ഒന്നിലധികം വീട് പണിയാൻ അനുമതി നൽകരുത്, ദുർബല പ്രദേശത്താണോ താമസമെന്ന് ജനങ്ങളറിയുന്നില്ല-കെ.ജി താര


ഡോ.കെ.ജി. താര/ അഖില്‍ ശിവാനന്ദ്നമ്മുടെ നാട്ടിലെ വികസനം എന്നത് ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലല്ല. നമുക്കൊരു ഭൂവിനിയോഗനയമില്ല.  അവിടെയാണ് ഈ പ്രശ്നങ്ങള്‍ മുഴുവന്‍ വരുന്നത്. ഏത് സ്ഥലത്ത് കെട്ടിടം പണിയണം, ഏത് സ്ഥലം തുറസായി ഇടണം എന്നതെല്ലാം പ്ലാന്‍ ചെയ്യണം.

Interview

1. ഉരുൾ പൊട്ടൽ (ഫയൽ ചിത്രം) 2. ഡോ.കെ.ജി. താര | Photo: PTI

തൊടുപുഴയ്ക്കുസമീപം കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. പുലര്‍ച്ച മലമുകളില്‍നിന്ന് ഉരുള്‍പൊട്ടിയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും ചെളിയും മലവെള്ളവും മരങ്ങളും നിമിഷനേരം കൊണ്ട് ഒരു വീടിനെ പൂര്‍ണമായും മൂടുകായായിരുന്നു. കേരളത്തില്‍ സമീപകാലത്ത് ആവര്‍ത്തിക്കുന്ന കാലാവസ്ഥ ദുരന്തങ്ങളില്‍ അവസാനത്തെ പേരാണ് കുടയത്തൂര്‍. കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍ എന്നിങ്ങനെ ഓരോ മഴക്കാലത്തിന് ശേഷവും സ്ഥലനാമങ്ങള്‍ ദുരന്തങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ കാലാവസ്ഥ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനേക്കുറിച്ചും അതിനെ നേരിടാന്‍ നടത്തേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ചും ജനങ്ങള്‍ക്ക് ബോധവത്കരണവും പരിശീലനവും നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്‍ അംഗം ഡോ. കെ.ജി.താര.

വളരെ സുഖകരമായ കാലാവസ്ഥയുണ്ടായിരുന്ന സ്ഥലമായിരുന്നു നമ്മുടെ കേരളം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാലാവസ്ഥയില്‍ അപ്പാടെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അടിക്കടി കാലാവസ്ഥ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലമായി മാറുകയാണോ നമ്മുടെ സംസ്ഥാനം?

വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ഇന്നിപ്പോള്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പക്ഷേ അതിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നത് വികസ്വരരാജ്യങ്ങളെയാണ് എന്നുമാത്രം. ദക്ഷിണേഷ്യയില്‍ ഇന്ത്യയും ബംഗ്ലാദേശുമാണ് ഏറ്റവുമധികം ദുരന്തസാധ്യതയും അതിന്റെ ആഘാതവും ബാധിക്കുന്ന രണ്ടുരാജ്യങ്ങള്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് ജനസാന്ദ്രത വളരെക്കൂടുതലാണ്. ഒപ്പം നമുക്ക് ഭൂവിസ്തൃതി വളരെ കുറവും. കടലിനോട് ചേര്‍ന്നു കിടക്കുന്ന വളരെ ചെറിയ ഭൂപ്രദേശമാണ് നമ്മുടേത്. ആ നിലയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്ന പ്രദേശങ്ങളിലൊന്നും കേരളം തന്നെയാണ്.

ഏറ്റവുമധികം പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്ളതും കേരളത്തില്‍ തന്നെയാണ്. സാധാരണ നിലയിലുള്ള മഴയോ, കാറ്റോ പോലും പണ്ട് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ ആഘാതം ഇപ്പോള്‍ ഏല്‍പ്പിക്കും. കാരണം, നമ്മുടെ ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. അതേസമയം കെട്ടിടങ്ങളുടെ എണ്ണം കൂടിവരുന്നു. നമ്മുടെ നാട്ടിലെ വികസനം എന്നത് ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലല്ല. നമുക്കൊരു ഭൂവിനിയോഗനയമില്ല. അവിടെയാണ് ഈ പ്രശ്നങ്ങള്‍ മുഴുവന്‍ വരുന്നത്. ഏത് സ്ഥലത്ത് കെട്ടിടം പണിയണം, ഏത് സ്ഥലം തുറസായി ഇടണം എന്നതെല്ലാം പ്ലാന്‍ ചെയ്യണം.

ഓരോ സ്ഥലത്തും എത്ര വെള്ളം വരും, ആ വെള്ളം എത്രത്തോളം അവിടെതന്നെ ആഗിരണം ചെയ്യപ്പെടും, ബാക്കി എത്ര വെള്ളമാണ് വെള്ളപ്പൊക്കമായി വരുന്നത്, ആ വെള്ളത്തിനെ എങ്ങനെ നിയന്ത്രിക്കാം, എങ്ങോട്ട് തിരിച്ചുവിടാം എന്നതെല്ലാം പ്രധാനമാണ്. വെള്ളം ശേഖരിക്കാവുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തുറസ്സായ സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, മൈതാനങ്ങള്‍, കുളങ്ങള്‍, നെല്‍വയലുകള്‍ ഇവയെല്ലാം കുറഞ്ഞുവരുന്നതുകൊണ്ട് തന്നെ വെള്ളം ശേഖരിച്ചുവെക്കാനുള്ള സ്ഥലമില്ല. അതാണ് ഒരു പ്രധാന പ്രശ്നം.

ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി

നാം മുമ്പ് നേരിട്ടുകൊണ്ടിരുന്ന പ്രധാന വെല്ലുവിളി താഴ്ന്ന സ്ഥലങ്ങളിലെ വെള്ളക്കെട്ടും വെള്ളപ്പൊക്കവുമായിരുന്നു. എന്നാലിപ്പോള്‍ ഓരോ മഴക്കാലത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയോരങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കുകയാണ്. കേരളത്തിന്റെ മലയോരപ്രദേശങ്ങള്‍ സുരക്ഷിതമല്ലാതെയായി മാറുകയാണോ?

നമ്മുടെ മലയോരപ്രദേശത്ത് ക്വാറികള്‍ വളരെ അഭൂതപൂര്‍വമായി വര്‍ധിച്ചിരിക്കുന്നു. അനധികൃത ക്വാറികള്‍ ഒരുപാടുണ്ട് നമ്മുടെ സംസ്ഥാനത്ത്. ആറായിരത്തോളം ക്വാറികള്‍ അനധികൃതമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ പഠനത്തില്‍ പറയുന്നത്. പാറ എന്നത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്താലാണ് ഉണ്ടായി വരുന്നത്. നമ്മുടെ ജീവിതകാലത്തിലോ, നമ്മുടെ അനന്തര തലമുറയുടെ കാലത്തോ ഒന്നും പാറ ഉണ്ടാകുന്നില്ല. അതിനാല്‍ തന്നെ അത് എടുത്തു തീര്‍ത്താല്‍ തീര്‍ന്നുപോകും. അവിടെ പിന്നെ ശൂന്യതയാണ്.

നമ്മുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തണം. ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണം എന്നേ ഞാന്‍ പറയുകയൂള്ളൂ. വികസന പ്രവര്‍ത്തനങ്ങള്‍ വളരെ അത്യാവശ്യമുള്ളത് നടത്തണം. മനുഷ്യന് താമസിക്കാന്‍ പാര്‍പ്പിടം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കണം. അതിന് മുന്‍ഗണന നല്‍കണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുനയം ആവശ്യമാണ്. ഒരു വീടുള്ളവര്‍ക്ക് രണ്ടും മൂന്നും വീട് പണിയാന്‍ അനുമതി നല്‍കരുതെന്നാണ് എന്റെ അഭിപ്രായം. മലകളെല്ലാം ഇടിച്ചുനിരത്തുന്നതും പാറപൊട്ടിക്കുന്നതും വീട് വെയ്ക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. അതിന് ഒരു നിയന്ത്രണം വരുത്തിയില്ലെങ്കില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ക്കഥയായി വന്നുകൊണ്ടിരിക്കും.

ഇക്കാര്യങ്ങളിലെല്ലാം നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത്?

മലയോര മേഖലയില്‍ തന്നെ മണ്ണും വെള്ളവും പിടിച്ചുനിര്‍ത്താന്‍ സാധിക്കണം. അതിന് മരങ്ങള്‍ തീര്‍ച്ചയായും വേണം. എല്ലാ സ്ഥലങ്ങളില്‍നിന്നും മരങ്ങള്‍ വെട്ടിമുറിച്ച് മാറ്റപ്പെടുകയാണ്. സാധാരണ നിലയില്‍ ഇലപൊഴിയും വിഭാഗത്തിലെ മരങ്ങള്‍, നിത്യഹരിത വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ ഇവയൊക്കെ 1500 ലിറ്ററോളം വെള്ളം അതിന്റെ വേരുകള്‍ക്കിടയില്‍ ശേഖരിച്ചുവെയ്ക്കുമെന്നാണ് പറയപ്പെടുന്നത്. വികസനത്തിന്റെ ഭാഗമായി ആദ്യം മുറിച്ചുമാറ്റുന്നത് മരങ്ങളാണ്. അതോടെ അത്രയും വെള്ളം മണ്ണിലേയ്ക്ക് ഒഴുകി ഇറങ്ങാനാകാതെ വരുകയാണ്. അതിന് മാറ്റം വരണം. നമ്മുടെ വികസന മാതൃകകളിലെല്ലാം കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പ്രതിഫലിക്കണം. അത് ചെയ്തില്ലെങ്കില്‍ ഈ രീതിയിലുള്ള പ്രശ്നങ്ങള്‍ വരും.

മലയോര മേഖലകളിലുള്ള ഏകവിള കൃഷികള്‍, റബ്ബര്‍ പോലെയുള്ളവ മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ സഹായകരമല്ല. അവിടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയാണ് റബ്ബര്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. റബ്ബര്‍ കൃഷി ചെയ്യേണ്ടതില്ല എന്നല്ല. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ പയര്‍ ചെടികള്‍ പോലെ മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള ഇടവിളകള്‍ കൃഷി ചെയ്താല്‍ കുറച്ചുകൂടി കാര്യങ്ങള്‍ ഭേദപ്പെടും. ഒപ്പം ഇനിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങളെ ലഘൂകരിക്കുന്ന തരത്തിലായിരിക്കണം രൂപകല്പനയും നിര്‍മാണവും. അത് വളരെ നിര്‍ബന്ധമായി നമ്മള്‍ ചെയ്‌തേതീരൂ.

ഒരു പ്രദേശം ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞാല്‍ ആ പ്രദേശത്ത് അധികമുള്ള വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമൊരുക്കിയാല്‍ മണ്ണിടിച്ചിലിന് സാധ്യതകള്‍ കുറയും. വെള്ളം ഒലിച്ചുപോയാല്‍ മണ്ണ് ഇടിഞ്ഞ് വരുന്നത് നമുക്ക് ഒഴിവാക്കാം. പാറയില്‍ വിള്ളലുകളോ പൊട്ടലോ ഉണ്ടെങ്കില്‍, സിമിന്റ്-കോണ്‍ക്രീറ്റ് മിശ്രിതം ഇന്‍ജക്റ്റ് ചെയ്ത് പാറ സുരക്ഷിതമാക്കുക എന്നതാണ് ഒരു എന്‍ജിനീയറിങ് രീതി. ഗ്രൗട്ടിങ് എന്നതാണ് അതിന്റെ പേര്. ഒരു നിവര്‍ത്തിയുമില്ലെങ്കില്‍ മാത്രമേ ഇത്തരത്തില്‍ പ്രകൃതിയുടെ മേലുള്ള ഇടപെടലുകള്‍ ആവശ്യമുള്ളൂ. സ്വാഭാവികമായ ഡ്രെയിനേജ് പുനസ്ഥാപിക്കുക, നീര്‍ച്ചാലുകള്‍ അടഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതിനെ തുറന്നുകൊടുക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

കൊച്ചി നഗരത്തിലെ തന്നെ കാര്യം നോക്കൂ. സ്വാഭാവിക നീര്‍ച്ചാലുകള്‍ അടച്ചാണ് അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു തോടുണ്ടെങ്കില്‍ അത് മണ്ണിട്ട് മൂടും. അതോടെ അത് അവസാനിച്ചു എന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷേ, ഭൂമിയുടെ കിടപ്പ് അനുസരിച്ചാണ് നദി നീര്‍ച്ചാലുകളായും കൈ തോടുകളായുമൊക്കെ ഒഴുകുന്നത്. അത് അടച്ചുകളയുമ്പോള്‍ വെള്ളം ആ പ്രദേശത്ത് ശേഖരിക്കപ്പെടുകയാണ്. അതൊരു അസ്വഭാവികമായ മര്‍ദ്ദം ഭൂമിയിലുണ്ടാക്കും. മലയോരപ്രദേശങ്ങളിലാണെങ്കില്‍ അത് ഉരുള്‍പൊട്ടലായി മാറും. സമതലപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമായി അതവശേഷിക്കും. സ്വാഭാവിക നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കണം. അല്ലെങ്കില്‍ അതിനൊരു വഴിയുണ്ടാക്കിക്കൊടുക്കണം. അതുണ്ടായില്ലെങ്കില്‍ ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

കുടയത്തൂർ ഉരുൾപൊട്ടിയപ്രദേശം | ഫോട്ടോ: രാഹുൽ ജി.ആർ

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ എന്താണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അടിയന്തിരമായി ചെയ്യാന്‍ സാധിക്കുന്നത്?

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് 2010-ല്‍ കേരളത്തിലെ അന്നുണ്ടായിരുന്ന ദുരന്തങ്ങളെ മാപ്പ് ചെയ്ത് വലിയ സ്‌കെയിലില്‍ ഒരു പഠനം നടത്തിയിരുന്നു. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബലമാണെന്ന് 2016-ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും അവിടെ നമ്മള്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്ന ചോദ്യമുണ്ട്. 2016-ന് ശേഷം വര്‍ഷം ആറ് കഴിഞ്ഞു, അവിടെ എന്ത് ഇടപെടലാണ് ഉണ്ടായത്? വലിയ സ്‌കെയിലിലല്ല, വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷ്മ തലത്തിലുള്ള ദുരന്തസാധ്യതാ മാപ്പുകള്‍ തയ്യാറാക്കുകയാണ് ഇനി ഇക്കാര്യത്തില്‍ വേണ്ടത്. എങ്കില്‍ മാത്രമേ ഒരു ആക്ഷന്‍ പ്ലാനിലേക്ക് പോകാന്‍ നമുക്ക് സാധിക്കൂ. ഇതാണ് ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. ഒന്നുങ്കില്‍ ശാസ്ത്രസമൂഹം ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇത് ബോധ്യപ്പെട്ട് ശാസ്ത്രസമൂഹത്തിനോട് അങ്ങോട്ട് ആവശ്യപ്പെടണം.

സര്‍വകലാശാലകളും ജിയോളജി വകുപ്പും ശാസ്ത്രസ്ഥാപനങ്ങളുമെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അവരുടെ ഒരു യോഗം വിളിച്ചുകൂട്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിര്‍ദേശം കൊടുക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഏകീകൃത സ്‌കെയിലില്‍ പഠനം നടത്തണം. വ്യത്യസ്ത സ്‌കെയിലിലായാല്‍ നമുക്കൊരിക്കലും ഇത് സംയോജിപ്പിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലകളെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകാം. അപ്പോള്‍ ഒരു ആക്ഷന്‍ പ്ലാനിലേക്ക് പോകണമെങ്കില്‍ ഒരു ഏകീകൃത സ്‌കെയിലില്‍ പഠനം നടത്തേണ്ടതുണ്ട്.

2010-ലെ സാഹചര്യം അടിസ്ഥാനമാക്കി പഠനം നടത്തിയ മാപ്പുകളാണ് 2016-ലെ ദുരന്തനിവാരണ ആക്ഷന്‍ പ്ലാനില്‍ ചേര്‍ത്തിട്ടുള്ളത്. അതിന് ശേഷം അത് പരിഷ്‌കരിച്ചിട്ടില്ല. പിന്നീടുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ മാപ്പില്‍ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ പഠനം ഓരോ പ്രദേശത്തും നടത്തിയിട്ടില്ല. ആദ്യം ഇത്തരത്തിലുള്ള മാപ്പുകള്‍ തയ്യാറാക്കണം. അതിനുശേഷം കേരളമൊട്ടാകെ ഏറ്റവും ദുരന്ത സാധ്യയുള്ള പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ എന്തുതരം ആക്ഷന്‍ പ്ലാനാണ് വേണ്ടതെന്ന് ശാസ്ത്രസമൂഹവുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം.

ഉരുള്‍ പൊട്ടലുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇത് തടയാനും അതിന്റെ ആഘാതങ്ങള്‍ കുറയ്ക്കാനാമായി നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?

എന്ജിനീയറിങ് രീതികളും നോണ്‍ എന്‍ജിനീയറിങ് രീതികളുമുണ്ട് ഇതിന്. നേരത്തെ സൂചിപ്പിച്ചത് പോലെ സിമിന്റ്- കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് പാറകളിലെ വിള്ളലുകള്‍ അടയ്ക്കുന്ന ഗ്രൗട്ടിങ് ഒരു രീതിയാണ്. അതുപക്ഷ, ഓരോ സ്ഥലത്തും പഠനം നടത്തിയ ശേഷം മാത്രമേ നമുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രണ്ടാമത്തേത് റീട്ടേയ്നിങ് വാളുകള്‍ നിര്‍മിക്കുക എന്നതാണ്. ഏറ്റവും ദുര്‍ബലമായ സ്ഥലങ്ങളില്‍ മതിലുകള്‍ പോലുള്ള നിര്‍മിതികള്‍ ഉണ്ടാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. അതോടെ മുകളില്‍ നിന്ന് ഒഴുകി വരുന്നവ അവിടെ തടഞ്ഞുനിര്‍ത്തും. മറ്റൊന്ന് ഡ്രെയിനേജ് സംവിധാനം ഒരുക്കിക്കൊടുക്കുക എന്നതാണ്. മലയില്‍ ശേഖരിക്കുന്ന അധികവെള്ളം ഒഴുകിപ്പോകുന്ന രീതിയില്‍ ഡ്രെയിനേജ് പുതിയതായി ഉണ്ടാക്കിക്കൊടുക്കുക. അല്ലെങ്കില്‍ സ്വാഭാവികമായി ഉള്ളത് അടഞ്ഞുപോയിട്ടുണ്ടെങ്കില്‍ അത് തുറന്നുകൊടുക്കാം.

നമുക്ക് ചുറ്റുമുള്ള ഓരോ കുന്നിനും ഒരു സഹനശേഷിയുണ്ട്. ഒരുഘട്ടംവരെ അത് താങ്ങും. അതുകഴിഞ്ഞാല്‍ അത് സാധിക്കില്ല. മലയുടെ പുറത്ത് ഒരുപാട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മലയ്ക്ക് അതു താങ്ങാനാകാതെ ഉരുള്‍ പൊട്ടാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട്. ഓരോ മലയുടേയും സഹനശേഷി മനസിലാക്കി, അതിനനുസരിച്ച് മാത്രമേ അവിടെ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ. ചരിവുകള്‍ക്ക് ഹരിത ആവരണം കൊടുക്കുക എന്നതാണ് മറ്റൊരു കാര്യം. ചെറിയ മണ്ണിടിച്ചിലിനെ തടയാന്‍ രാമച്ചം വെച്ചുപിടിപ്പിക്കുന്നത് സഹായിക്കും. ചില സ്ഥലത്ത് കയര്‍ ഭൂവസ്ത്രം വിരിച്ച് ചെരിവുകളെ സംരക്ഷിക്കാനാകും. ചെരിവുകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കല്‍ മാത്രമല്ല നമ്മള്‍ ചെയ്യേണ്ടത് ആ ചെരിവിനെ പുനരധിവാസ യോഗ്യമാക്കാന്‍ പറ്റുമോ എന്നുള്ള പഠനം ആദ്യം നടത്തണം.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളെ തിരിച്ചറിയുന്നതിനൊപ്പം തന്നെ പ്രധാനമല്ലേ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കുന്നതും ?

ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂര്‍ ദുരന്തസാധ്യതയുള്ള പ്രദേശമാണെന്ന് 2016-ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ തന്നെ പറഞ്ഞുവെയ്ക്കുന്നുണ്ട്. എന്നിട്ട് നമ്മള്‍ ഇതില്‍ ഏതെങ്കിലും ഒരു രീതി ചെയ്തിരുന്നുവോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ട് കാര്യമില്ല. ഒന്നാമത് ഇതെല്ലാം ഇംഗ്ലീഷിലാണ് എഴുതിവെച്ചിരിക്കുന്നത്. ഇത് പ്രാദേശിക ഭാഷയിലേക്ക് മാറ്റി എഴുതണം. ആളുകള്‍ക്ക് ബോധവത്കരണം കൊടുക്കണം. ഒരു ദുരന്തനിവാരണ സെന്റര്‍ ഉണ്ടായിരുന്നത് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ബോധവത്കരണത്തിന്റേയും പരിശീലനത്തിന്റേയും പ്രാധാന്യം മനസിലാക്കണം. താമസിക്കുന്ന സ്ഥലം ദുരന്തസാധ്യതയുള്ളതാണോ എന്ന് താമസിക്കുന്നവര്‍ക്ക് പോലും അറിയില്ല. അത് മാറണം.

2019-ല്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങള്‍ എത്രത്തോളം സജ്ജമാണ് ?

നമ്മള്‍ സജ്ജമാണ് എന്നു പറയാന്‍ സാധിക്കില്ല. ദുരന്തനിവാരണത്തില്‍ പരിശീലനത്തിന്റെ കുറവ് ചില മേഖലകളിലുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മണ്ണിന്റെ അടിയില്‍നിന്നും ആളുകളെ പുറത്തെടുക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം വേണം. ഇതില്‍ വിദഗ്ധ പരിശീലനത്തിന് അവസരം മറ്റു രാജ്യങ്ങളിലുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം പരിശീലനം കൊടുക്കന്നത് നാഗ്പുരാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ളൂ.

വാസ്തവത്തില്‍ ഒരുപാട് കഷ്ടപ്പെടുന്നവരാണ് നമ്മുടെ അഗ്നിരക്ഷാസേന അംഗങ്ങള്‍. അവരെ സജ്ജരാക്കിയാല്‍ തന്നെ വലിയ ഒരുപരിധി വരെ നമ്മുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. അവര്‍ക്ക് വേണ്ട പരിശീലവും അത്യാധുനിക യന്ത്രസംവിധാനങ്ങളും കൊടുക്കുക. അതാണ് ഏറ്റവും ആദ്യം വേണ്ടത്. നിലവില്‍ സംസ്ഥാന ദുരന്തനിവാരണ സേനയിലുള്ളത് പോലീസുകാരാണ്. പോലീസുകാര്‍ ദിവസേന ഇത്തരം അത്യാഹിത ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. മറിച്ച് അഗ്നിരക്ഷാ സേനയുടെ ജോലി തന്നെ ഇതാണ്. അവരാണ് സത്യത്തില്‍ ദുരന്തനിവാരണ സേനയാക്കാന്‍ പറ്റിയത്.

ഓരോ വട്ടം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ദേശീയ ദുരന്ത നിവാരണ സേനയെയാണ് ആശ്രയിക്കുന്നത്. ഇക്കാര്യത്തില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശ്യമല്ലേ ?

ദേശീയ ദുരന്തനിവാരണ സേനയ്ക്ക് കേരളത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ട്. ഒരു നദിയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയാല്‍ എന്‍.ഡി.ആര്‍.എഫിന് ഇവിടുത്തെ ഭൂപ്രകൃതി പരിചയമുണ്ടോ? നദി എവിടെയാണ് മുമ്പുണ്ടായിരുന്നത്, എവിടെയാണ് ആഴം കൂടുതലുള്ളത്, എവിടെയാണ് വഴിയുണ്ടായിരുന്നത്? ഇതിൽ എന്തെങ്കിലും അറിയുമോ. എന്നാല്‍ ഇക്കാര്യങ്ങള്‍ തദ്ദേശവാസികള്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍ തന്നെ പരിശീലനം ലഭിച്ച തദ്ദേശവാസികളുടെ സേനയാണ് വേണ്ടത്. തദ്ദേശീയരെയാണ് പരിശീലനം നടത്തി സജ്ജരാക്കേണ്ടത്.

ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള ദുരന്തനിവാരണ മുന്നൊരുക്കം എന്നൊരു ആശയം തന്നെയുണ്ട് ഇക്കാര്യത്തില്‍. അതുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഇനി നിങ്ങള്‍ എന്തെല്ലാം ചെയ്താലും ജനങ്ങള്‍ സജ്ജരല്ലെങ്കില്‍ അവിടെ മരണം കൂടും. വസ്തുവകകളുടെ നാശനഷ്ടം കൂടും. ജനങ്ങള്‍ സജ്ജരാണെങ്കില്‍ ഇതെല്ലാം കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ പ്രാദേശിക തലത്തില്‍ ബോധവത്കരണം നടത്തി ഒരു സേനയെ തയ്യാറാക്കണം എന്നാണ് എന്റെ അഭിപ്രായം.

Content Highlights: Why landslides continue to wreak havoc in Kerala; talk with Dr.Thara K.G


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented