ക്ഷികളെ നിരീക്ഷിക്കുന്നതും അവയെ ക്യാമറയിൽ പകർത്തുന്നതും ലഹരിയാക്കിയവർ നമുക്കിടയിലുണ്ട്. ഓരോ ദിവസവും അവരുടെ എണ്ണം കൂടുന്നു. കടമക്കുടിയാണ് കൊച്ചിയിൽ കിളിപ്രേമികളുടെ കേന്ദ്രം. അവരുടെ ലോകത്തിലേക്ക് ഒരു ചിറകുവിടർത്തൽ...

ഒട്ടേറെ കിളികള്‍ ചേക്കേറിയിട്ടുണ്ടെന്നറിഞ്ഞാണ് കടുത്ത മഞ്ഞിനെ അവഗണിച്ചും പുലര്‍ച്ചെതന്നെ കടമക്കുടിയിലേക്കെത്തിയത്. പൊക്കാളി പാടശേഖരങ്ങളെ രണ്ടായി പകുത്ത് കടന്നുപോകുന്ന വലിയ കടമക്കുടി റോഡിലൂടെ നടന്നടുക്കുമ്പോള്‍ അറിഞ്ഞത് നൂറ് ശതമാനവും ശരിയായിരുന്നു. റോഡിന്‌ ഇരുവശത്തുമുള്ള മരച്ചില്ലകളിലും പാടശേഖരങ്ങളുടെ വരമ്പുകളിലും അങ്ങിങ്ങായി നില്‍ക്കുന്ന കണ്ടല്‍ക്കാടുകളിലുമായി ആയിരക്കണക്കിന് കിളികള്‍ പാറിപ്പറന്നു നടക്കുന്ന കാഴ്ച വിസ്മയകരവും മോഹിപ്പിക്കുന്നതുമായിരുന്നു.

വിശാലമായി കിടക്കുന്ന പൊക്കാളിപ്പാടങ്ങളെ തരംതിരിച്ചുകൊണ്ടുള്ള വരമ്പുകളില്‍ അവിടവിടെയായി ക്യാമറയും പിടിച്ചുനില്‍ക്കുന്ന യുവാക്കളുടെ ചെറുകൂട്ടം കണ്ടാണ് അങ്ങോട്ട് ചെന്നത്. അവര്‍ അടുത്തടുത്തായിട്ടാണ് നിന്നിരുന്നതെങ്കിലും ആരും പരസ്പരം സംസാരിച്ചിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഏറെപ്പേരും യുവാക്കളായിരുന്നു. എല്ലാവരുടെയും ലക്ഷ്യം ഒരേ പോയിന്റിലേക്കാണ്.

അഞ്ഞൂറു മീറ്ററിലേറെ അകലത്തില്‍ പാടത്തിന്റെ മറ്റൊരു വരമ്പില്‍ കൂട്ടമായിട്ടിരിക്കുന്ന ‘ചോരക്കാലി’ കിളികളെ ക്യാമറയിലേക്ക് പകര്‍ത്തുന്നതിനുള്ള ലക്ഷ്യത്തിലാണവരെന്ന് അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. പലരും ക്യാമറയില്‍ പതിഞ്ഞ കിളികളുടെ ചിത്രങ്ങള്‍ പരിശോധിക്കുകയും എടുത്ത പടങ്ങളില്‍ തൃപ്തിവരാതെ വീണ്ടും വീണ്ടും ചിത്രം പകര്‍ത്തുന്നതിനുള്ള ശ്രദ്ധയിലുമായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് അവരുമായി സംസാരിക്കാൻ അവസരം കിട്ടിയത്. ആദ്യം കരുതിയത് അവര്‍ എല്ലാവരും ഒരുമിച്ചെത്തിയതായിരിക്കുമെന്നാണ്. പരിചയപ്പെട്ടപ്പോഴാണ് അറിഞ്ഞത്, അവരില്‍ പലരും വിവിധ ജില്ലകളില്‍ നിന്നുള്ളവരും കടമക്കുടിയില്‍ എത്തിയതിന് ശേഷം മാത്രം പരിചയപ്പെട്ടവരുമാണെന്ന്.

പാടത്തിന്റെ വരമ്പില്‍ കൂട്ടത്തോടെയിരിക്കുന്ന കിളികളാണ് അവരെ ഒരുമിപ്പിച്ചിട്ടുള്ളതെന്നും പിന്നീടാണ് മനസ്സിലായത്. ഇതോടെ അവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായുള്ള കൗതുകമായി. സംസാരം തുടങ്ങി മിനിറ്റുകള്‍ക്കകംതന്നെ ഒരുകാര്യം ഉറപ്പായി. കിളികളും അവയെ ക്യാമറയില്‍ പകര്‍ത്തുന്നതും ഇവര്‍ക്ക് ഒരുതരം ലഹരിയാണെന്ന്. കടമക്കുടിക്ക് പുറമെ, തട്ടേക്കാടും നെല്ലിയാമ്പതിയിലും തൃശ്ശൂരിലെ കോള്‍നിലങ്ങളിലും കുമ്പളങ്ങിയിലുമൊക്കെ ഇവര്‍ പതിവ് സന്ദര്‍ശകരാണ്. പുതിയ ഇനം കിളികള്‍ പറന്നിറങ്ങിയിട്ടുണ്ടെന്നറിഞ്ഞാല്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റിവച്ച് ഇവര്‍ ക്യാമറയുമായി അവിടേക്ക് പറന്നെത്തും. അതിനെ പകര്‍ത്തുന്നതിനായി മണിക്കൂറുകളോളം ചെലവഴിക്കും. ചിലപ്പോള്‍ അത് ദിവസങ്ങളോളം തുടരും.

പക്ഷിനിരീക്ഷകരായിട്ട്‌ എത്തുന്നവരില്‍ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവരുണ്ട്. ഓട്ടോ ഡ്രൈവര്‍ മുതല്‍ സോഫ്റ്റ്‌വേര്‍ എൻജിനീയറും ഡോക്ടര്‍മാരും ജഡ്ജിമാരുമൊക്കെ അതിൽ ഉള്‍പ്പെടുന്നു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനും കാത്തിരിപ്പിനുമൊടുവിലാണ് ഒരു ചിത്രം ക്യാമറയിലേക്ക് പകര്‍ത്താനാവുന്നത്.

പക്ഷിനിരീക്ഷണം അത്ര ചില്ലറ കാര്യമൊന്നുമല്ല. ഏറെ അന്വേഷണങ്ങൾക്കും ക്ഷമയോടെയുള്ള കാത്തിരിപ്പിനും ഒടുവിലാണ് ഒരു പക്ഷിയെ തിരിച്ചറിയാനും അതിന്റെ ചിത്രം പകര്‍ത്താനുമാകുന്നത്. ആവാസ വ്യവസ്ഥ, പക്ഷികളുടെ ഭക്ഷണരീതി, എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു, എത്ര മുട്ടയിടുന്നു, ഏതെല്ലാം രാജ്യങ്ങൾ ഇവ സന്ദര്‍ശിക്കുന്നു, എവിടെ കൂടുകൂട്ടുന്നു തുടങ്ങി അവയുടെ പ്രണയം വരെയുള്ള കാര്യങ്ങള്‍ അറിയാനും മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമുള്ള ആഗ്രഹമാണ് പലരെയും പക്ഷികളിലേക്ക് അടുപ്പിക്കുന്നത്.

പക്ഷിനിരീക്ഷകരില്‍ത്തന്നെ വിവിധ കാര്യങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ളവരുമുണ്ട്. കിളികളുടെ ചിറകുകളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ണങ്ങളും അവയുടെ വിവിധതരം ഭാവങ്ങളും പ്രണയ ചേഷ്ടകളും പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന പലതരത്തിലുള്ള ചലനങ്ങളുമൊക്കെ ക്യാമറയിലേക്ക് ആവാഹിച്ചെടുക്കാനാണ് പലര്‍ക്കും ഇഷ്ടം. പക്ഷികളുടെ ബാഹ്യചലനങ്ങളില്‍ ഏറെയൊന്നും നമ്മുടെ നേരിട്ടുള്ള കാഴ്ചയില്‍ പതിയുന്നതല്ല. എന്നാല്‍, ഇത് ക്യാമറയിലൂടെ പകര്‍ത്തി കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. പലര്‍ക്കും, മാനസികമായ സമ്മര്‍ദങ്ങളില്‍ നിന്നും ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നുമുള്ള ആശ്വാസം കൂടിയാണ് പക്ഷികള്‍ക്ക് പിന്നാലെയുള്ള യാത്ര.

ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മനസ്സിനെ ഏകാഗ്രമാക്കാനുമുള്ള ശ്രമമാണ് ഒരു വിഭാഗം യുവാക്കള്‍ പക്ഷിനിരീക്ഷണത്തിലേക്ക് എത്തപ്പെടുന്നതിനുള്ള കാരണമായി പറയുന്നത്. പക്ഷിനിരീക്ഷണവുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളവരില്‍ ഏറെയും യുവാക്കളാണ്. അടുത്തയിടെയായി ഇവരുടെ എണ്ണം വന്‍തോതില്‍ ഏറിയിട്ടുമുണ്ട്. സാമൂഹികമാധ്യമങ്ങളും ഈ രംഗത്തേക്ക് ആളുകളെ കൂട്ടുന്നതില്‍ പ്രധാന ഘടകമാണ്. ഒട്ടേറെ ‘പക്ഷിക്കൂട്ടായ്മ’കളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരത്തിലുള്ളത്‌. തങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും.

‘പക്ഷിക്കൂട്ട’ത്തിന്റെ ചിറകിൽ

കടമക്കുടിയിലെ ‘പക്ഷിക്കൂട്ടം’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അമ്പതോളം പേരാണുള്ളത്. എല്ലാവരും പക്ഷി ഫോട്ടോഗ്രാഫി ലഹരിയായി നടക്കുന്നവര്‍. എല്ലാവരുടെയും ലക്ഷ്യം അപൂര്‍വതകളുള്ള ചിത്രം പകര്‍ത്തുകയെന്നതു തന്നെയാണ്. ഇതിനായി ഒഴിവുസമയങ്ങള്‍ പൂര്‍ണമായും ചെലവഴിക്കുന്നവരുമുണ്ട്.

കൂനമ്മാവ് സ്വദേശിയും ജൂവലറി ബിസിനസുകാരനുമായ നവീന്‍ ആന്റണി പക്ഷികളെത്തുന്ന സീസണില്‍ ഓരോ പുലരിയും ചെലവഴിക്കുന്നത് കടമക്കുടിയിലാണ്. കടമക്കുടിയിലെത്തിയ ‘ബ്രാഹ്മണി താറാവ്’, ‘ഫ്ലെമിങ്കോ’, ‘അമൂര്‍ ഫാല്‍ക്കണ്‍’ എന്നീ അത്യപൂര്‍വമായി മാത്രം പറന്നെത്തുന്ന കിളികളെ നവീന് ക്യാമറയിലേക്ക് പകര്‍ത്താനായതും നാളുകളേറെയായുള്ള കാത്തിരിപ്പിനൊടുവിലാണ്. 326 ഇനം പക്ഷികളെ ക്യാമറയില്‍ പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് നവീന്‍. ഇതിലേറെയും കടമക്കുടിയിലെ പാടശേഖരങ്ങളില്‍ നിന്നാണെന്നും നവീന്‍ പറയുന്നു.

തൃശ്ശൂര്‍ ജില്ലക്കാരനും, എം.എസ്‌സി. സുവോളജി ബിരുദധാരിയുമായ അരുണ്‍ ജോര്‍ജും കഴിഞ്ഞ നാല് വര്‍ഷമായി കിളികളുടെ പിന്നാലെയാണ്. അരുണും കടമക്കുടിയിലെ പതിവ് സന്ദര്‍ശകരില്‍ ഒരാളാണ്. പക്ഷിനിരീക്ഷണത്തില്‍ കമ്പക്കാരനായ അരുണ്‍ 300 ഇനം പക്ഷികളെ ഇതിനോടകം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. വൈറ്റ് സ്റ്റോര്‍ക്, അമൂര്‍ ഫാള്‍ക്കണ്‍, ഗ്രേറ്റര്‍ ഫ്ലെമിങ്കോ, ഓസ്പ്രി ഗ്രേറ്റ്, സ്പോട്ട്‌ലെഡ് ഈഗിള്‍ എന്നിവയൊക്കെ അരുണ്‍ തന്റെ ക്യാമറയിലാക്കിയിട്ടുണ്ട്.

kadamakkudy
കടമക്കുടിയിലെ പക്ഷികള്‍

കൊല്ലം സ്വദേശിയും ഇപ്പോള്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനുമായ അജിത്തിനുമുണ്ട് കിളികളെക്കുറിച്ച് പറയാന്‍ ഒട്ടേറെ. പക്ഷികളെയും മൃഗങ്ങളെയും അറിയാനായാല്‍ മാത്രമേ പ്രകൃതിയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാനാകൂവെന്നാണ് അജിത്ത് പറയുന്നത്. കുറെയേറെ വര്‍ഷങ്ങളായി ഈ രംഗത്തുള്ളയാളാണ് അജിത്ത്. റെഡ് മുനിയ, വേഴാമ്പല്‍ എന്നിവയാണ് അജിത്തിന്റെ ഇഷ്ടപക്ഷികള്‍.

കോട്ടയം ചിങ്ങവനം സ്വദേശി ആഷിഷ് ഷാജി എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നഴ്‌സാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് കടമക്കുടിയിലെ പക്ഷിക്കൂട്ടവുമായി പരിചയപ്പെടുന്നത്. പക്ഷികളെ കാണാന്‍ ഒരുവട്ടം കടമക്കുടിയിലെത്തിയ ആഷിഷ് ഇപ്പോള്‍ ഇവിടത്തെ നിത്യസന്ദര്‍ശകരിലൊരാളാണ്. ഇപ്പോള്‍ ഒട്ടേറെ പക്ഷികളുടെ മനോഹര ചിത്രങ്ങള്‍ ആഷിഷിന്റെതായിട്ടുണ്ട്. മൂങ്ങകളും മലമുഴക്കി വേഴാമ്പലുമാണ് ആഷിഷിന്റെ ഇഷ്ടപക്ഷികള്‍.

ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ഉണ്ണികൃഷ്ണനും കടമക്കുടിയിലെ പക്ഷിക്കൂട്ടത്തിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡോക്ടര്‍ ക്യാമറയിലാക്കിയിട്ടുള്ളത് മുന്നൂറിലേറെ കിളികളെയാണ്. കിളികള്‍ക്ക് പിന്നാലെ സഞ്ചരിക്കാന്‍ സമയം കണ്ടെത്തുന്ന ഡോ. ഉണ്ണികൃഷ്ണന്‍ കേരളത്തിലെ കിളികള്‍ എത്തുന്ന പ്രധാനയിടങ്ങളിലെ പതിവ് സന്ദര്‍ശകനുമാണ്.

കാക്കിക്കുള്ളിലും കിളിഹൃദയമുള്ളയാളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പ്രവീണ്‍കുമാര്‍. കിളികള്‍ പതിവായിട്ടെത്തുന്ന ഇടങ്ങളില്‍ ഈ പോലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. കടമക്കുടിയിലെ പക്ഷിക്കൂട്ടത്തിലൂടെയാണ് കിളികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഒഴിവുവേളകളില്‍ കടമക്കുടിയിലെ പതിവ് സന്ദര്‍ശകന്‍. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിക്കടിമപ്പെട്ടു കഴിയുന്ന ഒട്ടേറെ യുവാക്കളെ ഈ രംഗത്തേക്ക് കൊണ്ടുവന്നാല്‍, അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രവീണ്‍കുമാര്‍ പറയുന്നു. കിളികളെ അടുത്തറിഞ്ഞാല്‍ അതൊരു ലഹരിയായി കൊണ്ടുനടക്കാനാകുമെന്നും പ്രവീണ്‍കുമാര്‍ പറയുന്നു.

kadmakkudy

തൃശ്ശൂര്‍ ജില്ലക്കാരനും മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമായ അനിത് അനില്‍കുമാറും പക്ഷിക്കമ്പക്കാരനാണ്. കേരളത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുന്ന പലയിടങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കടമക്കുടിയും തൃശ്ശൂരിലെ കോള്‍ നിലങ്ങളുമാണ് ഏറെയിഷ്ടം. പത്ത് വര്‍ഷത്തോളമായി ഈ രംഗത്തുണ്ട്.

ഓട്ടോ ഡ്രൈവറായ ജയന്‍, വാഴക്കുളം സ്വദേശിയാണ്. യാത്രയ്ക്കിടെയാണ് കടമക്കുടിയില്‍ എത്തുന്നത്. പക്ഷികളില്‍ ആകൃഷ്ടനായ ജയന്‍ ഇതിനോടകം 128 പക്ഷികളെ തന്റെ ക്യാമറയിലാക്കിയിട്ടുണ്ട്.

അങ്കമാലി സ്വദേശിയും എയര്‍പോര്‍ട്ട് ജീവനക്കാരനുമായ സന്തോഷ്‌കുമാര്‍ ഏഴ് വര്‍ഷമായി പക്ഷിഫോട്ടോഗ്രാഫിയില്‍ സജീവമാണ്. കടമക്കുടിയില്‍നിന്ന്‌ മാത്രമായി 112 ഇനം പക്ഷികളെ തന്റെ ക്യാമറയില്‍ സന്തോഷ്‌കുമാര്‍ പകര്‍ത്തിയിട്ടുണ്ട്.

കുമ്പളം സ്വദേശി ധനഞ്ജയന്‍ ഐ.ടി. എൻജിനീയറാണ്. അഞ്ച് വര്‍ഷമായി പക്ഷിനിരീക്ഷണത്തില്‍ സജീവമായിട്ടുണ്ട്. 130 ഇനം പക്ഷികളെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ക്യാമറയിലല്ല, ലെന്‍സിലാണ് കാര്യം

പക്ഷികളെ പകര്‍ത്താന്‍ ഏറ്റവും അത്യാവശ്യം മികച്ചയിനം ലെന്‍സുകളാണ്. ക്യാമറ വിലകുറഞ്ഞതാണെങ്കിലും മുന്തിയ ഇനം ലെന്‍സ് ഉപയോഗിക്കാനായാല്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകും. 250 എം.എം. മുതല്‍ 500 എം.എം. വരെയുള്ള ലെന്‍സാണ് പക്ഷിഫോട്ടോഗ്രാഫര്‍മാരില്‍ ഏറെപ്പേരും ആദ്യം ഉപയോഗിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ 3000 എം.എം. മിറര്‍ ലെന്‍സുകളാണ് പലരും ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള കാഴ്ചകള്‍ പകര്‍ത്താനാകുമെന്നതാണ് ഇതിലേക്ക് മാറുന്നതിന് പലര്‍ക്കും പ്രേരണയായത്.

കനോൺ, നിക്കോണ്‍ തുടങ്ങിയ ക്യാമറകളാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. 13 ലക്ഷം രൂപ വിലയുള്ള ക്യാമറയുമായിട്ടെത്തുന്നവരും കടമക്കുടിയിലെ പക്ഷിക്കൂട്ടത്തിലുണ്ട്. പക്ഷികളുടെ ചലനങ്ങൾ മനസ്സിലാക്കാനായാല്‍ ചിത്രം പകര്‍ത്തുന്നത് എളുപ്പമാകും. ഇതിനായി ഓരോ പക്ഷിയെക്കുറിച്ചും അറിയേണ്ടതായുണ്ട്. കിളികളുടെ ഐ ലെവല്‍ നോക്കിയാണ് പടം പകര്‍ത്തുന്നത്. ഇത് ശരിയായ നിലയില്‍ ലഭ്യമായാല്‍ മികച്ച ചിത്രം പകര്‍ത്താനാകും. വെളിച്ചമാണ് മറ്റൊരു പ്രധാന ഘടകം. പക്ഷികളുടെ തലപ്പൊക്കത്തിനും താഴെയാണെങ്കില്‍ അമ്പത് മീറ്റര്‍ അടുത്തുവരെ ചെന്നാലും അവ പറന്നുപോകില്ല, തലയ്ക്ക് മുകളില്‍ സാന്നിധ്യമായാല്‍ അഞ്ഞൂറ് മീറ്റര്‍ അകലെയായാലും അവ പറന്നുപോകും.

പ്രണയചേഷ്ടകള്‍ രസകരം

കിളികളില്‍ ആണ്‍പക്ഷികളാണ് കൂടുതല്‍ സുന്ദരമായിട്ടുള്ളത്. ഏതാണ്ട് 80 ശതമാനം ഭംഗിയുള്ള കിളികളും ആണ്‍കിളികളാണ്. ഇവരുടെ പ്രണയചേഷ്ടകള്‍ ക്യാമറയിലൂടെ നോക്കിക്കാണുന്നത് ഏറെ രസകരവുമാണ്. പ്രണയാതുരനായ ആണ്‍കിളികള്‍ പിടയുടെ ചുറ്റും കറങ്ങിനടക്കും. വാല്‍ച്ചിറക് വിടർത്തിയും തൂവലുകള്‍ പരമാവധി വിടര്‍ത്തി തിളക്കം വർധിപ്പിച്ചുമാണ് ഇണകളെ ആകര്‍ഷിക്കുന്നത്. കിങ് ഫിഷര്‍ ആണ് ഇണകളെ വലയില്‍ വീഴ്ത്താന്‍ മിടുക്കന്‍. മണിക്കൂറുകളോളം പിറകെ നടന്നാല്‍ മാത്രമേ ഈ രംഗം ക്യാമറയില്‍ പകര്‍ത്താനാവുകയുള്ളൂ.

ഇപ്പോള്‍ കേരളത്തില്‍ കിളികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കടമക്കുടിയിലെ പാടശേഖരങ്ങള്‍. ദേശാടനക്കിളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് കിളികളാണ് ആണ്ടുതോറും ഇവിടേക്കെത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളും ഇവിടെയെത്തുന്നവയിലുണ്ട്. ആഗോള താപനവും അതിശൈത്യവുമൊക്കെ മറികടക്കാനുള്ള പാച്ചിലിനിടയില്‍ പക്ഷികള്‍ പറന്നിറങ്ങുന്ന പ്രധാന ഇടങ്ങളിലൊന്നാണിപ്പോള്‍ കടമക്കുടി. കടമക്കുടിയിലെ സ്വച്ഛന്ദമായ കാലാവസ്ഥയും ആഹാരവുമൊക്കെയാണ് പതിവായി കിളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വിവിധയിനം കിളികള്‍ എത്താന്‍ തുടങ്ങിയതോടെ ഓരോ വര്‍ഷം പിന്നിടുന്തോറും പക്ഷിക്കമ്പക്കാരും ഇവിടേക്ക് ഒഴുകിയെത്തുകയാണ്. നവംബര്‍ ആദ്യം മുതല്‍ ജനുവരി അവസാന ആഴ്ച വരെയുള്ള നാളുകളിലാണ് ഇവിടേക്ക് പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറാനായിട്ടെത്തുന്നത്.

Content Highlights: Bird watching, Birds, Bird Photography