മഹാമാരി ഭീതിയും അലസതയും പടര്‍ത്തുന്ന ഇക്കാലയളവില്‍, ഈ ജീവിതത്തില്‍ ഒരു പാഠമുണ്ട്. പ്രതിബന്ധങ്ങളെ ഭേദിച്ച്, ഒരു ഫാല്‍ക്കണ്‍ പക്ഷിയെപ്പോലെ ഊര്‍ജ്ജസ്വലതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും
ഉയരങ്ങളിലേക്ക് കുതിച്ച് ലക്ഷ്യം കൊക്കിലൊതുക്കുക... ഫാല്‍ക്കണ്‍ പഠനത്തിന് ഡോക്ടറേററ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമായ സുബൈര്‍ മേടമ്മലും പക്ഷിവിശേഷങ്ങളും
വര്‍ഷം 1994: അബുദാബി-അല്‍ ഐന്‍ അതിര്‍ത്തിയിലെ അല്‍ ഖസ്നയില്‍ ഒരാശുപത്രിയില്‍ ജര്‍മ്മന്‍ ഡോക്ടറുടെ മുമ്പില്‍ തിരൂര്‍ക്കാരന്‍ യുവാവ് ഇരിക്കുന്നു. പക്ഷികളെ ചികിത്സിക്കുന്ന ആ ആശുപത്രിയില്‍ എന്തെങ്കിലും ഒരുജോലി അയാള്‍ അഭ്യര്‍ഥിക്കുന്നു. സന്ദര്‍ശകവിസ തീരാന്‍ രണ്ടുദിവസം മാത്രം ബാക്കി. അയാളുടെ ഉന്നതബിരുദസര്‍ട്ടിഫിക്കററുകള്‍ പരിശോധിച്ച ഡോക്ടര്‍ പ്രസ്താവിക്കുന്നു- 'ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള ഒരാളെ ഇവിടെ ആവശ്യമില്ല. നിങ്ങള്‍ക്ക് ജോലിയില്ല. പോകാം...' നിരാശയുടെ പടുകുഴിയിലേക്ക് ഒരുപടികൂടി വീണ യുവാവില്‍ പൊടുന്നനെ ഒരു വാശി നിറഞ്ഞു. അതൊരു പ്രതിജ്ഞയായി- 'ഞാന്‍ ഈ പക്ഷികളെക്കുറിച്ച് കൂടുതല്‍പഠിക്കും. ഇതുമായി ബന്ധപ്പെട്ടുതന്നെ ജോലി തേടും.'
ഒരുപാട് കടബാധ്യതകള്‍ തീര്‍ക്കാനുണ്ട്, ഒരു ജോലി അത്യാവശ്യം. രണ്ടുദിവസം കൊണ്ട് ഒരു ഡയറിഫാമില്‍ അയാളൊരു ജോലി കണ്ടെത്തി. എന്നാല്‍ പക്ഷിയിലേക്ക് പറക്കാനുള്ള ത്വര അയാളില്‍ കൂടൊഴിഞ്ഞില്ല. പുറപ്പെട്ടിടം തേടി അയാള്‍ തിരിച്ചുപറന്നു. നാട്ടിലെത്തി സ്‌കൂളില്‍ ജോലിക്ക്ചേര്‍ന്നു. ഒപ്പം, പഠിച്ച കോളേജില്‍ ഗവേഷണത്തിനായി രജിസ്ററര്‍ ചെയ്തു. ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, പക്ഷികളെ പഠിച്ചറിഞ്ഞു, ഉടമകളെ നേരിട്ടറിഞ്ഞു... ഒടുവില്‍ ഫാല്‍ക്കണ്‍ എന്ന പ്രാപ്പിടിയന്‍ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേററ് നേടുന്ന ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമായി, നാമറിയുന്ന ഡോ. സുബൈര്‍ മേടമ്മലായി.
കോവിഡ് എന്ന മഹാമാരി പടരുന്ന ഇക്കാലത്ത് അലസരായി നിസ്സംഗതയില്‍ വീണിരിക്കാതെ, താല്പര്യമുള്ളവര്‍ക്ക് പാഠമായെടുക്കാവുന്നതാണ് സുബൈറിന്റെ ദേശാന്തര പഠനഗമനങ്ങള്‍. നാട്ടിന്‍പുറത്തെ സാധാരണസാഹചര്യങ്ങളില്‍നിന്ന പറന്നുയര്‍ന്ന് ബഹുമതികള്‍ തൂവലാക്കി. ഇപ്പോള്‍,അപൂര്‍വ ഗവേഷണധാരി എന്നതുകൂടാതെ യു.എ.ഇ ഫാല്‍ക്കണേഴ്സ് ക്ളബ്ബില്‍ അംഗത്വമുള്ള ഏക അനറബി,ഇന്‍ര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫാല്‍ക്കണ്‍സ്,വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ ആന്റ് നാച്വറല്‍ റിസോഴ്സസ്,അമേരിക്കന്‍ ഫാല്‍ക്കണ്‍ ക്ളബ് എന്നിവയില്‍അംഗത്വമുള്ള ഏക മലയാളി, ഗള്‍ഫിലെ അറബ് ഹണ്ടിംഗ് ഷോയിലേക്ക് പതിവായി ക്ഷണിക്കപ്പെടുന്ന ഏക ഇന്ത്യന്‍ പ്രതിനിധി,ഫാല്‍ക്കണുകളെക്കുറിച്ച് ഇംഗ്ളീഷ്, അറബി,മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി തയ്യാറാക്കിയ ഇന്ത്യക്കാരന്‍,ഫാല്‍ക്കണുകളുടെ 15 തരം ശബ്ദങ്ങള്‍ റെക്കോഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക ശാസ്ത്രജ്ഞന്‍, കാലിക്കററ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്രവിഭാഗം അസിസ്ററന്റ് പ്രൊഫസര്‍, അന്തര്‍ദ്ദേശീയ പക്ഷിഗവേഷണകേന്ദ്രം കോ-ഓര്‍ഡിനേററര്‍....
മുററത്തെ മുല്ലക്ക് മണമില്ലെന്നതുപോലെ മുററത്തു കാണുന്ന പക്ഷി അധികം പറക്കില്ലെന്ന് കരുതരുത്.
'പക്ഷികളെല്ലാം മഴയില്‍ കൂടണയുമ്പോള്‍
പരുന്തുകള്‍ മേഘത്തിന് മീതെ പറന്ന്
മഴ നനയാതിരിക്കുകയാണ് '
എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഈ വാക്യങ്ങള്‍ സുബൈര്‍ ഓര്‍മ്മിപ്പിക്കുന്നു. അതെ, കലാം പറഞ്ഞതുപോലെ സ്വപ്നം കാണൂ, സ്വപ്നം കാണൂ...
സ്വപ്നം പിന്തുടര്‍ന്ന്
മലപ്പുറം തിരൂര്‍ വാണിയന്നൂരില്‍ ജനിച്ച സുബൈര്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും ഫാറൂഖ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ബി.എഡും നേടി. അക്കാലത്തെ ഏതൊരുയുവാവിനേയും പോലെ മുംബൈയിലെത്തി കമ്പ്യൂട്ടര്‍ പഠനശ്രമം.സന്ദര്‍ശകവിസയില്‍ ദുബായിലേക്ക്. ജോലിയൊന്നും കിട്ടിയില്ല.പഠിക്കാനും ജീവിക്കാനും പണം കടം വാങ്ങിക്കൊണ്ടേയിരുന്നു. വിസ കാലാവധി തീരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കേ അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്ക് ടാക്സികാറില്‍ യാത്രചെയ്യവയേയാണ് അല്‍ഖസ്ന എന്ന സ്ഥലത്ത് ഒരു പക്ഷിയുടെ ചിത്രത്തോടൊപ്പം ആ ആശുപത്രിയുടെ ബോര്‍ഡ് കണ്ടത്-His Highness Sheikh Zayed Falcon Research Hospital. ജന്തുശാസ്ത്രം പഠിച്ചവന്റെ കൗതുകവും ജോലിയില്ലാത്തവന്റെ പ്രതീക്ഷയും ആശുപത്രിയിലേക്ക് നയിച്ചു.
ആശുപത്രിമുറിക്ക് മുമ്പില്‍, കാഴ്ചയില്‍ 'ഉന്നതകുലജാതരെന്ന്' തോന്നിക്കുന്ന അറബികള്‍ നിവര്‍ന്നിരിക്കുന്നു. അവരുടെ ഉറയിട്ട കൈയില്‍ ബുര്‍ഖ കൊണ്ട് കണ്ണും വായും മൂടിക്കെട്ടി, കാലുകള്‍ ബന്ധിച്ച് ഫാല്‍ക്കണുകള്‍... അവര്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയാണ്, പക്ഷികള്‍ക്ക്. അത് ഫാല്‍ക്കണുകളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയാണ്. കൗതുകം കൊണ്ട സുബൈറിനോട് ഒരു അറബി പറഞ്ഞു-'ഈ പക്ഷിക്കൊരു അസുഖം വന്നാല്‍ ഞങ്ങള്‍ സഹിക്കില്ല. ഭാര്യയോടും മക്കളോടുമുള്ളതിനേക്കാള്‍ സ്നേഹം ഞങ്ങള്‍ക്ക് ഇവയോടുണ്ട്. ഇത് ഞങ്ങളുടെ അഭിമാനത്തിന്റെ ചിഹ്നമാണ്.' കുറച്ചപ്പുറം നീങ്ങി ഫാല്‍ക്കണുകള്‍ക്ക് തീററകൊടുത്ത് പരിചരിച്ച് കുറച്ചുപേര്‍. അവര്‍ കീപ്പേഴ്സ് എന്ന് വിളിക്കപ്പെടുന്നുവെന്നും സുബൈര്‍ അറിഞ്ഞു. ഇവിടെ ഒരു ജോലി കിട്ടുമോയെന്ന് അന്വേഷിച്ച സുബൈറിനോട് അറബി പറഞ്ഞു-'ഡോക്ടറെ കണ്ടുനോക്കൂ'. കുറേ നേരത്തിനുശേഷം സുബൈറിന് ജര്‍മ്മനിയില്‍നിന്നുള്ള ആ ഡോക്ടറെ കാണാനായി. സുബൈര്‍ ഡോക്ടറോടു പറഞ്ഞു- I can work as a keeper even as a sweeper. ജന്തുശാസ്ത്രത്തില്‍ മാസ്ററര്‍ ബിരുദമുള്ളയാളെ കീപ്പറാക്കാന്‍ പക്ഷേ, ഡോക്ടര്‍ തയ്യാറായില്ല.

ജീവിതം പിടിച്ചുനിര്‍ത്താന്‍ സുബൈര്‍ അല്‍ ഐന്‍ ഡയറിഫാമില്‍ ലാബ് ടെക്നീഷ്യന്‍ കം സ്റേറാര്‍ കീപ്പര്‍ ആയി ജോലി കണ്ടെത്തി. രണ്ട് വര്‍ഷം അവിടെ ജോലിയെടുത്തു. ചലനരഹിതമായ ചിറകുകള്‍ വിടര്‍ത്താനും പറക്കാനും അയാള്‍ ആഗ്രഹിച്ചു. വളവന്നൂര്‍ ബാഫഖി യത്തീംഖാന സ്‌കൂളില്‍ ഹയര്‍സെക്കന്ററി തുടങ്ങിയത് അക്കാലത്താണ്. സ്‌കൂളുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ നാട്ടിലേക്ക്. സ്‌കൂളില്‍ പ്ളസ് ടു അധ്യാപകനായി . ഗവേഷണമോഹം ഫാറൂഖ് കോളേജിലെത്തിച്ചു.പഠിപ്പിച്ച അധ്യാപകന്‍ ഡോ.ഇ.എ.അബ്ദുള്‍ ഷുക്കൂറിനോട് ആഗ്രഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു-' ഫാല്‍ക്കണുകള്‍ ഇന്ത്യയില്‍ അധികം കാണപ്പെടുന്നില്ല. പഠിക്കണമെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പോകേണ്ടിവരും. അതും വിമാനങ്ങളില്‍.' സുബൈര്‍ പ്രതിവചിച്ചു-'പോകും .വിമാനം വാടകക്കെടുത്തായാലും പോയി പഠിക്കും'.
ഇന്ത്യയില്‍ എവിടെയൊക്കെ ഫാല്‍ക്കണുകളുണ്ടെന്ന് സുബൈര്‍ അന്വേഷിച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍,ജയ്പൂര്‍ ഭാഗങ്ങളില്‍ ഇവക്ക് ആവാസകേന്ദ്രങ്ങളുണ്ട്. നാഗാലാന്‍ഡിലെ വോഖ ജില്ലയിലെ പങ്തി പ്രദേശത്ത് വിശ്രമകേന്ദ്രങ്ങളും കാണുന്നു.ഇതില്‍ക്കവിഞ്ഞ് അക്കാലത്ത് ഫാല്‍ക്കണുകളെക്കുറിച്ച് വിവരമൊന്നുമില്ല.അങ്ങനെയിരിക്കെയാണ് ഡല്‍ഹി നാച്വറല്‍ ഹിസ്റററി ഓഫ് മ്യൂസിയത്തില്‍ ഒരു ഫാല്‍ക്കണ്‍ എത്തിയതായി അറിയുന്നത്.ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന ഫാല്‍ക്കണെ പിടികൂടി മ്യൂസിയത്തിലെത്തിച്ചതായിരുന്നു. സുബൈര്‍ ഉടന്‍ മ്യൂസിയത്തിലെത്തി ഫാല്‍ക്കണെ നേരിട്ടുകണ്ടു,ആദ്യമായി.
സ്‌കൂളില്‍നിന്ന് അവധിയെടുത്ത് സുബൈര്‍ കശ്മീര്‍ ഒഴിച്ച് ഇന്ത്യയിലെല്ലായിടത്തും കറങ്ങി.എല്ലായിടത്തുനിന്നും രേഖകള്‍ ശേഖരിച്ചു. എന്നാല്‍ പഠനം ആധികാരികവും സമഗ്രവും ആവണമെങ്കില്‍ വിദേശങ്ങളില്‍ പോകണമെന്ന് ഉറപ്പായി.സന്ദര്‍ശകവിസയെടുത്ത് 1998ല്‍ അബുദാബിയില്‍ ചെന്നിറങ്ങി. അല്‍ഖസ്നയിലെ ആ പഴയ ആശുപത്രിയിലെത്തി പഠനം തുടങ്ങി. ഫാല്‍ക്കണുകള്‍ക്ക് സാധാരണ വന്നുപെടുന്ന അസുഖങ്ങളും ചികിത്സയും മനസ്സിലാക്കി. തൊട്ടടുത്ത കൃത്രിമപ്രജനന കേന്ദ്രത്തില്‍പ്പോയി ഫാല്‍ക്കണുകള്‍ മുട്ടയിട്ട് വിരിയുന്നതും വളരുന്നതും കണ്ടുപഠിച്ചു. എട്ട് സന്ദര്‍ശകവിസകളില്‍ 800 ദിവസത്തോളം ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്തി. ഒമ്പതാമത്തെ തവണ സന്ദര്‍ശകവിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിക്കപ്പെട്ടു.ഗള്‍ഫിലെത്തി ജോലിതേടിയിരുന്ന കാലത്ത് സുബൈര്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഇബ്നു റാഷിദ് അല്‍ മഖ്ദൂമിന്റെ പ്രൈവററ് സെക്രട്ടറിയായിരുന്ന, മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അസ്ലം മൊഹിയുദ്ദീന്റെ മക്കള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോകുമായിരുന്നു. ആ പരിചയം വെച്ച് അസ്ലം പറഞ്ഞ പ്രകാരം സുബൈര്‍ വിദ്യാര്‍ഥി വിസയെടുത്തു. അങ്ങനെ വീണ്ടും യു.എ.ഇ യിലെത്തിയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. അസ്ലമിന്റെ സഹായമില്ലായിരുന്നെങ്കില്‍ തനിക്ക് പഠനം പൂര്‍ത്തിയാക്കാനാവില്ലായിരുന്നെന്ന് സുബൈര്‍ പറയുന്നു. 2004 ല്‍ കാലിക്കററ് സര്‍വകലാശാലയില്‍നിന്ന് 'ഫാല്‍ക്കണുകളുടെ ജീവിതരീതികളും സ്വഭാവവും' എന്ന വിഷയത്തില്‍ ഡോക്ടറേററ് ലഭിച്ചു.
ഇതാണ് ആ പക്ഷി
ഫാല്‍ക്കണുകള്‍ 'ഫാല്‍ക്കൊനിഡെ' കുടുംബത്തില്‍പ്പെടുന്നു.അമുര്‍,ഷഹീന്‍ അഥവാ പെരിഗ്രിന്‍,ഗിര്‍,സേക്കര്‍,ബാര്‍ബറി,ലഗ്ഗര്‍,സൂട്ടി,കെസ്ട്രല്‍,മെര്‍ലിന്‍ എന്നിങ്ങനെ 60 ഇനം ഫാല്‍ക്കണുകളെ കണ്ടെത്തിയിട്ടുണ്ട്. നാല്‍പ്പതോളം ഇനങ്ങളാണ് ആക്രമണോത്സുകരായ വേട്ടപ്പക്ഷികള്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ളയിടങ്ങളില്‍ ഇവയെ കാണാറുണ്ട്. രാജ്യാന്തരഗമനം നടത്തുന്നവയാണ് ഫാല്‍ക്കണുകള്‍. അമുര്‍ ഇനത്തില്‍പ്പെട്ടവയാണ് നാഗാലാന്‍ഡില്‍ കാണുന്നത്. രാജസ്ഥാനിലടക്കം ഇന്ത്യയില്‍ പൊതുവെ കാണുന്നവ ഷഹീന്‍ ഇനത്തിലുള്ളതാണ്.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇവ ഇപ്പോള്‍ വന്നുപോകുന്നതായി കാണുന്നു. കേരളത്തില്‍ സൈവന്റ് വാലിയിലും നെല്ലിയാമ്പതിയിലും മലമ്പുഴയിലും തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കോള്‍മേഖലയിലും സുബൈര്‍ ഇവയെ നേരിട്ട് കണ്ടിട്ടുണ്ട്. 2003ല്‍ സൈലന്റ് വാലിയിലെ നീലിക്കല്‍ ഡാം പ്രദേശത്ത് ഉയര്‍ന്ന ഒരു മരത്തലപ്പില്‍ ഷഹീന്‍ ചിറകുവിടര്‍ത്തുന്നതിന് ദൃക്സാക്ഷിയായി. 2003 ല്‍ നെല്ലിയാമ്പതിയിലും 2018ല്‍ വെങ്കിടങ്ങിലും ഷഹീനെ കണ്ടു. 2016 ല്‍ മലമ്പുഴയില്‍ അമുറിനേയും കാണാനിടയായി. ഷഹീന്‍ ആണ് ഫാല്‍ക്കണുകളിലെ പ്രമുഖന്‍ (ഷഹീന്‍/ഷാഹിന്‍ എന്ന അറബിവാക്കിനര്‍ഥം ഉയരത്തില്‍ പറക്കുന്ന പക്ഷി എന്നാണ്-രാജാധിരാജന്‍, രാജാളിപ്പക്ഷി എന്നൊക്കെ സാഹിത്യവിശേഷണം).
പര്‍വതങ്ങള്‍,ഉയരമുള്ള മരങ്ങള്‍, ടവറുകള്‍ എന്നിവിടങ്ങളിലാണ് ഇവ കൂടുകൂട്ടുകയും പ്രജനനം നടത്തുകയും ചെയ്യുക. പൂര്‍ണമായും മാംസഭോജികളായ ഫാല്‍ക്കണുകള്‍ സ്വന്തമായി വേട്ടയാടിപ്പിടിച്ചതേ ഭക്ഷിക്കൂ. സാധാരണ പരുന്തുകളില്‍ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നതും ഇതാണ്-പരുന്തുകള്‍ ചത്തജീവികളേയും തിന്നും,സസ്യാഹാരവും കഴിക്കും. ഒന്നരക്കിലോയോളം മാത്രം തൂക്കമുള്ള ഫാല്‍ക്കണുകള്‍ക്ക് മണിക്കൂറില്‍ 350 കിലോമീററര്‍ വേഗത്തില്‍ പറക്കാനാവും. ഭൂമിയിലെ ഏററവും വേഗമുള്ള ജീവിയായി കണക്കാക്കപ്പെടുന്നു. നേരെ ലംബമായി കൂപ്പുകുത്തി ഇരകളെ റാഞ്ചാനും ഇവക്കാവും. മികച്ച കാഴ്ചശേഷിയും വാസനശേഷിയുമുണ്ട്. തന്റെ പത്തിരട്ടി വലിപ്പമുള്ള ഒരുമാനിന്റെ കഴുത്തിലെ കശേരുക്കളെ പൊട്ടിക്കാനുള്ള ശേഷി ഇവയുടെ കൊക്കിനുണ്ട്. കാല്‍നഖങ്ങള്‍ക്കും അതീവമൂര്‍ച്ചയുണ്ട്. പ്രാവ് വര്‍ഗത്തില്‍പ്പെട്ട പക്ഷികളും മുയലുകളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട ഭക്ഷണം. തന്റെ ഇരട്ടിയോളം വലിപ്പമുള്ള ഹൊബാറ എന്ന പക്ഷിയെ ഇവ പറന്ന് വേട്ടയാടിപ്പിടിക്കുന്നു. ലൈംഗിക ഉത്തേജക ഔഷധമായി കണക്കാക്കുന്ന ഹൊബാറമാംസത്തിനായി അറബികള്‍ ഫാല്‍ക്കണുകളെ പരിശീലിപ്പിച്ച് വരുതിയിലാക്കി വേട്ടയാടിക്കുന്നു.
ദേശാന്തരഗമനം നടത്തുന്ന ഹൊബാറയെ മരുഭൂമിയിലെവിടെയെങ്കിലും കണ്ടത്തിയാല്‍ അറിയിക്കാന്‍ അറബികള്‍ നാട്ടുകാരെ ചട്ടംകെട്ടിയിട്ടുണ്ട്. അറിയിക്കുന്നയാള്‍ക്ക് വേട്ടക്കായി അവിടെയെത്തുന്ന അറബി അപ്പോള്‍ത്തന്നെ 10000 റിയാല്‍ (രണ്ടുലക്ഷം രൂപ!) സമ്മാനം നല്‍കും. അതിവേഗതയുള്ള പക്ഷിയാണ് ഹൊബാറ. ശത്രുവില്‍നിന്ന് രക്ഷപ്പെടാന്‍ ടാമിള്‍ എന്ന പശ ഇവ പുറത്തേക്കുവിടും. ഈ പശ ചിറകിലൊട്ടിയാല്‍ പിന്നാലെയെത്തുന്ന ഫാല്‍ക്കണുകള്‍ക്ക് പറക്കാന്‍ പ്രയാസമാവും. എന്നാലും ഫാല്‍ക്കണുകള്‍ അവയെയൊക്കെ മറികടന്ന് ഹൊബാറയെ പിടിച്ചിരിക്കും. ഈ നിശ്ചയദാര്‍ഢ്യമാണ് ഫാല്‍ക്കണുകളെ അറബികളുടെ ചിഹ്നവും പ്രതീകവുമാക്കിയത്. മരുഭൂമിയില്‍ വസന്തം വിരിയിക്കാനും അംബരചുംബികള്‍ പണിതുയര്‍ത്താനും ലോകത്തെ മുഴുവന്‍ തങ്ങളിലേക്ക് കേന്ദ്രീകരിപ്പിക്കാനും അറബികള്‍ക്ക് കഴിഞ്ഞത് നിശ്ചയിച്ചാല്‍ നേടിയിരിക്കും എന്ന ഈ കൊക്കുറപ്പ് തന്നെ.യു.എ.ഇ,ഖത്തര്‍,സൗദി,ബഹറിന്‍,കുവൈത്ത് എന്നീ രാജ്യങ്ങളുടെ ദേശീയപക്ഷിയാണ് ഫാല്‍ക്കണ്‍.യു.എ.ഇ യുടെ ദേശീയചിഹ്നം കൂടിയാണ്.
അങ്ങനെ പൈതൃകവും പ്രതീകവുമായി
എ.ഡി.710 മുതല്‍ അറബികള്‍ക്കിടയില്‍ ഫാല്‍ക്കണ്‍റി അഥവാ പക്ഷിവേട്ട നിലനിന്നിരുന്നു. പേര്‍ഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹാരിസ് ഇബ്നു മുആവിയ(റ)ആണ് ഫാല്‍ക്കണിനെ ആദ്യമായി വേട്ടക്ക് ഉപയോഗിച്ചതെന്ന് അറേബ്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരിക്കല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ പക്ഷികളെ വലവെച്ച് പിടിക്കുന്നതു കണ്ടു.അതില്‍ ഒരുപക്ഷി ചിറകുവിടര്‍ത്താനാകാതെ വലയില്‍ കുടുങ്ങിക്കിടന്നു. അത് ഫാല്‍ക്കണാണെന്നു മനസ്സിലാക്കിയ അദ്ദേഹം അതിനെ തന്റെ വസതിയില്‍ കൊണ്ടുവന്ന് പരിചരിച്ചു. ഒരിക്കല്‍, അദ്ദേഹത്തിന്റെ കൈത്തണ്ടയിലിരുന്ന പക്ഷി ഒരു പ്രാവിനെ കണ്ടയുടന്‍ പറന്നുപോയി അതിനെ പിടിച്ച് ഭക്ഷിച്ചു. പിറേറന്ന് ഒരു മുയലിനേയും പിടിച്ച് തിന്നുന്നതും കണ്ടു. ആശ്ചര്യവാനായ അദ്ദേഹം ഫാല്‍ക്കണിനെ വേട്ട പരിശീലിപ്പിക്കാന്‍ സംവിധാനവും പരിശീലകരേയും ഏര്‍പ്പെടുത്തി. അങ്ങനെ ഫാല്‍ക്കണുകളെ വളര്‍ത്തുന്നതും വേട്ടക്കുപയോഗിക്കുന്നതും അറബികളുടെ സാംസ്‌കാരികപൈതൃകത്തിന്റെയും കുലമഹിമയുടെയും അടയാളമായി. അതുപിന്നെ രാജ,കുലീന കുടുംബങ്ങളുടെ വിനോദവും കോടികള്‍ മറിയുന്ന കായിക,വാണിജ്യ-വ്യാവസായിക ഉത്സവവുമായി.
മത്സരമാമാങ്കത്തിലെ ഏക അനറബി ക്ഷണിതാവ്
എല്ലാവര്‍ഷവും ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള കാലങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ അറബ് ഹണ്ടിംഗ് ഷോ നടക്കും. 93 ഓളം രാജ്യങ്ങളില്‍ നിന്നുള്ള കുതിര,നായ,ഒട്ടകം,പക്ഷികള്‍ തുടങ്ങിയ വ്യത്യസ്തജീവികളുടെ പ്രദര്‍ശന,മത്സരമാമാങ്കമാണിത്. ഫാല്‍ക്കണുകളുടെ സൗന്ദര്യം,പറക്കല്‍-ഇരപിടിക്കല്‍ ശേഷി എന്നിവയൊക്കെ മത്സരയിനമാണ്. ഇതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകളെത്തും. അഞ്ച് മില്യണ്‍ ദിര്‍ഹം(10 കോടി രൂപ )യാണ് ഒന്നാം സമ്മാനം. കോടികളുടെ മററുസമ്മാനങ്ങള്‍ വേറെയും. 2003 മുതല്‍ ഇവിടേക്ക് ക്ഷണം കിട്ടുന്ന,യു.എ.ഇ ഫാല്‍ക്കണേഴ്സ് ക്ളബ്ബില്‍ അംഗത്വമുള്ള ഏക അറബിയല്ലാത്തയാളാണ് സുബൈര്‍.മററുരാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് ആവശ്യമുള്ള ജീവിയാണ് ഫാല്‍ക്കണ്‍. മനുഷ്യന് പാസ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെല്ലാം ഫാല്‍ക്കണിന്റെ പാസ്പോര്‍ട്ടിലുണ്ടാവും.ഇതെല്ലാം രേഖപ്പെടുത്തിയ ഐ.ഡി.ചിപ്പ് ഫാല്‍ക്കണിന്റെ ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കും. ഫാല്‍ക്കണുകളുടെ സംരക്ഷണത്തിനും അനധികൃതവിപണനനിയന്ത്രണത്തിനുമായി ജനീവ ആസ്ഥാനമായ CITES( കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാഞ്ചേഡ് സ്പിഷീസ് ഓഫ് വൈല്‍ഡ് ഫോണ ആന്റ് ഫ്ളോറ)2001 ല്‍ കൊണ്ടുവന്ന ചട്ടപ്രകാരമാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നത്. ഇങ്ങനെ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം യു.എ.ഇയാണ്.
മത്സരങ്ങള്‍ക്കും വേട്ടകള്‍ക്കുമുള്ള ഫാല്‍ക്കണുകള്‍ക്കായി കോടികളാണ് ആഢ്യഅറബ് കുടുംബങ്ങള്‍ ചെലവഴിക്കുന്നത്. 4 മുതല്‍ 5 കോടി രൂപ വരെയാണ് മികച്ച ഒരു ഫാല്‍ക്കണിന്റെ വില. ഗള്‍ഫില്‍ ഫാല്‍ക്കണിന് ആവാസകേന്ദ്രങ്ങള്‍ കുറവാണ്. ആശുപത്രികളും കൃത്രിമപ്രജനന കേന്ദ്രങ്ങളുമുണ്ട്. എങ്കിലും ജര്‍മ്മനി,റഷ്യ,ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ പ്രജനനകേന്ദ്രങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണുകള്‍ക്കാണ് ഡിമാന്‍ഡ്. ഓരോ വര്‍ഷവും അറബികള്‍ കോടികള്‍ നല്‍കി പുതിയ പക്ഷികളെ വാങ്ങും. പഴയവയെയും പറക്കാന്‍ ശേഷി കുറഞ്ഞവയെയും പറത്തിവിടും. ഒപ്പം അവക്ക് തീററക്കായി നിരവധി പ്രാവുകളേയും. ഫാല്‍ക്കണ്‍ സ്വയം ഇര പിടിച്ച് ആവാസസ്ഥലം കണ്ടെത്തിക്കൊള്ളും. ഫാല്‍ക്കണുകളുടെ വംശം നശിച്ചുപോകാതിരിക്കാന്‍ കൂടിയാണിത്.പുതിയ ഫാല്‍ക്കണുകളെ അറബികള്‍ പരിശീലിപ്പിച്ച് വരുതിയിലാക്കും.
ഇതാ, സജ്ജരാവുന്നു
പുതിയ ഫാല്‍ക്കണുകളുടെ കണ്ണുകള്‍ ആശുപത്രിയില്‍ വെച്ച് തുന്നിക്കെട്ടും. ഉടമ തന്റെ വിരല്‍നഖത്തില്‍വെച്ച് മാംസക്കഷണങ്ങള്‍ പക്ഷിക്ക് നല്‍കും. പരിചിതനാകുന്ന പക്ഷി ആ ഉടമയെ മാത്രമേ അനുസരിക്കൂ. രണ്ട് ആഴ്ചയോളം കഴിഞ്ഞ് തുന്നല്‍ അഴിക്കും. ബുര്‍ഖ ധരിപ്പിക്കും. കൈയില്‍ പിടിച്ച് ചുററിക്കറക്കാവുന്ന തില്‍വ(DILWEA) എന്ന ഉപകരണം കൊണ്ടും ഡ്രോണുകളെ ഉപയോഗിച്ചും ഫാല്‍ക്കണുകളെ ഇര പിടിക്കാന്‍ പരിശീലിപ്പിക്കും. ഒരു വടിയുടെ അററത്ത് ഹൊബാറയുടെ തൂവലുകള്‍ ചേര്‍ത്തൊട്ടിച്ച ഡമ്മി കെട്ടിയ ചരടാണ് തില്‍വ. ഇത് കറക്കുമ്പോള്‍ ഹൊബാറയെന്നു കരുതി ഫാല്‍ക്കണ്‍ പിന്നാലെ പായും. ചുഴററല്‍ പൊടുന്നനെ നിര്‍ത്തുമ്പോള്‍ ഫാല്‍ക്കണ്‍ ഡമ്മിയില്‍ കൊത്തിപ്പിടിക്കും. പക്ഷിക്ക് ഉടനെ ഒരു മാംസക്കഷണം നല്‍കും. ഇങ്ങനെയുള്ള കണ്‍കെട്ടുവിദ്യയിലൂടെയാണ് പരിശീലനം. പരമ്പരാഗതമായ ഈ രീതി കൂടാതെ ഡ്രോണുകളില്‍ പ്രാവ് പോലുള്ള പക്ഷികളെ ചേര്‍ത്തുകെട്ടിയും പരിശീലനമുണ്ട്. ഡ്രോണിന് പിന്നാലെ ഫാല്‍ക്കണുകളെ പറത്തിവിടും. അവ പക്ഷികളെ പിടിക്കും. ഫാല്‍ക്കണുകളുടെ തൂവലിനിടയില്‍ സാററലൈററ് വഴി നിയന്ത്രിക്കാവുന്ന ചിപ്പ് ഉണ്ടാവും. കിലോമീറററുകളോളം പലയിടങ്ങളിലായി ഇവയെ നിരീക്ഷിക്കാനായി ആളുകളെയും നിര്‍ത്തിയിരിക്കും. ഫാല്‍ക്കണ്‍ പക്ഷിയെ പിടിച്ചാലുടന്‍ തന്റെ ക്രൂയിസറില്‍ അറബി അവിടെയെത്തും.
ഫാല്‍ക്കണുകളുടെ ചികിത്സക്കായി ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ നിരവധി ആശുപത്രികളുണ്ട്. യു.എ.ഇ യില്‍ത്തന്നെ 25 ഓളം വരും. ഉത്സാഹം നഷ്ടപ്പെട്ട് തൂങ്ങിയിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, കാലുകള്‍ക്കടിയില്‍ തടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അറബികള്‍ ഫാല്‍ക്കണുകളെ ആശുപത്രിയിലെത്തിച്ചിരിക്കും.ബി.പി,പള്‍സ്,എക്സ്റേ,രക്തം,ബയോപ്സി തുടങ്ങി മനുഷ്യന് ചെയ്യുന്ന എല്ലാ പരിശോധനകളും പക്ഷിക്കും നടത്തും. സ്പെഷലൈസ്ഡ് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിക്കും.
കൊറോണക്കാലത്തെ പുതിയ പഠനങ്ങള്‍
ഫാല്‍ക്കണ്‍ എന്ന പക്ഷിപഠനത്തില്‍ മാത്രമൊതുങ്ങുന്നില്ല സുബൈര്‍. കാലിക്കററ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്രവിഭാഗം അസിസ്ററന്റ് പ്രൊഫസറായ അദ്ദേഹം അന്തര്‍ദ്ദേശീയ പക്ഷിഗവേഷണ കേന്ദ്രത്തിന്റെ കോ-ഓര്‍ഡിനേററര്‍ കൂടിയാണ്. കാലിക്കററ് സര്‍വകലാശാലയും മണ്ണുത്തി കേരള വെറററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിററിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രപ്രകാരമാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഇങ്ങനെയൊരു കേന്ദ്രം രൂപവത്കരിച്ചത്. ജന്തുജന്യപകര്‍ച്ചവ്യാധികളെക്കുറിച്ച് പഠനത്തിലാണിപ്പോള്‍ കേന്ദ്രം.
പക്ഷിമൃഗാദികളോട് മനുഷ്യന്‍ കൂടുതല്‍ അടുത്തിടപഴകുന്നത് കോവിഡ്,നിപ്പ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാന്‍ ഒരു കാരണമാവുന്നുണ്ടെന്നാണ് നിഗമനം.കൊറോണ പോലുള്ള വൈറസുകളും ബാക്ടീരിയകളും ആന്റിബയോട്ടിക് പ്രതിരോധമുള്ളവയായതും മനുഷ്യന്റെ കടന്നുകയററം മൂലം മററുജീവികളുടെ ആവാസവ്യവസ്ഥക്ക നാശമുണ്ടാവുന്നതും പ്രകൃതിക്ഷോഭങ്ങളും മററും മൂലം കാലാവസ്ഥാ-പരിസ്ഥിതികളില്‍ മാററമുണ്ടാവുന്നതും പുതിയ രോഗങ്ങളെ കൊണ്ടുവരാനുള്ള ഘടകങ്ങളാണ്. സുബൈറിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഒരു എം.ഫില്‍ വിദ്യാര്‍ഥി രാമനാട്ടുകര മുതല്‍ തലപ്പാറ വരെയുള്ള കോഴിക്കടകളില്‍ നിന്ന് ഇറച്ചി ശേഖരിച്ച് പരിശോധന നടത്തി. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്രോട്ടിയസ് മിറാബെലിസ് ബാക്ടീരിയകളെ ചില സാംപിളുകളില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളുടെ ഫലമായി പല ജീവികള്‍ക്കും ആവാസസ്ഥാനങ്ങള്‍ നഷ്ടമായി.വെള്ളപ്പൊക്കത്തിന് മുമ്പും ശേഷവുമുള്ള അവസ്ഥയെക്കുറിച്ച് പഠിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
ഒപ്പം, മററുഗവേഷണവിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു സുബൈര്‍. ചാലിയാറിലെ മത്സ്യവൈവിധ്യക്കുറിച്ച് ഒരാളും മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി മേഖലയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് മറെറാരാളും ഗവേഷണത്തിലാണ്.
2005 ല്‍ www.falconpedia.com എന്നൊരു വെബ്സൈററ് ലോഞ്ച് ചെയ്തു സുബൈര്‍. ഇതിനിടെ വിദേശരാജ്യങ്ങളിലെത്തി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു . ഖത്തര്‍ രാജവംശത്തില്‍നിന്നുള്ള ക്ഷണപ്രകാരം മൊറോക്കോയില്‍ ഹൊബാറ ബ്രീഡിംഗ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോയി. ഖത്തര്‍ രാജാവിനോടും 120 ഫാല്‍ക്കണുകള്‍ക്കുമൊപ്പം ജംബോ വിമാനത്തിലായിരുന്നു യാത്ര. ആസ്ട്രേലിയയിലെ ചാള്‍സ് സ്ററര്‍ട്ട് യൂണിവേഴ്സിററിയില്‍ ഫാല്‍ക്കണ്‍ പൊജക്ടിന്റെ ഭാഗമായി പ്രഭാഷണം നടത്തി. 2019 ല്‍ ഖത്തറിലെ ലുസൈല്‍ അതിവേഗപ്പാതയിലെ ഇരട്ടക്കമാനത്തില്‍ യൂറേഷ്യന്‍ കെസ്ട്രല്‍ വിഭാഗത്തിലെ ഫാല്‍ക്കണിനെ സുബൈര്‍ കണ്ടെത്തി. പോസ്ററ് ഡോക്ടറല്‍ ഫെലോയായി മൂന്ന് വര്‍ഷം ഗവേഷണം നടത്താന്‍ ബ്രസീല്‍ യൂണിവേഴ്സിററി സുബൈറിനെ ക്ഷണിച്ചിട്ടുണ്ട്. പക്ഷികള്‍ക്ക് ഏല്‍ക്കുന്ന മുറിവുകള്‍ കീറിമുറിക്കാതെ ലേസര്‍ രശ്മിയുപയോഗിച്ച് ചികിത്സിക്കുന്ന ഈ പ്രൊജക്ടില്‍ ഭാഗഭാക്കാകാന്‍ പോകാനിരിക്കുകയാണ് .
ഇടക്ക് യു.എ.ഇ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സുപ്രീം പെട്രോളിയം കൗണ്‍സിലില്‍ പരിസ്ഥിതിവിദഗ്ദനായി ഒന്നരവര്‍ഷത്തോളം ഗവേഷണത്തിലേര്‍പ്പെട്ടു. യു.എ.ഇ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ച് മരുഭൂമിയിലെ വിഷപ്പാമ്പുകളെക്കുറിച്ച് പഠിച്ചു .ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങളില്‍ പക്ഷികളുടെയും ചെറുമൃഗങ്ങളുടെയും ശല്യം കുറക്കാന്‍ ഫാല്‍ക്കണുകളെ ഉപയോഗിക്കാമെന്ന പദ്ധതി കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് നല്‍കി . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'അറബിയും ഒട്ടകവും മാധവന്‍ നായരും' എന്ന സിനിമയില്‍ മുഖം കാണിക്കുകയും ചെയ്തു.
നിര്‍മ്മാതാവിന്റെയും സംവിധാകന്റെയും വേഷമണിഞ്ഞ് 'ഫാല്‍ക്കണ്‍ പക്ഷികളുടെ ജീവിതം' എന്ന ഡോക്യുമെന്ററി തയ്യാറാക്കി.നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്ത ഡോക്യുമെന്ററി റിലീസ് ചെയ്തിട്ടില്ല.ഫാല്‍ക്കണുകളെക്കുറിച്ച് മൂന്നുഭാഷകളില്‍ പുസ്തകമെഴുതി.'Hunting dogs of the skies' എന്ന് പേരിട്ട പുസ്തകത്തിന് മലയാളത്തിലും അറബിയിലും ഭാഷാഭേദവും നടത്തി. ഇവയും പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ഫാല്‍ക്കണുകളുടെ 15 തരം ശബ്ദങ്ങള്‍ റെക്കോഡ് ചെയ്തു. അണ്ണാമല യൂണിവേഴ്സിററിയിലെത്തി ഇത് സോണോഗ്രാം ആക്കി.2003 ല്‍ ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷണലിന്റെ യുവശാസ്ത്രജ്ഞനുള്ള ദേശീയ പുരസ്‌കാരം നേടി.
വാണിയന്നൂരിലെ സ്വന്തം വീട് ഇപ്പോള്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക സജിതയോടും വിദ്യാര്‍ഥികളായ ആദില്‍, അമല്‍,അല്‍ഫ എന്നിവരോടുമൊപ്പം കാലിക്കററ് സര്‍വകലാശാലക്കുസമീപത്തെ വീട്ടില്‍ താമസിക്കുന്നു.
ഫാല്‍ക്കണുകളുടെ പുതിയവിശേഷങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. അമിതമായ കീടനാശിനിപ്രയോഗവും അശാസ്ത്രീയ പരിപാലനവും കള്ളക്കടത്തും മൂലം ഫാല്‍ക്കണുകള്‍ വംശനാശഭീഷണി നേരിടുകയാണെന്ന് സുബൈര്‍ പറയുന്നു.
വര്‍ഷം 2003: ജര്‍മ്മനിയിലെ സ്ററുട്ട്ഗര്‍ട്ടില്‍ ഫാല്‍ക്കണ്‍ കൃത്രിമ പ്രജനനകേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയ സുബൈര്‍ പഴയ ജര്‍മ്മന്‍ ഡോക്ടറെ അദ്ദേഹത്തിന്റെ നാട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞു-നന്ദി.