'കാലാവസ്ഥാ നരകം' അടുത്തെത്തിയോ, ആര് തടയും കൂട്ടനാശം?


അശ്വതി അനില്‍പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

"ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യ എണ്ണൂറ് കോടിയിലെത്തും. ആ തലമുറ നമ്മളോട് ചോദിക്കും, ഇടപെടാന്‍ അവസരമുണ്ടായിട്ടും ഞങ്ങള്‍ക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്തതതെന്ന്..! ഭാവിയിലെ ആ ചോദ്യത്തിനുള്ള മറുപടി ഇപ്പോള്‍ നമ്മുടെ പക്കലാണ്, ഇത് നാം ഇടപെടേണ്ട അവസരമാണ്. ദുരന്തത്തിലേക്കുള്ള ആക്സിലറേറ്ററില്‍ നിന്ന് കാലെടുക്കാതെ കാലാവസ്ഥ നരകത്തിലേക്കുള്ള ഹൈവേയിലാണ് നാം ഇപ്പോഴുള്ളത്.. ഇടപെടണം, കരുതലെടുക്കണം. നമുക്ക് വേണ്ടിയും, ഭാവി തലമുറയ്ക്ക് വേണ്ടിയും. മാനവരാശിക്ക് ഇനി ഒരു തിരഞ്ഞെടുപ്പേയുള്ളൂ; സഹകരിക്കുക, അല്ലെങ്കില്‍ നശിക്കുക..' ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന 27-ാം ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതാണ് ഈ കാര്യം. മാറിമറിയുന്ന കാലാവസ്ഥ എത്ര വലിയ ദുരന്തത്തിലേക്കാണ് ലോകത്തെ നയിക്കുന്നത് എന്നതിന്റെ ലഘുവായ മുന്നറിയിപ്പ് മാത്രമാണ് ഗുട്ടെറസ് പങ്കുവെച്ചത്.

യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം"സമയം നീങ്ങിക്കൊണ്ടിരിക്കുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് നാം. പക്ഷെ പരാജയപ്പെടുന്നു. ഹരിതഗൃഹപ്രഭാവം ദിനംപ്രതി കൂടുന്നു. ആഗോളതാപനില വര്‍ധിക്കുന്നു. പരിഹരിക്കാനാവാത്ത കാലാവസ്ഥാ വിപത്തിലേക്ക് ഭൂമി അതിവേഗം നീങ്ങുന്നു.പ്രതിരോധത്തിനായി ധനസമാഹരണം നടത്തേണ്ടതുണ്ട്. കാലാവസ്ഥാ ദുരന്തത്തെ പ്രതിരോധിക്കാനായി ഇടപെടേണ്ട സമയം അതിവേഗം കടന്നുപോവുകയാണ്. അനുയോജ്യമായി രാജ്യങ്ങള്‍ പ്രവര്‍ത്തിക്കാത്തപക്ഷം വലിയൊരു കാലാവസ്ഥാ ദുരന്തത്തെയാവും നാം നേരിടേണ്ടിവരിക. നാം ഇതുവരെ കാണാത്ത ഒരു ഘട്ടമാണ് കാലാവസ്ഥാവ്യതിയാനത്തില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൂടിയാണത്. ഈ തലമുറയുടെ നിലനില്‍പിന്നെ തന്നെ അത് നിര്‍ണയിക്കും. മനുഷ്യന്റെ ഇടപെടലാണ് കാലാവസ്ഥാമാറ്റത്തിന്റെ പ്രധാനകാരണം. അതുകൊണ്ട് മനുഷ്യന്റെ ഇടപെടല്‍ തന്നെയാണ് അതിന്റെ പരിഹാരവും. ശാസ്ത്രം വ്യക്തമാണ്. അന്തരീക്ഷ താപനിലയിലെ വര്‍ധന 1.5 ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്താമെന്നുള്ള ഏത് പ്രതീക്ഷയുടെയും അര്‍ഥം, 2050 ആകുമ്പോഴേയ്ക്കും വാതകവ്യാപനം പൂജ്യമാക്കുക എന്നതാണ്. ഇനി ഒരു തിരിച്ചുവരവില്ലാത്ത ഘട്ടത്തിനടുത്തേക്ക് നാം എത്തിക്കഴിഞ്ഞു. ദുരന്തപൂര്‍ണമായ അന്ത്യം ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും ഉടന്‍ ഇടപെടണം. വികസിത രാജ്യങ്ങള്‍ ഈ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കണം. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ 'കാലാവസ്ഥ ഐക്യദാര്‍ഢ്യ കരാര്‍' ഉണ്ടാക്കണം. 1.5 ഡിഗ്രി എന്ന ലക്ഷ്യം നടപ്പാക്കുകയാണ് ലക്ഷ്യം. പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകണം. ഇതിനായി രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം. അവസരത്തിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. പക്ഷേ, പ്രതീക്ഷയുടെ ചെറിയ പ്രകാശം മാത്രമേ അതിലുള്ളൂ. ഈ കാലാവസ്ഥായുദ്ധം ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുകയെന്നത് ഈ നൂറ്റാണ്ടിന്റെ ഗതി നിര്‍ണയിക്കും. പരാജയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും നിലനില്‍പില്ലാതാവും. അതുകൊണ്ട് നമുക്കൊന്നായി പ്രവര്‍ത്തിക്കാം, വിജയിക്കാം.

വരാനിരിക്കുന്ന കാലാവസ്ഥാ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നതും അത് പ്രതിരോധിക്കാനായി ഇടപെടാന്‍ ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുമായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസംഗം. കാലാവസ്ഥ കൂട്ടനാശത്തില്‍ നിന്ന് ഭാവിതലമുറയെ രക്ഷപ്പെടുത്താന്‍ നാം കരുതലെടുക്കേണ്ടതുണ്ടെന്ന് നേരത്തെയും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഗോള താപന വര്‍ധനവ് രണ്ട് ഡിഗ്രി മറികടന്നേക്കാം, മുന്നറിയിപ്പ്

ഐക്യരാഷ്ട്രസഭയുടെ എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ എമിഷന്‍സ് ഗ്യാപ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഈ തരത്തിലുള്ള ആശങ്ക ലോകനേതാക്കളുമായി പങ്കുവെച്ചത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനില വര്‍ധനവ് 2.8 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഗോള താപനിലയില്‍ കഴിഞ്ഞ നൂറ്റാണ്ടിനേക്കാള്‍ നിലവില്‍ 1.1 ഡിഗ്രി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതാപനത്തെ പ്രതിരോധിക്കാന്‍ ആഗോള താപനിലയുടെ വര്‍ധന 1.5 ഡിഗ്രിക്ക് താഴെ പിടിച്ചുനിര്‍ത്താനാണ് 2015 ലെ പാരിസ് ഉടമ്പടി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത് പ്രായോഗികമാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെടുന്നുവെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള താപനിലയുടെ കാര്യത്തില്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കര്‍മ പദ്ധതികള്‍ തയാറാക്കുകയും ഉടന്‍ നടപ്പാക്കുകയും വേണം. പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ വാതകവ്യാപനം 2030 ഓടെ 43 ശതമാനം വെട്ടിക്കുറയ്ക്കണം. 2050 ഓടെ പൂജ്യം കാര്‍ബണ്‍ വ്യാപനമാണ് ലക്ഷ്യം വെയ്ക്കുന്നത്. സമഗ്രമായ നടപടികള്‍ സ്വീകരിച്ചാല്‍ ഈ ലക്ഷ്യത്തിലേക്കെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷെ അത് അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.

പാരിസ് ഉടമ്പടി

കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള പാരിസ് ഉടമ്പടി 2015 ലാണ് നിലവില്‍ വന്നത്. ഇന്ത്യ ഉള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു. അതുവഴി, ആഗോളതാപനം ചെറുക്കുനുള്ള ശ്രമങ്ങള്‍ക്ക് ആധാരമായി പാരിസ് ഉടമ്പടി മാറി. മുമ്പ് ക്യോട്ടോ ഉടമ്പടിയാണ് നിലിവിലുണ്ടായിരുന്നത്. പാരിസ് ഉടമ്പടിയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1. ആഗോളതാപനം കുറയ്ക്കാന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഒരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അവലോകനം ചെയ്യുക.
2. എല്ലാ രാജ്യങ്ങളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
3. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനവും ആഗിരണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ യാഥാര്‍ഥ്യമാക്കുക.
4. അന്തരീക്ഷ താപനിലയിലെ വര്‍ധന, വ്യവസായിക വിപ്ലവത്തിന്റെ കാലത്തെ അപേക്ഷിച്ച് രണ്ടു ഡിഗ്രിയില്‍ കൂടാതെ പരിമിതപ്പെടുത്തുക. ക്രമേണ അത് 1.5 ഡിഗ്രിയില്‍ അധികമാകാതെ നിലനിര്‍ത്തുക.
5. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക.

കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍

ഭൗമാന്തരീക്ഷത്തിന്റെ താപനില ഒരു ഗ്രീന്‍ഹൗസിലേത് പോലെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന ചില വാതകങ്ങളുണ്ട്. കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ ഒക്കെ അതില്‍ പെടുന്നു. ഇങ്ങനെ ഭൗമതാപനില നിലനിര്‍ത്തുന്ന പ്രതിഭാസമാണ് ഹിരിതഗൃഹ പ്രഭാവം (ഗ്രീന്‍ഹൗസ് എഫക്ട്). അതേസമയം, അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങള്‍ വ്യാപിക്കുന്നതിന്റെ തോത് കൂടുമ്പോള്‍, അന്തരീക്ഷ താപനിലയും ഉയരും. അതാണ് ആഗോളതാപനം. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിലെ മുഖ്യപ്രതി ആഗോളതാപനമാണ്.

അന്തരീക്ഷ താപനില ക്രമത്തിലധികം വര്‍ധിക്കുന്നത് ഭൗമസംവിധാനങ്ങളെയാകെ ബാധിക്കും, ഗുരുതര പ്രത്യാഘാതങ്ങളാണ് ഇതിന്റെ ഫലമായു ഉണ്ടാവുക.

ഭൂമിയിലെ ജീവലോകത്തിന്റെ നിലനില്‍പിന് ആവശ്യമായ അളവില്‍ അന്തരീക്ഷതാപം നിലനിര്‍ത്തുന്നത് ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനപ്പെട്ട കാര്‍ബണ്‍ ഡൈഓക്സൈഡാണെങ്കിലും, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതല്‍ ഈ വാതകത്തിന്റെ വ്യാപനം അന്തരീക്ഷത്തില്‍ വലിയ തോതില്‍ വര്‍ധിച്ചു. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗമാണ് ഈ കാര്‍ബണ്‍ വ്യാപനത്തിലെ മുഖ്യപ്രതി. വനനശീകരണവും അതിന് ആക്കം കൂട്ടി.

ആഗോളതാപനത്തിന് കാരണമായ വാതകവ്യാപനം കുറയ്ക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകൂടങ്ങള്‍ ഇപ്പോഴും നിഷ്‌ക്രിയത്വം തുടരുകയാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറച്ച് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, അത് മതിയായ അളവിലല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ ലോകം ഇതിനകം നേരിട്ടു തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുമ്പോള്‍, ധ്രുവങ്ങളിലെയും മറ്റും മഞ്ഞുരുകുന്നത് വര്‍ധിക്കും. ഇത് സമുദ്രനിരപ്പുയര്‍ത്തും, പല ദ്വീപ് രാഷ്ട്രങ്ങളും വെള്ളത്തിലാവും. ചൂട് കൂടുന്നത് കാട്ടുതീ വ്യാപിക്കുന്നതിലും ഉഷ്ണക്കാറ്റിനും കാരണമാവുന്നു. നല്ല മഴ കിട്ടിയിരുന്നിടത്ത് അത് കുറയുമ്പോള്‍, കടുത്ത വരള്‍ച്ചയ്ക്കും ധാന്യക്ഷാമത്തിനും കാരണമാകും. കാലംതെറ്റിയുള്ള മഴ തീവ്രമാവും. മിന്നല്‍ പ്രളയത്തിലേക്ക് നയിക്കും. ആവാസവ്യവസ്ഥകള്‍ തകിടം മറിയും. യൂറോപ്പില്‍ അടുത്തിടെയുണ്ടായ കാട്ടുതീ, ചൈന, പാകിസ്താന്‍, നൈജീരിയ എന്നിവിടങ്ങളിലെ അപ്രതീക്ഷത പ്രളയം, വര്‍ധിച്ചു വരുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ തുടങ്ങിയവയൊക്കെ ആഗോളതാപനവുമായി കൂട്ടിവായിക്കാന്‍ കഴിയും.

കാര്‍ബണ്‍ വ്യാപനം; ആദ്യ മൂന്നില്‍ ഇന്ത്യയും!

കഴിഞ്ഞ പത്തുവര്‍ഷമായി കാര്‍ബണ്‍ വ്യാപനത്തിന്റെ 86 ശതമാനവും ഫോസില്‍ ഇന്ധനങ്ങള്‍ വഴിയുള്ളതാണെന്ന് കണക്കുകള്‍ പറയുന്നു. 2020 ല്‍ യു.എന്‍ നടത്തിയ പഠനം പ്രകാരം, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ചൈന, അമേരിക്ക എന്നിവ കഴിഞ്ഞാല്‍ ഇന്ത്യ എന്നതാണ് സ്ഥിതി. 1990 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചൈനയുടേതില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വാതകവ്യാപനത്തിന്റെ അളവും, പ്രകൃതി സ്വാഭാവിക പ്രക്രിയകള്‍ വഴി ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ അളവും തുല്യമാക്കുന്നതിനേയാണ് 'കാര്‍ബണ്‍ സന്തുലിതാവസ്ഥ' അഥവാ 'കാര്‍ബണ്‍ ന്യൂട്രല്‍' എന്ന് പറയുന്നത്. കാര്‍ബണ്‍ വ്യാപന തോത് കുറയ്ക്കാനായാല്‍ അത് കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ സഹായിക്കും. വന്‍കിട വ്യവസായങ്ങള്‍, വികസന പദ്ധതികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്കെ വലിയ അളവില്‍ കാര്‍ബണ്‍ പുറത്തുവിടുന്നുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറയ്ക്കുന്ന വികസനരീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇത് തടയാന്‍ സാധിക്കും

ലോകത്തെ മിക്ക രാജ്യങ്ങളും കാര്‍ബണ്‍ വ്യാപനം കുറച്ചുകൊണ്ടുവന്ന് 'കാര്‍ബണ്‍ ന്യൂട്രല്‍' ആവാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2070 ഓടുകൂടി കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ഓടെ ഓസ്ട്രേലിയയും 2050 അമേരിക്കയും 2060 ല്‍ ചൈനയും സൗദി അറേബ്യയും കാര്‍ബണ്‍ ന്യൂട്രല്‍ ആവുമെന്നാണ് പ്രഖ്യാപനം. കൂടുതല്‍ രാജ്യങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രഖ്യാപനങ്ങള്‍ നടത്തിവരികയാണ്.

കൂട്ടക്കൊലയ്ക്ക് കാലാവസ്ഥ കാരണമാകുമോ?

പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം, മഞ്ഞുരുക്കം തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി ഉണ്ടാവുന്ന പ്രകൃതിദുരന്തങ്ങളിലെ ജീവനഷ്ടത്തെയാണ് 'കാലാവസ്ഥാ കൂട്ടക്കൊല' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും കാലാവസ്ഥ ദുരന്തങ്ങള്‍ കൊണ്ടുണ്ടാവുന്ന മരണങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. യൂറോപ്പില്‍ ഈ വര്‍ഷമുണ്ടായ ഉഷ്ണതരംഗത്തില്‍ 15,000 ല്‍ ഏറെപ്പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് യൂറോപ്പ് നേരിട്ടത് എക്കാലത്തേയും വലിയ വരള്‍ച്ച കൂടിയായിരുന്നു.

ആഗോളതലത്തില്‍ 360 കോടിയോളം ജനങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാകുന്നു എന്ന് യു.എന്നിന് കീഴിലെ ഐപിസിസി (Intergovernmental Panel on Climate Change) പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.

വരള്‍ച്ചയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റുമാണ് കാലാവസ്ഥ വ്യതിയാനം മൂലമുള്ള ജീവനഷ്ടത്തിന് പ്രധാനകാരണങ്ങള്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കാലാവസ്ഥമാറ്റം കൊണ്ടുള്ള പ്രകൃതിദുരന്തങ്ങള്‍ അഞ്ചിരട്ടിയായെന്നും പത്ത് വര്‍ഷത്തിനിടെയുണ്ടായ മരണം 13 ലക്ഷത്തിലേറെ ആകുമെന്നും യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ നാശം ഇനിയും വര്‍ധിക്കും. പരിഹരിക്കാന്‍ കഴിയാത്ത വിപത്തിലേക്കാവും കാര്യങ്ങളുടെ പോക്ക്. അങ്ങനെയെങ്കില്‍ കാലാവസ്ഥാ കൂട്ടക്കൊലയ്ക്ക് കൂടി ശേഷിക്കുന്നവര്‍ സാക്ഷിയാവേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ എല്ലാ കോണുകളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. 2022 ല്‍ മാത്രം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പന്ത്രണ്ട് ചുഴലിക്കാറ്റുകള്‍ വീശിയടിച്ചു. ഭൂമിയിലെ 80 ശതമാനം ചൂട് കടലാണ് താങ്ങുന്നത് എന്നതിനാല്‍, കടലിലെ വര്‍ധിച്ച ചൂട് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. 2022 മേയ് മാസത്തില്‍ ഡല്‍ഹിയിലെ ചൂട് 49.2 ഡിഗ്രിയായിരുന്നു. വന്‍നാശംവിതച്ച രണ്ട് പ്രളയങ്ങള്‍ കേരളവും നേരിട്ടു. ഹിമാലയത്തിലേയും ഉത്തരാഖണ്ഡിലേയും മേഘവിസ്ഫോടനവും കാലാവസ്ഥവ്യതിയാനത്തിന്റെ അനന്തരഫലമായി വിലയിരുത്തപ്പെടുന്നു.

കാലാവസ്ഥാ ദുരന്തങ്ങളെ ചെറുക്കാനാകുമോ

പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാന്‍ വലിയ മുന്‍കരുതലുകള്‍ വേണ്ടി വരും. അതിന് വളിയ ധനസമാഹരണം നടത്തേണ്ടി വരും. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്നുപോലും ചെറിയ തുക മാത്രമേ ഇക്കാര്യത്തിന് ലഭ്യമാവുന്നുള്ളൂ എന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞത്. കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ വരുംതലമുറ വലിയ ദുരന്തം നേരിടേണ്ടി വരും. ഒട്ടുമിക്ക രാജ്യങ്ങളും ഇത്തരം നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മിക്കതും കടലാസില്‍ മാത്രം ഒതുങ്ങുന്നുവെന്ന വിമര്‍ശനമാണ് യു.എന്‍ മുന്നോട്ടുവെച്ചത്. കാലാവസ്ഥ ദുരന്തങ്ങളെ പൂര്‍ണമായി പ്രതിരോധിക്കാന്‍ കഴിയില്ലെങ്കിലും, അതിന്റെ തീവ്രത കുറയ്ക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ ഘട്ടത്തില്‍ നമുക്ക് കഴിയും.

മൂന്ന് നിര്‍ണായക നീക്കങ്ങളിലൂടെ കാലാവസ്ഥ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാം.

1. കാര്‍ബണ്‍ വ്യാപനം നിയന്ത്രിക്കുക. ഇതുവഴി കാലാവസ്ഥ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാം.
2. പ്രതിരോധിക്കാന്‍ കഴിയാത്ത കാലാവസ്ഥമാറ്റങ്ങളെ / പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക.
3. കാലാവസ്ഥ ദുരന്തങ്ങള്‍ നേരിടുന്ന മേഖലകള്‍ക്ക് സാമ്പത്തിക-സാമൂഹിക പിന്തുണ ഉറപ്പാക്കുക.

കാര്‍ബണ്‍ വ്യാപനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചൈനീസ് കല്‍ക്കരി പ്ലാന്റുകളാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 92 രാജ്യങ്ങളിലായി 648 കല്‍ക്കരി പ്ലാന്റുകള്‍ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ബണ്‍ വ്യാപനം വര്‍ധിക്കുന്നതു മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം സമ്പന്നരാജ്യങ്ങളാണെന്നു കാണിച്ച് വികസ്വര രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

പ്രതീക്ഷ ഉയര്‍ത്തി കാലാവസ്ഥ ഉച്ചകോടി

ആഗോള കാലാവസ്ഥ പ്രതിസന്ധി സമഗ്രമായി ചര്‍ച്ച ചെയ്യുന്നതാണ് ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന 27-ാമത് ആഗോള കാലാവസ്ഥ ഉച്ചകോടി. ആഗോള കാലാവസ്ഥ സംരക്ഷണത്തിനു വേണ്ടി നാം ഇതുവരെ ചെയ്തതില്‍ നിന്ന് വിഭിന്നവും വിപുലവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ആസൂത്രണം ചെയ്യാനുമാവും ഇക്കുറി കാലാവസ്ഥ ഉച്ചകോടി ശ്രദ്ധയൂന്നുന്നത്. 198 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ഭൂമിയെ സംരക്ഷിക്കാനുള്ള അഭിലാഷവും അന്താരാഷ്ട്ര സഹകരണവും വീണ്ടെടുക്കാനുള്ള വേദിയാണെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടത്. ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് ഭൂരിഭാഗവും ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍, പാരിസ്ഥിതിക പ്രതിസന്ധികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ആദ്യമായാണ് ഇക്കാര്യം കാലാവസ്ഥ ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നത്.

Content Highlights: World headed for climate catastrophe without urgent action


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented