
ആർ.കെ. നായർ
കാസര്‍കോട്: ഒരുകോടിയിലേറെ മരം നട്ടുവളര്‍ത്താനുള്ള പദ്ധതിയുമായി രാജ്യമാകെ ഓടിനടക്കുന്ന കാസര്കോട്ടുകാരന് ആര്.കെ. നായര്‍ വെള്ളിയാഴ്ച ഭൗമദിനത്തില്‍ നടുന്നത് 5,600 തൈകള്‍. ഗുജറാത്ത് രാജ്കോട്ട് ജുനാഗഢ് ഹതിനമലിയയിലെ ആഗാഖാന്‍ ഖബര്‍സ്ഥാനിലാണ് അവ വേരാഴ്ത്തുക. മണ്ണുമാന്തിയുപയോഗിച്ച് പാറക്കല്ല് പൊട്ടിച്ചൊരുക്കിയ 12,000 ചതുരശ്രയടിയില്‍ 'മിയാവാക്കി' മാതൃകയിലാണ് മരം നടുന്നത്. നാലടിതാഴ്ചയില് പാറപൊട്ടിച്ച് അതില്‍ ഒന്നരയടി പുറമേനിന്നുള്ള മണ്ണിട്ട് നിറച്ചാണ് നിലമൊരുക്കിയത്. ചകിരപ്പൊടി, ഉമി, മണ്ണിരക്കമ്പോസ്റ്റ്, ഗോമൂത്രം എന്നിവയും മണ്ണില്‍ ചേര്‍ത്തതായി അദ്ദേഹം പറയുന്നു.
ഗുജറാത്തിലെ പ്രമുഖ മലയാളി വ്യവസായിയാണ് ആര്.കെ. നായര്‍. ഇതിനകം 12 സംസ്ഥാനങ്ങളിലായി 88 ചെറുവനങ്ങളിലായി 16.5 ലക്ഷം മരത്തൈകള്‍ അദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. ആദ്യ രണ്ടരവര്‍ഷം വേനലില്‍ രാവിലെയും വൈകീട്ടും നന്നായി നനക്കും. ഈര്‍പ്പം നിലനിര്‍ത്താനായി ഉണങ്ങിയ വൈക്കോല്‍കൊണ്ട് പുതയിടും. മൂന്നുവര്ഷമാകുമ്പോഴേക്കും തൈകളുടെ വേരുകള്‍ പാറ പൊടിച്ച് തുരന്ന് ഇറങ്ങിത്തുടങ്ങിയിരിക്കുമെന്ന് നായര്‍ വ്യക്തമാക്കുന്നു.
വേലിയും വെള്ളവും ഇല്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍വേണ്ടി മാത്രമായി ഒരു മരം പോലും ആര്.കെ. നായര്‍ നട്ടിട്ടുണ്ടാവില്ല. തന്റെ നേതൃത്വത്തില്‍ നട്ട മരങ്ങള്‍ സുരക്ഷിതമായി വളരുന്നുവെന്ന് ഉറപ്പാക്കുന്നിടത്താണ് നായരുടെ പ്രസക്തി. വന്‍കിട കമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ടുപയോഗിച്ചാണ് നായരുടെ മരം നടല്‍. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ താരാപ്പുരിലെ വ്യവസായപാര്‍ക്കില്‍ രാസമാലിന്യം തള്ളുന്ന നാലേക്കര്‍ വനമാക്കി മാറ്റി ആര്.കെ. നായരുടെ നേതൃത്വത്തിലുള്ള എന്‍വയറോ ക്രിയേറ്റേഴ്സ് ഫൗണ്ടേഷന്.
2001 ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി കച്ചിലെ 16 ഏക്കറില്‍ 2,23,000 മരം വളരുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി അഞ്ചേക്കറില്‍ ഒരുക്കിയ 'ഷഹീദ് വനില്‍' 40,000 മരങ്ങള്‍ വളരുന്നു. ഗുജറാത്തിലെ നാര്‍ഗോള്‍ കടല്ക്കരയിലെ ചതുപ്പില്‍ 1.20 ലക്ഷം മരങ്ങളും വളര്‍ത്തുന്നുണ്ട്.
പെരിയ കുഞ്ഞമ്പു നായരുടെയും ബദിയഡുക്ക മുനിലൂരിലെ പുല്ലായ്ക്കൊടി കമലാക്ഷിയുടെയും മകനാണ് പുല്ലായ്ക്കൊടി രാധാകൃഷ്ണന് നായരെന്ന ആര്.കെ. നായര്‍. രാധാകൃഷ്ണന് നാലുവയസ്സുള്ളപ്പോള്‍ കുടുംബം സുള്ള്യ ജാല്‍സൂരിലെ കെമണബള്ളിയിലേക്ക് താമസം മാറുകയായിരുന്നു. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എം.ബി.എ. നേടിയ മകന് ദീപക്കാണ് ഇന്ന് ആര്.കെ. നായര്‍ മാനേജിങ് ഡയറക്ടറായുള്ള ശ്രീസൗപര്ണിക എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍. ഐശ്വര്യ എക്സിം, ശ്രുതി അപ്പാരല്‍സ് എന്നീ കമ്പനികളുടെ സി.ഇ.ഒ. ആണ് ഇപ്പോള്‍ ആര്.കെ. നായര്‍. മകള്‍ ശ്രുതി ഫാഷന്‍ ഡിസൈനര്‍ ആണ്. രക്തസംബന്ധമായ അസുഖത്തെതുടര്‍ന്ന് ആദ്യ ഭാര്യ ശ്രീലത 2003-ല്‍ മരിച്ചു. ഗുജറാത്ത് സ്വദേശി അനഘയാണ് രണ്ടാം ഭാര്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..