മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്കുള്ള വഴി. 1979ലെ ഒരു വൈകുന്നേരമാണ്. കാടിന് ഇന്നത്തേതിനേക്കാള്‍ കാടത്തമുണ്ടായിരുന്നു അന്ന്. കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയും സുഹൃത്തും ക്യൂറേറ്ററുമായ ഡോ. ശിവദാസും തിരുനെല്ലിയിലേക്ക് നടക്കുകയാണ്. ആനയും മറ്റ് കാട്ടുമൃഗങ്ങളും യഥേഷ്ടം വിലസുന്ന വഴി. എന്തായാലും രാത്രിക്ക് മുന്നേ ലക്ഷ്യത്തിലെത്തനാകില്ലെന്ന് വഴിയില്‍ക്കണ്ട ഫോറസ്റ്റ് വാച്ചര്‍ പറഞ്ഞു. യാത്ര തുടര്‍ന്നാലുള്ള അപകടത്തെക്കുറിച്ചും സൂചിപ്പിച്ചു. 

വനംവകുപ്പിന്റെ ഉടമസ്ഥതയില്‍ തേക്കിന്‍കുരു സൂക്ഷിക്കുന്ന ഷെഡില്‍ ഇരുവര്‍ക്കും കിടക്കാന്‍ വാച്ചര്‍ സൗകര്യം നല്‍കി. രാത്രി മുഴുവനും ചായ്പിന് ചുറ്റും ആനകളുടെ പോക്കുവരവുകളായിരുന്നു. വെളിച്ചമില്ലാത്ത ചായ്പ്പില്‍ തേക്കിന്‍കുരുവില്‍ കിടന്ന് ചൊറിഞ്ഞാണ് നേരം വെളുപ്പിച്ചത്. പക്ഷേ പിറ്റേന്ന് ചുരമിറങ്ങുമ്പോള്‍ കാട്ടുചേമ്പുകളുടെ ശേഖരം അവരുടെ കൈവശമുണ്ടായിരുന്നു. 

അരനൂറ്റാണ്ട് കാലമെടുത്ത ഒരു മഹായാഗത്തിലെ ഒരുദിവസത്തെ ഓര്‍മ മാത്രമാണിത്. ലോകത്തിലെ അപൂര്‍വവും അമൂല്യവുമായ സസ്യശാസ്ത്രവിജ്ഞാന ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന് വ്യാഖ്യാനവും പരിഭാഷയും നിര്‍വഹിച്ചുകൊണ്ട് ഡോ. കെ.എസ്. മണിലാല്‍ എന്ന യജ്ഞാചാര്യന്‍ നടത്തിയ മഹായാഗം. ഹോര്‍ത്തൂസില്‍ പരാമര്‍ശിച്ച സസ്യങ്ങളെ തിരിച്ചറിയാനും തേടിപ്പിടിക്കാനും ഓടിനടന്ന അദ്ദേഹത്തിന്റെ ശിഷ്യന്‍ ഡോ. സി.ആര്‍. സുരേഷാണ് ആദ്യം സൂചിപ്പിച്ച ഗവേഷക വിദ്യാര്‍ഥി. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യ ഗ്രന്ഥത്തിലെ സസ്യപഠനങ്ങളിലൂടെ ഡോക്ടറേറ്റ് നേടിയ ലോകത്തിലെ ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

hortus malabaricus
ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ ഉള്‍പ്പെട്ട
സസ്യത്തിന്റെ ഹെര്‍ബേറിയം മാതൃക

 

ഡോ. മണിലാലിന്റെ പ്രയത്‌നത്തെ വിശദമാക്കി ജോസഫ് ആന്റണി എഴുതുകയും മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്ത 'ഹരിതഭൂപടം: കെ.എസ്. മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും 'എന്ന പുസ്തകത്തില്‍ സുരേഷിനെ വിശേഷിപ്പിച്ചിരിക്കുന്നത് മണിലാല്‍ നിയോഗിച്ച യാഗാശ്വം എന്നാണ്. 26ാം വയസ്സില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്യുകയും 12 വര്‍ഷത്തിന് ശേഷം 1987ല്‍ പി.എച്ച്.ഡി. നേടുകയും ചെയ്ത ചെറായി ചെറിയ ചാണാശ്ശേരി വീട്ടില്‍ സുരേഷിനെക്കുറിക്കാന്‍ ഇതിനേക്കാള്‍ മികച്ച ഒരുപമ സാധ്യമല്ല. കുന്നുകളും മലകളും കയറി, കാവുകളും ചതുപ്പുകളും താണ്ടി സുരേഷ് തേടിപ്പിടിച്ചത്  ഹോര്‍ത്തൂസിലെ അപൂര്‍വ സസ്യജാലമായിരുന്നു.

ഒരു മനുഷ്യായുസ്സിലെ യൗവനം തുളുമ്പുന്ന വ്യാഴവട്ടക്കാലം മുഴുവന്‍ ഗവേഷണത്തിനായി നീക്കി വെച്ച ഇദ്ദേഹത്തെ ഒരധ്യാപകനായോ ഗവേഷണ ഗൈഡായോ പ്രയോജനപ്പെടുത്താന്‍ സര്‍വകലാശാലക്ക് കഴിഞ്ഞില്ലെന്നത് ദുഃഖകരമായ സത്യം. ഇപ്പോള്‍ എറണാകുളം ജില്ലയിലെ ചെറായിലുള്ള വീട്ടില്‍ കൃഷിയും വായനയുമായി കഴിയുകയാണ് ഈ പഴയ യാഗാശ്വം. സുവര്‍ണ ജൂബിലിയിലേക്ക് കടക്കുന്ന കാലിക്കറ്റിന്റെ പഴയ ഗവേഷണകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി പങ്കു വെച്ചു.

കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദവും 1974ല്‍ ഭോപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് ഇതേ വിഷയത്തില്‍ പി.ജിയും കരസ്ഥമാക്കിയ സുരേഷ് തൊട്ടടുത്ത വര്‍ഷമാണ് കാലിക്കറ്റിലെത്തുന്നത്. ഫ്‌ളോറല്‍ മോര്‍ഫോളജിയില്‍ ഡോ. കെ.എസ്. മണിലാലിന് കീഴില്‍ ഗവേഷണം നടത്താന്‍. ഗവേഷണം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ഹോര്‍ത്തൂസിനെക്കുറിച്ച് പഠിക്കാന്‍ ഡോ. മണിലാലിന് യു.ജി.സി. സഹായം ലഭിച്ചത്.

ഗുരുനാഥന്റെ ഉപദേശത്തോടെ പഠനം ഹോര്‍ത്തൂസിലെ സസ്യങ്ങളെക്കുറിച്ചായി. അടിസ്ഥാന ഗ്രന്ഥത്തിന്റെ ഒരു പകര്‍പ്പു പോലും കൈയിലുണ്ടായിരുന്നില്ല. 'വഞ്ചിയില്‍ നിന്ന് കടലിലേക്ക് ചാടിയ പോലായി എന്റെ അവസ്ഥ' എന്ന് സുരേഷിന്റെ ഭാഷ്യം. ഹോര്‍ത്തൂസില്‍ 742 സസ്യങ്ങളെക്കുറിച്ചാണ് പറയുന്നത്. അതില്‍ നൂറോളം ഇനങ്ങള്‍ പരിചിതങ്ങളാണ്. ബാക്കിയുള്ളവ കണ്ടെത്താനുള്ള അലച്ചിലായിരുന്നു പിന്നെ. കേരളത്തിന്റെ തെക്കുവടക്കുള്ള കാടും മേടും കയറിയിറങ്ങി നാലു വര്‍ഷത്തിനിടെ മുക്കാല്‍ പങ്കും കണ്ടെത്തി. ഹോര്‍ത്തൂസില്‍ ചിത്രരൂപത്തില്‍ രേഖപ്പെടുത്തിയവയുടെ ഇലകളും പൂക്കളും കായ്കളുമടങ്ങുന്ന മാതൃക ശേഖരിച്ച് ഉണക്കി ശാസ്ത്രീയമായി വിവരങ്ങള്‍ ചേര്‍ത്ത് ഹെര്‍ബേറിയത്തിലേക്ക് സ്വരുക്കൂട്ടുന്ന ജോലിയും സുരേഷിന്റേതായിരുന്നു. 

1980ല്‍ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്യൂറേറ്റര്‍ കം ബൊട്ടാണിസ്റ്റായി ജോലി കിട്ടിയപ്പോള്‍ സുരേഷ് കുറച്ചുകാലം ഗവേഷണം മതിയാക്കി. പക്ഷേ അവിടെ നിന്നും ഹോര്‍ത്തൂസിലെ ചില സസ്യങ്ങള്‍ കണ്ടെത്തി. 1983ല്‍ ജോലി രാജി വെച്ച് തിരിച്ചെത്തി. ഇതിനിടെ മണിലാലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സൈലന്റ് വാലി പഠന പദ്ധതിയില്‍ പങ്കാളിയായി. 1984 അവസാനത്തോടെ സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫെലോഷിപ്പില്‍ അമേരിക്കയില്‍ പോയി ഹോര്‍ത്തൂസിലെ സസ്യങ്ങളുടെ വിശകലന പഠനം നടത്തി. അവിടെ ക്യൂറേറ്ററായിരുന്ന ഡാന്‍ എച്ച്. നിക്കോള്‍സണുമായി ചേര്‍ന്ന് മണിലാലിന്റെ സഹായത്തോടെ 'ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

അന്താരാഷ്ട്ര ജേണലായ 'ടാക്‌സോണ്‍' ഉള്‍പ്പെടെയുള്ളവയിലായി 22 പ്രബന്ധങ്ങള്‍ സുരേഷിന്റെ പേരിലുണ്ട്. 1990ല്‍ ഡോ. മണിലാലിന്റെ ബയോമാസ് പ്രൊജക്ടില്‍ അംഗമായെങ്കിലും 1992ല്‍ അച്ഛന്റെ മരണത്തോടെ നാട്ടിലേക്ക് തിരിച്ചു. ഇതിനിടെ സര്‍വകലാശാലയില്‍ അധ്യാപക അവസരം വന്നെങ്കിലും ലഭിച്ചില്ല. അപൂര്‍വ ചെടികള്‍ തിരിച്ചറിഞ്ഞ ഈ ഗവേഷകന് രാഷ്ട്രീയത്തിലെ വന്മരങ്ങളെ അറിയാനുള്ള  പിടിപാടില്ലെന്നതായിരുന്നു കാരണം. എങ്കിലും ഹോര്‍ത്തൂസിലെ സസ്യങ്ങളെ തിരിച്ചറിയാനും പഠിക്കാനും പുസ്തകമെഴുതാനും കഴിഞ്ഞത് വലിയ ഭാഗ്യമായി ഇദ്ദേഹം കരുതുന്നു. ധനലക്ഷ്മി ബാങ്കില്‍ നിന്നു വിരമിച്ച ബി. ഷീജയാണ് സുരേഷിന്റെ ഭാര്യ. ഝാന്‍സി, സൂരജ് എന്നിവര്‍ മക്കളാണ്. 

ദുഃഖം വേരറ്റുപോയ ചെടികളെയോര്‍ത്ത്

അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം അതിന്റെ ജൈവ വൈവിധ്യത്തിലുണ്ടായ നഷ്ടമാണ്. അപൂര്‍വങ്ങളായ ചെടികളും പുല്ലുകളും വൃക്ഷങ്ങളും നിറഞ്ഞ ഈ കാമ്പസില്‍ നിന്ന് പലതും വേരറ്റു പോയിരിക്കുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന അമൂല്യഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസില്‍ പരാമര്‍ശിച്ച പലതും ഈ കാമ്പസില്‍ നിന്നു തന്നെ കണ്ടെത്തിയിതാണ്. അവയില്‍ പലതും ഇന്നില്ല. 

മനോഹരമായ പൂക്കളുണ്ടാകുന്ന കുറ്റിച്ചെടിയായ പുത്തിലഞ്ഞി, പലയിനം കാരമുള്‍ച്ചെടികള്‍, അടപൊതിയന്‍ വള്ളിച്ചെടി, അങ്ങനെ പലതും. നിലമൊരുക്കലിനായി മണ്ണുമാന്തിയന്ത്രങ്ങള്‍ നിരന്തരം നിരങ്ങിയതും ഫലമുള്ള വൃക്ഷങ്ങള്‍ക്കായി അധികൃതര്‍ തോട്ടങ്ങളൊരുക്കിയും ഈ നഷ്ടത്തിന് കാരണമാണ്. 

hortus malabaricus
കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം. ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍

 

അപൂര്‍വമായൊരു ഞാവല്‍

സര്‍വകലാശാലാ കാമ്പസിലെ ഊടുവഴികളിലൂടെ ചെടികളും മരങ്ങളും തേടി നടന്നിരുന്ന കാലത്താണ് അപൂര്‍വമായൊരു ഞാവല്‍ സുരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ ഞാവലിനെ അപേക്ഷിച്ച് ചെറിയ പഴങ്ങളുണ്ടാകുന്ന ഒരിനം. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളിലൊന്നായ സിസിജിയം ചവറാന്‍ (syzygium chavaran) ആണിതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. 

അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഐ.യു.സി.എന്‍. ഈ ഞാവല്‍ ഇനത്തെ റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ഈ അപൂര്‍വ വൃക്ഷത്തെക്കുറിച്ച് സുരേഷ് കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗത്തിലുള്ള അധ്യാപകന്‍ ഡോ. എ.കെ. പ്രദീപിന് വിവരം നല്‍കി. കാമ്പസില്‍ നേരിട്ടെത്തി മരം കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതില്‍ നിന്ന് പുതിയ തൈകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഡോ. പ്രദീപ്.

'കാലി 'ക്കും കാലിക്കറ്റിനും അമ്പതാകുന്നു

സസ്യമാതൃകകള്‍ ഉണക്കിയെടുത്ത് സൂക്ഷിക്കുന്ന ഇന്ത്യയിലെ അംഗീകൃത ഹെര്‍ബേറിയങ്ങളിലൊന്നാണ് കാലിക്കറ്റിലേത്. 'കാലി '( CALI) എന്ന ചുരുക്കപ്പേരില്‍ സസ്യശാസ്ത്ര ലോകത്ത് ഇതറിയപ്പെടുന്നു. ഇവിടെയുള്ള രണ്ട് ഇരുമ്പലമാരകള്‍ നിറയെ ഹോര്‍ത്തൂസിലെ സസ്യശേഖരമാണ്. ഡോ. മണിലാലിന്റെ മേല്‍നോട്ടത്തില്‍ സി.ആര്‍. സുരേഷ് കണ്ടെത്തിയവ. 

1968ല്‍ സര്‍വകലാശാലയുടെ തുടക്കത്തില്‍ തന്നെ അന്നത്തെ ബോട്ടണി വകുപ്പ് മേധാവി ഡോ. ബി.കെ. നായരുടെ ഉത്സാഹത്തിലാണ് ഹെര്‍ബേറിയം സജ്ജമാക്കിയത്. പിന്നീട് കാലിക്കറ്റിലെത്തിയ സസ്യവര്‍ഗീകരണ ശാസ്ത്ര പഠിതാക്കളെല്ലാം ഇതിലേക്ക് വലിയ സംഭാവനകള്‍ നല്‍കി. മുപ്പതിലേറെ സസ്യഇനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയ ഡോ. വി.വി. ശിവരാജന്‍, പശ്ചിമഘട്ടത്തിലെ സസ്യവൈധിത്യത്തെക്കുറിച്ച് ഡോ. മണിലാലും സംഘവും നടത്തിയ പഠനങ്ങള്‍, ഇഞ്ചിവര്‍ഗത്തിലെ ചെടികളെക്കുറിച്ച് ഡോ. എം. സാബു, ഡോ. എ.കെ. പ്രദീപ്, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ നടത്തിയ പഠനങ്ങള്‍ എന്നിവയെല്ലാം കാലിയെ സമ്പന്നമാക്കി. 

നാല്പത്തിരണ്ടായിരത്തോളം സസ്യമാതൃകകള്‍ സൂക്ഷിച്ചിരിക്കുന്ന കാലിക്കറ്റിലെ ഹെര്‍ബേറിയം ഇന്ത്യന്‍ സര്‍വകലാശാലകളിലെ തന്നെ ഏറ്റവും വലുതാണ്. കേരളത്തിന് പുറത്തുള്ള വിവിധ സര്‍വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ വിവരശേഖരണത്തിനും സംശയനിവാരണത്തിനുമായി ഇവിടെ എത്തുന്നു.

സസ്യങ്ങളുടെ ഇലകളും തണ്ടും അവയുടെ പൂവോ ഫലമോ സഹിതം ശേഖരിച്ച് ഉണക്കി സൂക്ഷിക്കലാണ് ഹെര്‍ബേറിയത്തിലെത്തിക്കുന്നതിന്റെ ആദ്യപടി. ജലാശം കളയാന്‍ ഒപ്പുകടാലസിലോ പത്രക്കടലാസിലോ വെച്ച് ഉണക്കും. കീടങ്ങളുടെ ആക്രമണം തടയാന്‍ ഫോര്‍മാലിന്‍ ലായനി പ്രയോഗിക്കും. പിന്നീട് ഇവ കട്ടിക്കടലാസില്‍ ഇലകള്‍ നിവര്‍ത്തി ഒട്ടിക്കും. ചെടിയുടെ പേര്, ശാസ്ത്രനാമം, കണ്ടെത്തിയ സ്ഥലം, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ശേഖരിച്ചതാര്, ഏതെല്ലാം ഹെര്‍ബേറിയങ്ങളില്‍ ഇതിന്റെ പകര്‍പ്പുകളുണ്ട് തുടങ്ങിയവയെല്ലാം വ്യക്തമാക്കുന്ന ലേബലുകള്‍ ഇതോടൊപ്പം പതിക്കും. കീടങ്ങളുടെ ആക്രമണം തടയുന്നതിന് ഓരോ വര്‍ഷവും മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ രാസവസ്തുക്കളുപയോഗിച്ച് പുകയിടലും (ഫ്യൂമിഗേഷന്‍) നടത്തും.