കരിമീൻ | Photo: AP
കരിമീന്‍, തിരുത, പൂമീന്‍, വരാല്.......മലയാളികളുടെ ഇഷ്ടവിഭവങ്ങളിന്ന് തീന്മേശയില് കുറഞ്ഞു വരികയാണ്. ശുദ്ധജല മത്സ്യങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന അഷ്ടമുടിക്കായലില്‍ പോലും ഇവയുടെ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. സമുദ്ര മത്സ്യമായ അയലയുടെ കായലിലെ സാന്നിധ്യം ഇതിനോടകം ക്രമാതീതമായി പെരുകി കഴിഞ്ഞു. പ്രാദേശികമായി ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന കൂഴവാലിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള രാജ്യത്തെ ഏക കായലാണ് അഷ്ടമുടി. ഇത്തരത്തിൽ 158-ഓളം മത്സ്യവിഭാഗങ്ങളുള്ള കായലില്‍ ആദ്യമായി മുപ്പിരി(Tripod Fish), കർദ്ദിനാൾ (Cardinal fish) തുടങ്ങീ സമുദ്ര മത്സ്യങ്ങൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. കായലിലെ ശുദ്ധജല മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണിത്.
അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്‍ഡ് ദി എന്‍വയോണ്‍മെന്റ് (ATREE), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ്, യൂണിവേഴ്സിറ്റി ഓഫ് കേരള എന്നീ സ്ഥാപനങ്ങളിലെ വിദ്ഗധര്‍ സംയുക്തമായി നടത്തിയ പരിശോധന കായലിനുണ്ടായ ജൈവെവിധ്യ ശോഷണത്തെ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളിലൊതുങ്ങുന്നില്ലെന്നും അവ കായല്‍ പോലെ മറ്റനേകം ജലാശയങ്ങളിലേക്ക് വ്യാപിക്കുന്നതാണെന്നും പഠനം വ്യക്തമാക്കുന്നു.

വേലിയേറ്റത്തിൽ കായലിലെത്തുന്ന മാലിന്യം തുരുത്ത് നിവാസികള്‍ക്ക് നിത്യ കാഴ്ചയാണിന്ന്. കല്ലടയാറ്റില്‍ നിന്നുള്ള നീരൊഴുക്കിന്റെ കുറവ്, കാലാവസ്ഥാ വ്യതിയാനം പോലെ ഒട്ടനേകം ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഫിഷറീസ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാറ്റിക് ബയോളജി പ്രൊഫസര്‍ കൂടിയായ ബിജു കുമാര്‍ അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്തിനുണ്ടായ നഷ്ടത്തെ കുറിച്ച് പറയുന്നതിങ്ങനെ.........
"കല്ലടയാറ്റില്‍ നിന്നുള്ള ശുദ്ധജലത്തിന്റെ നീരൊഴുക്ക് കുറഞ്ഞത് കായലില്‍ സമുദ്ര മത്സ്യങ്ങളുടെ സാന്നിധ്യം വര്‍ധിക്കാനിടയാക്കി. ശുദ്ധജല മത്സ്യങ്ങള്‍ കൂടുതലായി കാണപ്പെടുന്ന മേഖലകളില്‍ പോലും സമുദ്ര മത്സ്യങ്ങളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. കായലില്‍ ആദ്യമായി മൂന്ന് സമുദ്ര മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനൊപ്പം അയല, പതിമൂക്കൻ താലിപ്പാര എന്നിവയുടെ എണ്ണം പെരുകലിന് പിന്നില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ സമുദ്രങ്ങളെ സാരമായി ബാധിക്കുന്നുവെന്നുവേണം കരുതാൻ"
കായലിലെ ശുദ്ധജല മത്സ്യസമ്പത്ത് കുറഞ്ഞതിനൊപ്പം കരിമീന്‍, കായല്‍ ഞണ്ട് എന്നിവയുടെ വലിപ്പത്തിലും മാറ്റങ്ങളുണ്ടായി
പ്രധാന കാരണം മലിനീകരണം
കായലില്‍ മത്സ്യസമ്പത്ത് കുറഞ്ഞ മേഖലകളിലെല്ലാം വിവിധ തരത്തിലുള്ള മലിനീകരണം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് മലിനീകരണം മേഖലയിലെ ജൈവൈവിധ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖര മാലിന്യ കൂമ്പാരവും കണ്ടെത്തി. അധിനിവേശ സ്വഭാവമുള്ള Charru Mussel (പനാമ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്ന കല്ലുമ്മക്കായയുടെ മറ്റൊരു വിഭാഗമായ ഇവ ഇന്ത്യയില്‍ അധിനിവേശ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്) എന്ന കല്ലുമ്മക്കായ വിഭാഗത്തിന്റെ സാന്നിധ്യം Green Mussel (പച്ച നിറത്തിലുള്ള പുറംതോടുള്ള കല്ലുമ്മക്കായ) എന്ന പ്രാദേശിക കല്ലുമ്മക്കായ വിഭാഗത്തിന്റെ എണ്ണത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മത്സ്യബന്ധനം ജൈവൈവിധ്യ നാശത്തിനിടയാക്കി
.jpg?$p=0ee71b7&w=610&q=0.8)
അനധികൃത മത്സ്യബന്ധനം
മേഖലയില്‍ നിലവിലുള്ള അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന് ഭീഷണിയാവുന്ന അവസ്ഥയാണുള്ളത്. മത്സ്യബന്ധനത്തിന് കൂടുതലായി ഉപയോഗിക്കുന്ന അടക്കംകൊല്ലി വല ചെറു മീനുകളുടെ നിലനില്പിന് ആപത്താണ്. നിലവിലുള്ള നിയമങ്ങള്‍ സമുദ്ര മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ളതാണ്. ശുദ്ധജല മത്സ്യങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങള്‍ നിലവില്‍ ഇല്ല. ഇതിന് ഒരു നിയമ സംവിധാനം അനിവാര്യമാണ്.
മത്സ്യബന്ധനം ഉപയോഗിച്ച് പിടികൂടാവുന്ന ശുദ്ധജലമത്സ്യങ്ങളുടെയും ലവണാംശമുള്ള ജലാശയങ്ങളില്‍ വസിക്കുന്ന മത്സ്യങ്ങളുടെയും വലിപ്പത്തിന് പരിധി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍
കാലാവസ്ഥാ വ്യതിയാനം മൂലം ജലാശയങ്ങളില്‍ ചൂട് വര്‍ധിക്കുന്നുണ്ട്. നിലനില്പിന് ഭീഷണിയാകുന്നതോട് കൂടി മത്സ്യങ്ങള്‍ തണുപ്പന്‍ പ്രദേശങ്ങള്‍ തേടിപ്പോകും. ഇത് ദേശാടനം പോലെയുള്ള ദുഷ്പ്രേരണകള്‍ മത്സ്യങ്ങളില്‍ സൃഷ്ടിക്കും. പ്രത്യുത്പാദന ക്രമത്തെ പോലും ഇവ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഷ്ടമുടി കായല്‍ മാത്രം കേന്ദ്രീകരിച്ചുള്ള പഠനങ്ങളിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം കൂടുതല്‍ ശുദ്ധജലം കായലിലേക്ക് കൂടുതലായി എത്തപ്പെട്ടതും കക്ക വിഭാഗത്തില്‍പെടുന്ന ചിലവയുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
.jpg?$p=6699302&w=610&q=0.8)
കണ്ടല്‍ക്കാടുകളുടെ നാശവും ശുദ്ധജല മത്സ്യങ്ങൾക്ക് കുറവ് വരുത്തിയിട്ടുണ്ട് . പ്രത്യുത്പാദനത്തിനായി മീനുകള്‍ കണ്ടല്‍ക്കാടുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇവയുടെ നാശം പ്രത്യുത്പാദനത്തെ ബാധിക്കുന്നതിനൊപ്പം തന്നെ മത്സ്യസമ്പത്തിനും ഭീഷണി തന്നെയാണ്. ഇത് അഷ്ടമുടിക്കായലിലെ മാത്രം കാര്യമല്ല. കേരളത്തില്‍ എല്ലായിടങ്ങളിലും ഇത്തരത്തില്‍ ശുദ്ധജല മത്സ്യങ്ങള്‍ക്ക് വലിപ്പ കുറവ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കായലിലെ മത്സ്യബന്ധനം പൂര്‍ണമായി കരിമീനിന്റെ വാണിജ്യ താത്പര്യങ്ങളെ മാത്രം മുന്നില്‍ കണ്ടിട്ടുള്ളതാണ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ശുദ്ധജലമത്സ്യങ്ങള്‍ക്ക് വലിപ്പ കുറവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പോംവഴിയെന്ത്?
മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള 'ഫിഷ് സാങ്ച്വറികള്‍' (മത്സ്യങ്ങളുടെ സംരക്ഷണ കേന്ദ്രം) പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള മത്സ്യനിക്ഷേപവും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പരിമിതമായ തോതിലായിരിക്കും ഇത്തരം നിക്ഷേപങ്ങള്‍ നടത്തുക. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ . സംരക്ഷണ മേഖലകള്‍ പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യുമെങ്കിലും ശുദ്ധജല മത്സ്യങ്ങള്‍ക്കുള്ള സംരക്ഷിത മേഖലകള്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മത്സ്യസമ്പത്ത് കൂടി കണക്കിലെടുത്ത് ചൈനീസ് വലകള്‍ പോലെയുള്ളവ നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധി വരെ മത്സ്യസമ്പത്ത് കാത്തുസൂക്ഷിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വാണിജ്യ മത്സ്യങ്ങളെ പിടികൂടുന്നതിനാവശ്യമായ ഭാരപരിധി നിശ്ചയിക്കുന്നതിലൂടെയും അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാം. മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പൂര്‍ണമായി കായലിനെയും കായലിന്റെ മത്സ്യസമ്പത്തിനെയും ലക്ഷ്യമാക്കിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണ കൂടം നടത്തേണ്ടത്.
പ്രാദേശികമായി പ്രാധാന്യം കല്പിക്കപ്പെടുന്ന മത്സ്യസമ്പത്തുകളെ നിക്ഷേപിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങളും ഫിഷ് സാങ്ച്വറി പോലെയുള്ള ഇടങ്ങള്‍ കായലില്‍ പ്രഖ്യാപിക്കുന്നതും ഗുണം ചെയ്യുമെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. അധിനിവേശ വര്‍ഗങ്ങള്‍, മലിനീകരണം പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ നിരന്തരം നിരീക്ഷണ വിധേയമാക്കുന്നതിലൂടെ നാശോന്മുഖമായ കണ്ടല്‍ക്കാടുകളെയും വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയും പഠനം പങ്കുവെക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..