സ്‌പെയിനിലെ മഡ്രിഡില്‍ കഴിഞ്ഞദിവസം സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയില്‍ ഒരു എട്ടുവയസ്സുകാരി ശ്രദ്ധാകേന്ദ്രമായി. മുതിര്‍ന്നവര്‍ക്കായി തയ്യാറാക്കിയ പ്രസംഗപീഠത്തില്‍ ചെറിയൊരു സ്റ്റൂളിട്ടുകയറി ഉയരമൊപ്പിച്ച് തീപ്പൊരി പ്രസംഗം നടത്തി. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസടക്കമുള്ള നേതാക്കള്‍ അദ്ഭുതത്തോടെ അവളെ കണ്ടു. ദാ 'തെക്കിന്റെ ഗ്രെറ്റ' എന്ന് മാധ്യമങ്ങള്‍ അവളെ വാഴ്ത്തി. മണിപ്പുരുകാരിയായ ലിസിപ്രിയ കംഗുജം ആയിരുന്നു ആ പെണ്‍കുട്ടി.

പാരീസ് ഉടമ്പടി നടപ്പാക്കുന്നതില്‍ ധാരണയാകാതെ മഡ്രിഡ് ഉച്ചകോടിയും പിരിഞ്ഞു. ഈ സാഹചര്യത്തില്‍ ലിസിപ്രിയ മനസ്സുതുറക്കുന്നു. മഡ്രിഡിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും നടത്തിയ യാത്രയ്ക്കിടയില്‍ വീണുകിട്ടിയ സമയങ്ങളില്‍ ട്വിറ്ററിലൂടെ മാതൃഭൂമി പ്രതിനിധി കൃഷ്ണപ്രിയ ടി. ജോണിയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍...

ഒരു എട്ടുവയസ്സുകാരി കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്നു, അതിനായി ലോകം മുഴുവന്‍ യാത്രചെയ്യുന്നു. പരിസ്ഥിതിവിഷയത്തില്‍ ഇത്ര ചെറുപ്രായത്തില്‍ എങ്ങനെ താത്പര്യമുണ്ടായി?

Licypriya Kangujam
ലിസിപ്രിയ കംഗുജം ഗ്രെറ്റ ത്യുന്‍ബേക്കൊപ്പം

2018-ല്‍ മംഗോളിയയിലെ ഉലാന്‍ബത്തോറില്‍നടന്ന ഏഷ്യാ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഫോര്‍ ഡിസാസ്റ്റര്‍ റിഡക്ഷനില്‍ പങ്കെടുത്തതാണ് എന്നെ മാറ്റിമറിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്ത സമ്മേളനം. പ്രകൃതിദുരന്തങ്ങളുടെ ഇരയായവര്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, വീടില്ലാതായവര്‍ അങ്ങനെ നിസ്സഹായരായ ഒരുപാടുപേരെ ഞാനവിടെ കണ്ടു. അറിയാതെ കണ്ണുനനഞ്ഞു. പ്രകൃതിദുരന്തങ്ങളുടെയെല്ലാം പ്രധാനകാരണം കാലാവസ്ഥാമാറ്റമാണെന്ന് മനസ്സിലാക്കിയത് അവിടെവെച്ചാണ്. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുതോന്നി. നാട്ടില്‍ തിരിച്ചെത്തിയയുടന്‍ 'ദി ചൈല്‍ഡ് മൂവ്‌മെന്റ്' എന്ന പേരിലൊരു കുഞ്ഞുസംഘടന തുടങ്ങി. കാലാവസ്ഥാമാറ്റം തടയാന്‍ നടപടിയെടുക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെടുകയെന്നതാണ് ലക്ഷ്യം.

ചൈല്‍ഡ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം പിന്നെ എങ്ങനെയായിരുന്നു?

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ രാജ്യങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.

പാര്‍ലമെന്റിനുമുന്നില്‍ ആഴ്ചയിലൊരുദിവസം പ്രതിഷേധിച്ചിരുന്നു. ഗ്രെറ്റ ത്യുന്‍ബേയുടെ സമരമാണ് അതിനു പ്രേരിപ്പിച്ചത്. കാലാവസ്ഥാ സംരക്ഷണ നിയമം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. 2018 ജൂണ്‍ മുതല്‍ സമരം ശ്രദ്ധിക്കപ്പെട്ടു. ജൂണ്‍ 24-ന് രാജ്യസഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യപ്പെട്ടു.

ഇന്ത്യയുടെ കാലാവസ്ഥാ സംരക്ഷണ നിയമം എങ്ങനെയായിരിക്കണം?

പ്രധാനമായും മൂന്നു കാര്യങ്ങളുണ്ടാവണം നമ്മുടെ നിയമത്തില്‍. ഒന്നാമതായി, കാര്‍ബണ്‍ ബഹിര്‍ഗമനം പടിപടിയായി പൂജ്യത്തിലെത്തിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കാനുമുള്ള വ്യവസ്ഥകള്‍ വേണം. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് സ്‌കൂളുകളില്‍ പഠിപ്പിക്കണം എന്നതാണ് രണ്ടാമത്തേത്. പരീക്ഷ വിജയിക്കണമെങ്കില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നൂറുമരങ്ങളും ഹയര്‍ സെക്കന്‍ഡറിക്കാര്‍ 500 മരങ്ങളും ബിരുദത്തിന് പഠിക്കുന്നവര്‍ ആയിരം മരങ്ങളും നടണമെന്നും പറയണം. അവസാനത്തേത് നടക്കുമോയെന്ന് സംശയം തോന്നാം. പക്ഷേ, ഇപ്പോഴത് ആവശ്യമാണ്.

മഡ്രിഡില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയും പരാജയപ്പെട്ടല്ലോ?

നമ്മുടെ നേതാക്കള്‍ ഞങ്ങളെ വീണ്ടും തോല്‍പ്പിച്ചു. കഴിഞ്ഞ 25 വര്‍ഷമായി അവര്‍ കാലാവസ്ഥാ ഉച്ചകോടി വിളിച്ചുകൂട്ടി ചര്‍ച്ചനടത്തിക്കൊണ്ടേയിരിക്കുന്നു. അതായത് ഞാന്‍ ജനിക്കുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അവര്‍ ചര്‍ച്ച തുടങ്ങിയതാണ്. ഓരോ വര്‍ഷവും ഉച്ചകോടി പരാജയപ്പെടുന്നു, നേതാക്കളെല്ലാം തിരികെ മടങ്ങുന്നു, വീണ്ടും ചേരുന്നു. അവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നത് ഞങ്ങളെയാണ്. അവരാണ് തെറ്റുചെയ്തത്. ഇപ്പോഴും അതുതന്നെ തുടരുന്നു. കാലാവസ്ഥാ വിഷയത്തില്‍ ഇപ്പോള്‍ത്തന്നെ നടപടിവേണം. അതാണ് ഞങ്ങള്‍ക്കുവേണ്ടത്.

മഡ്രിഡ് ഉച്ചകോടിയിലെ അനുഭവം എങ്ങനെയുണ്ടായിരുന്നു?

ഉച്ചകോടിയില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നതില്‍ സങ്കടവും. യു.എന്‍. സെക്രട്ടറി ജനറലുള്‍പ്പെടെയുള്ളവരെ നേരിട്ടുകണ്ടു. അവരെല്ലാം അഭിനന്ദിച്ചിരുന്നു. ഗ്രെറ്റയ്‌ക്കൊപ്പം ചെലവഴിക്കാനായ സമയങ്ങളാണ് കൂടുതല്‍ പ്രിയപ്പെട്ടത്. ജീവിതത്തിലെതന്നെ നല്ല നിമിഷങ്ങള്‍.

ഇനി ലിസിപ്രിയയെന്ന എട്ടുവയസ്സുകാരിയെക്കുറിച്ച് പറയൂ?

മണിപ്പുരിലെ ഇംഫാലിലുള്ള ബാഷികോങ് ഗ്രാമത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍ കെ.കെ. സിങ്ങും ആക്ടിവിസ്റ്റാണ്. അമ്മ ബിദ്യാരണി ദേവി. അഞ്ചുവയസ്സുള്ള ഒരനിയത്തിയുണ്ട്. ഐറിന വൊകോവ കംഗുജമെന്നാണ് അവളുടെ പേര്. സ്‌കൂളില്‍ പോയിരുന്നു ആദ്യം. കാലാവസ്ഥാ പരിപാടികള്‍ക്കായി മറ്റിടങ്ങളിലേക്കു പോയിത്തുടങ്ങിയതിനാല്‍ 2019 ഫെബ്രുവരിമുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസം തത്കാലം നിര്‍ത്തേണ്ടിവന്നു, ഗ്രേഡ് വണ്ണില്‍ പഠിക്കുന്‌പോള്‍. ഇപ്പോ ലോകത്തെ ഒരുപാട് സ്‌കൂളുകളില്‍നിന്ന് സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിപ്പിക്കാമെന്ന് ഓഫറുകളുണ്ട്. ഇതുവരെ തീരുമാനിച്ചിട്ടില്ല എവിടെപ്പോകണമെന്ന്. എന്തായാലും പഠിക്കണം ഇനിയും.

മഹാത്മാഗാന്ധിയെയും എ.പി.ജെ. അബ്ദുല്‍ കലാമിനെയും ഒരുപാടിഷ്ടമാണ്. പിന്നെ എനിക്കൊരാഗ്രഹം കൂടിയുണ്ട്. വലുതാകുന്‌പോള്‍ ഒരു ബഹിരാകാശ ശാസ്ത്രജ്ഞയാകണം.

ഇന്ത്യ പ്രധാനമായും നേരിടുന്ന ഭീഷണി വായുമലിനീകരണമാണ്. എല്ലാ തലങ്ങളിലും പരിസ്ഥിതി ഭീഷണിയിലാണ്. മാലിന്യസംസ്‌കരണത്തിന് ശരിയായ സംവിധാനമില്ല, ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ഇല്ലേയില്ല, ഉള്ള വെള്ളം മലിനവും. വനം വെട്ടിനശിപ്പിക്കുന്നു. നമ്മുടെ ജൈവവൈവിധ്യവും നാശത്തിന്റെ വക്കിലാണ്.

Content Highlights: India's youngest climate warrior, environment activist Manipur girl Licypriya Kangujam