ചേര്‍ത്തല: പുരയിടത്തിന്റെ നാലിലൊന്നുഭാഗത്തോളം പ്രദേശത്ത് കുളങ്ങള്‍. ബാക്കിയുള്ളിടത്ത് വെറ്റിലയും മരച്ചീനിയും. ചേര്‍ത്തല നഗരസഭ 21-ാം വാര്‍ഡ് വല്യവീട്ടില്‍ ഷാജി(57)യാണ് വേനലിനെ പ്രതിരോധിക്കാന്‍ സ്വന്തം ഭൂമിയുടെ കാല്‍ഭാഗം മാറ്റിവച്ചത്. കുളങ്ങള്‍ വ്യാപകമായി നികത്തിക്കൊണ്ടിരിക്കുമ്പോള്‍ ഷാജിയുടെ പുരയിടത്തില്‍ കുളങ്ങളുടെ എണ്ണം കൂടുകയാണ്.

85 സെന്റ് വരുന്ന സ്ഥലത്ത് 20 സെന്റിലായി ഏഴ് കുളങ്ങളാണ്. രണ്ടുവര്‍ഷമായി ഷാജി നിര്‍മിച്ചത് അഞ്ച് കുളങ്ങളാണ്. എട്ട് സെന്റ് വരും ഏറ്റവും വലുത്. പ്രദേശത്തെത്തന്നെ വലിയ മഴവെള്ളസംഭരണിയാകുകയാണ് ഈ കുളങ്ങള്‍. കടുത്ത വേനലിലും ഇവിടെ ഒരാള്‍ത്താഴ്ചയില്‍ വെള്ളമുണ്ട്. ഒരു കുളം താറാവുകള്‍ക്ക് മാത്രമാണ്. 40 താറാവുകളുണ്ട് ഈ കുളത്തില്‍.

പലതരം മത്സ്യങ്ങളും വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കുളങ്ങളെല്ലാം കയര്‍ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ക്ലാര്‍ക്ക് കൂടിയാണ് ഷാജി. പുലര്‍ച്ച ആരംഭിക്കുന്ന കാര്‍ഷികജോലികള്‍ പൂര്‍ത്തിയാക്കി വെറ്റില കടകളിലെത്തിച്ചശേഷമാണ് ഷാജി ആശുപത്രിയിലേക്കു പോകുന്നത്. ഭാര്യ മോളിയും മറ്റു കുടുംബാംഗങ്ങളും നല്‍കുന്ന പിന്തുണയാണ് ഷാജിയുടെ കരുത്ത്.