ഫറോക്ക്: ഇവിടെ മാലിന്യംതള്ളരുതെന്ന ബോര്‍ഡ്മാത്രം വെയ്ക്കുകയല്ല, നല്ലളം ബസാര്‍ പൂളക്കടവിനുസമീപം താമസിക്കുന്ന യുവാക്കളടക്കമുള്ളവരുടെ ജനകീയ കൂട്ടായ്മചെയ്യുന്നത്. പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനായി ഉറക്കമൊഴിച്ചിരിക്കുകയാണിവര്‍. ഇതിനായി പുഴയോരത്ത് കുടില്‍കെട്ടി രാത്രികാലത്ത് യുവാക്കളടക്കമുള്ളവര്‍ കാവല്‍ നില്‍ക്കുകയാണ്.

നല്ലളം-ഒളവണ്ണ പഞ്ചായത്തുകളെ ബന്ധിക്കുന്ന പൂളക്കടവ് പാലത്തിലും പുഴയിലുമെല്ലാം മാലിന്യംതള്ളാന്‍ തുടങ്ങിയതോടെയാണ് പാലത്തിലൂടെയുള്ള യാത്ര നാട്ടുക്കാര്‍ക്ക് ദുസ്സഹമായത്. മാത്രവുമല്ല പാലം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയായി.

ആളൊഴിഞ്ഞ ഈ പ്രദേശത്ത് കവറുകളിലാക്കി മാലിന്യംതള്ളുന്നത് പതിവായി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് നാട്ടുകാരും യുവാക്കളും ചേര്‍ന്ന് 'ക്ലീന്‍ പൂളക്കടവ്' എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ച് പുഴയുടെയും നാടിന്റെയും സംരക്ഷകരാവുന്നത്.

തിങ്കള്‍ മുതല്‍ ഞായര്‍ വരെ അഞ്ചുപേര്‍ വീതമുള്ള സംഘമായാണ് പുഴയോരത്തെ കുടിലില്‍ ഉറക്കമുണര്‍ന്നിരിക്കുന്നത്. പ്രായമായവരുടെ സംഘം രാവിലെ കുടിലിലെത്തും. വൈകീട്ടോടെ യുവാക്കളുടെ ജനകീയ കൂട്ടായ്മയുമെത്തും. പാലത്തിനു സമീപത്തെ തെരുവുവിളക്ക് കത്താത്തതാണ് മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് സഹായകമാവുന്നതെന്ന് പുഴ സംരക്ഷണ പ്രവര്‍ത്തകനായ അരക്കിനാട്ട് ജയരാജന്‍ പറഞ്ഞു. അടുത്തഘട്ടമായി പാലത്തിലും പുഴയോരത്തും ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ജനകീയ കൂട്ടായ്മ.