വേഴാമ്പലുകൾ ഷോബി എന്ന വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർക്ക് എന്നും ഹരമാണ്. മനുഷ്യന്റെ ജീവിതചര്യകളോട് ഇത്രമേൽ സാമ്യം പുലർത്തുന്ന വേഴാമ്പലുകളുടെ ചിത്രങ്ങൾ തേടി ഷോബിയെത്താത്ത വനാന്തരങ്ങൾ കുറവാണ്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുതന്നെ പതിനായിരത്തോളം വേഴാമ്പൽ ചിത്രങ്ങൾ ഷോബി പകർത്തിക്കഴിഞ്ഞു. ഇതിൽ മൂവായിരത്തോളം ചിത്രങ്ങൾ വ്യത്യസ്തമായവയാണ്.

വരടിയം ചിറ്റാട്ടുകര ജോസിന്റെ മകൻ ഷോബി ആറുവർഷമായി പക്ഷിനിരീക്ഷണത്തിലും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും സക്രിയമാണ്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. പബ്ലിക് സ്കൂളിലെ ബാഡ്മിന്റൺ കോച്ചായ ഷോബിക്ക് ചെറുപ്പം മുതലേ വേഴാമ്പലുകൾ കൗതുകമാണ്. കേരളത്തിൽ നെല്ലിയാമ്പതിയിലാണ് ഏറ്റവുമധികം വേഴാമ്പലുകളെ കണ്ടിട്ടുള്ളത്. ആറുവർഷം മുൻപ് നെല്ലിയാമ്പതിയുടെ താഴ്വരയിലാണ് ഷോബി ആദ്യമായി വേഴാമ്പലിനെ കണ്ടത്. സുവർണ ചിറകുകളും വീശി ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദവുമെന്നാണ് ആ കാഴ്ചയെ ഷോബി വിശേഷിപ്പിക്കുന്നത്.

പാഠപുസ്തകത്തിൽ മാത്രം കണ്ടിട്ടുള്ള സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പലിന്റെ ചിറകൊച്ച തന്നെയാണ് ഇവയ്ക്ക് ആ പേരു വരാൻ കാരണമെന്ന് ഷോബി പറയുന്നു. ഇവയെ കൂടുതലായും കാണുന്നത് മഴക്കാടുകളിലാണ്. ഏകദേശം 50 വർഷമാണ് ആയുസ്.

shoby
ഷോബി

 

കുടുംബം അവർക്ക് വീക്ക്നെസ്സ്

കേരളത്തിൽ നെല്ലിയാമ്പതിയിലും അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി മഴക്കാടുകളിലും വേഴാമ്പലുകൾ ധാരാളമായുണ്ട്. പൂർണവളർച്ചയെത്തിയ ഒരു മലമുഴക്കി വേഴാമ്പലിന് മൂന്നു മുതൽ നാലടിയോളം ഉയരമുണ്ടാകും. ചിറകുവിരിച്ച് നിന്നാൽ അഞ്ചടിയോളം നീളവും കാണും. രണ്ടു മുതൽ നാലു കിലോഗ്രാം ഭാരവും അവയുടെ കൊക്കുകൾക്ക് മുകളിൽ മഞ്ഞയും കറുപ്പും കലർന്ന ഒരു തൊപ്പിയുമുണ്ടാകും. ഇവയുടെ കൊക്കുകൾ വലുതും ശക്തിയേറിയതുമാണ്. പലതരം ഇലകൾ, പഴങ്ങൾ, പുഴുക്കൾ, പ്രാണികൾ എന്നിവയ്ക്കുപുറമേ ചിലപ്പോൾ പാമ്പുകളേയും സസ്തനികളെയും പക്ഷികളെയും ഇവ ഭക്ഷിക്കാറുണ്ട്.

Hornbill
ഫോട്ടോ: ഷോബി

 

പെൺ വേഴാമ്പലിന് ആൺ വേഴാമ്പലിനെക്കാളും വലുപ്പം കുറവാണ്. ആൺ വേഴാമ്പലിനെയും പെൺവേഴാമ്പലിനെയും തിരിച്ചറിയാൻ എളുപ്പം അവരുടെ കണ്ണുകളാണ്. ആൺ വേഴാമ്പലിന്‌ ചുവന്ന കണ്ണും പെൺ വേഴാമ്പലിന് നീലകലർന്ന വെളുത്ത കണ്ണുമാണ്. പ്രത്യുത്‌പാദന കാലത്ത് പെൺവേഴാമ്പൽ വളരെ ഉയരം കൂടിയ മരപ്പൊത്തുകളിലാണ് കുടുവെയ്ക്കുന്നത്. പെൺപക്ഷി കൂട്ടിൽ കയറിയശേഷം മരത്തൊലിയും ചെളിയും വിസർജ്യവും കൊണ്ട് കൊക്കുകൾ മാത്രം പുറത്ത് കാണത്തക്കവിധം കൂടിന്റെ മുഖം അടയ്ക്കുകയും ചെയ്യും. അതിനുശേഷം പെൺ വേഴാമ്പൽ തൂവലുകൾ കൊഴിച്ച് കൂട്ടിൽ മുട്ടയിടാൻ സജ്ജമാക്കും. ഒന്നോരണ്ടോ മുട്ടകൾ മാത്രമേ ഇടാറുള്ളൂ. മുട്ടവിരിഞ്ഞ് കുഞ്ഞു പുറത്തുവരുന്നതുവരെ ആൺകിളിയാണ് പെൺവേഴാമ്പലിന് ഭക്ഷണമെത്തിക്കുന്നത്.

Hornbill
ഫോട്ടോ: ഷോബി

 

ആ കാട്ടിൽ കിട്ടുന്നതിൽ ഏറ്റവും പഴുത്ത പഴങ്ങളാണ് ആൺ വേഴാമ്പൽ കൂട്ടിലെത്തിക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ടവിരിയും. 14-15 ദിവസത്തിനകം പെൺകിളി കൂടുപൊളിച്ച് പുറത്തുവരും. അതിന് പുതിയ തൂവലുകൾ വളർന്നിരിക്കും. പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി കുട്ടിക്ക് തീറ്റയെത്തിക്കും.

Hornbill
ഫോട്ടോ: ഷോബി

 

മനുഷ്യരുമായി വളരെ സാദൃശ്യമുള്ള വേഴാമ്പലുകൾ ജീവിതത്തിൽ ഒരു ഇണ മാത്രമായി ജീവിക്കുന്നതാണ്. ഒരിക്കൽ നെല്ലിയാമ്പതിയിൽ വെച്ച് ഒരുകൂട്ടം വേഴാമ്പലുകൾ മലമടക്കിലേക്ക് പറന്നുപോകുന്നത് കണ്ടത് സ്വപ്നതുല്യമായ കാഴ്ചയായിരുന്നുവെന്ന് ഷോബി പറയുന്നു. ക്യാമറയിൽ പകർത്താൻ മറന്ന്‌ നോക്കിനിന്നുപോയ ആ കാഴ്ചയിൽ 17 മലമുഴക്കി വേഴാമ്പലുകളാണുണ്ടായിരുന്നത്.

Hornbill
ഫോട്ടോ: ഷോബി

 

പ്രണയം പ്രകൃതിയോട്

തൃശ്ശൂരിലെ പക്ഷി നിരീക്ഷണ സംഘത്തിൽ അംഗമായ ഷോബി വനം വകുപ്പുമായി സഹകരിച്ച് പക്ഷി സർവേയും നടത്തുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനാന്തരങ്ങളിൽ പുലികളും കടുവയുമുൾപ്പെടെ നിരവധി ചിത്രങ്ങളും ഷോബി പകർത്തിയിട്ടുണ്ട്.

Hornbill
ഫോട്ടോ: ഷോബി

 

വർഷങ്ങളായി പക്ഷി നിരീക്ഷകനായ ജോസ് കല്ലൂക്കാരനെ പരിചയപ്പെട്ടതാണ് ഈ രംഗത്തേക്കു കടന്നുവരാൻ കാരണമെന്ന് ഷോബി പറയുന്നു. വാഴാനി ഡാം പരിസരം വ്യത്യസ്തമായ പക്ഷി വർഗങ്ങളാൽ സമൃദ്ധമാണെന്ന് പുറംലോകത്തെ അറിയിച്ചയാളാണ് ജോസ്. സ്കൂളിൽ ജോലി ചെയ്യുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മുടങ്ങാതെ വനാന്തരങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട് ഷോബി. പ്രകൃതിയോടുള്ള പ്രണയത്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്നു പോയെന്നാണ് ഷോബി പറയുന്നത്.

Content Highlights: Hornbill, Wild life photography, shoby