1979-ലെ മഴക്കാലത്ത് ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകി. നദീതീരത്തുള്ള ഗ്രാമമാണ് അസം സംസ്ഥാനത്തിലെ കോകിലാമുഖ്. വെള്ളപ്പൊക്കം അവസാനിച്ചപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട് നദീതീരത്തടിഞ്ഞ നൂറുകണക്കിനു പാമ്പുകള്‍ മണലിന്റെ ചൂടേറ്റ് ചത്തുമലച്ചു. ഒരു പുല്‍നാമ്പുപോലും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഗ്രാമവാസികള്‍ക്കതു പതിവ് കാഴ്ചയായിരുന്നു.

എന്നാല്‍ 'ജാദവ് മൊലായി പയെങ്' എന്ന പതിനാറുകാരനെ ആ കാഴ്ച ഏറെ വേദനിപ്പിച്ചു. പിന്നെ നീണ്ട 30 വര്‍ഷം അയാള്‍  അധ്വാനിച്ചു. അങ്ങനെ മണല്‍പ്പരപ്പ് വനമായി മാറി, 1360 ഏക്കര്‍ വിസ്തൃതിയിലുള്ള ഒറ്റയാള്‍ തീര്‍ത്ത വനം.

വനം എന്ന ധനം 

തീരത്ത് പച്ചപ്പില്ലാത്തതാണ് പാമ്പുകളുടെ കൂട്ടമരണത്തിന് കാരണമെന്ന് മൊലായിക്ക്  മനസ്സിലായി. ഗ്രാമത്തിലെ മുതിര്‍ന്നവരോട് അവിടെ മരംവെച്ചുപിടിപ്പിക്കണമെന്ന് മൊലായി പറഞ്ഞു. അവര്‍ പരിഹസിച്ചു  ചിരിച്ചു, മണല്‍പ്പരപ്പില്‍ ഏതുമരം വളരാനാണ്.! തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു, അവരും മൊലായിയുടെ ആശയം പുച്ഛിച്ചുതള്ളി.

മൊലായ് നിരാശനായെങ്കിലും നിശ്ചയദാര്‍ഢ്യം കൈവിട്ടില്ല. 'അരുണാ സപ്പോരി' എന്നറിയപ്പെട്ട ആ മണല്‍ദ്വീപില്‍ ആദ്യം മുളയും ഇലവുമരവും നട്ടു. മണലിനെ ഫലഭൂയിഷ്ഠമാക്കാന്‍ കുഴികളില്‍ ചാണകപ്പൊടി ചേര്‍ത്തു.

മണ്ണിന് ഇളക്കവും ജീവനും പകരാന്‍ ചിതലുകളെയും മറ്റു ഷഡ്പദങ്ങളെയും മണ്ണിരയെയുമെത്തിച്ചു. മുളയ്ക്കും ഇലവിനും മുളച്ചുപൊന്തി വളരാനായി. തുടര്‍ന്ന് തേക്കുള്‍പ്പെടെ പലയിനം വൃക്ഷങ്ങളും കുറ്റിച്ചെടികളും പുല്ലുകള്‍പോലും മൊലായി അവിടെ നട്ടു. ഒറ്റദിവസംപോലും മുടങ്ങാതെ നടീല്‍ തുടര്‍ന്നു.

ഇത്രയും തൈകളെ വെള്ളംകോരി നനയ്ക്കുക അസാധ്യമായിരുന്നു. പകരം തൈകളുടെ ചുവട്ടില്‍ സുഷിരമിട്ട മണ്‍ചട്ടികള്‍ വെച്ചു. തുള്ളികളായി വീണ ജലം തൈകള്‍ക്കു ദിവസങ്ങളോളം നനവേകി. വറ്റിയപ്പോള്‍ കുടങ്ങളില്‍ വെള്ളം വീണ്ടും നിറച്ചു. മൂന്ന് പതിറ്റാണ്ടുകൊണ്ട് അവിടം നല്ലൊരു കാടായി. മൊലായി നട്ട മരങ്ങളും അവയുടെ വിത്ത് വീണ് പൊടിച്ചവയുമായി ആയിരക്കണക്കിനു മരങ്ങള്‍. 'മൊലായി കത്തോനി' (മൊലായി വനം) എന്നപേരില്‍ അവിടം പ്രസിദ്ധമായി.

ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ!

Molaiഇന്ന് 1360 ഏക്കറിലുള്ള മൊലായി വനത്തില്‍ വ്യത്യസ്തമായ മരങ്ങളും സസ്യങ്ങളും മാത്രമല്ല ഉള്ളത്. 2008 ല്‍ ഒരു കാട്ടാനക്കൂട്ടം അവിടെയെത്തി. വന്യജീവികള്‍ക്കു പ്രിയങ്കരമായ സസ്യങ്ങളെക്കുറിച്ച് മൊലായിക്കറിയാമായിരുന്നു.

അവ തിന്നാന്‍ മാനുകളും കാണ്ടാമൃഗങ്ങളും കാട്ടുപോത്തുകളുമൊക്കെയെത്തി. അവയ്ക്കു പുറകെ ഇരപിടിയന്‍മാരായ പുലികളും കടുവകളുമൊക്കെ. നിരവധിയിനം പക്ഷികളും മൊലായി വനത്തിലേക്കു ചേക്കേറി.

മരത്തൈകളുടെ നടീല്‍ മൊലായി ഇന്നും തുടരുന്നുണ്ട്. ഒപ്പം തന്റെ വനത്തെ ജാഗ്രതയോടെ കാക്കുകയും ചെയ്യുന്നു. വേട്ടക്കാര്‍ക്കും പരിസ്ഥിതി ധ്വംസകര്‍ക്കും ഇവിടേക്കു പ്രവേശനമില്ല. 54-കാരനായ മൊലായിയുടെ ജീവിതമാര്‍ഗം പശുപരിപാലനമാണ്. മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍കലാം 2012-ല്‍ മൊലായിക്ക് 'ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന ബഹുമതി നല്‍കി, തുടര്‍ന്ന് പത്മശ്രീയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും.