ശ്രീകുമാർ
കേരളത്തിൽ ഇതുവരെ ഉരുള്‍പൊട്ടിയതില്‍ 70 ശതമാനവും കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റിയില്‍ പ്രസിദ്ധീകരിച്ച ലാൻഡ് സ്ലൈഡ് ഹസാര്‍ഡ് സൊണേഷന്‍ മാപ്പിൽ വരുന്നതാണെന്ന് ഉരുള്‍പൊട്ടൽ വിദഗ്ധനും കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസറുമായ ഡോ. ശ്രീകുമാര്‍. ഉരുൾപൊട്ടലിനെ പ്രതിരോധിക്കാൻ 1: 5000 പ്രകാരം Flood hazard Zone മാപ്പും Land slide Hazard zone മാപ്പും അടിയന്തരമായി നമ്മള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാതൃഭൂമി ഡോട്ടകോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 : 50000 സ്‌കെയിലിലാണ് നമ്മള്‍ മാപ്പുണ്ടാക്കിയത്. അത് വലിയ സ്‌കെയിലാണ്. അത് പ്രകാരം നോക്കുമ്പോള്‍ വലിയ മേഖല തന്നെ ഹസര്‍ഡ് സോണില്‍ വരും. ഗാഡ്ഗില്‍ കമ്മിറ്റി പഠനത്തിന്റെ ഏറ്റവും വലിയ പരിമിതി അതായിരുന്നു. പകരം 1: 5000 സ്‌കെയിലില്‍ മാപ്പുണ്ടാക്കിയിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. അതിനാൽ 1:5000 മാപ്പ് അടിയന്തിരമായി നാം ചെയ്യേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. "കൂട്ടിക്കല്‍ വില്ലേജ് ഹൈ ഹസാര്‍ഡ് സോണില്‍ വരുന്നതാണ്. പക്ഷെ ആ വില്ലേജിലെ എല്ലാ മേഖലയും ഹൈ ഹസാര്‍ഡ് സോണില്‍ വരില്ല. ഗാഡ്ഗില്‍ കമ്മറ്റിക്ക് പറ്റിയ കുഴപ്പമതാണ്. അവര്‍ 1: 50000 സ്‌കെയില്‍ വെച്ചിട്ടാണ് മാപ്പ് തയ്യാറാക്കിയത്. അത് തെറ്റിദ്ധരിച്ചതിനാലാണ് ആളുകള്‍ എതിര്‍ത്തത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പ്രത്യേക പ്രദേശത്തെയാണ് ദുര്‍ബല പ്രദേശമാക്കാന്‍ ഉദ്ദേശിച്ചത്. എങ്കിലും മാക്രോ സ്‌കെയിലില്‍ വന്നപ്പോള്‍ അതുള്‍പ്പെടുന്ന മുഴുവന്‍ പ്രദേശവും ദുര്‍ബല പ്രദേശമായെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടായി. ", ശ്രീകുമാർ കൂട്ടിച്ചേർത്തു. സംസ്ഥാന പരിസ്ഥിതി അപ്രൈസല്‍ കമ്മറ്റി അംഗവും ഐ.ആര്‍.ടി.സി പാലക്കാട് ഡയറക്ടര്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം മുൻഗണന നൽകി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാർ ഈ അഭിമുഖത്തിൽ
ആഗോളതാപനമാണ് കാലം തെറ്റിയുള്ള മഴയുടെയും അതിവൃഷ്ടിയുടെയും പേമാരിയുടെയും മൂലകാരണം. ആഗോള പ്രതിഭാസമായതുകൊണ്ട് തന്നെ അതിനെ തടയുക എന്നത് കേരളത്തിന് ഒറ്റക്ക് നടക്കുന്ന കാര്യമല്ല. പേമാരി പോലെ തന്നെ ഉരുള്‍ പൊട്ടലും വര്‍ഷാവര്‍ഷം നടക്കുന്ന കാര്യമായി മാറി. കനത്ത മഴ ലഭിച്ച സമയങ്ങളിലാണ് പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായത്. അമിതവൃഷ്ടി മാത്രമാണോ ഉരുള്‍പൊട്ടലിനുള്ള കാരണം. ഏതെല്ലാം ഘടകങ്ങള്‍ ഒത്തുചേരുമ്പോഴാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?
സ്വാഭാവികമായ കുറെ കാരണങ്ങളുണ്ട് ഉരുള്‍പൊട്ടലിന്. ചരിവ്, നിമ്ന്നോന്നതി( മലയുടെ ഏറ്റവും താഴ്ന്ന പ്രദേശവും ഉയര്‍ന്ന പ്രദേശവും തമ്മിലുള്ള വ്യത്യാസം), നീര്‍ച്ചാലുകളുടെ ഡെന്‍സിറ്റി(ഡ്രെയിനേജ്), ഓവര്‍ ബര്‍ഡന്‍ തിക്ക്‌നെസ്സ് (ഉറച്ച ശിലകളുടെ മലയുടെ ഉപരിതലത്തില്‍ വെട്ടുകല്ലും മേല്‍മണ്ണും ഉണ്ടാകും. അതിന്റെ കനം പ്രധാനപ്പെട്ടതാണ്.) കേരളത്തില്‍ സാധാരണ അത് രണ്ട് മീറ്ററാണ്. കനം കൂടിയാല്‍ വെള്ള സംഭരണം കൂടുതലാകും. അങ്ങനെ വരുമ്പോള്‍ അവിടെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിക്കും. മലയിലെ വിള്ളലുകളുടെ ചെരിവ് എങ്ങോട്ടാണ്. രണ്ട് വിള്ളലുകള്‍ എങ്ങനെ ഇന്റര്‍സെക്ട് ചെയ്യും, പാറയുടെ സ്വഭാവം, മണ്ണിന്റെയും ശിലകളുടെയും ഘടന എന്നീ വിവിധ കാരണങ്ങളാണ് ഉരുള്‍പൊട്ടലിനെ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ അതിവൃഷ്ടിയും. ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഹൈ ഹസാര്‍ഡ് സോണ്‍(ഉരുള്‍പൊട്ടല്‍ സാധ്യത ഏറ്റവും കൂടുതലുള്ളത്) മോഡറേറ്റ് ഹസാര്‍ഡ് സോണ്‍ ലോ ഹസാര്‍ഡ് സോണ്‍ എന്നിങ്ങനെയെല്ലാം തരം തിരിച്ചിരിക്കുന്നത്. ഇങ്ങനെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അതിവൃഷ്ടി വരുമ്പോള്‍ വെള്ളം മേല്‍മണ്ണില്‍ കൂടുതല്‍ സംഭരിക്കുകയും മണ്ണിടിഞ്ഞ് ഉരുള്‍പൊട്ടുകയുമാണ്. ഉത്തരേന്ത്യയില്‍ മഴയില്‍ കുതിര്‍ന്നിരിക്കുന്ന മലയില്‍ ഭൂകമ്പം കൂടി ഉണ്ടാകുമ്പോള്‍ വേഗം മണ്ണിടിയുന്നു. ഹിമാലയത്തിലെ മലനിരകള്‍ പശ്ചിമഘട്ടം പോലെ ഉറച്ചതല്ല അതിനാല്‍ മഴകാരണമോ ഭൂമികുലുക്കം മൂലമോ പെട്ടെന്ന് ഉരുള്‍പൊട്ടലുണ്ടാകുന്നു. കേരളത്തില്‍ പക്ഷെ പല കാരണങ്ങളാണ്. കേരളത്തിലെ ഡാമുകളില്‍ വെള്ളം വല്ലാതെ നിറയുമ്പോള്‍ റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ് സീസ്മോസിറ്റി ഉണ്ടായേക്കാം. അതും മഴയും വന്നാല്‍ ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത കൂടും.

മനുഷ്യന്റെ ഇടപെടല്‍ എങ്ങനെയാണ് ഉരുള്‍പൊട്ടലിന് ആക്കം കൂട്ടുന്നതെന്ന് വിശദീകരിക്കാമോ ?
ഇനി മനുഷ്യനിര്‍മ്മിതമായ കാരണങ്ങളുണ്ട്. ഹൈ ഹസാര്‍ഡ് സോണിലോ മോഡറേറ്റ് ഹസാര്‍ഡ് സോണിലോ ചെക്ക്ഡാം വരികയാണെങ്കില്‍, സ്വാഭാവിക നീര്‍ച്ചാലിന് തടസ്സം വരികയാണ്. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ജലം മര്‍ദ്ദം ഉണ്ടാക്കുകയും അത് ഉരുള്‍പൊട്ടലിലേക്ക് നയിക്കുകയും ചെയ്യും. ഉരുള്‍പൊട്ട സാധ്യതയുള്ള മേഖലയില്‍ അതിവൃഷ്ടി ഉണ്ടാകുന്നത് തന്നെ ഉരുള്‍പൊട്ടല്‍ സാധ്യത കൂട്ടുന്നതാണ്. അതിനു പുറമെ തടയണ, അനധികൃത നിര്‍മ്മാണങ്ങള്‍, റോഡുകള്‍, വനവൃക്ഷങ്ങള്‍ വെട്ടല്‍. ക്വാറിയിങ് എന്നിവ സ്ഥിതി ഗുരുതരമാക്കുന്നു. പ്രധാനപ്പെട്ട് ട്രിഗറിങ് ഫോഴ്‌സ് അതി വൃഷ്ടിയാണ് എന്നാല്‍ മനുഷ്യ ഇടപെടലുകള്‍ കൂടി ഒരുമിച്ച് വരുമ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുകയാണ്..
പെട്ടിമുടി, കവളപ്പാറ, പുത്തുമല, കൊക്കയാര്‍ എന്നിവിടങ്ങളില്‍ സ്വാഭാവികമായ ഉരുള്‍പൊട്ടല്‍ കാരണങ്ങള്‍ക്കു പുറമെ മനുഷ്യന്റെ ഏതെല്ലാം ഇടപെടലാണ് ഉരുള്‍പൊട്ടലിന് കാരണമായത?
മലയുടെ താഴത്തെ ചെരിവുകള്‍ നിലവില്‍ മഴയില്‍ കുതിര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് പുത്തുമലയില്‍ വലിയ പാറക്കഷ്ണം താഴോട്ടുവീഴുന്നത്. പൊതുവെ വനവൃക്ഷങ്ങളും അവയുടെ താഴേക്കുള്ള വേരുകളും മണ്ണിനെ പിടിച്ചു നിര്‍ത്തേണ്ടതാണ്. എന്നാല്‍ അവയെ നശിപ്പിച്ച് സാധാരണ മരങ്ങളും കൃഷിയും കെട്ടിടങ്ങളും വന്നു. കവളപ്പാറയും പുത്തുമലയും മോഡറേറ്റ് ഹസാര്‍ഡ് മേഖലയായിരുന്നു. എന്നാല്‍ പത്ത് ഘടകങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ഉരുള്‍പൊട്ടുകയായിരുന്നു. അതിവൃഷ്ടി വലിയ ഭീഷണിയാണ്. എന്നാല്‍ നേരത്തെ പറഞ്ഞ ഘടകങ്ങളെല്ലാം ഉള്ള മേഖലകളില്‍ അതി വൃഷ്ടി കൂടി വരുന്നതോടെ ഉരുള്‍പൊട്ടല്‍ സംഭവിക്കുകയാണ്.

ഫോട്ടോ: അജിത്ത് ശങ്കരൻ
കവളപ്പാറയില്‍ ഒരു ചെറിയ തുരുത്ത് മാത്രം അവശേഷിപ്പിച്ചാണ് മണ്ണിടിഞ്ഞത്. തെളിവായി ആ ഒറ്റത്തുരുത്തിന്റെ ചിത്രവും നമുക്ക് മുന്നിലുണ്ട്. ആ മേഖലയില്‍ മാത്രം മണ്ണിടിയാതിരിക്കാനുള്ള കാരണമെന്താണെന്നാണ് താങ്കള്‍ കരുതുന്നത് ?
ആ മേഖലയില്‍ നല്ല സസ്യജാലങ്ങൾ ഉണ്ടായിരുന്നു. മണ്ണിലേക്കാഴ്ന്നിറങ്ങിയ മരങ്ങളുമുണ്ടായിരുന്നു. പിന്നെ ആ മേഖലയിലെ ശിലകളുടെ സ്വഭാവവും മറ്റും വ്യത്യസ്തപ്പെട്ടിരിക്കാം. ആ പ്രദേശത്ത് ഓവര്‍ ബര്‍ഡ്‌നെസ്സ് തിക്ക്‌നെസ്സ് (മേൽ മണ്ണിന്റെ കനം കുറയുമ്പോൾ ഇടിഞ്ഞു വീഴാനുള്ള സാധ്യത കുറയും) കുറഞ്ഞിട്ടുണ്ടാവാം. പൊട്ടിക്കഴിഞ്ഞതിനാല്‍ അത് പരിശോധിച്ചുറപ്പിക്കാന്‍ നമുക്കാവില്ല. അങ്ങനെ പലകാരണങ്ങള്‍ മൂലമായിരിക്കാം ആ പ്രദേശം ഉരുള്‍പൊട്ടലിനെ അതിജീവിച്ചത്. മാത്രവുമല്ല ഓരോ മേഖലയിലെയും ശിലകളുടെ സ്വഭാവം വ്യത്യസ്തമാണ്. അതിനാല്‍ ഉരുള്‍പൊട്ടല്‍ നേരത്തെ പ്രവചിക്കാന്‍ സാധിക്കുന്നില്ല.
നിലവില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയെ തരംതിരിച്ച് അവിടത്തെ വനവൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിനെതിരേ നയങ്ങള്‍ കൊണ്ടുവന്നാല്‍ ഈ വിപത്തിനെതിരേ ചെറിയ രീതിയിലെങ്കിലും ഒരു പ്രതിരോധമാവില്ലേ?
തീര്‍ച്ചയായും. ഗാഡ്കില്‍ കമ്മറ്റിയും കസ്തൂരിരംഗന്‍ കമ്മറ്റിയും വന്നപ്പോല്‍ പരിസ്ഥിതി ദുര്‍ബല മേഖല എന്ന് പറഞ്ഞത് ഇതിനാലാണ്. ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല മേഖലയായിരുന്നു. എന്നാല്‍ പിന്നീട് പല സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരിക്കാം അതില്‍ മാറ്റം വന്നെന്നാണ് ഞാന്‍ അറിഞ്ഞത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ വനവൃക്ഷ നശീകരണം പാടില്ല(മരനശീകരണമല്ല), കെട്ടിടങ്ങള്‍ പണിയണമെങ്കില്‍ അത് പ്രത്യേക ചട്ടപ്രകാരമായിരിക്കണം . ഇത്ര ഏരിയയിലുള്ള വീടുകളാവണം എന്ന നയം വേണ്ടതാണ്. പക്ഷെ അതിന് സര്‍ക്കാരിനെ ഞാന്‍ കുറ്റപ്പെടുത്തില്ല. ജനങ്ങളുടെ സഹകരണം ഈ വിഷയത്തില്‍ വളരെ കുറവാണ്.
ഗാഡ്ഗിലിനെ വിമര്‍ശിക്കുന്നവര്‍ ആ പഠനം ശാസ്ത്രീയമല്ലെന്നും മൗലികവാദമാണെന്നുമാണ് പറയുന്നത്. നിലവില്‍ ഉരുള്‍പൊട്ടല്‍ നടക്കുന്ന മേഖലകളിലൊന്നും ക്വാറിയില്ല. പിന്നെ ക്വാറിയെ എന്തിനെതിര്‍ക്കുന്നു എന്നാണവര്‍ ചോദിക്കുന്നത് ?
ദുരന്തത്തിന് ആക്കം കൂട്ടുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ക്വാറി. അല്ലാതെ എല്ലാ ഉരുള്‍പൊട്ടലിനും കാരണം ക്വാറിയെന്നര്‍ഥമില്ല. പക്ഷെ ഹൈ ഹസാര്‍ഡ് സോണില്‍ ക്വാറി വരുന്നത് അപകടം തന്നെയാണ്. മോഡറേറ്റ് ഹസാര്‍ഡ് സോണിലും ക്വാറി പാടില്ലെന്നാണ് എന്റെ നിലപാട്.
സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശവുമായി കണക്കാക്കിയിട്ടുണ്ടല്ലോ.. ഉരുള്‍പൊട്ടല്‍ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അത് പ്രകാരം തന്നെയാണോ നിലവില്‍ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?

വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തുമെല്ലാം നമ്മള്‍ പഠനം നടത്തിയിട്ടുണ്ട്. അതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കിയ പ്രധാനപ്പട്ട കാര്യം ഉരുള്‍പൊട്ടിയതില്‍ 70 ശതമാനവും മോഡറേറ്റ് ഹസാര്‍ഡ് സോണിലും ഹൈ ഹസാര്‍ഡ് സോണിലും തന്നെയാണ് എന്നതാണ്. പക്ഷെ അതിവൃഷ്ടി വരുമ്പോള്‍ ലോ ഹസാര്‍ഡ് സോണിലും മണ്ണിടിച്ചുലുണ്ടാവുകയാണ്. അതിവൃഷ്ടിക്കൊപ്പം പലയിടങ്ങളിലും മനുഷ്യര്‍ വെര്‍ട്ടിക്കലായി മലവെട്ടി മണ്ണിട്ട് നികത്തിയതാണ് ലോ ഹസാര്‍ഡ് മേഖലയെയും ദുരന്തഭൂമിയാക്കുന്നത്. വയനാട്ടിലെ ബസ്സ്‌സ്റ്റാന്‍ഡ് നിര്‍മ്മാണമെല്ലാം തെറ്റായ രീതിയിലാണ്. കോട്ടയത്തെ വടവാതൂര്‍ എന്ന സ്ഥലത്ത് 1994ല്‍ ഞങ്ങള്‍ പഠനം നടത്തിയിട്ടുണ്ട്. അത് ഹൈ ഹസാര്‍ഡ് സ്ഥലമല്ല. പക്ഷെ അവിടെ മല വെര്‍ട്ടിക്കലായി മലവെട്ടിയത് ശരിയായ രീതിയല്ലെന്നും നീര്‍ച്ചാലുകളുള്ള സ്ഥലമായതിനാല്‍ ജലസമ്മര്‍ദ്ദം വരുമെന്നും ബലം കുറഞ്ഞ് മേല്‍ മണ്ണ് ഇടിയും എന്ന പറഞ്ഞിരുന്നു. ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ അത് ഇടിഞ്ഞു വീണു. ഭാഗ്യത്തിനാണ് ആളുകള്‍ രക്ഷപ്പെട്ടത്. പലയിടങ്ങളിലും നീര്‍ച്ചാല്‍ പ്രത്യക്ഷമായി നമുക്ക് കാണാന്‍ കഴിയാത്തതാണ്. മഴക്കാലത്ത് മാത്രമേ ആ നീര്‍ച്ചാലുകളുടെ സന്നിധ്യം മനസ്സിലാവൂ.
താരതമ്യേന മനുഷ്യരുടെ കൈകടത്തല്‍ കുറവുള്ള ഇടമായിരുന്നല്ലോ പെട്ടിമുടി. എന്നിട്ടും എങ്ങനെ അവിടെ ഉരുള്‍പൊട്ടലുണ്ടായി?
അത് സമ്മതിക്കുന്നു. പക്ഷെ അവിടത്തെ സ്ലോപ്പ് നോക്കുകാണെങ്കില്‍ മോഡറേറ്റ് ഹസാര്‍ഡ് സോണില്‍ വരുന്ന മേഖലയാണ്. 1: 50000 സ്‌കെയിലിലാണ് നമ്മള്‍ മാപ്പുണ്ടാക്കിയത്. അത് വലിയ സ്‌കെയിലാണ്. അത് പ്രകാരം നോക്കുമ്പോള്‍ വലിയ മേഖല തന്നെ ഹസാര്‍ഡ് സോണില്‍ വരും. ഗാഡ്കില്‍ കമ്മിറ്റി പഠനത്തിന്റെ ഏറ്റവും വലിയ പരിമിതിയും അതായിരുന്നു. പകരം 1: 5000 സ്‌കെയിലില്‍ മാപ്പുണ്ടാക്കിയിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. 1:5000 മാപ്പ് അടിയന്തിരമായി നാം ചെയ്യേണ്ടതാണ്. 1:5000 പ്രകാരം ഫ്‌ളഡ് ഹസാര്‍ഡ് സോണ്‍ മാപ്പും ലാന്‍ഡ് സ്ലൈഡ് ഹസാര്‍ഡ് സോണ്‍ മാപ്പും അടിയന്തിരമായി നമ്മള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. 2018ല്‍ അതിനു വേണ്ടിയുള്ള ശ്രമം നടന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നോഡല്‍ ഏജന്‍സിയായാണ് നമ്മള്‍ തയ്യാറെടുപ്പ നടത്തിയത്. പക്ഷെ ഇത് വരെയും യാഥാര്‍ത്യമായിട്ടില്ല. 2009ലാണ് ലാന്‍ഡ് സ്ലൈഡ് ഹസാര്‍ഡ് സോണ്‍ മാപ്പ് വരുന്നത്. അന്ന് അതിവൃഷ്ടി എന്ന പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതിവൃഷ്ടി കൂടി പരിഗണിച്ച് പുതിയ മാപ്പ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കൂട്ടിക്കല്‍ വില്ലേജ് ഹൈ ഹസാര്‍ഡ് സോണില്‍ വരുന്നതാണ്.പക്ഷെ ആ വില്ലേജിലെ എല്ലാ മേഖലയും ഹൈ ഹസാര്‍ഡ് സോണില്‍ വരില്ല. ഗാഡ്ഗില്‍ കമ്മറ്റിക്ക് പറ്റിയ കുഴപ്പമതാണ്. അവര്‍ 1 : 50000 സ്‌കെയില്‍ വെച്ചിട്ടാണ് മാപ്പ് തയ്യാറാക്കിയത്. അത് തെറ്റിദ്ധരിച്ചതിനാലാണ് ആളുകള്‍ എതിര്‍ത്തത്.
1: 50000 സ്‌കെയില്‍ ആയതിനാല്‍ ജീവിത യോഗ്യമായ ഒരു മേഖലയും കേരളത്തിലില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ഇത് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ കേള്‍ക്കാതിരിക്കാന്‍ കാരണമായി എന്നാണോ?
1: 50000 സ്‌കെയില്‍ പ്രകാരം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലെ മുകുന്ദപുരം താലൂക്ക് മൊത്തം ഹൈ ഹസാര്‍ഡ് സോണില്‍ വന്നു. അങ്ങനെയല്ല വേണ്ടത്. മുകുന്ദപുരം താലൂക്കിലെ അതിരപ്പള്ളി മേഖലയാണ് ഹൈ ഹസാര്‍ഡില്‍ വേണ്ടത്. അതുപോലെതന്നെയാണ് കൂട്ടിക്കലും.
50,000ല്‍ നിന്ന് 5000 സ്‌കെയിലേക്ക് പോവുക എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കാമോ?
മൈക്രോ ലെവലില്‍ പഠനം നടത്തണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതായത് കൂട്ടിക്കല്‍ പഞ്ചായത്തിനെ മുഴുവനായി പറയാതെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇന്ന് വാര്‍ഡാണ് പ്രശ്‌നബാധിതം എന്ന് 1: 5000 സ്‌കെയിലാണെങ്കില്‍ നമുക്ക് പറയാന്‍ പറ്റും.

രണ്ടോ മൂന്നോ ദിവസം 180മി. മീറ്ററില്‍ അധികം മഴ ലഭിച്ചാല്‍ മിക്ക മലഞ്ചെരിവുകളും അസ്ഥിരമാകുന്നതായി പറയുന്നു. അങ്ങിനെങ്കില്‍ ആ തരത്തില്‍ ഇവാക്ക്വേഷന്‍ നടപടികള്‍ സര്‍ക്കാരിന് ആലോചിക്കാവുന്നതല്ലേ?
വേണ്ടതാണ്. പക്ഷെ ഹൈ ഹസാര്‍ഡ് സോണ്‍ എന്നത് എല്ലായ്‌പ്പോഴും റിസ്‌ക് സോണാവണമെന്നില്ല. മനുഷ്യര്‍ താമസിച്ചാലേ അത് റിസ്‌ക് സോണാവൂ. ചില മോഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അതിനാല്‍ അവിടം റിസ്‌ക് സോണാണ്. ചിലത് ലോ ഹസാര്‍ഡ് സോണാവും. പക്ഷെ അവിടെ ധാരാളം ആളുകള്‍ താമസിക്കുന്നുണ്ടാവും. അതിനാല്‍ തന്നെ ദുരന്ത സാധ്യതാ മേഖല മാത്രമല്ല റിസ്‌ക് സോണ്‍ കൂടി നമ്മള്‍ പ്രത്യേകമായി മാപ്പ് ചെയ്യേണ്ടതുണ്ട്. ദുരന്തം കാരണം മനുഷ്യ ജീവന്‍ പൊലിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് വേണം. ഹൈ ഹസാര്‍ഡ് സോണ്‍ എപ്പോഴും ഹൈ റിസ്‌ക് സോണാവണമെന്നില്ല. പക്ഷെ ലോ ഹസാര്‍ഡ് സോണ്‍ പലപ്പോഴും ഹൈ റിസ്‌ക് സോണാവാറുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് റിസ്‌ക് മാപ്പ് അടിയന്തിരമായി നടപ്പാക്കേണ്ടത്. അങ്ങനെ ചെയ്താലേ ദുരന്ത ലഘൂകരണം സാധ്യമാവൂ
അതിനെത്ര സമയം എടുക്കും?
അത് ഏജന്‍സികളെ ഏല്‍പിച്ച് ചെയ്യേണ്ടതാണ്. ഞാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരിക്കെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനം നടത്തിയിട്ടുണ്ട്.

കേരളത്തിന്റെ വനം മേഖല വിപുലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തു വന്നിരുന്നു. പക്ഷെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കൂടുകയാണ് ചെയ്തത്..ഈ സംശയം ഉന്നയിക്കുന്നവര്‍ക്ക് എന്ത് ഉത്തരമാണ് നല്‍കുന്നത്?
ഈ രീതിയില്‍ നടന്ന വനവിപുലീകരണം എന്നത് വനവൃക്ഷ വിപുലീകരണമല്ല. സാറ്റലൈറ്റ് സഹായം കൊണ്ട് നമ്മള്‍ ഇത്തരത്തില്‍ പഠിക്കുമ്പോല്‍ എല്ലാ കനോപ്പികളും അതില്‍പ്പെടുകയാണ്. റബ്ബര്‍പ്ലാന്റേഷന്‍ വരെ മാപ്പിനകത്ത് വരുമ്പോഴാണ് വനവിസ്തൃതി കൂടി എന്ന് പറയുന്നത്. കേരള സര്‍ക്കാരിന്റെ 2011-ലെ കണക്കനുസരിച്ച് തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ആകെ വനവിസ്തൃതി സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 29.10 ശതമാനമാണ്. എന്നാല്‍ യഥാര്‍ഥ വനഭൂമി 8762.29 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇത് കേരളത്തിന്റെ ആകെ വിസ്തൃതിയുടെ നാലിലൊന്നില്‍ താഴെയാണ്. വനവിസ്തൃതി ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയൂ. സ്വാഭാവിക വനവൃക്ഷങ്ങള്‍ക്ക് പകരക്കാരായി വളര്‍ന്നുവന്ന ആഴത്തില്‍ വേരോട്ടമില്ലാത്ത മരങ്ങള്‍ ഉരുള്‍ പൊട്ടലുകളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. തേയില, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ വേരുകള്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഇളകിയ മണ്ണില്‍ മാത്രമേ ഇറങ്ങിച്ചെല്ലുകയുള്ളൂ. മറിച്ച് ആഴത്തില്‍ വേരോടുന്ന വന്‍വൃക്ഷങ്ങളുടെ വേരുകള്‍ ഉപരിതലത്തിലെ മണ്ണിനു താഴെയുള്ള ശിലകളുമായി ബോള്‍ട്ടു ചെയ്യുകയും ഇത് മലഞ്ചെരിവിന്റെ സ്ഥിരത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തൃശ്ശൂരില്‍ 2018ലുണ്ടായ അതിവൃഷ്ടി പല വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടാക്കിയിട്ടുണ്ട്. പക്ഷെ അത് പരിശോധിച്ചാല്‍ മനസ്സിലാവും ദ്രവിച്ച ക്ഷയിച്ച വനമേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..