ്‍ കൊച്ചിയില്‍ ഈയിടെ നടന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങി.
സദസ്സിനോട് വില്‍സണ്‍ സംസാരിച്ചുകൊണ്ട് കഴിഞ്ഞ കാലത്തെ ഓര്‍മ്മകള്‍ അയവിറക്കി. അച്ഛനെ വീട്ടില്‍ അപൂര്‍വമായി കാണുമ്പോള്‍ അമ്മ പറഞ്ഞിരുന്ന വാക്കുകള്‍ വില്‍സണ്‍ ഓര്‍മ്മിച്ചു.
''മക്കള്‍ക്ക് നിങ്ങളെ കണ്ടാല്‍ പേടിയാകും. കാരണം വല്ലപ്പോഴുമാണ് നിങ്ങള്‍ വീട്ടില്‍ കയറി വരുന്നത്''- വീട്ടിലെ വരാന്തയില്‍ ഇരിക്കുമ്പോള്‍ കണ്ണനെ നോക്കി അമ്മ പറയും. കണ്ണന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും കാടുകയറും. ഒരു പക്ഷേ ശിവഗിരി മലയിലേക്കായിരിക്കും യാത്ര.
തമിഴ്നാട് അതിര്‍ത്തിയിലുള്ള ശിവഗിരിമലയാണ് പെരിയാര്‍ നദിയുടെ ഉത്ഭവം. തേക്കടിയിലൂടെ ഒഴുകിയാണ് ആലുവായില്‍ എത്തി പെരിയാര്‍ അറബിക്കടലില്‍ പതിക്കുന്നത്. തേക്കടി വന്യമൃഗസങ്കേതത്തിന് അങ്ങനെയാണ് പെരിയാര്‍ കടുവാ സങ്കേതം എന്ന പേര് കിട്ടിയത്.
തേക്കടിയില്‍ നിന്ന് മുല്ലക്കുടിയും താന്നിക്കുടിയും പിന്നിട്ട് മ്ലാപ്പാറ, ചൊക്കംപെട്ടി വഴി ശിവഗിരിമലയില്‍ എത്താന്‍ കാല്‍നട തന്നെ വേണം. മലകളും കുന്നുകളും നിത്യഹരിത വനങ്ങളും പിന്നിടണം. വഴികളും വഴികളിലെ ഉള്ളറകളും കണ്ണന് ഹൃദിസ്ഥമായിരുന്നു. അതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാഹസികരേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും നയിക്കാന്‍ കണ്ണന്‍ തന്നെ വേണ്ടിവന്നു.
തന്റെ കാട്ടറിവിന്റെ ജീവിതകഥ വനംവകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും കണ്ണന്‍ പങ്കുവെച്ചിരുന്നു. എവിടെയെങ്കിലും ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുമ്പോള്‍ കണ്ണന് അത് ദൂരെനിന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. കാറ്റില്‍ ആനയുടെ ഗന്ധമുണ്ടാകും. ആനച്ചൂര് എന്നാണ് പറയുന്നത്. അതുപോലെ പക്ഷികളുടെ ശബ്ദം കേട്ടാല്‍ അത് ഏത് പക്ഷിയാണെന്ന് പറയാന്‍ കണ്ണന് കഴിയും. കാടിന്റെ താളവും സംഗീതവും ഉള്ളിലാവാഹിക്കാന്‍ കണ്ണന് കഴിഞ്ഞിരുന്നു.
കാട്ടിലെ ഏത് ദുഷ്‌കരയാത്രയും കണ്ണന് അനായാസമായിരുന്നുവെന്ന് സംസ്ഥാന വന്യജീവി ചീഫ് കണ്‍സര്‍വേറ്റര്‍ അനില്‍ ഭരദ്വാജ് പറഞ്ഞു. തേക്കടിയില്‍ 1993-96 ല്‍ ഡി.എഫ്.ഒ.യായി സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ''കണ്ണന്‍ തിളക്കമാര്‍ന്ന പ്രതീകമാണ്. ഒരു പ്രതിഭാസം. പ്രകൃതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളി''- ദരദ്വാജ് പറയുന്നു.
വനംവകുപ്പില്‍ കണ്ണനെപ്പോലെ നിസ്വാര്‍ഥസേവനം അനുഷ്ഠിക്കുന്ന നിരവധി വാച്ചര്‍മാര്‍ ഉണ്ട്. അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസ്ഥാന വകുപ്പ് ഒരു ഗ്രന്ഥം പുറത്തിറക്കി. അതിന് പ്രചോദനമായിട്ടുള്ളത് കണ്ണന് ലഭിച്ച പി.വി. തമ്പി അവാര്‍ഡാണ്.
തേക്കടി മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ വനഭൂമിയാണ്. ഇന്ത്യ സ്വതന്ത്രമായതോടെ തേക്കടി പിന്നീട് കേരള സംസ്ഥാനത്തിന്റെ ഭാഗമായി. മഹാരാജാവിന്റെ കാലത്ത് നെല്ലിക്കാംപെട്ടി റിസര്‍വ് വനം എന്നായിരുന്നു പേര്. അന്ന് റേഞ്ച് ഓഫീസറായിരുന്ന കൊല്ലം സ്വദേശി വുഡ് (Wood) ഇതിഹാസമായി മാറിയ പ്രകൃതി സംരക്ഷകനായിരുന്നു.
കണ്ണനെപ്പോലെ മൂന്നാറിലെ വാച്ചറായിരുന്ന രംഗസ്വാമി പേരുകേട്ട കാട്ടിലെ വഴികാട്ടിയും പ്രകൃതി സംരക്ഷകനുമായിരുന്നു. ലോകപ്രശസ്ത വന്യജീവി ശാസ്ത്രജ്ഞന്‍ ജോര്‍ജ് ഷാലര്‍ 1961 ല്‍ മൂന്നാറില്‍ വരയാടുകളെ കുറിച്ച് പഠിക്കാന്‍ എത്തിയപ്പോള്‍ വഴികാട്ടി രംഗസ്വാമിയായിരുന്നു. രംഗസ്വാമിയുടെ പിന്‍ഗാമിയായിരുന്നു കൃഷ്ണന്‍.
അതുപോലെ പറമ്പിക്കുളത്തെ സംരക്ഷകരുടെ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് വിജയനും ശ്രീനിവാസനും. സൈലന്റ്വാലിയില്‍ വഴികാട്ടിയായിരുന്ന ഹംസയും കണ്ണന്റെ മുന്‍ഗാമികളായി ആദരിക്കപ്പെടുന്നു. സൈലന്റ്വാലിയില്‍ നിന്നും ഊട്ടിയിലേക്കുള്ള നടപ്പാത ഹൃദിസ്ഥമാക്കിയിരുന്ന വ്യക്തിയാണ് ഹംസ.
ചെറിയ ശമ്പളംമാത്രം കൈപ്പറ്റി ജീവിതത്തിലെ ക്ലേശങ്ങള്‍ തരണംചെയ്ത് പ്രകൃതിക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച് ജോലിചെയ്യുന്ന വാച്ചര്‍മാര്‍ കേരളത്തിന്റെ പ്രകൃതിയുടെ ചരിത്രത്തില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ട വ്യക്തികളാണ്.
കണ്ണന്റെ പോരാട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അജോഷും റോഷ്നിയും നിര്‍മ്മിച്ചിട്ടുള്ള ഒരു ഡോക്യുമെന്ററി ചിത്രം (Life for Lives) ഈയിടെ ഒരു അന്തര്‍ദേശീയ വന്യജീവി ചിത്രപ്രദര്‍ശനത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
കണ്ണനുമായി കാല്‍നൂറ്റാണ്ട് കാലത്തെ വ്യക്തിബന്ധം എനിക്കുണ്ട്. പലപ്പോഴായി തേക്കടിയിലും മുല്ലക്കുടിയിലും താന്നിക്കുടിയിലും കാല്‍നടയായി യാത്രചെയ്ത എന്നെ കണ്ണനാണ് നയിച്ചിരുന്നത്.