ചോലവനങ്ങൾക്കു താഴെ


ഗോത്രവർഗങ്ങളും വനവുമായുള്ള ബന്ധം ഒരുതരം കൊടുക്കൽ വാങ്ങലുകളുടേതാണ്. വിവേകമില്ലാത്ത വികസനം കാടിനെയും കാടിന്റെ മക്കളെയും നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. ആ ദുരയ്ക്കു തടയിടേണ്ടത് മനുഷ്യസമൂഹത്തിന്റെയാകെ കടമയാണ്

-

ലോക വന്യജീവിദിനമാണിന്ന്. കാടിന്റെയും കാടുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെയും അതിജീവനമാണ് ഇത്തവണത്തെ പ്രമേയം

ചാലിയാറിന്റെ കരയിൽ ചോലനായ്‌ക്കർക്കു സുഖമാണ്. ആനയും കരടിയും കാട്ടുമൃഗങ്ങളും വിഹരിക്കുന്ന കൊടുംകാട്ടിൽ സർവസ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരുപിടി ആദിമമനുഷ്യർ. സൂര്യപ്രകാശം കടന്നുചെല്ലാത്ത ചോലമരങ്ങൾക്കുതാഴെ പച്ചപ്പുനിറഞ്ഞ ലോകം. പ്രാക്തനഗോത്രവർഗമായ ചോലനായ്ക്കർ. കാടുമായി ഇത്രയേറെ ഇഴുകിച്ചേർന്ന ഗോത്രവർഗങ്ങൾ രാജ്യത്തുതന്നെ അപൂർവമായിരിക്കും.

വയനാട് മൂപ്പൈനാട് പഞ്ചായത്തിൽ ചോലനായ്‌ക്കരുടെ കോളനിയുണ്ട് -പരപ്പൻപാറ കോളനി. പന്ത്രണ്ടു കുടുംബങ്ങളിലായി 56 പേർ. കാടാണിവർക്കെല്ലാം. കാട്ടുതേനും ചീനിക്കയും കുറുന്തോട്ടിയും ശേഖരിച്ച് ഒന്നും വെട്ടിപ്പിടിക്കാതെയും നാളേക്ക് കരുതിവെക്കാതെയുമുള്ള ജീവിതം. ട്രൈബൽ വകുപ്പിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും കരുതലിൽ പുതുതലമുറ വിദ്യ നേടുന്നുണ്ട്.

വടുവൻചാൽ കാടാശ്ശേരിയിൽ‌നിന്ന് ചെങ്കുത്തായ മലയിറങ്ങി അധികമാരും പരപ്പൻപാറയിലേക്ക് പോകാറില്ല. പുറത്തുനിന്നുള്ളവരുടെ വരവ് ഇവർക്കും പഥ്യമല്ല. കാട്ടിൽനിന്ന് കുടിയിറക്കാൻ ശ്രമിക്കുന്നവരോട് ചങ്കുപറിയുന്ന വേദനയോടെ പരപ്പൻപാറയിലെ മൂപ്പൻ ചെറിയ വെളുത്ത പറയും: ‘‘ഞങ്ങളുടെ ജീവനാണിവിടം. മലദൈവങ്ങൾ കുടിയിരിക്കുന്ന കാടകം. പൂർവികർ അന്തിയുറങ്ങുന്ന മണ്ണ്.’’ കാട്‌ അവരെയും അവർ കാടിനെയും മനസ്സിലാക്കുന്നു. പരസ്പരപൂരിതമായ ജീവിതം. കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഇവിടെയില്ല.

മഴക്കാലത്ത് ചാലിയാറിലെ മത്സ്യമാണ് ഇവരുടെ അന്നം. പഞ്ഞകാലത്തേക്ക് ഉണക്കിസൂക്ഷിക്കാനുള്ള മീനുകളും ചാലിയാർ നൽകും. പരിഷ്കാരികളായ മനുഷ്യർ കുന്നിടിച്ചു തീർക്കുമ്പോൾ ഉരുൾപൊട്ടി ചാലിയാറിന്റെ കരയിലെ അവരുടെ വാസസ്ഥലം ഇടിയും. രാസവളപ്രയോഗം കാരണം പുഴയിൽ മീൻകുറയും. പുഴയിലൂടെ പ്ലാസ്റ്റിക് ഒഴുകിയെത്തും. ചോലനായ്‌ക്കരുടെ ജീവിതതാളവും തെറ്റുന്നു.

ചോലനായ്ക്കർ, കുറുമ്പർ, കാട്ടുനായ്ക്കർ, കാടർ എന്നീ ഗോത്രവിഭാഗങ്ങളാണ് കേരളത്തിലെ പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങൾ

● ചോലനായ്ക്കർ
നിലമ്പൂർ മേഖലയിലുള്ള ചുങ്കത്തറ, കരുളായി വനമേഖലയിലാണ് ചോലനായ്ക്കർ എന്ന ഗോത്രവിഭാഗക്കാർ താമസിക്കുന്നത്. ഉൾവനങ്ങളിലെ ഗുഹകളിൽ (അളകൾ) ആയിരുന്നു മുൻകാലങ്ങളിൽ ഇവർ താമസിച്ചിരുന്നത്. ഇപ്പോൾ ഇതിന് വ്യത്യാസംവന്നിട്ടുണ്ട്. ചെറുകിട വനവിഭവങ്ങളുടെ ശേഖരണവും വിൽപ്പനയുമാണ് പ്രധാന ഉപജീവനമാർഗം. കിർത്താഡ്‌സിന്റെ കണക്കുപ്രകാരം 363 ആണ് ഇവരുടെ ആകെ ജനസംഖ്യ. 202 പുരുഷന്മാരും 161 സ്ത്രീകളും.
● കുറുമ്പർ
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മലനിരകളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണ് കുറുമ്പർ. ആദ്യകാലത്ത് വനവിഭവശേഖരണവും നായാട്ടുമായിരുന്നു ഇവരുടെ ജീവിതമാർഗം. എന്നാലിപ്പോൾ നായാട്ട് പൂർണമായും ഉപേക്ഷിച്ചു. ആനവായ്, മേലെ ഭൂതയാർ, താഴെ ഭൂതയാർ, കടുകമണ്ണ, ഗലസി, തുടുക്കി, ഗൊട്ടിയാർ കിണ്ടി, തടിക്കുണ്ട്, മുരുഗള എന്നിവയാണ് ഇവരുടെ പ്രധാന ഊരുകൾ. കിർത്താഡ്‌സിന്റെ കണക്കുപ്രകാരം 2079 ആണ് ഇവരുടെ ജനസംഖ്യ.
● കാട്ടുനായ്ക്കർ
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലയിലാണ് കാട്ടുനായ്ക്കർ താമസിക്കുന്നത്. കിർത്താഡ്‌സിന്റെ കണക്കുപ്രകാരം 18,576 ആണ് ഇവരുടെ ജനസംഖ്യ. വേട്ടയാടിയാണ് ഇവർ ആദിമകാലങ്ങളിൽ ഉപജീവനം കണ്ടെത്തിയിരുന്നത്. തേനും മറ്റുവനവിഭവങ്ങളും ശേഖരിക്കുന്നതിൽ വിദഗ്ധരാണ്. ഇപ്പോൾ ഭൂരിഭാഗവും കർഷകത്തൊഴിലാളികളാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിൽക്കുന്ന സമുദായമാണ് ഇവരുടേത്.
● കാടർ
പാലക്കാട് ജില്ലയിലെ കുരിയാർകുട്ടി, പറമ്പിക്കുളം, തേക്കടി, കൽച്ചാടി, ചെറുനീലി, തളിയക്കല്ല് എന്നിവിടങ്ങളിലും തൃശ്ശൂർ ജില്ലയിലെ മലക്കപ്പാറ, ഷോളയാർ, ആനക്കയം, വാച്ചുമരം, പൊകയിലപ്പാറ, വാഴച്ചാൽ, ആനപ്പാന്തം എന്നിവിടങ്ങളിലുമാണ് കാടർ പ്രധാനമായും താമസിക്കുന്നത്. വനവിഭവശേഖരണമാണ് ഇവരുടെ ഉപജീവനം. കിർത്താഡ്‌സ് കണക്കനുസരിച്ച് 1695 ആണ് ഇവരുടെ ജനസംഖ്യ.

തയ്യാറാക്കിയത്‌: ടി.ജെ. ശ്രീജിത്ത്‌

Content Highlight: World Wildlife Day -life of cholanaikkans

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented