പ്രതീകാത്മക ചിത്രം
മരങ്ങള്‍ മുറിച്ചു മാറ്റുന്നതൊഴിവാക്കാന്‍ എന്തുകൊണ്ട് റോഡുകള്‍ വളവും തിരിവുമുള്ളതാക്കിക്കൂടാ എന്ന് സുപ്രീംകോടതി. 2020 ഡിസംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് ഈ ചോദ്യമുന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ ഒരു റോഡ് വികസനത്തിനായി ഒട്ടേറെ മരങ്ങള്‍ മുറിക്കേണ്ട വിഷയം പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്. ആയുഷ്‌കാലത്ത് ലഭ്യമാക്കുന്ന ഓക്‌സിജന്റെ മൂല്യം കണക്കിലെടുത്തുവേണം വൃക്ഷങ്ങളുടെ വില കണക്കാക്കേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.
നേരത്തേ കര്‍ണാടകത്തിലും ഒരു റോഡ് വികസനത്തിനായി നാലായിരത്തില്‍പ്പരം വൃക്ഷങ്ങള്‍ മുറിക്കുന്ന വിഷയം പരിഗണിച്ച അവിടത്തെ ഹൈക്കോടതി, ഇത്രയും മരങ്ങള്‍ മുറിക്കാതെയുള്ള സാധ്യതകള്‍ തേടാന്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചിരുന്നു.വികസനപദ്ധതികളുടെ പേരില്‍ വനങ്ങളും മരങ്ങളും ഇപ്പോഴും വലിയതോതില്‍ മുറിച്ചു മാറ്റുകയാണ്.
കേരളത്തില്‍ അടിസ്ഥാനസൗകര്യവികസനത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് മരങ്ങളാണ് ഇപ്പോള്‍ മുറിച്ചുകൊണ്ടിരിക്കുന്നത്. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേളാരിയില്‍നിന്നുള്ള ഒരു ദുഃഖചിത്രം 2022 ഏപ്രില്‍ 13-ലെ മാതൃഭൂമിയില്‍ കൊടുത്തിട്ടുണ്ട്. അതിലെ ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു:
'വികസനം പുതുവഴി തുറക്കുന്ന ചേളാരിയില്‍ സങ്കടക്കാഴ്ചകളായിരുന്നു ഇന്നലെ മുഴുവന്‍. മുറിഞ്ഞുവീണ ചില്ലകളിലെ കൂടുകളിലൊന്നില്‍ വാവിട്ടുകരയുന്ന കാക്കക്കുഞ്ഞുങ്ങളായിരുന്നു പകല്‍. രാവിലെ അന്നംതേടി പറന്നുപോയവര്‍ തിരിച്ചെത്തിയപ്പോള്‍ മരവും കൂടും ഇല്ലാത്തതിന്റെ സങ്കടമായിരുന്നു വൈകീട്ട്.'
.jpg?$p=f4a7edc&&q=0.8)
വികസനം ഭൗമപരിധിക്കുള്ളില്‍
കൊല്ലം ജില്ലയില്‍ ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലായിരത്തില്‍പ്പരം മരങ്ങളാണ് മുറിക്കുന്നത്. വടകരയില്‍ അഴിയൂര്‍-വെങ്ങളം സ്ട്രെച്ചില്‍ മുറിക്കുന്നത് 2660 മരങ്ങളാണ്. മുണ്ടൂര്‍-തൂത നാലുവരിപ്പാതയ്ക്കായി 2407 മരങ്ങള്‍ മുറിച്ചുമാറ്റുന്നു. പട്ടിക ഇനിയും നീളും. 2018-ലെ പ്രളയം ഉള്‍പ്പെടെ തുടര്‍ച്ചയായ മഴക്കാല ദുരന്തങ്ങളായി കാലാവസ്ഥാപ്രതിസന്ധി പെയ്തിറങ്ങുന്ന കേരളത്തിന് ഇത് താങ്ങാനാകില്ല.
അടിസ്ഥാനസൗകര്യവികസനവും കെട്ടിടനിര്‍മാണവുമെല്ലാം പൂര്‍ണമായും ഒഴിവാക്കാനാകില്ല. എന്നാല്‍, അവ പരിസ്ഥിതിനാശം ഇല്ലാതെയാണ് നടപ്പാക്കുന്നത് എന്ന് ഉറപ്പുവരുത്താനാകണം. ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും പാരിസ്ഥിതികപാദമുദ്ര വിലയിരുത്തി പ്രതികൂലമല്ലെന്ന് ഉറപ്പുവരുത്താനാകണം. വിഭവവിനിയോഗത്തില്‍ ഏറ്റവും ഉയര്‍ന്ന സൂക്ഷ്മത ഉറപ്പുവരുത്തണം. നിലവിലുള്ള വൃക്ഷങ്ങള്‍ പരമാവധി സംരക്ഷിക്കുന്നതും പുതിയ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതും സംസ്‌കാരത്തിന്റെ ഭാഗമാകണം.

മറ്റു സാധ്യതകള്‍
റോഡ് നിര്‍മാണത്തിന്റെ പേരിലാണല്ലോ ഇപ്പോള്‍ വ്യാപകമായി മരം മുറിക്കുന്നത്. ഇത് നിയന്ത്രിക്കാനുള്ള ചില സാധ്യതകളും അനുഭവപാഠങ്ങളും പരിശോധിക്കാം. മലനാടും ഇടനാടും തീരദേശവും ഒരുപോലെ കടുത്ത പാരിസ്ഥിതികവെല്ലുവിളികള്‍ നേരിടുമ്പോള്‍ കേരളം നിലനില്‍പ്പിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. നിലവില്‍ അവശേഷിക്കുന്ന ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം നഷ്ടമായവയില്‍ സാധ്യമായ ആവാസവ്യവസ്ഥകള്‍ പുനര്‍സൃഷ്ടിക്കുകയും കാലാവസ്ഥാദുരന്തസാധ്യതകള്‍ പരമാവധി ലഘൂകരിക്കുകയും ചെയ്യുന്നവിധത്തില്‍ നാടിന്റെ പുരോഗതിയുടെ ദിശ പുനര്‍നിര്‍ണയിക്കണം. അതിന്റെ ഭാഗമായി നമുക്ക് സമഗ്രമായ ഗതാഗതനയവും കര്‍മപദ്ധതികളും വേണം. അങ്ങനെയുള്ള ഗതാഗത ആസൂത്രണത്തില്‍ തീര്‍ച്ചയായും നമ്മുടെ എല്ലാ റോഡുകളും നാലുവരിയും ആറുവരിയുമായി വികസിപ്പിക്കേണ്ടിവരില്ല. (സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ക്കും അവിടെ അടിസ്ഥാനമുണ്ടാകില്ല. പ്രതിപാദ്യവിഷയത്തിനു പുറത്തായതിനാല്‍ വിശദാംശങ്ങള്‍ ഒഴിവാക്കുന്നു.)
.png?$p=3d9a4eb&&q=0.8)
അനിവാര്യമായ റോഡുകള്‍മാത്രം, അതും ആവശ്യമായ വീതിയില്‍മാത്രം നിര്‍മിക്കുന്നതിലൂടെ ആയിരക്കണക്കിനു മരങ്ങളുടെ മരണം ഒഴിവാക്കാനാകും. വൃക്ഷങ്ങളെ നിലനിര്‍ത്തിക്കൊണ്ട് റോഡ് വികസനം സാധ്യമാകുന്ന ഇടങ്ങളില്‍ അതിനനുസൃതമായിവേണം അലൈന്‍മെന്റ് തയ്യാറാക്കാന്‍. നേരത്തേ പാതയോരത്ത് വൃക്ഷങ്ങള്‍ വെച്ചിട്ടുള്ള ഇടങ്ങളില്‍ അവയ്ക്കിരുവശത്തുമായി പുതിയറോഡ് വികസിപ്പിക്കാനാകും.
ഒഴിവാക്കിയേതീരൂ എന്നുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുപകരം വേരോടെ പിഴുത് മറ്റിടങ്ങളിലേക്ക് മാറ്റി നടാന്‍ ഇന്ന് സാധ്യമാണ്, അത്തരം അനുഭവങ്ങള്‍ പലയിടത്തുമുണ്ട്. കോയമ്പത്തൂര്‍ ഉക്കടത്ത് ഈയിടെ മേല്‍പ്പാലം പണിയാനായി 50വര്‍ഷത്തിലേറെ പഴക്കമുള്ള ആറുമരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിശ്ചയിച്ചു. ഇതിനിടയില്‍ 'ഓസൈ' എന്ന പരിസ്ഥിതിസംഘടന മരങ്ങള്‍ മാറ്റിനടാമെന്ന നിര്‍ദേശവുമായി മുന്നോട്ടുവന്നു. അധികൃതരുടെ സഹകരണത്തോടെ വലിയ ക്രെയിന്‍ ഉപയോഗിച്ച് ഇവ വേരോടെ പിഴുത് മറ്റൊരിടത്ത് നടുവാനാണ് പദ്ധതി. കണ്ണൂരില്‍ 'പിലാത്തറ.കോം' എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദേശീയപാതയോരത്തെ ആല്‍മരം പിഴുത് മറ്റൊരിടത്ത് നട്ടു. ജപ്പാനില്‍ റോഡ് നിര്‍മാണത്തിനായി ഒരുമരം വേരോടെ പിഴുത് വേരുകളെല്ലാം കയറിനാല്‍ ബന്ധിച്ച് മറ്റൊരിടത്തേക്ക് മാറ്റുന്ന ചിത്രം ഈയടുത്തദിവസം സമൂഹമാധ്യമത്തില്‍ കാണുകയുണ്ടായി. മരങ്ങള്‍ മാറ്റി നടുന്നത് ചെലവേറിയതാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവരോട് ആ മരം നല്‍കുന്ന സേവനത്തിന്റെ മൂല്യത്തിന്റെ ചെറിയൊരംശം മാത്രമേ ചെലവുവരൂ എന്നുപറയാന്‍ നമുക്കിന്നാകും.

വൃക്ഷസംരക്ഷണവും വൃക്ഷവത്കരണവും പ്രോത്സാഹിപ്പിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടക്കണം. സുപ്രീംകോടതി സൂചിപ്പിച്ചവിധം മരത്തിന്റെ വില കണക്കാക്കുന്നത് അത് നല്‍കുന്ന പാരിസ്ഥിതികസേവനങ്ങളുടെ മൂല്യം കണക്കിലെടുത്താകണം എന്ന വ്യവസ്ഥ നിയമത്തില്‍ ഉണ്ടാകണം. പൊതുഇടങ്ങളിലും സ്വകാര്യഇടങ്ങളിലും വൃക്ഷസംരക്ഷണത്തിന് പ്രോത്സാഹനവും അനിവാര്യമായ സാഹചര്യങ്ങളിലൊഴികെ മരങ്ങള്‍ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകള്‍ ഇതിന്റെ ഭാഗമാകണം. മുറിച്ചുമാറ്റുന്നവയ്ക്കുപകരം കൂടുതല്‍ മരം െവച്ചുപിടിപ്പിക്കുമെന്നവാദത്തെക്കുറിച്ചുകൂടി പരാമര്‍ശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പഴക്കമുള്ള മരങ്ങളാണ് പലപ്പോഴും മുറിച്ചുമാറ്റുന്നത്. പകരം നമ്മള്‍ നടുന്നത്, മരങ്ങളല്ല തൈകളാണ് എന്നോര്‍ക്കണം. ഇവ മുറിച്ചുമാറ്റുന്ന മരത്തിനു തുല്യമായ സേവനങ്ങള്‍ നല്‍കാന്‍ ഏറെക്കാലം കാത്തിരിക്കണം. കാസര്‍കോട് ജില്ലയില്‍ പടന്നക്കാട് കാര്‍ഷികകോളേജിന്റെ ഭാഗമായ ഫാമില്‍നിന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള 90 മാവുകളാണ് നഷ്ടപ്പെടുന്നത്. സ്റ്റോണ്‍ഗ്രാഫ്റ്റിങ്ങിലൂടെ ഇവയുടെ തൈകള്‍ നട്ടുവളര്‍ത്തിയ നടപടി സ്വാഗതാര്‍ഹമാണ്. (മാതൃഭൂമി ഇ-പേപ്പര്‍ 2022 ജനുവരി 25) എന്നാല്‍, ഈ തൈകള്‍ വളര്‍ന്ന് പന്തലിച്ച് വരുന്നതുവരെ മുറിച്ച മരങ്ങള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ ആര് നല്‍കും? ഇന്ന് നിയന്ത്രിക്കേണ്ട താപവര്‍ധനയെ, ഇന്ന് ആഗിരണം ചെയ്യേണ്ട കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പതിറ്റാണ്ടുകള്‍കൊണ്ടുമാത്രം വളരുന്ന മരത്തൈകള്‍കൊണ്ട് പകരംവെക്കാനാകില്ല എന്നോര്‍ക്കണം.
(റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറാണ് ലേഖകൻ)
Content Highlights: translocation of trees rather than cutting


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..