ഡോ. സാലിം അലി | ഫോട്ടോ: മാതൃഭൂമി
'എന്റെ ആത്മകഥ പൂര്‍ത്തിയായി വരുന്നു. ഒരു പേര് നിര്‍ദേശിക്കാമോ?' ലോകപ്രശസ്ത പക്ഷിഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമായ സാലിം അലി ചോദിച്ചു.
ആദ്യമായി അദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്ത ദിവസം. അപ്രതീക്ഷിതമായ ചോദ്യം എന്നെ വിസ്മയിപ്പിച്ചു. കൊച്ചിയില്‍ മാതൃഭൂമിയുടെ ബ്യൂറോയില്‍ ഏറ്റവും ജൂനിയറായ ലേഖകന്‍ ഞാനായിരുന്നു. ഒപ്പമുള്ളത് പത്രപ്രവര്‍ത്തന രംഗത്തെ അതികായന്മാരായ കെ. രാമചന്ദ്രന്, എന്‍.എന്‍. സത്യവ്രതന്, പി. രാജന്.
ആദ്യ കൂടിക്കാഴ്ചയില്‍തന്നെ രണ്ടു മണിക്കൂറോളം സാലിം അലിയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴത്തിലുള്ള തുടിപ്പും ലളിതമായ സംഭാഷണവും ആരെയും വശീകരിക്കും. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ.ജി. സൈലസിന്റെ ഗിരിനഗറിലുള്ള വസതിയില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച.

1985 ജനുവരിയിലായിരുന്നു അത്. അന്ന് കൊച്ചിയില്‍ നടന്ന അന്തര്‍ദേശീയ സമുദ്ര ഗവേഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് സാലിം അലി എത്തിയത്. ഡോ. സൈലസാണ് ചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹവുമായി അടുത്ത് പരിചയമുള്ളതിനാല്‍ ഞാന്‍ ചോദിച്ചു: 'സാലിം അലി പക്ഷി ഗവേഷകനല്ലേ? ഈ സമുദ്ര ഗവേഷണ സെമിനാര്‍ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാന്‍ കാരണമെന്ത്?'
ആകാംക്ഷകൊണ്ട് ചോദിച്ചതാണ്. ഡോ. സൈലസ് പറഞ്ഞു: 'സാലിം അലി എനിക്ക് ഗുരുതുല്യനാണ്. ഞാന്‍ എം.എസ്.പി. ജയിച്ചശേഷം അദ്ദേഹം പ്രസിഡന്റായ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ കുറച്ചുകാലം ജൂനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്തു. എനിക്ക് സമുദ്രഗവേഷണ രംഗത്ത് സയന്റിസ്റ്റായി ജോലി തേടാന്‍ ആത്മാര്‍ത്ഥമായി സഹായിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന് ഉന്നതങ്ങളില്‍ ഉണ്ടായിരുന്ന ബന്ധമാണ് അതിന് കാരണം. മാത്രമല്ല, പക്ഷി ഗവേഷകനായിരുന്നെങ്കിലും സമുദ്രത്തെക്കുറിച്ചും സമുദ്രത്തിലെ പക്ഷികളെക്കുറിച്ചും വേണ്ടത്ര പരിജ്ഞാനം സാലിം അലിക്കുണ്ട്.'
ഡോ. സൈലസിനോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാലിം അലിയെ ഇന്റര്‍വ്യൂ ചെയ്ത് ഒരു ലേഖനം എഴുതണം. അതിന് അവസരം ഉണ്ടാക്കിത്തരണം. അങ്ങനെയാണ് രാത്രി ഏഴു മണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.
അപ്പോള്‍ ചില പ്രശ്നങ്ങള്‍ അവശേഷിച്ചു. സാലിം അലിയെക്കുറിച്ച് കൂടുതലൊന്നും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം പക്ഷി ഗവേഷകനാണെന്നറിയാം. അത്രമാത്രം. അതിനാല്‍ അന്ന് രാവിലെ സെമിനാര്‍ നടന്ന അവസരത്തില്‍ ഡോ. സൈലസുമായി അരമണിക്കൂര്‍ മാറിയിരുന്നു സംസാരിച്ചു. പക്ഷിഗവേഷണത്തില്‍ സാലിം അലിയുടെ മഹത്തായ പങ്ക് എന്താണ്? പക്ഷികളുടെ ദേശാടനം എന്താണ്? ഇന്ത്യയിലെ പക്ഷിസങ്കേതങ്ങള്‍ എതൊക്കെ? അദ്ദേഹം 1933-ല്‍ നടത്തിയ കേരള പക്ഷി സര്‍വെ എന്തായിരുന്നു? തുടങ്ങിയ നിരവധി വിസ്മയിപ്പിക്കുന്ന സംഭവങ്ങള്‍ എനിക്ക് പറഞ്ഞു തന്നു. ഞാന്‍ കുറിപ്പുകള്‍ എഴുതിയെടുത്തു. അന്ന് ഗൂഗിള്‍ സെര്‍ച്ചും മറ്റ് ആധുനിക സംവിധാനങ്ങളും ഒന്നുമില്ലായിരുന്നു. അതിനാല്‍ സൈലസ് എനിക്ക് തുണയായി. അദ്ദേഹം പറഞ്ഞു. 'ഇക്കാര്യങ്ങള്‍ അടിസ്ഥാനമാക്കി ചോദിച്ചാല്‍ മതി. വിശദമായ ഉത്തരങ്ങള്‍ കിട്ടും. മാത്രമല്ല ഞാന്‍ കൂടെയിരിക്കാം.'
ഡോ. സൈലസിന്റെ വാക്കുകള്‍ എന്നെ ആശ്വസിപ്പിച്ചു. സാലിം അലിയെക്കുറിച്ച് തിളക്കമാര്‍ന്ന ഒരു പശ്ചാത്തലം അദ്ദേഹം നല്‍കിയിരുന്നു. രാത്രി സൈലസിന്റെ വീട്ടില്‍ എത്തി. സാലിം അലി ഓറഞ്ച് ജൂസ് കുടിക്കുകയായിരുന്നു. എന്നെ സാലിം അലിക്ക് അദ്ദേഹം പരിചയപ്പെടുത്തി.
ചാരുകസേരയില്‍ കിടന്നുകൊണ്ട് അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ കാലം ഓര്‍മിച്ചു. ചോദ്യങ്ങള്‍ക്ക് തുടക്കം മുതല്‍ ലളിതമായി സംസാരിച്ചു.
1985 മാര്‍ച്ച് 31-ലെ ആഴ്ചപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചു. 'കാണാത്ത പക്ഷിയെ തേടി' എന്നായിരുന്നു തലക്കെട്ട്. വര്‍ഷങ്ങളായി ഹിമാലയത്തില്‍ കാണാത്ത ഹിമാലയന്‍ കാട എന്ന പക്ഷിയെ തേടി മഞ്ഞ് വീണ മലനിരകകളില്‍ പോകാന്‍ അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. 1984-ല്‍ ഈ പക്ഷി വംശനാശം നേരിട്ടു എന്ന് സംശയിച്ചിരുന്നു. അതിനാല്‍ ആ പക്ഷിയെ തേടിപ്പോകാന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നിര്‍ദേശിച്ചു. കരസേനയുടെ സഹായത്തോടെ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിച്ചു. എല്ലാ സജ്ജീകരണങ്ങളും ഇന്ദിര ഗാന്ധി പൂര്‍ത്തിയാക്കിയിരുന്നു.
പക്ഷെ, യാത്രക്ക് ഒരാഴ്ച മുമ്പ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചു. തീവ്രദുഃഖത്തിലാഴ്ന്ന സാലിം അലി യാത്ര ഉപേക്ഷിച്ചു. സംസാരത്തിനിടയില്‍ സാലിം അലി പല തവണ വികാരാധീനനായി. സൈലന്റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കാന്‍ ഇന്ദിര ചെയ്ത ആത്മാര്‍ത്ഥ ശ്രമങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.

ഫൈന്‍ ആര്‍ട്സ് ഹാളിലാണ് സമുദ്ര സെമിനാര്‍ നടന്നത്. സാലിം അലി പ്രവേശിച്ചപ്പോള്‍ പ്രായം ചെന്ന ഒരാള്‍ മുന്നോട്ടുവന്ന് അദ്ദേഹത്തിന്റെ സമീപം നിന്നു. സാലിം അലി അദ്ദേഹത്തെ നോക്കി. കണ്ണുകള്‍ തിളങ്ങി. ഗാഢമായി അദ്ദേഹത്തെ ആലിംഗനം ചെയ്തു. അതിന് ശേഷമാണ് ഹാളില്‍ പ്രവേശിച്ചത്.
ആരായിരുന്നു അത്? എനിക്ക് ആകാംക്ഷയായിരുന്നു. ഹാളില്‍ മുന്‍നിരയില്‍ ഇരുന്ന അദ്ദേഹവുമായി സെമിനാര്‍ ഉദ്ഘാടനത്തിന് ശേഷം ഞാന്‍ സംസാരിച്ചു.
1933-ല്‍ സാലിം അലി പക്ഷി സര്‍വെക്കായി കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ച എന്‍.ജി. പിള്ള. തിരുവിതാംകൂര്‍ മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ആയിരുന്നു. ദിവാനായിരുന്ന സര് സി.പിയാണ് പിള്ളയുടെ സേവനം സാലിം അലിക്ക് വിട്ടുകൊടുത്തത്. അത്യപൂര്‍വമായ ആ കൂടിക്കാഴ്ച ഞാന്‍ ലേഖനത്തില്‍ എഴുതിയിരുന്നു. അന്ന് വൈകീട്ട് എറണാകുളത്ത് എന്‍.ജി. പിള്ള താമസിച്ചിരുന്ന വീട്ടില്‍ സാലിം അലി എത്തി. അരമണിക്കൂര്‍ ചിലവഴിച്ചു.
സെമിനാറിന്റെ തലേന്നാണ് സാലിം അലി കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിരുന്നു. ഡോ. സൈലസും എത്തിയിരുന്നു. അന്നാണ് സാലിം അലിയുടെ പ്രമുഖ ശിക്ഷ്യനും പ്രശസ്ത പക്ഷി ഗവേഷകനുമായ ആര്. സുഗതനെ പരിചയപ്പെടുന്നത്. ഏതാണ്ട് 40 വര്‍ഷത്തെ സൗഹൃദം സുഗതനുമായിട്ടുണ്ട്.
വിമാനത്താവളത്തില്‍ കൊച്ചി സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോകുലനും സാലിം അലിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വി.ഐ.പി. സന്ദര്‍ശകരെ സ്വീകരിക്കാന്‍ സ്പെഷ്യല്‍ ഉദ്യോഗസ്ഥര്‍ എത്താറുണ്ട്. അതായിരിക്കും ഗോകുലന് വന്നതെന്ന് ഞാന്‍ കരുതി. എന്നാല്‍ എന്‍.ജി. പിള്ളയുടെ മകനാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോകുലന് എന്നറിഞ്ഞത് പിറ്റേന്നാണ്.
കൂടിക്കാഴ്ച കഴിഞ്ഞപ്പോഴാണ് സാലിം അലി എന്നോട് പറഞ്ഞത്. 'ഞാന്‍ ആത്മകഥ എഴുതുന്നു. ഒരു നല്ല പേര് നിര്‍ദേശിക്കാമോ?' ഞാന്‍ പറഞ്ഞു. 'പെട്ടെന്ന് പറയാന്‍ കഴിയില്ല'. അദ്ദേഹത്തിന് ഞാന്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കത്തെഴുതുകയും ചെയ്തു. 'നല്ലൊരു പേര് അന്വേഷിക്കുന്നു. അറിയിക്കാം'. പക്ഷെ അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല. അധികം താമസിയാതെ ആത്മകഥ പ്രസിദ്ധീകരിച്ചു. 'Fall of a Sparrow' ബുക്ക് സ്റ്റാളില്‍നിന്ന് വാങ്ങി.
അതിന്റെ മലയാള പരിഭാഷ ഇപ്പോള്‍ മാതൃഭൂമി ബുക്ക്സ്റ്റാളില് നിന്ന് കിട്ടി. കെ.ബി. പ്രസന്നകുമാറിന്റെ അതിമനോഹരമായ പരിഭാഷ. പ്രകൃതിസ്നേഹികളായ എല്ലാ മലയാളികളും വായിക്കുന്ന അമൂല്യഗ്രന്ഥം. മാതൃഭൂമി പ്രസിദ്ധീകരണമാണിത്.
കുട്ടിക്കാലത്ത് എയര്‍ ഗണ്‍ കൊണ്ട് കഴുത്തില്‍ മഞ്ഞപ്പാടുള്ള ഒരു കുരുവിയെ സാലിം അലി വെടിവെച്ചു വീഴ്ത്തി.
മഞ്ഞപ്പാട് എങ്ങനെ വന്നു? അതായിരുന്നു സാലിം അലിയുടെ ചോദ്യം. അമ്മാവനോട് ചോദിച്ചു. അദ്ദേഹം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഓഫീസില്‍ സാലിം അലിയെയും കൂട്ടിക്കൊണ്ടുപോയി. പക്ഷികളെക്കുറിച്ച് വിശദവിവരങ്ങള്‍ അങ്ങനെ കിട്ടി.
സാലിം അലിക്ക് പക്ഷികളില്‍ താത്പര്യമുണ്ടായി. അദ്ദേഹം ലോകപ്രശസ്തനായ പക്ഷിഗവേഷകനായി വളര്‍ന്നു. സൊസൈറ്റിയുടെ പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. പ്രകൃതി സ്നേഹിയായ ഇന്ദിര ഗാന്ധി അദ്ദേഹത്തെ ആദരിച്ചു.
Fall of a sparrow വായിച്ച ശേഷം ഞാന്‍ അദ്ദേഹത്തിന് കത്തെഴുതി. അര്‍ത്ഥവത്തായ തലക്കെട്ടാണ് ആത്മകഥയ്ക്ക് താങ്കള്‍ നല്‍കിയിരിക്കുന്നത്. പേര് എങ്ങനെ കിട്ടി? അദ്ദേഹം മറുപടി എഴുതി. എന്റെ മനസ്സില്‍ അങ്ങനെ തോന്നി. ആ മഞ്ഞപ്പാടുള്ള കുരുവി എന്റെ ജീവിതത്തില്‍ വഴിത്തിരിവായി. പക്ഷികളെക്കുറിച്ച് പഠിക്കാന്‍ അതാണ് കാരണമായത്. എന്റെ ശിഷ്യരും സുഹൃത്തുക്കളുമായി ആലോചിച്ചാണ് ആ പേര് കണ്ടെത്തിയത്.
1985-ല്‍ വീണ്ടും സാലിം അലി കേരളത്തില്‍ എത്തി. തേക്കടി സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. അന്ന് വനംമന്ത്രിയായിരുന്ന കെ.പി. നൂറുദ്ദീനും ഞാനും അരമണിക്കൂറോളം സാലിം അലിയുമായി സംസാരിച്ചു. അതിന്ശേഷം കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡോക്ടറേറ്റ് സ്വീകരിക്കാനും അദ്ദേഹം എത്തി. അന്ന് തട്ടേക്കാട് വീണ്ടും സന്ദര്‍ശിച്ചു. ശിഷ്യന് സുഗതന് കൂടെ ഉണ്ടായിരുന്നു.
മലമുഴക്കി വേഴാമ്പലിനെ ഒന്നിനെപ്പോലും കാണാന്‍ കഴിയാതെ അദ്ദേഹം തളര്‍ന്ന് ഒരു വൃക്ഷച്ചുവട്ടില്‍ ഇരുന്നു. ഡോ.സുഗതനോട് ചോദിച്ചു: 'ഒരൊറ്റ മലമുഴക്കിപോലും ഇല്ലല്ലോ?'
ഏറെ നേരം ആകാശത്തിലേക്ക് നോക്കി അവശനായി അദ്ദേഹം പറഞ്ഞു: 'ഉയര്‍ന്ന വൃക്ഷങ്ങള്‍ ഒന്നും ഇല്ല. അവയൊക്കെ വെട്ടിമാറ്റിയിരിക്കുന്നു. വേഴാമ്പലിന് കൂടുകൂട്ടാന്‍ ഉയര്‍ന്ന വൃക്ഷങ്ങള്‍ വേണം.'
ആത്മകഥയില്‍ വേദനയോടെ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.
പറമ്പിക്കുളവും അദ്ദേഹം സന്ദര്‍ശിച്ചു. പക്ഷി നിരീക്ഷണത്തിന്റെ കളിത്തട്ടായ കുരിയാര്‍കുട്ടിയിലും ഡോ. സുഗതനോടൊപ്പം അദ്ദേഹമെത്തി. അപ്പോഴാണ് വൃദ്ധനായ ഒരു ആദിവാസി അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
'ഹായ്, ബോംബെക്കാരാ? നിങ്ങള്‍ പക്ഷിയെ വെടിവെച്ചിടാന്‍ വന്നിരിക്കയാണോ?'
അന്നത്തെ കാലത്ത് നേരിയ വെടിയുണ്ട കൊണ്ട് പക്ഷികളെ വെടിവെച്ചു വീഴ്ത്തിയാണ് പരിശോധിച്ചിരുന്നത്. അതാണ് വൃദ്ധനായ ആദിവാസി ഓര്‍മ്മിച്ചത്. അന്ന് സാലിം അലിയുടെ വഴികാട്ടിയായിരുന്നു വൃദ്ധന്. തിരിച്ചറിഞ്ഞപ്പോള്‍ സാലിം അലി വൃദ്ധനെ ആശ്ലേഷിച്ചു.

സാലിം അലിയുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് തട്ടേക്കാട് പക്ഷിസങ്കേതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1933-ലാണ് തട്ടേക്കാട് അദ്ദേഹം സന്ദര്‍ശിച്ചത്. ആത്മകഥയില്‍ തട്ടേക്കാടിനെക്കുറിച്ച് സാലിം അലി ഇങ്ങനെ എഴുതി: 'തട്ടേക്കാട് ദക്ഷിണേന്ത്യയില്‍ ഏറ്റവും പക്ഷി വൈവിധ്യമുള്ള സ്ഥലമായി എന്റെ ഓര്‍മ്മയില്‍ നിറഞ്ഞു നില്ക്കുന്നു. അതിന് സമാനമായ സ്ഥലം കിഴക്കന്‍ ഹിമാലയമേഖലയില്‍ മാത്രമാണ് ഉള്ളത്.'
തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഇപ്പോള്‍ ശാസ്ത്രജ്ഞന് സാലിം അലിയുടെ ശിഷ്യന് ഡോ. ആര്.സുഗതനാണ്.
Content Highlights: Salim Ali asked: Can you suggest a title for my autobiography?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..