ദുശ്ശകുനങ്ങളുടെ പക്ഷിയാണിത്. നിങ്ങള്‍ എന്തിന് ഈ പക്ഷിയെ സ്നേഹിക്കുന്നു? ഈ പക്ഷി പ്ലേഗ് പരത്തും.
ഗ്രാമത്തില്‍ കൂടുകൂട്ടിയ വലിയ കൊക്കുകളെ തുരത്താന്‍ നാട്ടുകാര്‍ സംഘടിച്ച് പക്ഷിയുടെ കൂടുള്ള വലിയ മരം വെട്ടി വീഴ്ത്തി. വയല്‍ നായ്ക്കന്‍ കൊക്കുകള്‍ പരിഭ്രാന്തരായി പറന്നകന്നു. ചില മുട്ടകള്‍ നിലത്ത് വീണ് പൊട്ടി. കുഞ്ഞുങ്ങളെ നിലത്തുനിന്ന് കയ്യിലെടുത്ത് ദുഃഖിച്ചുനിന്ന യുവതിയെ നാട്ടുകാര്‍ കൂട്ടമായി പരിഹസിച്ചു.

അസം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്ന് അകലെയുള്ള ദാദര, പച്ചാര എന്നീ ഗ്രാമങ്ങളിലെ വലിയ കൊക്കുകളെയാണ് ഗ്രാമീണര്‍ വിരട്ടിയോടിച്ചത്. നാട്ടുകാരുടെ പരിഹാസത്തില്‍ മനസ്സ് പതറാതെ ഈ കൊക്കുകളെ സംരക്ഷിക്കാനുള്ള ദൗത്യം ഡോ. പൂര്‍ണിമ ദേവി ബര്‍മന്‍ ഏറ്റെടുത്തു. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗ്രാമീണര്‍ പൂര്‍ണിമയോടൊപ്പം ചേര്‍ന്നു. കൊക്കുകളെ സംരക്ഷിക്കാനുള്ള സംഘടിതശ്രമം പുതിയ ചരിത്രം എഴുതി.

Dr. Poornima
ഡോ.പൂര്‍ണിമ രാഷ്ട്രപതിയില്‍നിന്നു പുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ: ആരണ്യക്

ഗ്രാമീണ സ്ത്രീകളെ സംഘടിപ്പിച്ചാണ് പ്രകൃതി സംരക്ഷണം യാഥാര്‍ത്ഥ്യമാക്കിയത്. ആദ്യഘട്ടത്തിലെ എതിര്‍പ്പുകളെല്ലാം വനിതാ കൂട്ടായ്മയില്‍ അപ്രത്യക്ഷമായി. ഇന്ന് ഈ സ്ത്രീശക്തിക്ക് അന്തര്‍ദേശീയ അംഗീകാരം കിട്ടി. വംശനാശം നേരിട്ടിരുന്ന കൊക്കുകളെ പൂര്‍ണമായും സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ഡോ. പൂര്‍ണിമ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പ്രകൃതി സംരക്ഷണത്തിനായി രൂപീകരിച്ച ആരണ്യക് എന്ന സംഘടനയില്‍ ആയിരത്തോളം പേര്‍ അംഗങ്ങളായി. സ്ത്രീശക്തിയുടെ പ്രതീകമായി അത്് മാറി. അസം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും വയല്‍ നായ്ക്കന്‍ എന്ന വലിയ കൊക്കുകള്‍ കാണപ്പെട്ടിരുന്നു. ക്രമേണ പരിസ്ഥിതി നാശത്തെതുടര്‍ന്ന് കൊക്കുകളുടെ വംശം നശിച്ചു. ഇപ്പോള്‍ അസമില്‍ മാത്രമേ ഇവയുള്ളൂ. ഒരു ചെറിയ കൂട്ടം കംബോഡിയയില്‍ ഉണ്ട്.

Dr. Poornima
വയല്‍ നായ്ക്കന്‍ കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | ഫോട്ടോ: ആരണ്യക്‌

അസമില്‍ അവശേഷിക്കുന്ന ഈ കൊക്കുകളെ സംരക്ഷിക്കാനാണ് ഡോ. പൂര്‍ണിമയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മുഖ്യമായും ഒത്തുചേര്‍ന്നത്. നീണ്ട പത്തു വര്‍ഷങ്ങള്‍ കൊണ്ട് ആരണ്യക് പ്രസ്ഥാനത്തിന് ശക്തി കിട്ടി. ഗ്രാമങ്ങളിലുള്ള അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചുവെന്ന് അഭിമാനത്തോടെ ഡോ. പൂര്‍ണിമ പറയുന്നു. 

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗ്രീന്‍ ഓസ്‌കാര്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന വിറ്റ് ലി അവാര്‍ഡ് ബ്രിട്ടനില്‍നിന്ന് ആരണ്യകിന് ലഭിച്ചു. കൂടാതെ സ്ത്രീശാക്തീകരണത്തിന് നല്‍കുന്ന ഉന്നത ബഹുമതിയായ നാരി പുരസ്‌കാര്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നും ഡോ. പൂര്‍ണിമയ്ക്ക് ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നു പുരസ്‌കാരം ഡോ. പൂര്‍ണിമ ഏറ്റുവാങ്ങി.

Dr. Poornima
വയല്‍ നായ്ക്കന്‍ കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | ഫോട്ടോ: ആരണ്യക്‌

2007-ല്‍ ഗുവാഹത്തി യൂണിവേഴ്സിറ്റിയില്‍ പി.എച്ച്ഡി. പഠനത്തിന് ചേര്‍ന്ന പൂര്‍ണിമയുടെ ഗവേഷണ പദ്ധതി ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടു. കൊക്കുകളെ സംരക്ഷിക്കാനുള്ള പ്രസ്ഥാനം രൂപീകരിക്കുകയായിരുന്നു അന്ന്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിട്ടതിനാല്‍ പ്രകൃതിസ്നേഹികളെ സംഘടിപ്പിക്കാന്‍ സമയം വേണ്ടി വന്നു. ഒടുവില്‍ ജനങ്ങളെ ബോധവത്കരിച്ച് അവരുടെ മനസ്സ് മാറ്റാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നു. മുടങ്ങിക്കിടന്ന ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞപ്പോള്‍ പൂര്‍ണിമക്ക് പി.എച്ച്ഡി. ബിരുദം ലഭിച്ചു.

തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു വിജയത്തിന്റെ കഥയാണ് പറയാനുള്ളതെന്ന് ഡോ. പൂര്‍ണിമ പറഞ്ഞു. കൊക്കുകള്‍ സംരക്ഷിക്കപ്പെടുന്നതിനാല്‍ അവയുടെ എണ്ണം ഇന്നു കൂടിയിട്ടുണ്ട്. ഗുവാഹത്തിക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ കൊക്ക് സംരക്ഷണം കാണാന്‍ ഇന്തയിലെയും വിദേശത്തെയും പ്രകൃതിസ്നേഹികള്‍ എത്തിക്കൊണ്ടിരിക്കുന്നത് തന്റെ പ്രസ്ഥാനത്തിന് ശക്തി പകരുന്നുവെന്ന് ഡോ. പൂര്‍ണിമ പറഞ്ഞു.

Poornima
വയല്‍ നായ്ക്കന്‍ കൊക്കുളെ മുദ്രണം ചെയ്ത സാരി | ഫോട്ടോ: ആരണ്യക്‌

Content Highlights: Group of ladies in Assam village saved the extinction of crane