ഈജിപ്തിൽ നിന്ന്‌ ഉയരുന്നത് നിരാശയുടെ ചുടുകാറ്റ്


കെ. സഹദേവൻ

ജോ ബൈഡൻ, ഋഷി സുനക്, എമ്മാനുവൽ മാക്രോൺ, ഒലാഫ് ഷോൾസ് തുടങ്ങിയ രാഷ്ട്രത്തലവന്മാരും നയതന്ത്ര-കൂടിയാലോചന വിദഗ്ധരും ശാസ്ത്രജ്ഞരും അടങ്ങുന്ന 45,000-ത്തോളം പ്രതിനിധികൾ പങ്കെടുത്ത കോപ് 27 ചർച്ചകൾ ലോകത്തിനുമുന്നിൽ വലിയ പ്രതീക്ഷകളൊന്നും മുന്നോട്ടുവെക്കുന്നില്ല

Photo-AP

"2022 നവംബർ 15, ആഗോള ജനസംഖ്യ 800 കോടിയിലേക്ക് കടന്നതായി ലോക ജനസംഖ്യാ ഘടികാരം ലോകത്തെ അറിയിച്ചു. ഭൗമതാപനില എന്നത്തെക്കാളും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഓരോ കുഞ്ഞും കാലാവസ്ഥാ പ്രതിസന്ധികളുടെ അനിശ്ചിതത്വത്തിലേക്കാണ് പിറന്നുവീഴുന്നതെന്നത് നിസ്തർക്കമായ കാര്യമാണ്. കാലാവസ്ഥാ ചർച്ചകൾക്കായി 196-ഓളം രാഷ്ട്രങ്ങൾ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഒരുമിച്ചുചേർന്നതും ഇതേസമയത്തുതന്നെ. കാലാവസ്ഥാ ഉച്ചകോടിയുടെ 27-ാമത്‌ സമ്മേളനമാണ് (കോപ് 27) നവംബര്‍ ആറുമുതൽ മുതൽ 18 വരെ നടന്നത്.

കഴിഞ്ഞവർഷം സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽനടന്ന ഉച്ചകോടി ഈജിപ്തിലെത്തിയപ്പോഴേക്കും താപനിലയിലെ ശരാശരി വർധന 1.5 ഡിഗ്രി സെൽഷ്യസിൽ താഴ്ത്തിനിർത്തണമെന്നത് കേവലം അഭിലാഷചിന്ത മാത്രമായിരിക്കും എന്നകാര്യം എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞിരുന്നു. നിലവിൽ ദേശരാഷ്ട്രങ്ങൾ യു.എൻ.എഫ്‌.സി.സി.സി. (United Nations Framework Convention on Climate Change)ക്കുമുമ്പാകെ സമർപ്പിച്ച ദേശീയ നിർണീത സംഭാവനകൾ (എൻ.ഡി.സി.) പൂർണമായി പാലിച്ചാൽത്തന്നെയും താപനിലയിലെ വർധന രണ്ടു ഡിഗ്രിയിൽ കുറയില്ലെന്ന കാര്യം പരക്കെ അംഗീകരിച്ചുകഴിഞ്ഞു. പതിവുപോലെ ദ്വീപ് രാഷ്ട്രങ്ങൾ രാഷ്ട്രീയ തീരുമാനങ്ങൾക്കായി മുറവിളികൂട്ടുകയും വികസിതരാഷ്ട്രങ്ങൾ സാമ്പത്തിക സൗജന്യങ്ങളിലേക്കും സാങ്കേതിക പരിഹാരങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധതിരിക്കുകയും ചെയ്തു.കോപ് 27 ലോകത്തിന് നൽകുന്നതെന്ത്

ജോ ബൈഡൻ, ഋഷി സുനക്, എമ്മാനുവൽ മാക്രോൺ, ഒലാഫ് ഷോൾസ് തുടങ്ങിയ രാഷ്ട്രത്തലവന്മാരും നയതന്ത്ര-കൂടിയാലോചന വിദഗ്ധരും ശാസ്ത്രജ്ഞരും അടങ്ങുന്ന 45,000-ത്തോളം പ്രതിനിധികൾ പങ്കെടുത്ത കോപ് 27 (COP 27) ചർച്ചകൾ ലോകത്തിനു മുന്നിൽ വലിയ പ്രതീക്ഷകളൊന്നും മുന്നോട്ടുവെക്കുന്നില്ലെങ്കിൽക്കൂടിയും ഒട്ടും അപ്രധാനമല്ലാത്ത ചില സംഭവങ്ങളും നടന്നു. ഏറ്റവും പ്രധാനം കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച വിഷയം ഔദ്യോഗിക അജൻഡയിൽ ഉൾപ്പെടുത്തുമെന്നതാണ്. കാലാവസ്ഥാ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതു സംബന്ധിച്ച ചർച്ചകൾ കാലാവസ്ഥാ ഉച്ചകോടിയുടെ ആരംഭംതൊട്ട് ഉന്നയിക്കപ്പെടുന്ന ഒന്നാണ്. വികസിതരാഷ്ട്രങ്ങൾ ഇതിനോട് പുറംതിരിഞ്ഞുനിന്നതിന്റെ പ്രധാനകാരണം നാശനഷ്ടങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന ആശങ്കയായിരുന്നു. നാശനഷ്ടങ്ങളെ സംബന്ധിച്ച ചർച്ചകൾ ഔദ്യോഗിക അജൻഡകളിലേക്ക് കടന്നുവരുന്നതോടെ ആഫ്രിക്ക, ദക്ഷിണേഷ്യ, ദ്വീപ് രാഷ്ട്രങ്ങൾ തുടങ്ങിയ പ്രതിസന്ധികളുടെ യഥാർഥ ഇരകൾക്ക് കൂടുതൽ ഉയർന്ന സാമ്പത്തിക സഹായത്തിനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ട്.

വിപണി, സാമ്പത്തികം, ഭൗമരാഷ്ട്രീയം എന്നിവയ്ക്കുമേലുള്ള ആധിപത്യമത്സരം അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകളെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും കാലാവസ്ഥാ വിഷയത്തിൽ സഹകരണത്തിന്റെ പാത തുറക്കാൻ ഇരുരാഷ്ട്രങ്ങളുടെയും നേതാക്കൾ ജി-20 രാഷ്ട്രങ്ങളുടെ കൂടിച്ചേരലുകൾക്കിടയിൽ തീരുമാനിച്ചതും കോപ് 27-ൽ പ്രതീക്ഷയുണർത്തിയ സംഗതിയാണ്.

യൂറോപ്യൻ യൂണിയൻ ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ ഉയർത്തിയതും വൈദ്യുതക്കാറുകളുടെ നിർമാണത്തിന്മേലുള്ള നിക്ഷേപം വർധിപ്പിക്കാനും ഹരിതാവരണങ്ങളുടെ തോത് ഉയർത്തിക്കൊണ്ട് കാർബൺ പിടിച്ചടക്കാനുള്ള ശേഷി വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതും ഉയർത്തിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് ചർച്ചകൾ വഴിമാറിപ്പോകാതിരിക്കാൻ ബോധപൂർവമായ ഇടപെടൽ കാലാവസ്ഥാ ചർച്ചകളിലുടനീളം കാണാം.

ഗതിനഷ്ടപ്പെട്ട ചർച്ചകൾ

ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ മൂലകാരണങ്ങളിലേക്ക് ചെല്ലുമ്പോൾ സ്വാഭാവികമായും ചെന്നെത്തുന്നത് നിലവിലെ സാമ്പത്തിക വികസനനയങ്ങളിലേക്കും വളർച്ചാമാതൃകകളിലേക്കുമാണ്. ഊർജത്തിന്റെയും ഭൗതികപദാർഥങ്ങളുടെയും അമിതമായ ഉപഭോഗം ആവശ്യമായിവരുന്ന വളർച്ചാമാതൃകകൾ അതേപടി നിലനിർത്തി ക്കൊണ്ട് ആഗോളസമൂഹം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താമെന്നത് വ്യാമോഹം മാത്രമാണ്.

വിഭവവിതരണത്തിലെ അസമത്വം, പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളെ കേന്ദ്രസ്ഥാനത്തുനിന്നു മാറ്റിനിർത്തുന്നതിലൂടെ, നിലനിൽക്കുന്ന ഉത്പാദനവ്യവസ്ഥകളെ അതേപടി സംരക്ഷിച്ചുനിർത്താനുള്ള ശ്രമങ്ങൾ വിജയിച്ചെന്നുപറയാം. കാർബൺമുക്ത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനങ്ങളെ സംബന്ധിച്ച ചർച്ചകളിൽ സജീവമായി ഇടപെട്ടത് ഖനിജ ഇന്ധനക്കമ്പനികളുടെ 600-ലധികം വരുന്ന ലോബിയിസ്റ്റുകളായിരുന്നു എന്നത് ചർച്ചകളുടെ പരിണതഫലത്തെക്കുറിച്ചുള്ള സൂചനകൾ നേരത്തേതന്നെ നൽകിയിരുന്നു. കൽക്കരി ഉപഭോഗം ‘ഘട്ടംഘട്ടമായി ഇല്ലാതാക്കുക’ എന്ന ആലോചനയെ ‘ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുക’ എന്നതിലേക്കെത്തിക്കാൻ ഈ ലോബിയിസ്റ്റുകൾക്ക് സാധിച്ചുവെന്നത് പ്രധാനമാണ്. കൊക്കകോള അടക്കമുള്ള ലോകത്തിലെ വൻ മലിനീകാരികളായ കമ്പനികൾ ഉച്ചകോടിയുടെ സ്‌പോൺസർമാരായി അംഗീകരിക്കപ്പെട്ടതും ചർച്ചകളുടെ ഗതിവിഗതികൾ നിശ്ചയിക്കുന്ന ഒന്നായി മാറി.

കാലാവസ്ഥാ ചർച്ചകളിൽ ഇന്ത്യ

കോപ് 27-മായി ബന്ധപ്പെട്ട് രണ്ട് സുപ്രധാനനീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുകയുണ്ടായി. അതിലൊന്ന്, പാരീസ് ഉടമ്പടിപ്രകാരമുള്ള പുതുക്കിയ ദേശീയ നിർണീത സംഭാവന ­സംബന്ധിച്ച രേഖ യു.എൻ.എഫ്‌.സി.സി.ക്കുമുമ്പാകെ സമർപ്പിച്ചുവെന്നതാണ്. ‘2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ കാർബൺ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കും’ (അതായത് 2005-ലെ നിലയിലേക്ക് താഴ്ത്തും), ‘2030-ഓടെ ഫോസിലിതര ഊർജസ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത വൈദ്യുതോർജ പ്രതിഷ്ഠാപിതശേഷി കൈവരിക്കും’, ‘2030-ഓടെ അധികവനത്തിലൂടെയും മരവത്‌കരണത്തിലൂടെയും 2.5 മുതൽ 3 ബില്യൺ ടൺവരെ കാർബൺ ഡൈ ഓക്‌സൈഡ് നീക്കംചെയ്യാനുള്ള അധിക കാർബൺ സിങ്ക് സൃഷ്ടിക്കും’ തുടങ്ങിയ എട്ടിന പരിപാടികളാണ് ഈ രേഖ മുന്നോട്ടുവെക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘പഞ്ചാമൃതം’ പദ്ധതിയിലോ, പുതുക്കിയ എൻ.ഡി.സി.യിലോ ഉദ്‌വമനം, ശുദ്ധമായ ഊർജം എന്നിവയ്ക്കായി അളവുപരമായ ലക്ഷ്യങ്ങളോ, മേഖലാധിഷ്ഠിത ലഘൂകരണബാധ്യതകളോ ഏറ്റെടുക്കുന്നില്ല.

രണ്ടാമത്തെ സുപ്രധാന നടപടി, നവംബർ 14-ന് ഇന്ത്യയുടെ പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്, ‘മലിനീകരണം കുറയ്ക്കുന്നത് സംബന്ധിച്ച ദീർഘകാല വികസനതന്ത്രം’ സംബന്ധിച്ച രൂപരേഖ യു.എൻ.എഫ്‌.സി.സി.സി.ക്കുമുമ്പാകെ സമർപ്പിച്ചതാണ്.

ഒരു വികസിത സമ്പദ്‌വ്യവസ്ഥ എന്നനിലയിൽ കാർബൺ പുറന്തള്ളലിന്റെ കാര്യത്തിൽ ഇന്ത്യ സാധ്യമായതിലേറെ ചെയ്തുകഴിഞ്ഞുവെന്ന നിലപാടിൽ നിന്നുകൊണ്ടാണ് ഈ രേഖ തയ്യാറാക്കിയത്. മാത്രമല്ല കാലാവസ്ഥാ ഉച്ചകോടി നടക്കാൻ മൂന്നുദിവസം മാത്രം ബാക്കിയുള്ളപ്പോൾ രാജ്യത്തെ 141 കൽക്കരി ഖനികൾ ലേലം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് സർക്കാർ തങ്ങളുടെ മനോഭാവം വ്യക്തമാക്കുകയും ചെയ്തു. പ്രഖ്യാപിക്കപ്പെട്ട നയപരിപാടികൾ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളോ ചട്ടക്കൂടുകളോ തയ്യാറാക്കാത്തത് ഈ നയസങ്കല്പങ്ങളെല്ലാംതന്നെ ഏട്ടിലെ പശുവായി മാറ്റും.

ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലുണ്ടായ അഭൂതപൂർവമായ ഉഷ്ണതരംഗം, യൂറോപ്പിലെ താപനില 40 ഡിഗ്രിയിലേക്ക് ഉയർന്നത്, ജൂലായ്‌-ഓഗസ്റ്റ്‌ മാസങ്ങളിൽ പാകിസ്താനിൽ സംഭവിച്ച അതിതീവ്രമഴ എന്നിങ്ങനെ കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളൊന്നുംതന്നെ രാഷ്ട്രീയഭരണകൂടങ്ങളെ വലിയതോതിൽ അലോസരപ്പെടുത്തിയിട്ടില്ലെന്നുതന്നെയാണ് ആഗോള കാലാവസ്ഥാ ചർച്ചകളിൽനിന്ന്‌ മനസ്സിലാകുന്നത്. ശാസ്ത്രബോധ്യങ്ങളെ രാഷ്ട്രീയനയരൂപവത്‌കരണങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ സംഭവിക്കുന്ന അലംഭാവത്തിന് വിലകൊടുക്കേണ്ടിവരുക ഭാവിതലമുറയായിരിക്കും.

(പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ്‌ ലേഖകൻ)

Content Highlights: summary of cop 27 that conducted in egypt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented