ഫോട്ടോ: രാമനാഥ് പൈ
പൊതുവെ വ്യത്തിയുള്ള ജീവികളായിട്ടാണല്ലോ കാക്കളെ കണക്കാക്കപ്പെടുന്നത്. ഈ മനോഭാവം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വീഡിഷ് നഗരത്തിലെ തെരുവുകളില്‍ വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നത് കാക്കകളാണ്. കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാക്കകളെ ഉപയോഗിക്കുന്നത്. ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്.
ശേഖരിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി ഭക്ഷണം കാക്കകള്‍ക്ക് നല്‍കും. സ്റ്റോക്ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്പന ചെയ്ത ബെസ്പോക്ക് മെഷീനിലാണ് കുറ്റികള്‍ കാക്കക്കൂട്ടങ്ങള്‍ നിക്ഷേപിക്കുക. ഓരോ വര്‍ഷവും സ്വീഡനിലെ തെരുവുകളില്‍ 100 കോടിയോളം (1 ബില്ല്യണ്‍) സിഗരറ്റ് കുറ്റികളാണ് ഉപയോഗ ശേഷം വലിച്ചെറിയപ്പെടുന്നത്. ഇത് എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനം വരും.
ബുദ്ധിശാലികളായ പക്ഷികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കോര്‍വിഡ് ക്ലീനിങ്ങിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്സെന് പറയുന്നു.
"അവയെ ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുക അസാധ്യമല്ല. അവ പരസ്പരം ആശയങ്ങളും മറ്റും കൈമാറ്റം ചെയ്യുന്നു. മറ്റൊന്നില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കുന്നു. അബദ്ധവശാല്‍ പോലും എന്തെങ്കിലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യതയും നന്നേ കുറവാണ്", ക്രിസ്റ്റ്യന്‍ പ്രതികരിച്ചു. തെരുവ് മാലിന്യങ്ങള്‍ക്കെതിരേ പൊരുതുന്ന ആയുധമായിട്ടാണ് കാക്കളെ സ്വീഡന് ഉപയോഗിക്കുന്നത്.
മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണ് കാക്കകളെ ഉപയോഗിക്കുമ്പോള്‍. ഓരോ കാക്കയും എത്രത്തോളം സിഗരറ്റ് കുറ്റികള്‍ വലിച്ചെടുക്കുന്നുവോ അത്രത്തോളം ലാഭവുമാണ് നഗരസഭയ്ക്ക്. മറ്റ് സാഹചര്യങ്ങളില്‍ കാക്കകളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടമായി വിലയിരുത്തപ്പെടും. കാക്കകളെ സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുവാന്‍ പഠിപ്പിക്കാം, എന്നാല്‍ മനുഷ്യരെ അവ തെരുവുകളില്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പഠിപ്പിക്കുവാന്‍ സാധിക്കുമോയെന്നും ക്രിസ്റ്റ്യന്‍ ചോദിക്കുന്നു.
പേരിലുള്ളതുപോലെ ഫ്രഞ്ച് ടെറിറ്ററിയായ ന്യൂ കാലിഡോണിയയാണ് സ്വദേശം. ശബ്ദത്തിലെ പ്രത്യേകത കൊണ്ട് ക്വാ ക്വാ എന്നും പേരുണ്ട്. ഇരതേടാന്‍ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ചും ലോഹവയറുകള്‍ വളച്ചും ഇക്കൂട്ടര്‍ ചെറു ആയുധങ്ങളുണ്ടാക്കാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..