ചെറാട് കൂർമ്പാച്ചി മല | ഫോട്ടോ:അരുൺ കൃഷ്ണൻകുട്ടി
അടുത്തിടെ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രദേശമാണ് ചെറാട് കൂര്‍മ്പാച്ചി മല. ബാബു എന്ന 23 വയസ്സുകാരന് അനുമതിയില്ലാതെ ട്രക്കിങ് നടത്തി കുടുങ്ങിയ പാലക്കാടിന്റെ കൂര്‍മ്പാച്ചി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്ത്തിനാണ് അന്ന് പാലക്കാട് സാക്ഷ്യം വഹിച്ചത്. 45 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ബാബു ജീവിതത്തിലേക്ക് മടങ്ങി വന്നു. പുറമെ ആര്‍ക്കും പ്രവേശനാനുമതി നല്‍കാത്ത പ്രദേശമാണ് കൂര്‍മ്പാച്ചി മല. വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പരിധിയിലാണ് ചെറാട് കൂര്‍മ്പാച്ചി മല വരിക. സമീപമാണ് മലമ്പുഴ ഡാം. ഡാമിന് ചുറ്റുമുള്ളത് വലിയൊരു വന പ്രദേശം കൂടിയാണ്. പുലി, ആന പോലെയുള്ള വന്യമൃഗങ്ങളെ പ്രദേശത്ത് കാണാറുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് ഐഎഫ്എസ് അഭിപ്രായപ്പെട്ടു.

എന്തുകൊണ്ടാണ് കൂര്‍മ്പാച്ചി മലയില്‍ പൊതുജനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്ന് പ്രതികരിക്കുകയാണ് വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറും ബാബുവിന്റെ കേസില്‍ അന്വേഷണചുമതലയുമുള്ള ആഷിഖ് അലി.
കൂര്‍മ്പാച്ചി മല മാത്രമല്ല എല്ലാ വനപ്രദേശങ്ങളിലും സാധാരണയാളുകൾക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ആഷിഖ് അലി പറയുന്നു. പൊതുവെയുള്ള നിയമം തന്നെയാണിത്. എക്കോ ടൂറിസം, സുരക്ഷിതമായ ട്രക്കിങ് അനുവദിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. സുരക്ഷിതമായ ഇടങ്ങളില്‍ പോലും ഗൈഡിന്റെ സഹായത്തോടെയേ ട്രക്കിങ് അനുവദിക്കൂകയുള്ളൂ. പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ പാസ്സെടുത്തു പോകാവുന്ന 60 ഓളം ഇടങ്ങളുണ്ട്. ഇല്ലെങ്കില്‍ ഗവേഷണത്തിനോ മറ്റോ എത്തുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കൂര്‍മ്പാച്ചി മലയില്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടത് പാലക്കാട് ഡിഎഫ്ഒയാണ്.

പുലി | ഫോട്ടോ: അസീസ് മാഹി
കരടി പോലെയുള്ള വന്യമൃഗങ്ങള്‍ പ്രദേശത്തുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ആനയെയാണെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലമുകളില്‍ ഇവയുടെ സാന്നിധ്യമില്ല. മലയുടെ അടിവാരത്തുള്ള മര പ്രദേശങ്ങളാണ് വാസസ്ഥലം. ഇതാണ് ബാബുവിന് രക്ഷയായത്. അല്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. എന്നാല്‍ അപൂര്‍വ ഇനത്തിലുള്ള സസ്യങ്ങള്‍ പ്രദേശത്ത് കാണാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇത് വ്യക്തമാകൂ. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നത് കൊണ്ടാണ് കൂര്മ്പാച്ചിയില് പ്രവേശനം നിരോധിച്ചിരിക്കുന്നത്. എന്നാല്‍ പുതിയതായി കണ്ടെത്തുന്ന വനപ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്കേണ്ടെന്നതാണ് വനം വകുപ്പിന്റെ തീരുമാനം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണിത്.
ഇതിന് മുമ്പും പ്രവേശനാനുമതിയില്ലാതെ കൂര്‍മ്പാച്ചി മല കയറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കാന് വാച്ചര്‍മാരെ തികയാത്തതായിരുന്നു ഇതുവരെയുണ്ടായ പ്രശ്നം. എന്നാല്‍ ബാബുവിന്റെ സംഭവത്തിന് ശേഷം കൂര്മ്പാച്ചിയില് വാച്ചര്‍മാരെ അനുവദിച്ചിട്ടുണ്ടെന്നും ആഷിഖ് പ്രതികരിച്ചു. ബാബുവിന്റെ സംഭവം കേട്ടറിഞ്ഞ് ആളുകള്‍ വരാന്‍ സാധ്യതയുള്ളതിനാലാണിത്. അതിക്രമിച്ചു കയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രദേശവാസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചിലയിടത്ത് പ്രവേശന നിരോധനം അറിയാതെ ആളുകള്‍ കയറാറുണ്ട്. അത്തരം സംഭവങ്ങള്‍ കേസ് ആക്കാറില്ല. എന്നാല്‍ വനപ്രദേശത്ത് എന്തെങ്കിലും നാശം വരുത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അഞ്ച് കേസുകള്‍ ഇത്തരത്തില്‍ മറ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിയത്.

സിനിമയ്ക്കും മറ്റും ഷൂട്ടിങിന് അനുമതി കൂര്മ്പാച്ചിയില് നല്‍കാറുണ്ട്. യോദ്ധ എന്ന സിനിമയുടെ ചിത്രീകരണം ഇവിടെയായിരുന്നു. എന്നാല്‍ ഷൂട്ടിങ് സംഘത്തിന്റെ കൈയില്‍ നിന്നു സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയ ശേഷമേ ചിത്രീകരണം അനുവദിക്കാറുള്ളൂ. ഔട്ടര്‍ ഏരിയയാണ് ഷൂട്ടിങിന് നല്‍കുക. എന്തെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ അതിനുള്ള തുക ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കാറാണ് പതിവ്. ആയിരം അടിയിലെറ ഉയരമുള്ളതാണ് കൂര്‍മ്പാച്ചി മല. അപകടകരമായ മലഞ്ചെരുവും പ്രവേശനം നിഷേധിക്കാനുള്ള കാരണങ്ങളാണ്. തിരികെ ഇറങ്ങാന്‍ സാധാരണ ഉപയോഗിക്കാറുളള വഴി ബാബു ഒഴിവാക്കിയതാകാം മലയിടുക്കിലേക്ക് ചെന്ന് വീഴാനുള്ള കാരണമെന്നാണ് നിഗമനം. ബാബുവിന്റെ സ്റ്റേറ്റ്മെന്റ് തിങ്ക്ളാഴ്ചയോടെ എടുത്ത ശേഷമായിരിക്കും തുടര്‍നടപടിയെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.
Content Highlights: why entry restricted in cherad koormbachi mountain in malampuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..