കോഴിക്കോട്: വീട്ടകങ്ങളിലും ടെറസുകളിലുമൊക്കെ ചെടികള്‍ വളര്‍ത്തുകയും കൃഷി ചെയ്യുകയും ചെയ്യുന്ന നഗരവാസികള്‍ക്ക് സഹായകമാകുന്ന സംവിധാനവുമായി പുതിയ ഉപകരണം വികസിപ്പിച്ച് കോഡെലാറ്റിസ് എന്ന കമ്പനി. ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനുമുള്ള ഒരു സഹായിയാണ് ഈ സംവിധാനം. ക്ലോറോഫില്‍ എന്ന 'ടെക് പോട്ട്' ആണ് ലോക പരിസ്ഥിതി ദിനത്തില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

വീടിനുള്ളിലും ടെറസിലും ബാല്‍കണിയിലുമൊക്കെ ചെടികളും പച്ചക്കറി കൃഷിയുമൊക്കെ ചെയ്യുന്നവര്‍ക്ക് ഗുണകരമാണ് ഈ ഉപകരണം. ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും വളപ്രയോഗം നടത്തുകയും മറ്റും ചെയ്യേണ്ട സമയമാകുമ്പോള്‍ ഈ 'ടെക് പോട്ട്' ഉടമയെ വിവരം അറിയിക്കും. ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ വഴിയാണ് ആശയവിനിമയം. ഇത് വീടിനുള്ളിലോ ബാല്‍കണിയിലോ മുറ്റത്തോ എവിടെവേണമെങ്കിലും സ്ഥാപിക്കാനാകും.

വെള്ളം ആവശ്യമുള്ളപ്പോള്‍ സ്വയം ചെടി നനയ്ക്കാന്‍ ക്ലോറോഫിലിന് കഴിയും. നിശ്ചിത സമയത്ത് നിശ്ചിത അളവില്‍ വെള്ളം നല്‍കാനുമാവും. വെള്ളം നിറയ്ക്കുകയും ജലസേചനത്തിന്റെ തോത് നിശ്ചയിക്കുകയും ചെയ്താല്‍ ബാക്കിയെല്ലാം 'ടെക് പോട്ട്' ചെയ്തുകൊള്ളും. വീണ്ടും വെള്ളം നിറയ്‌ക്കേണ്ട സമയമാകുമ്പോള്‍ ഉടമയ്ക്ക് വിവരം നല്‍കുകയും ചെയ്യും.

സെപ്റ്റംബര്‍ അവസാനത്തോടെ ക്ലോറോഫില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.