കാട്ടുപന്നി | ഫോട്ടോ:എൻ എ നസീർ
ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ വംശവര്‍ധനവ് തടയാനായി ചെന്നായ്ക്കളെ കൊന്നൊടുക്കിയത് അടുത്തിടെയാണ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. ശല്യവിഭാഗങ്ങളെന്ന് മനുഷ്യർ നിർണ്ണയിക്കുന്ന വന്യജീവികളെ കൊന്നൊടുക്കുന്നതിനെയാണ് കള്ളിങ് എന്ന് പറയുന്നത്. പലപ്പോഴം കൊന്നൊടുക്കലിന് മുമ്പ് അംഗസംഖ്യാനിര്‍ണയം നടത്തണമെന്ന് നിയമം പാലിക്കപ്പെടാതെ പോകുന്നു. മാത്രവുമല്ല കാലാവസ്ഥാ വ്യതിയാനം, വേട്ടയാടല്‍ പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ എന്നിവ മൂലം പല വന്യമൃഗങ്ങളും വംശനാശത്തിന്റെ വക്കിലാണെന്നിരിക്കെ വന്യജീവികളെ കൊന്നൊടുക്കുന്നതിന്റെ യുക്തി ഭദ്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും കൊന്നൊടുക്കലിനൊരു ബദല്‍ സംവിധാനമില്ലെന്നതാണ് വസ്തുത. കാട്ടുപന്നികൾ ജനവാസ മേഖലയിലിറങ്ങിയാല്‍ വിരട്ടിയോടിക്കാറുണ്ട്. എന്നാല്‍ അന്തിമ പോംവഴിയായി കരുതപ്പെടുന്നത് കൊന്നൊടുക്കല്‍ തന്നെയാണ്.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഉടമ്പടിയായ സിറ്റെസില്‍ (CITES-Convention on International Trade in Endangered Species of Wild Fauna and Flora) ഒപ്പിട്ടിരിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിയമപരമല്ലാത്ത ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വംശവര്‍ധനവ് തടയാനുള്ള ഏക മാര്‍ഗം കൊന്നൊടുക്കല്‍ മാത്രമാണ്.
.jpg?$p=33ca746&&q=0.8)
കാട്ടാനയെ തുരത്തിയോടിക്കാന്‍ ശ്രമിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ | ഫോട്ടോ:അരുണ്‍ കൃഷ്ണന്‍ക്കുട്ടി
പലപ്പോഴും നിശ്ചിത അളവുകളിലാണ് കൊന്നൊടുക്കല്‍ നടത്താറുള്ളതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പറയുന്നു ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഘടകം ആക്ടിംഗ് കണ്‍ട്രി ഡയറക്ടര്‍ സുമന്ത് ബിന്ദുമാധവ്. 1991-ല്‍ മൃഗങ്ങള്‍ക്ക് എതിരേയുള്ള ക്രൂരതയ്ക്കായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍.
എന്തുകൊണ്ട് കൊന്നൊടുക്കല്‍?
മനുഷ്യരുമായുള്ള വന്യമൃഗങ്ങളുടെ ഏറ്റുമുട്ടല്‍ വര്‍ധിക്കുന്ന സമയത്താണ് സാധാരണയായി കൊന്നൊടുക്കല്‍ (culling) രീതി അവലംബിക്കുക.കൊന്നൊടുക്കാനുള്ള വന്യമൃഗങ്ങളെ വെര്‍മിന്‍ (vermin) അഥവാ ശല്യജീവികളായി പ്രഖ്യാപിക്കുകയാണ് ആദ്യപടി. ചിലയിടങ്ങളില്‍ ചുരുങ്ങിയ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചായിരിക്കും ഇത് പ്രാവര്‍ത്തികമാക്കുക. എന്നാല്‍ മനുഷ്യരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊന്നൊടുക്കിയാലും വന്യമൃഗങ്ങളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാറില്ല. പലപ്പോഴും ഇന്ത്യയില്‍ കാട്ടുപന്നികളെ ഇത്തരത്തില്‍ കൊന്നൊടുക്കാറുണ്ട്. ഫലമോ?, ഇപ്പോഴും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും ചിലയിടങ്ങളിലെങ്കിലും നിത്യസംഭവമാണ്. ശാസ്ത്രീയപരമായി ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാം വിധം വന്യമൃഗങ്ങളുടെ എണ്ണത്തെ നിലനിര്‍ത്തി കൊണ്ടാണ് ഈ പ്രക്രിയ നടപ്പാക്കേണ്ടത്. അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായി ഏതൊരു കൊന്നൊടുക്കല്‍ പ്രക്രിയ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചെറുതല്ല.
.jpg?$p=b86166a&&q=0.8)
നിയമപരമായി അനുവദനീയമാണോ
പല രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ കൊന്നൊടുക്കാനുള്ള അനുമതിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ചില വന്യജീവികളെ ശല്യവിഭാഗങ്ങളില്‍പ്പെടുത്താനുള്ള അനുമതിയുണ്ട്. എന്നിരുന്നാലും കൊന്നൊടുക്കാതെ മനുഷ്യ-വന്യജീവി അക്രമണത്തിന് കാരണമായ ഘടകങ്ങളെ കണ്ടെത്തി പരിഹരിക്കാനാണ് 1972 ല്‍ പ്രാബല്യത്തില്‍ വന്ന നിയമം നിര്‍ദേശിക്കുന്നത്. കൊന്നൊടുക്കല്‍ രീതികളില്‍ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധമായതുമായ നിലപാടുകളാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നത്. വംശവര്‍ധനവും, മനുഷ്യ-വന്യജീവി അക്രമസംഭവങ്ങളും രണ്ടറ്റങ്ങളാണ്. ഇവ തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് പറയുന്നു സുമന്ത്.
യുക്തിപരമാണോ ഈ നടപടി
വംശവര്‍ധനവ്, അക്രമസംഭവങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമല്ല അശാസ്ത്രീയമായ രീതിയിലുള്ള വന്യമൃഗങ്ങളുടെ കൊന്നൊടുക്കല്‍. ക്രൂരമായ രീതികളാണ് ഇവയെ കൊല്ലാനായി സ്വീകരിക്കുന്നത്. പലപ്പോഴും മരണവേദന പൂര്‍ണമായി അറിഞ്ഞാണ് കൊന്നൊടുക്കലിന് വിധേയമാകുന്ന വന്യമൃഗങ്ങള്‍ ചാവുന്നത്. വന്യമൃഗങ്ങളുള്‍പ്പെട്ട ജൈവൈവിധ്യമാണ് ആരോഗ്യപരമായ ആവാസവ്യവസ്ഥയുടെ കാതല്‍. അതിനാല്‍ വന്യമൃഗങ്ങള്‍ക്ക് എതിരേയുള്ള ഏത് പ്രവര്‍ത്തനവും സ്വാഭാവിക ആവാസവ്യവസ്ഥയെ താറുമാറാക്കുമെന്നതില്‍ സംശയം വേണ്ട. പല രാജ്യങ്ങളും ഇന്ന് ടൂറിസം രംഗത്തിലൂടെ ലാഭം കൊയ്യുന്ന തുകയുടെ സിംഹഭാഗവും വനപ്രദേശങ്ങളിലൂടെ ലഭിക്കുന്നവയാണ്.
%20(1).jpg?$p=4cc9b01&&q=0.8)
അനിവാര്യമാണോ കൊന്നൊടുക്കല്‍
വന്യജീവി പരിപാലനത്തില്‍ യാതൊരു പങ്കും കൊന്നൊടുക്കല്‍ (Culling) പ്രക്രിയ വഹിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. മനുഷ്യത്വപരമായ പരിഹാര മാര്‍ഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നാണ് വന്യജീവി പ്രവര്‍ത്തകരുടെ പക്ഷം. അതേ സമയം കൊന്നൊടുക്കിയില്ലെങ്കിൽ വംശവർധനവ് സംഭവിക്കുന്ന ജീവിവർഗ്ഗം ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജീവികളുടെ എണ്ണം കുറയുമെന്ന പ്രതിസന്ധിയുമുണ്ട്.
ഫലങ്ങള്‍
വന്യമൃഗങ്ങളെ കൂട്ടത്തോടെയും ആസൂത്രണം ചെയ്യാതെയും അശാസ്ത്രീയമായി കൊല്ലുന്നത് ആവാസവ്യവസ്ഥയിലും ഈ സംവിധാനങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹങ്ങളിലും വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷ്യശൃംഖലയെയായിരിക്കും ഇവ ആദ്യം ബാധിക്കുക. ഭക്ഷ്യശൃംഖലയില്‍ വ്യതിചലനങ്ങളുണ്ടാകുന്നത് എല്ലാ ജീവജാലങ്ങളെയും ബാധിക്കും.
.jpg?$p=1e7b7c3&&q=0.8)
കാടിറക്കവും കാരണം?
കാടിറക്കം കൊന്നൊടുക്കലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. കാട്ടുപന്നിയുടെ വംശവര്‍ധനവ് ഇവയെ കൊന്നൊടുക്കാനുള്ള അനുമതിക്ക് കാരണമാണ്. എന്നാല്‍ കാട്ടുപന്നി എണ്ണത്തില്‍ കൂടുന്നുവെന്നതിന് കൃത്യമായ കണക്കില്ലെന്ന് പറയുകയാണ് വന്യജീവി പ്രവര്‍ത്തകനായ എം.എന്‍ ജയചന്ദ്രന്‍. കൊന്നൊടുക്കലിന് മുമ്പ് അംഗസംഖ്യ നിര്‍ണയം നടത്തണമെന്ന നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്. മനുഷ്യവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നതിന്റെ പേരിലും വന്യമൃഗങ്ങളെ കൊന്നൊടുക്കാറുണ്ട്. മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറ്റം നടത്തിയതാണ് കാടിറക്കത്തിന് പിന്നിലെ ഒരു കാരണം. കാടിനുള്ളില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ഇതും കാടിറക്കത്തിന് കാരണമാണ്. പ്രധാന വനപാതകളെ വിഭജിച്ച് കൊണ്ടുള്ള റോഡുകള്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ വനപ്രദേശം വിഭജിക്കപ്പെടുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് ജനവാസമേഖലയില്‍ ഇറങ്ങാതെ തരമില്ല.
കേരളത്തിന്റെ മാങ്കുളം
മാങ്കുളത്ത് വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തിയിരുന്ന സ്ഥലം രണ്ട് വര്‍ഷം മുമ്പാണ് വേലികെട്ടി അടച്ചത്. ഇത് അവിടെ മനുഷ്യ-വന്യജീവി ഏറ്റുമുട്ടലുണ്ടാവാനുള്ള പ്രധാന കാരണമായി. വേട്ടക്കാരായ മൃഗങ്ങള്‍ കൂടുമ്പോഴാണ് ഇരയുടെ എണ്ണം കുറയുക. ഇന്ത്യയില്‍ കടുവകളുടെ എണ്ണം കുറഞ്ഞത് മാനുകളുടെ എണ്ണം പെരുകാന്‍ കാരണമായി. മാന്‍ പുല്ലുകളും മറ്റും തിന്നുതീര്‍ത്ത് സ്വാഭാവിക വനപ്രദേശത്തിന് നാശമായിരിക്കും വരുത്തുക.അതിനാൽ തന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് പ്രിഡേറ്റർ ജീവികളുടെ സാന്നിധ്യം അനിവാര്യമാണ്.
Content Highlights: reasons behind culling of wild animals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..