'വരട്ടെ ആര്' എന്ന മന്ത്രവുമായി ഭരണകൂടവും പ്രകൃതി സ്നേഹികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ യാത്ര ചരിത്രമാകുന്നു.ആലപ്പുഴ ,പത്തനംതിട്ട ജില്ലകള്‍ക്ക് അതിരിട്ട് ഒഴുകിയിരുന്ന വരട്ടാര്‍ ഇന്ന് ഓര്‍മ്മയാണ്. മരണശയ്യയില്‍ നിന്ന് വരട്ടാറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നാടൊന്നിച്ചു. പുതുജീവന്‍ കാത്തു കിടക്കുന്ന ഈ പുഴയുടെ രക്ഷയ്ക്കായ് മെയ് 29 തിങ്കളാഴ്ച നദിയുടെ തുടക്കം മുതല്‍ അവസാനിക്കുന്നിടം വരെ നീളുന്ന പുഴനടത്തം മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക് മാത്യു ടി.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന് നായര്‍ പത്തനംതിട്ട എംഎല്‍എ വീണാ ജോര്‍ജ്ജ്, റാന്നി എംഎല്‍എ രാജു എബ്രഹാം, ഹരിതകേരളം മിഷന് വൈസ് പ്രസിഡന്റ് ടി.എന്‍.സീമ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ ,സാമൂഹ്യ,കലാപ്രവര്‍ത്തകരും അണിചേര്‍ന്നു. രാവിലെ എട്ടരയോടെ ഓതറ പുതുക്കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട യാത്ര ഉച്ചയ്ക്ക് രണ്ടരയോടെ തിരുവന് വണ്ടൂരില്‍ സമാപിച്ചു.ഫോട്ടോ: സി.ബിജു