'മൃഗശാലയില്‍ നിന്ന് ആനയെ മോചിപ്പിക്കണം. കാട്ടില്‍ എവിടെയെങ്കിലും സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആനയ്ക്കും വേണം. എങ്കില്‍ മാത്രമേ ജീവിതം അര്‍ഥവത്താകൂ'- ന്യൂയോര്‍ക്കിലെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയിലെ ആവശ്യമാണിത്. 

പ്രസിദ്ധമായ ബ്രോണ്‍ക്സ് മൃഗശാലയില്‍ അന്തേവാസിയായി കഴിയുന്ന 'ഹാപ്പി' എന്ന പിടിയാനയെ മോചിപ്പിക്കാനാണ് ന്യൂയോര്‍ക്കിലെ സുപ്രീം കോടതിയില്‍ നോണ്‍ ഹ്യൂമര്‍ റൈറ്റ്സ് പ്രൊജക്ട് എന്ന സംഘടന ഹര്‍ജി നല്‍കിയിരിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ച 47 വയസ്സുള്ള ഈ പിടിയാനയ്ക്ക് ചില സവിശേഷതകളുണ്ട്.

കണ്ണാടി നോക്കി തന്റെ ശരീരസൗന്ദര്യം ആസ്വദിക്കുന്ന ആനയാണിത്. വലിയ കണ്ണാടി നോക്കി പരിശീലിപ്പിച്ചാണ് തന്റെ ശക്തിയെക്കുറിച്ച് ആനയ്ക്ക് ബോധമുണ്ടാക്കിയെടുത്തത്. ഇത്തരത്തിലുള്ള ലോകത്തിലെ ഏക ആനയാണിതെന്നും അധികൃതര്‍ പറയുന്നു.

അന്യായ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ആനയ്ക്കുവേണ്ടി നല്‍കിയിട്ടുള്ളത്. ആനകളുടെ സ്വഭാവരീതികളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വിവദിഗ്ധരുടെ അഭിപ്രായം ഹര്‍ജിയോടൊപ്പമുണ്ട്. ഹര്‍ജിയില്‍ കോടതി പിന്നീട് വാദം കേള്‍ക്കും. അമേരിക്കയിലെ പല മൃഗശാലകളിലുമായി തടവില്‍ കഴിയുന്ന ചിമ്പാന്‍സികളെയും മോചിപ്പിക്കാനുള്ള ഹര്‍ജികളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

മൃഗങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഉറപ്പുവരുത്താനും അവയെ മൃഗശാലകളിലെ തടവറയില്‍ നിന്നും മോചിപ്പിക്കാനുമാണ് 'നോണ്‍ ഹ്യൂമര്‍ റൈറ്റ്സ് പ്രൊജക്ട്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളെ കൂട്ടിലിടാന്‍ പാടില്ല, അവയ്ക്ക് കാട്ടില്‍ തന്നെ സ്വാതന്ത്ര്യം നല്‍കണം- ഇതാണ് സംഘടനയുടെ മുദ്രാവാക്യം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ സംഘടനയില്‍ അണിചേരുന്നുണ്ട്. അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെങ്ങും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Content Highlghts: Animal-Rights Group, nonhuman rights project, Happy Elephant, Bronx Zoo