മാഞ്ഞുപോയ മേഘപ്പുലി, ഇരുളില്‍ മറഞ്ഞ കരടി; ഫോട്ടോഗ്രാഫറുടെ മനസ്സ് തലതല്ലിക്കരഞ്ഞ നിമിഷങ്ങള്‍


ചിത്രങ്ങള്‍, എഴുത്ത്: അഭിലാഷ് രവീന്ദ്രന്‍

പൊടുന്നനെ ദൂരെ മലയില്‍ നിന്നും എന്തോ ഒരു മൃഗം റോഡിലേക്കിറങ്ങിയതായി ഞാന്‍ കണ്ടു. ഇരുട്ടില്‍ അപ്രതീക്ഷിതമായി തെളിഞ്ഞ വാഹനത്തിന്റെ വെളിച്ചത്തിലും ശബ്ദത്തിലും അതൊന്നു പരിഭ്രമിച്ചതായി തോന്നി. വാഹനത്തിന്റെ മഞ്ഞ കലര്‍ന്ന ഹാലോജന്‍ വെളിച്ചത്തില്‍ രൂപം തെളിഞ്ഞു വന്നപ്പോള്‍ ആശ്ചര്യപ്പെട്ടു പോയി.

പ്രതീകാത്മക ചിത്രം. ഫോട്ടോ: അഭിലാഷ് രവീന്ദ്രൻ

താണ്ട് ഒന്നര പതിറ്റാണ്ടാകുന്നു ഞാനും കാടുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ട്. അതില്‍ പത്തു വര്‍ഷത്തോളം ക്യാമറയും കൂടെയുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒട്ടനവധി കാനന ഭൂമികകളിലെത്തിച്ചേരാനും അവിടത്തെ ജീവനും ജീവിതങ്ങളും കാണാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞു. ഏറ്റവുമിഷ്ടപ്പെട്ട ഇടങ്ങള്‍ ഇന്നും ഹിമാലയത്തിന്റെ വടക്കു കിഴക്കേ മുനമ്പുകളും നമ്മുടെ പശ്ചിമഘട്ടവുമാണ്. വളരെ പ്രാചീനമായ ഈ രണ്ടു മലമടക്കുകളെ കണ്ടറിയാനും അവിടത്തെ ജൈവ താളങ്ങളെ തൊട്ടറിയാനും ഒരു മനുഷ്യായുസ്സ് മുഴവനെടുത്താലും മതിയാകില്ല. അതിജീവനത്തിന്റെയും ആയുസ്സിന്റെയും മഹത്തായ കളിത്തൊട്ടിലുകളാണവ.

ഏറ്റവും മനോഹരമായ കാടേതെന്നു ചോദിച്ചാല്‍ നമ്മുടെ ഉഷ്ണമേഖലാ ഇലപൊഴിയും കാടുകളും നിത്യഹരിത വനങ്ങളുമാണെന്നു പറയും. ഋതുക്കളുസരിച്ച് വിവിധ നിറത്തിലും തരത്തിലുമുള്ള കുപ്പായങ്ങള്‍ വാരിയണിയും ഇലപൊഴിയും കാടുകള്‍. അവക്കിടയിലെ ചെറിയൊരു ജലലഭ്യത പോലും, ഒരു വേനല്‍മഴയിലെ നീര്‍ച്ചാല്‍ പോലും അവിടത്തെ ചില മരങ്ങളെ ഉന്മാദികളാക്കി മാറ്റിയേക്കാം. കണ്ടിട്ടില്ലേ ഇല വറ്റി വരണ്ട മെലിഞ്ഞ കൈകള്‍ ആര്‍ത്തമായി ആകാശത്തേക്കുയര്‍ത്തി നില്‍ക്കുന്ന കാടിന്‍ നടുവില്‍ ഒന്നോ രണ്ടോ മരങ്ങള്‍ പച്ചപ്പിന്റെ വികാരമൂര്‍ച്ചയില്‍ ഉലയുന്നത്?

ജീവജലമെന്ന ചിന്ത പോലും ഇത്തരം മരങ്ങളുടെ ഞരമ്പുകളില്‍ ആഹ്ലാദത്തിന്റെ ആവേഗങ്ങള്‍ തീര്‍ത്തിട്ടുണ്ടാവണം. പതയുന്ന ജീവനരസമാണീ കാടുകളില്‍ നിറയെ. വേട്ടയുടെയും പ്രതിരോധത്തിന്റെയും സഹനത്തിന്റെയും സഹജീവനത്തിന്റെയും കാഴ്ചകള്‍. ഇലപൊഴിയും കാടുകള്‍ നിങ്ങളെ ഇങ്ങനെ കാഴ്ചകളില്‍ നിന്ന് കാഴ്ചകളിലേക്ക് കൈപിടിച്ച് നടത്തും. നിത്യഹരിതവനങ്ങള്‍ മിക്കവാറും വളരെ പൊക്കത്തില്‍ നിവര്‍ത്തിയ കറുത്തൊരു കുടയാണ്. ഉയരമുള്ള മരങ്ങള്‍, ഇരുണ്ട പച്ചപ്പ്, നിശ്ശബ്ദനും നിഗൂഢനുമായൊരു വയസ്സന്‍ കാട്. പക്ഷേ ആ നിശ്ചലതയുടെ ഗാംഭീര്യമുണ്ടല്ലോ, ആരാലും പറഞ്ഞറിയിക്കാന്‍ ആവാത്തതുമാണ്.

monkey

ഇക്കഴിഞ്ഞൊരു ദിവസം ഒരു ചങ്ങാതി ഒരു പക്ഷിയുടെ പാട്ടനുഭവം ആശ്ചര്യമാംവിധം അനുഭവിച്ചറിഞ്ഞ കഥ പറഞ്ഞു. വീടിന്റെ അരികുചേരുന്ന മരങ്ങളില്‍ അദൃശ്യമായ ചില്ലകളില്‍ ഇരുന്ന് സ്വര്‍ഗ്ഗീയമായ നാദവീചികള്‍ കൊണ്ട് ആ പക്ഷി തീര്‍ത്ത സംഗീത വിസ്മയങ്ങള്‍ പറയാന്‍ ആ സുഹൃത്തിന് വാക്കുകള്‍ പോരായിരുന്നു. സ്വാഭാവികമായ ജിജ്ഞാസക്കൊടുവില്‍ ആ പക്ഷി നാകമോഹന്‍ ആണ്‍പക്ഷിയാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്നാലതിന്റെ ഒരു പടമെടുക്കണമെന്നായി സുഹൃത്ത്. അന്വേഷിച്ചലഞ്ഞ് പക്ഷിയെ കണ്ടെത്തിയെങ്കിലും ഒരു ചിത്രം പകര്‍ത്താന്‍ ആ പക്ഷി നിന്നു കൊടുത്തേയില്ല. കൃത്യമായി ക്രമീകരിച്ച ഫ്രയിമുകളില്‍ നിന്നും അജ്ഞാതമായ ഇലച്ചാര്‍ത്തുകളിലേക്ക് ആ പക്ഷി പറന്നകന്നു കൊണ്ടേയിരുന്നു. ക്ഷമ നശിച്ച സുഹൃത്ത് ആ നിരാശ പങ്കുവക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതു പോലെ അനന്യമായ എത്രയെത്ര ചിത്രങ്ങളാണ് ഇക്കാലയളവില്‍ എനിക്ക് നഷ്ടപ്പെട്ടത്! മനസ്സില്‍ മാത്രം ക്ലിക്ക് ചെയ്യാന്‍ കഴിഞ്ഞ ചിത്രങ്ങള്‍.

മാഞ്ഞുപോയി, ഇതുവരെ കാണാത്തൊരു പുലി!

അരുണാചല്‍ പ്രദേശിലെ മിഷ്മി കുന്നുകളില്‍ പക്ഷികളെ തേടി 2017ല്‍ ഒരു യാത്ര പോയിരുന്നു. ഹിമാലയത്തിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സമ്പന്ന മേഖലകളിലൊന്നാണ് ഇവിടം. അന്ന് പകല്‍ മുഴുവന്‍ മയോദിയ ചുരത്തിനു മുകളിലും താഴെയും പക്ഷികളെ തേടി അലഞ്ഞു. അഞ്ച് മണിയോടെ 15 കി.മി. താഴെയുള്ള തിവാരി ഗാവ് എന്ന സ്ഥലത്തേക്ക് ഞങ്ങള്‍ പുറപ്പെട്ടു. അവിടെ കാണാവുന്ന ഹോഡ്ജ്‌സണ്‍സ് ഫോഗ് മൗത്ത് (ഒരിനം മാക്കാച്ചിക്കാട) ആണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.

തിവാരി ഗാവില്‍ എത്തി രണ്ടു മണിക്കൂറോളം അങ്ങിങ്ങായി അലഞ്ഞിട്ടും നമ്മുടെ ഫ്രോഗ് മൗത്തിനെ കണ്ടെത്താനായില്ല. അതിന്റെ കരച്ചില്‍ കുന്നുകളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും അത് പുറത്തു വന്നില്ല. ആ രാത്രി മിഷ്മിയിലെ വനദേവതമാര്‍ ഞങ്ങള്‍ക്കായി കാത്തു വച്ചത് മറ്റൊരു അസുലഭ ദര്‍ശന സൗഭാഗ്യമായിരുന്നു.

leopard

തിരികെ വരുന്നേരം തീര്‍ത്തും അവശരായിരുന്നു എല്ലാവരും. ഇരുട്ട് കറുത്ത കട്ടിയുള്ള പുതപ്പു പോലെ മലമടക്കുകളെ മൂടിക്കഴിഞ്ഞു. വളവുകള്‍ തിരിയുമ്പോള്‍ ചൂളമടിച്ചെത്തുന്ന ശീതക്കാറ്റ് കുത്തിനോവിക്കാന്‍ തുടങ്ങിയിരുന്നു. ദേഹം വേദനയും വിശപ്പും തണുപ്പുമെല്ലാം ചേര്‍ന്ന് ഞങ്ങള്‍ അശാന്തമായൊരു മയക്കത്തിലേക്ക് വഴുതുകയാണ്. വണ്ടി മുരണ്ടു കൊണ്ട് കയറ്റം കയറിക്കൊണ്ടേയിരിക്കുന്നു. ഇടതു വശം മലയും വലതുവശം കൊക്കയുമാണ്. പൊടുന്നനെ ദൂരെ മലയില്‍ നിന്നും എന്തോ ഒരു മൃഗം റോഡിലേക്കിറങ്ങിയതായി ഞാന്‍ കണ്ടു. ഇരുട്ടില്‍ അപ്രതീക്ഷിതമായി തെളിഞ്ഞ വാഹനത്തിന്റെ വെളിച്ചത്തിലും ശബ്ദത്തിലും അതൊന്നു പരിഭ്രമിച്ചതായി തോന്നി. വാഹനത്തിന്റെ മഞ്ഞ കലര്‍ന്ന ഹാലോജന്‍ വെളിച്ചത്തില്‍ രൂപം തെളിഞ്ഞു വന്നപ്പോള്‍ ആശ്ചര്യപ്പെട്ടു പോയി. തീര്‍ച്ചയായും ഇതു വരെ കാണാത്തൊരു പുലിയാണല്ലോ അത്! ആവേശം മൂത്ത് എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. ഡ്രൈവറെ ഒറ്റയടി കൊടുത്തപ്പോഴാണ് അലസമായി വണ്ടിയോടിച്ചു കൊണ്ടിരുന്ന അയാളും അത് കണ്ടത്. പിടിച്ചുകെട്ടിയ പോലെ അയാള്‍ വാഹനം നിര്‍ത്തിക്കളഞ്ഞു. പടമെടുക്കാന്‍ ആര്‍ക്കും അവസരമില്ലാത്ത രീതിയിലായിപ്പോയി ആ നിറുത്തല്‍. അരണ്ട ചാര നിറം കലര്‍ന്ന മഞ്ഞ ദേഹം നിറയെ വലിയ ഇരുണ്ട മേഘാകൃതിയിലുള്ള പുള്ളികള്‍, പുള്ളിപ്പുലിയേക്കാള്‍ ചെറുത്, നീണ്ടിടതൂര്‍ന്ന കട്ടികൂടിയ വാല്‍. ഗ്ലാസിനിടയിലൂടെ വെപ്രാളപ്പെട്ട് ക്യാമറ ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ഞാന്‍, പക്ഷേ ചില്ലിലെ പ്രതിഫലനവും കോടമഞ്ഞും എന്റെ പ്രയത്‌നങ്ങള്‍ വിഫലമാക്കിക്കൊണ്ടേയിരുന്നു. ഏതാനും നിമിഷങ്ങളില്‍ പുലി വലതുവശത്തെ താഴ്വരകളിലേക്ക് ചാടി അപ്രത്യക്ഷനാകുന്നത് എന്റെ ക്യാമറാ വ്യൂ ഫൈന്‍ഡറിലൂടെ മാത്രം കാണാനായി. ഇത്ര അപൂര്‍വ്വമായൊരു കാഴ്ച ഒരു പടം പോലും തരാതെ മാഞ്ഞു പോയല്ലോ! നിരാശയുടെ ഇരുട്ട് രാത്രിക്കും മീതെ ഞങ്ങളെ പൊതിഞ്ഞു നിന്നു.

leopard

ലോകത്താകെ പതിനായിരത്തില്‍ താഴെ മാത്രം കാണാന്‍ കഴിയുന്ന മേഘപ്പുലി - (ക്ലൗഡഡ് ലെപ്പേര്‍ഡ്) ആണതെന്ന് പിന്നീടുള്ള ചര്‍ച്ചകളില്‍ അനുമാനിച്ചു. ഒറ്റയാനും രാത്രിഞ്ചരനും വൃക്ഷവാസിയുമായൊരു പുലിയാണത്. വളരെ അപൂര്‍വ്വമായി മാത്രമേ മനുഷ്യ നേത്രങ്ങള്‍ക്ക് മുന്നില്‍ വരികയുള്ളൂ. രാത്രി മലഞ്ചെരിവുകളില്‍ ഇര തേടി ഇറങ്ങിയതാവണം. വിരളമായി മാത്രം വാഹനങ്ങള്‍ വരുന്ന സമയത്ത്, അപ്രതീക്ഷിതമായി വന്ന ഞങ്ങളുടെ വാഹനം അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കാണണം. വാഹനത്തിന്റെ വെളിച്ചത്തില്‍ ക്യാമറയിലേക്കു നോക്കുന്നൊരു മേഘപ്പുലിയുടെ ചിത്രം മനസ്സില്‍ മാത്രം പതിഞ്ഞു. പിന്നീടൊരിക്കലും, ഇന്നേവരേയും കണ്ണിനും ക്യാമറക്കും മുന്നില്‍ വരാതെ മേഘപ്പുലി മനസ്സിന്റെ മോഹമരങ്ങളില്‍, സ്വപ്നത്താഴ്വരകളില്‍ അലസമായി നടക്കുന്നു. ഇതെഴുതുമ്പോഴും ആ കാഴ്ചയുടെ ഓര്‍മ്മകള്‍ ത്രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

രാത്രി മുറിച്ചുകടന്നുപോയ കരടി...

കോഴിക്കോട് ജോലി ചെയ്യുന്ന കാലത്ത് 2014 ല്‍ ചങ്ങാതിമാരുമൊത്ത് ശ്രീരംഗപട്ടണത്തുള്ള രംഗനതിട്ടു സാങ്ച്വറിയിലേക്ക് പോകാന്‍ തീരുമാനിക്കുകയാണ്. പകല്‍ സമയം നമുക്ക് ഫോട്ടോയെടുപ്പും കറക്കവുമായി ചിലവഴിക്കണമെങ്കില്‍ രാത്രിയാത്ര തന്നെ ശരണം. കര്‍ണാടകയിലേക്ക് വീരാജ് പേട്ട, ഗോണികുപ്പ വഴി മാത്രമേ രാത്രിയാത്ര അനുമതിയുള്ളൂ. അങ്ങനെ, ഒരു വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ച്, കാട്ടില്‍ വഴി തെറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിച്ച് ഞങ്ങളിങ്ങനെ പോകയാണ്. ഗോണികുപ്പയും കഴിഞ്ഞ് കുറച്ചു ദൂരം നിബിഢമായ കാടാണ്. സ്വാഭാവികമായും വണ്ടിക്കകത്തേക്ക് പതിയെ നിശ്ശബ്ദതയും അതിനു പിന്നാലെ ഉറക്കവും അരിച്ചരിച്ചു കയറി വന്നു. വണ്ടിയോടിക്കുന്നതു കൊണ്ട് ഉറക്കമെന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.

bear

കാട് നിശ്ശബ്ദമാണ്, പൗര്‍ണമിയായിരുന്നോ? അറിയില്ല. ഉദിച്ചുയര്‍ന്ന വലിയ ചന്ദ്രന്‍ ഇരുട്ടിനെ മാര്‍ദ്ദവമുള്ളൊരു നീല വെളിച്ചമായി അലിയിച്ചു കൊണ്ടേയിരിക്കുന്നു. കണ്ണെത്താ ദൂരത്തോളം നേര്‍രേഖ പോലെ റോഡ്, ചക്രവാളത്തില്‍ ആയാസപ്പെട്ട് ആകാശമേലേക്ക് കയറാന്‍ ശ്രമിക്കുന്ന ഭാരിച്ച പൂര്‍ണചന്ദ്രന്‍, ഇരുവശത്തും ഇലപൊഴിഞ്ഞ മരങ്ങള്‍. കാട്ടുതീ തടയാനായി ഇരുവശത്തും ഫയര്‍ലൈനും തെളിച്ചിട്ടിട്ടുണ്ട്. വാഹനത്തിന്റെ വെളിച്ചം പോലും അധികപ്പറ്റായി തോന്നി. എന്തു മനോഹരമായൊരു ഫ്രെയിം ആണത്! പെട്ടെന്നു റോഡിലെ ചെറിയൊരു ഉയര്‍ച്ചയുടെ മുതുകിലായി ഒരു കരടി (സ്ലോത്ത് ബെയര്‍) പ്രത്യക്ഷപ്പെട്ടു. അവിടെവിടെയായി മണത്തും പതുങ്ങിയും ആ ജീവി റോഡ് മുറിച്ചുകടക്കാന്‍ ഒരുങ്ങുകയാണ്. ഞാന്‍ വാഹനം നിര്‍ത്തി ഹെഡ്‌ലാംപ് കെടുത്തിവച്ചു. പൂര്‍ണ ചന്ദ്രന്റെ പശ്ചാത്തലത്തില്‍ ചന്തമുള്ളൊരു കരടി കുണുങ്ങി കുണുങ്ങി റോഡ് മുറിച്ചുകടന്ന് നടന്നു പോവുന്നു. എന്റെയുള്ളിലെ ഫോട്ടോഗ്രാഫര്‍ തലതല്ലിക്കരയുകയാണ്...

വണ്ടിയുടെ ചലനം നിലച്ചതറിഞ്ഞ് ഇടതു വശത്തിരുന്ന ചങ്ങാതി ഉണര്‍ന്നെണീറ്റ് എന്താണെന്നു ചോദിച്ചു. അതായെന്ന് ചൂണ്ടിക്കാണിക്കുക മാത്രമേ വേണ്ടിവന്നുള്ളൂ. ആശ്ചര്യത്തിന്റെ വലിയൊരു ശബ്ദം ആ തൊണ്ടയില്‍ നിന്നും പുറപ്പെട്ടു. റോഡ് കടന്ന് കുറ്റിക്കാട്ടിലേക്ക് നടന്നു മറയുകയാണ് കരടി അപ്പോള്‍. ഞാന്‍ പതിയെ ലൈറ്റുകള്‍ തെളിച്ച് വാഹനം മുന്നോട്ടെടുത്തു. നമ്മുടെ കാടുകളില്‍ രാത്രി വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നത് അനാവശ്യ അപകടത്തിനു വഴിവച്ചേക്കാമെന്ന സാമാന്യ ധാരണ കൂടിയാണ് പുറത്തിറങ്ങി ഒരു പടമെടുക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചത്. ധാരാളം കടുവയും പുലിയുള്ളൊരു കാടായിരുന്നു അത്. ആനകളുടെയും സ്വൈര്യ വിഹാരരംഗം. ഞാന്‍ ആ റിസ്‌കെടുത്തില്ല- ഫോട്ടോയും. മൈസൂരെത്തിക്കഴിഞ്ഞ് ഉറക്കമുണര്‍ന്നവരുടെ മനസ്സിലേക്ക് ഒരിക്കല്‍ക്കൂടി ആ ചിത്രം വാക്കുകള്‍ കൊണ്ട് വരച്ചിട്ടുകൊടുത്തു.

2013-ല്‍ പുറത്തിറങ്ങിയ ബെന്‍ സ്റ്റില്ലര്‍ ചിത്രമാണ് 'ദ് സീക്രട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍മിറ്റി'. അതില്‍ ഷോണ്‍ പെന്‍ അവതരിപ്പിക്കുന്ന അതിസാഹസികനായ ഫോട്ടോഗ്രാഫര്‍ പറയുന്നൊരു വാചകമുണ്ട് -
'വ്യക്തിപരമായി എനിക്കേറെയിഷ്ടപ്പെട്ട ഒരു നിമിഷം ഞാന്‍ ഫോട്ടോയെടുക്കണമെന്നില്ല. അന്നേരം ചിലപ്പോള്‍ ക്യാമറ പോലും ഒരു ശല്യമായേക്കാം. അവിടെ, ആ നിമിഷങ്ങളില്‍ അലിഞ്ഞു ചേരുകയാണ് ഞാന്‍ ചെയ്യുക...'

തീപ്പിടിച്ചപോലൊരു പുള്ളിപ്പുലിക്കാഴ്ച!

തെക്കേ ഇന്ത്യന്‍ കാടുകളില്‍ കടുവയേക്കാള്‍ കാണാന്‍ ഇഷ്ടം പുളളിപ്പുലിയാണെന്നൊരു വ്യക്തിപരമായ ആമുഖത്തോടെ കഥ തുടങ്ങാം. 2013 ല്‍ ആണ്, ബന്ദിപ്പൂരോ കബനിയോ യാത്ര പ്ലാന്‍ ചെയ്യുമ്പോഴേ സ്വര്‍ണവര്‍ണത്തില്‍ കറുത്ത പുള്ളികളോ വരകളോ സ്വപ്നംകണ്ടു തുടങ്ങുന്ന കാലം. അന്ന് ആ യാത്രക്ക് മുന്‍പ് കാട്ടില്‍ വച്ച് ഒറ്റത്തവണയേ പുളളിപ്പുലിയെ കണ്ടിട്ടുള്ളൂ. പുലര്‍ച്ചെയെണീറ്റ് സുഹൃത്തുക്കളുടെ കൂടെയൊരു ബന്ദിപ്പൂര്‍ യാത്ര. ഗുണ്ടല്‍പേട്ടും കടന്ന് സഫാരിക്ക് ആദ്യം പോകുന്ന വണ്ടികളൊന്നില്‍ ഇടംപിടിക്കാനുള്ള ധൃതി. കാട്ടിലൂടെ ഇത്ര വേഗത്തില്‍ വണ്ടിയോടിക്കരുതെന്ന് പറയണമെന്നുണ്ട്. പക്ഷേ എത്താന്‍ വൈകിയാലോയെന്ന ആശങ്ക അതിനെ മറികടക്കുകയാണ്.

tiger

കാടു തീരാറായെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴുണ്ട് ഇടതുവശത്തെ കുറ്റിക്കാടിനു മുകളിലൂടെ ഒരു സ്വര്‍ണ്ണവര്‍ണ്ണം പറന്നു വരുന്നു. പുലര്‍കാല സൂര്യന്റെ പൊന്‍ നിറമാര്‍ന്ന വെളിച്ചം ആ സുവര്‍ണ്ണ രോമക്കപ്പായത്തില്‍ വീണു ചിതറുന്നു. തീ പിടിച്ച പോലെയാണ് എനിക്ക് തോന്നിയത്. എരിയുന്ന നാളങ്ങള്‍ക്കിടെ നിറയെ കറുത്ത പൊട്ടുകള്‍. വാഹനം പൊടുന്നനെ നിര്‍ത്തുമ്പോഴുണ്ടായ ബ്രേയ്ക്കിംഗ് ശബ്ദത്തിനുമുയരെ ആരൊക്കെയോ ലെപ്പേര്‍ഡെന്നോ പുള്ളിപ്പുലിയെന്നോ ഒക്കെ ഉച്ചത്തില്‍ അലറുന്നുണ്ട്. റോഡിന്റെ പകുതിക്കിപ്പുറം ആണ് ആ ചാട്ടം വന്നു നിന്നത്. ഒരു അപ്പൂപ്പന്‍ താടിയൊക്കെ പതിയെ നിലം തൊടും പോലെ അത്രയും ഭാരമില്ലാതെ ഒരു ലാന്‍ഡിംഗ്. പുളളിപ്പുലി അടുത്ത കുതി കുതിക്കാനായി സ്പ്രിങ് പോലെ ചുരുങ്ങുന്നതും നിവരുന്നതുമേ പിന്നെ കണ്ടുള്ളൂ. ക്യാമറ കയ്യിലെടുത്തു നോക്കിയപ്പോള്‍ കണ്ടത് ഒരു സ്വര്‍ണ്ണവര്‍ണ്ണം ചാട്ടുളി പോലെ കുറ്റിക്കാടുകള്‍ക്കു മീതെ പറന്നു പോകുന്നതാണ്. ഒടുവിലായി തിരമാല പോലെ ഒന്നുപൊങ്ങിയുയര്‍ന്ന് ഒരു പുള്ളി വാലും. സ്വതവേയുള്ളതിലും നീളം പുളളിപ്പുലിക്ക് ഉള്ളതായി തോന്നി. ഞങ്ങള്‍ നാലുപേര്‍ക്കും സ്ഥലകാലബോധം തിരികെയെത്താന്‍ അല്‍പം നേരമെടുത്തു. ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും ഞങ്ങള്‍ ക്യാമറകള്‍ കൈയിലെടുത്തിരുന്നു. നിരാശയോടെ ക്യാമറകള്‍ അടച്ചുവച്ച് ഞങ്ങള്‍ ബന്ദിപ്പൂര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

താലിപ്പരുന്തിന്റെ തെന്നിപ്പോയ ഫ്രെയിം

പക്ഷി പടം പിടുത്തക്കാരുടെ പറുദീസയാണ് ഡാന്‍ഡേലി ഗണേശ് ഗുഡിക്കടുത്തുള്ള ഓള്‍ഡ് മാഗസീന്‍ ഹൗസും കാളി നദീതീരത്തുള്ള കാടുകളും. 2017 ജനുവരിയില്‍ ഗണേശ് ഗുഡി പോയി തിരികെ വരികയാണ് ഞങ്ങള്‍. കുന്ദാപുര കടല്‍ത്തീരത്തോട് ചേര്‍ന്ന് കുറെ ചതുപ്പു ജലാശയങ്ങളുണ്ട്. ഉച്ചതിരിഞ്ഞ് അവിടത്തെ പക്ഷികളെക്കൂടി നോക്കിയിട്ട് പോകാമെന്ന മോഹമായിരുന്നു മനസ്സില്‍. അന്ന് എന്റെ കയ്യില്‍ നിക്കോണ്‍ 300 എംഎം 2.8 ലെന്‍സ് ആണ്. ലോകത്തെ ഏറ്റവും വേഗം കൂടിയ ലെന്‍സുകളില്‍ ഒന്ന്. അതിവേഗത്തിലുള്ള ആക്ഷന്‍ ചിത്രങ്ങളെടുക്കുവാന്‍ മികച്ച ലെന്‍സായിരുന്നു അത്. ഒരു തോണിയും സംഘടിപ്പിച്ച് ഞങ്ങള്‍ ജലാശയത്തിലേക്കിറങ്ങി. തീരത്തെ ചതുപ്പുകളില്‍ ഇഷ്ടം പോലെ പ്ലോവറുകളും വേയ്ഡിംഗ് പക്ഷികളും കൊത്തിപ്പെറുക്കി നടപ്പുണ്ട്. ചിലവ ചരിഞ്ഞു വീണു തുടങ്ങിയ വെയിലില്‍ കാലുകള്‍ മടക്കി വിശ്രമിക്കുന്നു. വെള്ളത്തില്‍ നിറയെ പലയിനം ദേശാടകരായ താറാവുകള്‍. ജലോപരിതലത്തില്‍ ചാടി മറിയുന്ന മീനുകള്‍.

tiger

ദൂരെയൊരിടത്ത് താലിപ്പരുന്ത് (ഓസ്‌പ്രേ) മീന്‍ പിടിക്കുന്നുണ്ട്. വളരെ മനോഹരമായൊരു കാഴ്ചയാണത്. വട്ടമിട്ടു പറക്കുമ്പോള്‍ എവിടെയെങ്കിലും മീനുകള്‍ ഉപരിതലത്തിനോട് ചേര്‍ന്ന് നീന്തുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടേയിരിക്കും. മീനിനെ കണ്ടു കഴിഞ്ഞാല്‍ ചിറകു മടക്കി താഴേക്കൊരു കുതിപ്പാണ്. ജലോപരിതലത്തിനോട് അടുത്തു വരുമ്പോഴേക്കും നീട്ടിപ്പിടിച്ച കാല്‍വിരലുകളിലെ കൂര്‍ത്ത നഖങ്ങള്‍ ഇരയെ കോര്‍ക്കാന്‍ തയ്യാറായിരിക്കും. അതേ കുതിപ്പില്‍ കാലുകൊണ്ട് മീനിനെ റാഞ്ചിയെടുത്ത് ജലോപരിതലത്തില്‍ നിന്നും നമ്മുടെ പരുന്ത് പറന്നുയരും.

നോക്കി നില്‍ക്കേ ബോട്ടിനോട് ചേര്‍ന്ന് ഞാനിരിക്കുന്നതിന്റെ എതിര്‍ ദിശയില്‍ ഒരു താലിപ്പരുന്ത് വെള്ളത്തിലേക്ക് കുതിക്കുന്നു. ഞാനതിനെ വ്യൂ ഫൈന്‍ഡറില്‍ പിടിച്ചു കഴിഞ്ഞു. വിരല്‍ ഷട്ടര്‍ റിലീസ് ബട്ടണില്‍ അമര്‍ന്നിരിപ്പുണ്ട്, തോണിയുടെ മറ്റേയറ്റത്തിരിക്കുന്ന ചങ്ങാതിയോട് ഓസ്‌പ്രേ എന്ന് ഞാന്‍ അടക്കം പറഞ്ഞു. എവിടെയെന്ന് അയാള്‍ തിരിയുകയോ മറ്റോ ചെയ്‌തെന്നു തോന്നുന്നു- താലിപ്പരുന്ത് വെള്ളത്തില്‍ പതിക്കുന്നതിനു പകരം ഞാന്‍ വ്യൂ ഫൈന്‍ഡറില്‍ കാണുന്നത് അവ്യക്തമായൊരു ചുവന്ന നിറമാണ്. എന്റെ സുഹൃത്തിന്റെ ചുവന്ന ടി ഷര്‍ട്ട്. ക്യാമറ സെക്കന്റില്‍ 11 ഫ്രെയിം വച്ച് പറപറന്നിരുന്നു. താലിപ്പരുന്തും മീനെയെടുത്ത് പറന്നു പൊയ്ക്കഴിഞ്ഞു. പടമില്ലാതെ ഞങ്ങളും തോണിക്കാരനും ബാക്കിയായി. ആ നിമിഷം തോണി ഒന്ന് തിരിയുകയോ സുഹൃത്ത് തിരിഞ്ഞിരുന്നപ്പോള്‍ എന്റെ ഫീല്‍ഡും സബ്ജക്റ്റും മറഞ്ഞു പോവുകയോ എന്തോ സംഭവിച്ചിരിക്കണം. പടം കിട്ടിയില്ലെന്നു മാത്രം മനസ്സിലായി. നമ്മുടെ കണ്ണിന്റെ അതേ നിരപ്പില്‍ പിന്നെയൊരിക്കലും അങ്ങനൊരു കാഴ്ച വന്നു പെട്ടില്ല. നിരാശയുടെ ഓളങ്ങളില്‍ ഒത്തിരി നേരം തുഴഞ്ഞാണ് ഞങ്ങളന്ന് കരക്ക് കയറിയത്.

മൂടല്‍മഞ്ഞ് തിരശ്ശീല നീക്കി, പക്ഷേ..

ഡാര്‍ജിലിങ്ങിനുമുയരെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ സിംഗലീല നാഷണല്‍ പാര്‍ക്കില്‍വച്ചും ഇത്തരമൊരു അനുഭവമുണ്ട്. തും ലിംഗ് എന്നയിടത്തു നിന്നും ടെലി ലെന്‍സുകളും ബൈനോക്കലറുകളുമായി രാവിലത്തെ പക്ഷി നോട്ട നടത്തം തുടങ്ങുകയാണ് ഞങ്ങള്‍. റോഡിന്റെ വിളുമ്പിലായി കുറേപ്പേര്‍ വൈഡ് ആംഗിള്‍ ലെന്‍സും ട്രൈപോഡും ഒക്കെയായി സൂര്യോദയം പകര്‍ത്താന്‍ നില്‍പ്പുണ്ട്. പക്ഷേ മൂടല്‍മഞ്ഞ് കാഴ്ചയെ തിരശ്ശീല പോലെ മറച്ചു പിടിച്ചിരിക്കുകയാണ്.

Black panther

പൊടുന്നനെ ഒരു കാറ്റില്‍ മൂടല്‍മഞ്ഞു മുഴുവന്‍ മാഞ്ഞുപോയി. ഉദയസൂര്യനും ഞങ്ങള്‍ക്കുമിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മഞ്ഞണിഞ്ഞ കാഞ്ചന്‍ ജംഗ പര്‍വ്വത നിരകള്‍. എവറസ്റ്റ് കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണത്. അത് ഏറ്റവും നന്നായി ഇന്ത്യയില്‍ നിന്ന് കാണാനാവുന്നൊരു സ്ഥലത്താണ് ഞാനപ്പോള്‍ നിന്നിരുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് കൊടും തണുപ്പിലും ഞാന്‍ ഉരുകി വിയര്‍ത്തു. സൂര്യോദയത്തിന്റെ ചുവപ്പു രാശി കാഞ്ചന്‍ ജംഗ കൊടുമുടിയെ തൊട്ടു കഴിഞ്ഞിരുന്നു അപ്പോള്‍. വൈഡ് ആംഗിള്‍ ലെന്‍സും ട്രൈ പോഡും എടുക്കാന്‍ സമ്മതിക്കാതിരുന്ന മടിയെ ശപിക്കുകയായിരുന്നു ഞാന്‍. കിതച്ചു കൊണ്ട് കയറ്റം കയറുമ്പോഴും മനസ്സില്‍ പതിഞ്ഞ ആ ചിത്രം തെളിഞ്ഞു നില്‍പ്പുണ്ടായിരുന്നു.

Elephant
പശ്ചിമഘട്ട മലനിരകളില്‍ പലയിടത്തും നമ്മള്‍ കയറി താഴ്വാരങ്ങളെ കാണുമ്പോള്‍ മേഘങ്ങള്‍ നമുക്കു താഴെയായിരിക്കും. ഒന്നു രണ്ടു തവണ മഴ മേഘങ്ങള്‍ മഴയെ വാരിയെറിയുന്നത് കണ്ടിട്ടുണ്ട്. താഴെയാണത്. ഒരു പ്രദേശത്തു മാത്രം പെയ്യുന്ന മഴ, മറ്റിടമൊക്കെ വെയില്‍. മനസ്സില്‍ അന്ന് പെയ്തു തോര്‍ന്ന മഴ ഇപ്പോഴും ഇറ്റി നില്‍പ്പുണ്ട്. മറ്റൊരിക്കല്‍ കാട്ടില്‍ കരടി കുഞ്ഞുങ്ങളെ പുറത്തിരുത്തി നടന്നു പോവുകയാണ്. പേമാരി കോരിച്ചൊരിയുന്നുണ്ടായിരുന്നു. ക്യാമറ ഫോക്കസ് ആയത് ഭാരിച്ച മഴത്തുള്ളികളില്‍ മാത്രം! പക്ഷികളുടെ ആക്ഷന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായ ക്ലിക്കുകളില്‍ എടുത്തു കഴിഞ്ഞ് റിവ്യൂ നോക്കുമ്പോഴാണ് മനസ്സിലാവുക, നമ്മള്‍ ആ കാഴ്ച്ചത്തുടര്‍ച്ചയിലെ ഏറ്റവും നാടകീയമെന്ന് കരുതിയ ആ നിമിഷം ക്യാമറ വിട്ടു കളഞ്ഞിട്ടുണ്ടാവും. പക്ഷേ ആ വിട്ടു പോയ ചിത്രമുണ്ടല്ലോ മനസ്സിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ ഒരിക്കലും ഡെലീറ്റ് ചെയ്യപ്പെടാതെ കിടപ്പുണ്ടുതാനും.

ചില നിമിഷങ്ങള്‍ അങ്ങനെയാണ്. പ്രക്യതിയും കാലവും നിശ്ചലമായി നില്‍ക്കുന്നത് നമുക്ക് അനുഭവിക്കാനാവും. ഷോണ്‍ പെന്‍ പറഞ്ഞ പോലെ ആ നിമിഷത്തില്‍ അലിഞ്ഞുചേരുകയാണ് വേണ്ടത്. ചിത്രങ്ങള്‍ എടുക്കുന്നുണ്ടല്ലോ മനസ്സില്‍- ആയാസപ്പെടാതെ മനസ്സിലേക്ക് സേവ് ചെയ്തു വച്ച ചിത്രങ്ങള്‍.

(വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് മാനേജരുമാണ് ലേഖകന്‍)

Content Highlights: Wildlife photography, Photography

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented