അരിക്കൊമ്പൻ
കാലിലെ കുരു കീറാന്‍ ഡോക്ടര്‍മാര്‍ ലോക്കല്‍ അനസ്തീഷ്യ കൊടുക്കാന്‍ മരുന്ന് കുത്തിവെക്കും പോലെ സിമ്പിള്‍ ആയ എന്തോ ആണ് ആനയ്ക്കുള്ള മയക്കുവെടി എന്നാണ് പലരും കരുതുന്നത്. സിറിഞ്ചില്‍ മരുന്ന് നിറച്ച് ഡോക്ടര്‍ക്ക് അടുത്ത് പോയി കുത്താന്‍ പറ്റാത്തതിനാല്‍ തോക്ക് കൊണ്ട് സിറിഞ്ച് തറപ്പിച്ച് മരുന്നു കയറ്റുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളു എന്നാവും ചിന്തിക്കുക.
വന്യമൃഗങ്ങളെ കാട്ടില്‍നിന്ന് പിടികൂടി വരുതിയിലാക്കുന്നതിനു വേണ്ടിയാണ് 'ഡാര്‍ട്ട് ' മയക്കുവെടി സാധാരണയായി ഉപയോഗിക്കുന്നത്. കാട്ടില്‍ പരിക്കോ അപകടമോ പറ്റിയ കടുവ, ആന തുടങ്ങിയ വലിയവയെയും മൃഗശാലയിലെ രോഗമുള്ളവയേയും ശുശ്രൂഷിക്കാനാണ് പലപ്പോഴും വെറ്ററിനറി സര്‍ജന്മാര്‍ക്ക് മയക്കുവെടി വെക്കേണ്ടി വരുന്നത്. ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അപകടമുണ്ടാക്കും വിധമുള്ള വന്യമൃഗങ്ങളെ മയക്കി പിടികൂടാനും ഇത് വേണ്ടി വരും. അപൂര്‍വ്വമായി, 'അരിക്കൊമ്പനെ' പോലെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയേയും പിടികൂടി മാറ്റേണ്ടി വരുമ്പോഴും മയക്കുവെടി വേണ്ടിവരും. ആനയെ സംബന്ധിച്ച് പൂര്‍ണമായും മയക്കിയാല്‍ പിന്നെ വാഹനത്തില്‍ കയറ്റല്‍ അസാധ്യമാണ്. അതിനാല്‍ മയക്കുവെടി പാതിമയക്കം വരുംവിധമുള്ള ഡോസ് മാത്രമേ നല്‍കു - കിടന്ന് പോകാതെ അര്‍ധബോധത്തില്‍ നാലു കാലില്‍ നില്‍ക്കുകയും കുങ്കി ആനകള്‍ ഉന്തിയാല്‍ നടക്കുകയും വേണം. പ്രത്യേകതരം ഡാര്‍ട്ട് ഗണ്ണുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
ആനയ്ക്കുള്ള മയക്കുവെടി സിറിഞ്ച്
നീളമുള്ള പ്രത്യേകതരം മെറ്റല്‍ സിറിഞ്ചോ പ്ലാസ്റ്റിക് ബോഡിയുള്ള സിറിഞ്ചോ ഒക്കെയുള്ള സംവിധാനത്തിലാണ് മയക്കാനുള്ള മരുന്ന് നിറക്കുന്നത്. സാധാരണ മനുഷ്യര്‍ക്കും മറ്റും മരുന്ന് ഉള്ളില്‍ കയറ്റാന്‍ ഉപയോഗിക്കുന്നത് ഉള്‍ഭാഗത്തുകൂടെ ദ്വാരമുള്ള സൂചിയാണല്ലോ. ഡാര്‍ട്ടിങ്ങ് ഗണ്ണുകളിലെ സിറിഞ്ചിലെ സൂചിയുടെ ഉള്ളിലെ ദ്വാരമല്ല മരുന്ന് ഉള്ളില്‍ കടത്താന്‍ ഉപയോഗിക്കുന്നത്. മുന്‍ഭാഗത്ത് സൂചിയ്ക്ക് പകരം ഉള്ളില്‍ കയറിയ ഉടന്‍ സിറിഞ്ചും മരുന്നും ഒക്കെ കൂടി താഴേക്ക് പൊഴിഞ്ഞ് വീഴാതെ കൊരുത്ത് നില്‍ക്കാന്‍ സഹായിക്കുന്ന തരം Iv ബഡുകള്‍ ഉണ്ട്. ഷട്ടില്‍ കോക്കിന്റെ പിറക് വശത്തേത് പോലെ ഈ സിറിഞ്ചിനും ഒരു ഭാഗം ഉണ്ട്. ആ ഭാഗം തുറന്നാണ് മരുന്ന് നിറക്കുന്നത്.
പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കൃത്യമായ അളവാണ് നിറക്കുക. ചില തരം ഗണ്ണുകളില്‍ മരുന്നിന് പിറകിലായി ഗാസ് എവലൂഷന്‍ റിയാക്ഷന്‍ നടക്കാനുള്ള ഒരു ചേംബറായി പ്രവര്‍ത്തിക്കുന്ന ഒരു പെല്ലറ്റ് കൂടിയുണ്ട്. ചിലതില്‍ ഗ്യാസ് പ്രഷറില്‍ നിറച്ച സംവിധാനമാണ് ഉണ്ടാക്കുക. തോക്കില്‍നിന്നും ഉന്നം പിടിച്ച് വെടിവെക്കുമ്പോള്‍ ഈ സിറിഞ്ചും സംവിധാനവും ഭാരം മൂലം പ്രൊജക്‌റ്റൈല്‍ രൂപത്തിലാണ് സഞ്ചരിക്കുക. അല്ലാതെ സാധാരണ വെടിയുണ്ട തൊട്ടടുത്തേക്ക് പോകും പോലെ നേരെ അല്ല. സിറിഞ്ച് ദേഹത്തേക്ക് തുളച്ച് കയറുന്ന ഷോക്കില്‍ സിറിഞ്ചിലെ പിറകിലെ ചേംബറിലെ പെല്ലറ്റ് പൊട്ടിയോ ഗ്യാസ് റിലീസ് ആയോ മരുന്നിനെ മുന്നോട്ട് തള്ളും. അപ്പോള്‍ പ്രഷര്‍ മൂലം സിറിഞ്ചിന്റെ മുന്‍ഭാഗത്തുള്ള വാഷര്‍ തുറന്ന് മരുന്ന് അരികുകളിലൂടെ ദേഹത്തിനുള്ളില്‍ പരക്കും. തല ഒഴികെയുള്ള ഭാഗങ്ങളില്‍ വെടിവെച്ച് കൊള്ളിക്കാമെങ്കിലും പിറക് വശം, ചുമലുകള്‍ എന്നിവിടങ്ങളിലാണ് സാധാരണ വെടി വെക്കുക.
Also Read

അരിക്കൊമ്പനുള്ള മരുന്ന്
സൈലസിന്‍ (Xylazine) എന്ന മയങ്ങാനുള്ള മരുന്ന് കിറ്റമിന്‍ (Ketamine) എന്നൊരു മരുന്നോടൊപ്പം ചേര്‍ത്ത കോക്‌ടൈലാണ് ഉപയോഗിക്കുന്നത്. സൈലസിന്‍ ഒരു നല്ല ട്രാങ്ക്വിലൈസര്‍ ആണ്. ഇതുപയോഗിച്ച് ബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ അനസ്തീഷ്യയിലാക്കാന്‍ കഴിയും (ഇതിന് Neuroleptanalgesia എന്നും പറയും) . മരുന്ന് ഉള്ളിലെത്തിയാല്‍ ആന എല്ലാം അറിഞ്ഞ് കൊണ്ട് തന്നെ അനങ്ങാതെ നില്‍ക്കും. വലിയ ശബ്ദങ്ങള്‍, പ്രകാശം ഒക്കെ ചിലപ്പോള്‍ മയക്കം വിടീപ്പിക്കുകയും ചെയ്യും. (ഹെറോയിന്‍ എന്ന മയക്കുമരുന്നിന്റെ വ്യാജനായി സൈലസിന്‍ വ്യാപകമായി രണ്ടായിരത്തിന്റെ തുടക്കത്തില്‍ പല രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. ട്രാങ്ക് എന്ന പേരിലാണ് ഇത് അധോലോകത്ത് അറിയപ്പെടുന്നത്. ഇതിന് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല) .
.jpg?$p=568830d&&q=0.8)
കേന്ദ്ര നാഡീ വ്യവസ്ഥയെ മന്ദീഭവിപ്പിക്കുന്ന പ്രവര്‍ത്തനം ഉള്ളതാണ് ഈ മരുന്ന്. എന്നാല്‍, അതോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദം കുറക്കുകയും ഹൃദയമിടിപ്പു പതുക്കെ ആക്കുകയും ചെയ്യും എന്ന പാര്‍ശ്വഫലം ഉണ്ടുതാനും. കൂടെ ചേര്‍ക്കുന്ന കിറ്റാമിന്‍ അനസ്തീഷ്യ നിലനിര്‍ത്തുമ്പോള്‍ തന്നെ പ്രഷര്‍ കുറയാതെ നോക്കുകയും ഹൃദയമിടിപ്പുകള്‍ താഴാതെ നിലനിര്‍ത്തുകയും ചെയ്യും. ഈ രണ്ടും ചേര്‍ന്ന മിശ്രിത അളവുകള്‍ തീരുമാനിക്കുന്നത് ആനയുടെ ഭാരം, പ്രായം, ഊര്‍ജ്ജസ്വലത തുടങ്ങിയ പല കാര്യങ്ങളും പരിഗണിച്ച ശേഷം മുന്‍അനുഭവങ്ങളും പരിചയവും കൊണ്ട് വളരെ വിദഗ്ധനായ ഒരു വെറ്ററിനറി സര്‍ജനാകും.
സാധാരണ ഒരു മനുഷ്യന് ഓപ്പറേഷന്‍ നടത്താന്‍ അനസ്തീഷ്യ നല്‍കുന്നത് എത്രമാത്രം ശ്രദ്ധയോടെ ഒരു അനസ്തീഷ്യ വിദഗ്ധന്റെ പൂര്‍ണ്ണ സമയ നിരീക്ഷണത്തോടെയാണെന്ന് നമുക്കറിയാം. അനസ്തീഷ്യ നല്‍കുന്നതിനു മുമ്പ് ഡോക്ടര്‍ക്ക് രോഗിയുടെ, പ്രായം, ഭാരം, ആരോഗ്യം , ഹൃദയ, ശ്വാസകോശ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ, മുന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി പലതും അറിഞ്ഞ് ആണ് ഡോസ് തീരുമാനിക്കുന്നത്. അരിക്കൊമ്പന്റെ കാര്യത്തില്‍ എല്ലാം ഡാര്‍ട്ട് ചെയ്യാന്‍ പോകുന്ന ഡോക്ടറുടെ ഊഹങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ചെയ്യേണ്ടത്. ആ കണക്കുകൂട്ടലുകളില്‍ ചെറിയ പിഴവ് പോലും ഉണ്ടായിക്കൂട . തെറ്റിയാല്‍ അതിനാല്‍ തന്നെ വലിയ അപകട സാദ്ധ്യത ഉണ്ട്.
ഡോസ് കൂടിപ്പോയാല്‍ മരുന്നിന്റെ പാര്‍ശ്വഫലം മൂലം ഹൃദയമിടിപ്പ് കുറഞ്ഞ് മരണം സംഭവിക്കാം. കുറഞ്ഞുപോയാല്‍ ആവശ്യമായത്ര അനസ്തീഷ്യ ലഭിക്കാതെ ആനയെ ഉദ്ദേശിച്ച പോലെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരാം. അത് ചിലപ്പോള്‍ സംഘത്തിലെ ആര്‍ക്കും ജീവാപായം ഉണ്ടാക്കാം. 60 -70 അടി വരെ ദൂരത്ത് നിന്ന് മാത്രമേ ഈ വെടി വെക്കാന്‍ പറ്റുകയുള്ളു. അത്ര അടുത്തേക്ക്, മുന്നില്‍ തസ്സസമൊന്നുമില്ലാതെ കൃത്യദൂരം കിട്ടണം. വെടി വെക്കുന്ന സമയം ഡോക്ടര്‍ക്ക് നേരെ ആന ചാര്‍ജ്ജ് ചെയ്യാതെ നോക്കണം. ഓടിക്കൊണ്ടിരിക്കുന്ന ആനയാണെങ്കില്‍ തീരുമാനമെടുക്കുന്നതില്‍ പരിമിതികളുണ്ടാവും മരുന്നു നിറച്ച സിറിഞ്ച് ഭാരം മൂലം കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിക്കാന്‍ വിഷമം ആണ്.
അധികം അടുത്ത് നിന്ന് മയക്കുവെടി വെച്ചാലും കുഴപ്പമുണ്ട്. സിറിഞ്ച് മൊത്തമായി ഉള്ളിലേക്ക് തറച്ച് കയറിപ്പോകാം. ദൂരം കൂടിയാല്‍ ഇടിയുടെ ആഘാതം തൊലിതുളച്ച് പോകാന്‍ മാത്രം ഇല്ലെങ്കില്‍ മരുന്ന് സിറിഞ്ച് ദേഹത്ത് കൊണ്ട് താഴേക്ക് തെന്നി വീഴാം. മുന്നില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ല എന്നതും പ്രധാനം ആണ്. മുന്നിലെ ഇലത്തലപ്പുകളിലോ മറ്റോ കൊണ്ടാല്‍ അതോടെ വേഗതയിലും ദിശയിലും മാറ്റം വന്ന് പരാജയപ്പെടും. അത്രമാത്രം കൃത്യതയോടെ ദൂരം തീരുമാനിച്ച് വെടിവെക്കണമെങ്കില്‍ നീണ്ട കാലത്തെ പരിചയവും കണക്ക് കൂട്ടലുകളും ശ്രദ്ധയും ആവശ്യമാണ്. ഡോ. അരുണ്‍ സക്കറിയ ഈ കാര്യത്തില്‍ ലോകത്തിലെ തന്നെ വിദഗ്ധരില്‍പ്പെടുന്ന ആളാണ് എന്നത് ഇവിടെ നമുക്ക് ഗുണകരമാണ്.
മയക്കുവെടി വെക്കുമ്പോള്‍
മരുന്ന് സിറിഞ്ച് ദേഹത്ത് കൃത്യമായി കൊണ്ടാല്‍ പത്തിരുപത് മിനുട്ട് കൊണ്ട് ആന മയക്കത്തിലേക്ക് പോകും. വെടി പൊട്ടുമ്പോള്‍ ശബ്ദവും തീയും പുകയും ഒന്നും ഉണ്ടാകുന്നില്ലെങ്കിലും തന്റെ ദേഹത്ത് തുളച്ച് കയറുന്നത് അത് അറിയും. കുടഞ്ഞ് കളയാന്‍ ശ്രമിച്ച് ചിലപ്പോള്‍ ഭയപ്പെട്ട് കുതിച്ച് ഓടിക്കളയും. അങ്ങിനെ മൂന്നു കിലോമീറ്റര്‍ ദൂരെ വരെ ഓടിയേക്കാം. ഓടിക്കയറുന്നത് ഉയരം കൂടിയ തിട്ടിലേക്കാണെങ്കില്‍ മയക്കത്തില്‍ ചിലപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്ക് വീഴാം, അപകടം പറ്റാം. ഓടി വെള്ളത്തിലിറങ്ങിയാലും പ്രശ്‌നം ഗുരുതരമാകും. എങ്ങോട്ട് ഓടിയാലും ഉടന്‍ തന്നെ കുങ്കി ആനകളും മറ്റ് എല്ലാ സംഘ അംഗങ്ങളും ആ സ്ഥലത്തേക്ക് പിറകെ തന്നെ എത്തണം.
പൂര്‍ണമായും മയക്കത്തിലല്ലാതെ ആണ് ആന ഉണ്ടാകുക. അപ്പോഴും വലിയ ശബ്ദങ്ങള്‍, വിഷ്വല്‍ റിഫ്‌ലക്‌സുകള്‍ എന്നിവയോടൊക്കെ പ്രതികരിച്ചു എന്നിരിക്കും. അത്തരം ഞെട്ടലുകള്‍ അനസ്തീഷ്യയെ ബാധിക്കുകയും ചെയ്യും. അതിനാല്‍തന്നെ വെടി വെച്ച ഉടന്‍ എല്ലാവരും നിശബ്ദരാകേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കേണ്ടതാണ്. ഇന്‍ഡക്ഷന്‍ പിരീഡ് കഴിഞ്ഞ് - മയക്കം പിടികൂടിയാല്‍ ആന എങ്ങോട്ടും നടക്കാതെ , ചെവികള്‍ ആട്ടാതെ, കണ്ണ് പാതി തുറന്ന നിലയില്‍ അങ്ങിനെ നില്‍ക്കുകയാണ് ചെയ്യുക. ഈ സമയമാണ് പരിചയ സമ്പന്നരായ സഹായികള്‍ കുങ്കി ആനകളുടെ ധൈര്യത്തില്‍ കാലുകള്‍ വടം ഉപയോഗിച്ച് ബന്ധിക്കുന്നത്.
മരുന്നിന്റെ പ്രവര്‍ത്തന ഫലമായി വികസിച്ച കൃഷ്ണമണികള്‍ക്കുള്ളിലേക്ക് കടുത്ത പ്രകാശം കയറുന്നതും മുന്നിലെ കാഴ്ചകള്‍ കാണുന്നതും തടയാനും - , കണ്ണടയ്ക്കാത്തതിനാല്‍ വെയില്‍, കാറ്റ് എന്നിവ കൊണ്ട് വരണ്ടു പോകാതിരിക്കാനും വേണ്ടിയാണ് കണ്ണ് കറുത്ത തുണി ഉപയോഗിച്ച് മൂടുന്നത്. അതുപോലെ ശരീരത്തിന്റെ താപം കുറക്കാന്‍, നമ്മളെപ്പോലെ വിയര്‍ക്കുന്ന പരിപാടിയ്ക്കായി, ശരീരത്തില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ വളരെ കുറച്ച് മാത്രമേ ആനയ്ക്കുള്ളു. അതിനാലാണല്ലോ ആന ചെവിയാട്ടി അതിലൂടെ രക്തമൊഴുക്കി ശരീരതാപം കുറക്കുന്നത്. മയക്കത്തിന്റെ പിടിയിലായാല്‍ ചെവിയാട്ടല്‍ നിര്‍ത്തും. ആനയുടെ ശരീരത്തിന്റെ ചൂട് കൂടും. ഹൈപ്പര്‍ തെര്‍മിയ എന്ന അവസ്ഥയിലേക്ക് പോയി ആന ചത്തുപോകാം. അതിനാലാണ് വെയില്‍ ചൂട് കൂടും മുമ്പ് - പുലര്‍കാലം തന്നെ ഡാര്‍ട്ട് ചെയ്യാനായി തിരഞ്ഞെടുക്കുന്നത്. ചൂട് മൂക്കും മുമ്പ് ഡാര്‍ട്ട് ചെയ്ത് കൂട്ടിലെത്തിക്കണം. അല്ലെങ്കില്‍ ഇടക്കിടെ വെള്ളം ചീറ്റി നനച്ചുകൊടുത്തുകൊണ്ടിരിക്കണം. കാട്ടിനുള്ളില്‍ അതിനുള്ള സൗകര്യം ലഭിക്കണം എന്നില്ലല്ലോ. അങ്ങിനെ ആയാലും ആന കുഴഞ്ഞ് വീണ് മരിക്കാം.
മോക്ക് ഡ്രില്ലുകള്‍
പൊതുവെ പുറമെ കരുതും പോലെ എളുപ്പമുള്ള കാര്യമല്ല അരിക്കൊമ്പനെപോലുള്ള കരുത്തനായ ഒരു ആനയെ ഡാര്‍ട്ട് ചെയ്യുക എന്നത്. നിരവധി അംഗങ്ങള്‍ തമ്മില്‍ വളരെ കൃത്യമായ ഏകോപനത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, ആനയുടെ ജീവനോ കൂട്ടത്തിലെ ഡാര്‍ട്ടിങ്ങ് സംഘത്തിലെ ആളുകളുടെ ജീവനോ അപകടത്തിലാകും. ആനയെ വെടിവെക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെയധികം പ്രധാനമുള്ളതാണ്. വെടികൊണ്ടാല്‍, കുങ്കി ആനകളെ ഉപയോഗിച്ച് നിയന്ത്രണത്തില്‍ ആക്കിയാല്‍ ഉടനെ ഉന്തി ലോറിയില്‍ കയറ്റണം. മരുന്നളവ് കൂടിയാല്‍ ആന നടക്കാതെ ഒരേ നില്‍പ്പ് നിന്നുകളയും. അനസ്തീഷ്യ അളവ് കുറഞ്ഞാല്‍ കുങ്കി ആനകളെയും ചുറ്റുമുള്ളവരേയും ആക്രമിക്കാന്‍ ശ്രമിക്കും. എത്രയും പെട്ടന്ന് ആ സ്ഥലത്തേക്ക് റോഡുണ്ടാക്കി പ്രത്യേകമായി സജ്ജീകരിച്ച വലിയ ലോറി എത്തിക്കണം.
നമ്മുടെ കാട്ടിനുള്ളിലേക്ക് മിനുട്ടുകള്‍ക്കുള്ളില്‍ ഒരു റോഡ് പണിയുക എന്നത് എത്രമാത്രം ശ്രമകരമായ ജോലിയാണെന്ന് അറിയാമല്ലോ. ലോറിയില്‍ കയറ്റിയാലും ബോധമില്ലാതെ നില്‍ക്കുന്ന ആന അരികുകളിലേക്ക് ചാഞ്ഞ് വീണു പോകാതെ വേണം ശ്രദ്ധയോടെ ഓടിക്കാന്‍. എന്നാല്‍ വേഗത്തില്‍ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍, സമയനഷ്ടം ഉണ്ടായാല്‍ വീണ്ടും അടുത്ത ഡോസ് മരുന്ന് കയറ്റണം .അല്ലെങ്കില്‍ ആന ലോറി തകര്‍ക്കാന്‍ ശ്രമിക്കും. ഇത്തരം അവസരങ്ങളില്‍ രണ്ടാം മരുന്ന് കയറ്റലും അപകടം പിടിച്ച ജോലിയാണ്. ഒരോരോ ഡ്യൂട്ടിയും ചെയ്യേണ്ടവരെ കൃത്യമായി ഉത്തരവാദപ്പെടുത്തി, വരാനുള്ള അപകടങ്ങള്‍ , കുഴപ്പങ്ങള്‍, പിശകുകകള്‍, എല്ലാം മുൻകൂട്ടി കണ്ട് ഒരോരോ ഘട്ടത്തിലും ചെയ്യേണ്ട പ്ലാനുകള്‍ കൃത്യതയോടെ ചെയ്യാനുള്ള ട്രെയിനിങ്ങാണ് മോക്ക് ഡ്രില്ലുകള്‍.
കാടു വെട്ടേണ്ട വാച്ചര്‍മാര്‍, ജെ.സി.ബി. ഡ്രൈവര്‍മാര്‍, മനുഷ്യര്‍ക്ക് എന്തെങ്കിലും അപകടം വന്നാല്‍ എത്തേണ്ട ആംബുലന്‍സ് , ചികിത്സിക്കേണ്ട മെഡിക്കല്‍ സംഘം മുതല്‍ ആളുകളെ പോലീസുകാര്‍ എവിടെ വരെ തടഞ്ഞ് നിര്‍ത്തണം എന്നതു വരെ മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടും. ഇത്രയൊക്കെ മുൻകൂട്ടി പരിശീലനങ്ങള്‍ നടത്തിയാലും കരയിലെ ഏറ്റവും കരുത്തനും വലിയതുമായ പ്രവചനാതീത സ്വഭാവമുള്ള വന്യജീവിയുടെ കാര്യത്തില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റാം. എന്തു പറ്റിയാലും ഒരു മനുഷ്യന്‍ പോലും ഇതിനിടയില്‍ ജീവാപായം വരാതെ നോക്കേണ്ടതും പ്രധാനമാണ്. ആനയുടെ ജീവനിലും വലുതാണ് മനുഷ്യന്റെ ജീവനും.
Content Highlights: Arikkomban rice tusker,environment, vijayakumar blathur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..