കൃത്യമായി മൂത്രമൊഴിക്കാൻ പതിച്ച ഈച്ച ചിത്രം | wiki common
വൃത്തിയുള്ള ഒരു പബ്‌ളിക്ക് ടോയിലറ്റിലെ യൂറിനലില്‍ മൂത്രമൊഴിക്കാന്‍ കയറിയതാണ് പുരുഷനായ നിങ്ങള്‍ എന്ന് കരുതുക. നല്ല വെളുത്ത് തിളങ്ങുന്ന സെറാമിക്ക് യൂറിനലില്‍ ഒരു ഈച്ച പറ്റി നില്‍പ്പുണ്ട്. വെറുതെ അതിനെ പറത്തിക്കളയാന്‍, അതിന്റെ നേരെ ലക്ഷ്യം വെച്ച്‌കൊണ്ട്, മൂത്രമൊഴിക്കാനുള്ള സാദ്ധ്യത എത്രമാത്രമുണ്ടാകും?. കുട്ടിക്കാലത്തെ പലതരം കൗതുക മൂത്രമൊഴിരീതികള്‍ പയറ്റിനോക്കിയ ഓര്‍മ്മയിലല്ലെങ്കിലും ഭൂരിപക്ഷം ആണുങ്ങളും നിന്ന് മൂത്രമൊഴിക്കുമ്പോള്‍ ആ ഈച്ചയെ ലക്ഷ്യം വെച്ചാണ് മൂത്രം ചീറ്റിക്കുക. ഈച്ചകളോട് മനുഷ്യര്‍ക്ക് ഉള്ള ഇഷ്ടക്കേടും അതേസമയം പേടിയില്ലായ്മയും കാരണമാണ് പൊതുവായ ഇത്തരം പെരുമാറ്റരീതി ഉരുത്തിരിഞ്ഞത്.
പല പബ്‌ളിക്ക് യൂറിനലുകളിലും കൃത്യമായ സ്ഥലത്തേക്കല്ലാതെ ആണുങ്ങള്‍ അശ്രദ്ധമായി മൂത്രമൊഴിക്കുന്നതിനാല്‍ പുറത്തേക്ക് തെറിച്ചും മറ്റും നിലവും ചുമരും യൂറിനലിന്റെ പുറംഭാഗവും വൃത്തികേടാകാറുണ്ട്. അവ ശുചിയാക്കാന്‍ കൂടുതല്‍ അദ്ധ്വാനവും ചിലവും ആവശ്യമായി വരും.
1990 തുടക്കത്തില്‍ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലെ (Schiphol Airport) ക്ലീനിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോസ് വാന്‍ ബെഡാഫ് എന്ന ആളുടെ ആശയമായിരുന്നു യൂറിനലുകളില്‍ ചെറിയ ഈച്ചകളുടെ ചിത്രം പതിപ്പിക്കുക എന്നത്.ഒരു കറുത്ത കുത്ത് അകത്തുള്ള യൂറിനലിന് മറ്റുള്ള യൂറിനലിനേക്കാള്‍ ചുറ്റും വൃത്തിക്കേടാകുന്ന കാര്യത്തില്‍ കുറവുണ്ട് എന്ന കാര്യം അദ്ദേഹം പട്ടാളത്തില്‍ ജോലിചെയ്തിരുന്ന കാലത്ത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ആ ആശയം ആണ് ഇവിടെ പ്രയോഗിച്ച് നോക്കിയത്. അവിടത്തെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഈച്ച ചിത്രങ്ങള്‍ വെച്ചതും അല്ലാത്തതുമായ യൂറിനലുകളിലെ മൂത്രം തെറിച്ച് വൃത്തികേടാവുന്നതിന്റെ തോതുകള്‍ പഠനവിധേയമാക്കിയിരുന്നു. 80% കുറവാണ് ഈച്ചചിത്രങ്ങള്‍ ഉള്ളവയില്‍ കണ്ടത്. അതുവഴി ശുചീകരണചിലവില്‍ 8% ലാഭിക്കാനും കഴിയും എന്ന് മനസിലാക്കി. അത് വലിയൊരു തുകയായിരുന്നു.
മനുഷ്യര്‍ക്ക് മറ്റ് ചെറു ജീവികളുടെ ദേഹത്ത് മൂത്രം ഒഴിക്കുന്നതിന് ഇഷ്ടമാണ്. ഈച്ചകളോട് പൊതുവെ വെറുപ്പാണെന്നുമാത്രമല്ല അതിനെ പേടി കുറവാണുതാനും. കടന്നല്‍, കൂറ, ചിലന്തി തുടങ്ങിയവയോട് പലര്‍ക്കും ഭയമുള്ളതുപോലെ ഈച്ചകളോട് ഭയമില്ല. ടോയ്‌ലറ്റുകളില്‍ ഈച്ച വരാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അത് ശരിയ്ക്കും ഉള്ള ഈച്ചയാണെന്ന് തന്നെ പലരും കരുതുകയും ചെയ്യും. അതിനാല്‍ അതിന്റെ ദേഹത്ത് മൂത്രം വീഴ്താനായി ശ്രമിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായ സ്ഥലത്ത്, തെറിക്കാതെ ചിതറാതെ കൃത്യതയോടെ മൂത്രം യൂറിനലിനുള്ളിലേക്ക് തന്നെ വീണോളും. ഈ തന്ത്രം പല വിമനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും സ്‌കൂളുകളിലും പിന്നീട് പ്രയോഗിക്കാന്‍ തുടങ്ങി.
മുന്നേ തന്നെ ബ്രിട്ടനില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പലയിടങ്ങളിലുമുള്ള പൊതുവായ യൂറിനലുകളില്‍ തേനീച്ചപോലുള്ള ബീകളുടെ ചിത്രം പതിപ്പിക്കാറുണ്ടായിരുന്നു. ബീകള്‍ അപിസ് (Apis) എന്ന ജനുസിലാണ് ഉള്‍പ്പെടുക. ഇത്തരത്തില്‍ മൂത്രപാത്രങ്ങളില്‍ കയറിയതിനാല്‍ അപിസ് എന്നതിനെ 'പിസ്' (മൂത്രമൊഴിക്കല്‍) എന്ന് മാത്രമാക്കി കളിയായി ചിലര്‍ പറയാറുണ്ട്. എഞ്ചിനിയറും വ്യവസായിയുമായ തോമസ് ക്രാപ്പെര്‍ ഇത്തരത്തില്‍ ആദ്യമായി 'ബീ' ചിത്രങ്ങള്‍ മൂത്രം വീഴേണ്ട ഭാഗത്ത് പ്രിന്റ് ചെയ്ത സാനിറ്ററി യൂറിനലുകള്‍ തന്റെ ഫാക്ടറിയില്‍ നിന്നും പുറത്തിറക്കി. ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടിലെ ഈച്ച ചിത്രം എച്ചിങ്ങ് ചെയ്തതായിരുന്നു. നിര്‍മ്മാണ സമയത്ത് തന്നെ പോര്‍സലിനില്‍ ചൂടാക്കി ഒട്ടിക്കുന്ന സ്റ്റിക്കറുകളുമായി പല കമ്പനികള്‍ യൂറിനലുകള്‍ പുറത്തിറക്കി. മൂത്രത്തിന്റെ ചൂട് ഏല്‍ക്കുമ്പോള്‍ മങ്ങിമാഞ്ഞു കാണാത്താവുകയും പിന്നീട് തെളിയുന്നതും ആയ ടെമ്പെറേച്ചര്‍ സെന്‍സിറ്റീവ് സ്റ്റിക്കറുകള്‍ വന്നു.
ചിക്കാഗൊ യൂണിവേര്‍സിറ്റിയിലെ ബിഹേവിയറല്‍ എക്കൊണോമിസ്റ്റായ റിച്ചാര്‍ഡ് താലര്‍ ( Richard Thaler), നിയമ പണ്ഡിതനായ കാസ് സണ്‍സ്റ്റീന്‍ (Cass Sunstein) എന്നിവര്‍ ചേര്‍ന്ന് 2008 ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Nudge: Improving Decisions About Health, Wealth, and Happiness. നിര്‍ബന്ധമില്ലാതെ തന്നെ വ്യക്തികളെയും ഗ്രൂപ്പുകളേയും ചിലപെരുമാറ്റ ശീലങ്ങള്‍ വഴി ചില തീരുമാനങ്ങള്‍ എടുപ്പിക്കാനും കാര്യങ്ങള്‍ നടപ്പിലാക്കാനും പറ്റും എന്നതാന് ഈ 'നഡ്ജ് തിയറി'യുടെ കാമ്പ്. ഈ ആശയം അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും രാഷ്ട്രീയക്കാരിലും പൊതു-സ്വകാര്യ ആരോഗ്യമേഖലയിലെ വിദഗ്ധരിലും വലിയ സ്വീകാര്യതയും ചര്‍ച്ചയും ഉയര്‍ത്തിയിരുന്നു. ഈ ആശയം പ്രകൃതി സംരക്ഷണം ആരോഗ്യ പരിപാലനം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാംഉപയോഗിക്കാനും സാമ്പത്തിക താത്പര്യങ്ങള്‍ക്കും ഉപയോഗിക്കാനാവുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലെ യൂറിനലിനകത്തെ ഈച്ചയ്ക്ക് നേരെ മൂത്രമൊഴിക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലായിരുന്നല്ലോ. എങ്കിലും ഭൂരിപക്ഷം ആളുകളും അവരുടെ പെരുമാറ്റ ശീലം കൊണ്ട് അത് പിന്തുടര്‍ന്നു. നഡ്ജ് തിയറിയുടെ വ്യക്തതയാര്‍ന്ന മികച്ചഉദാഹരണമായി ഇതാണ് ചൂണ്ടിക്കാണിക്കാറ്. 2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റിച്ചര്‍ഡ് താലര്‍ക്കാണ് ലഭിച്ചത്. വീട്ടിലെ ഊണ്, പ്രകൃതി ഭക്ഷണം തുടങ്ങിയ ബോഡുകള്‍ നഡ്ജിന് ഉദാഹരണമാണ്. ഹോട്ടലുകളിലെ മെനുകാര്‍ഡില്‍ വില വളരെകൂടിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയത് കാണാം. . അത് നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിച്ചല്ല. അതിനു താഴെ വില വളരെ കുറഞ്ഞ ഭക്ഷണ ലിസ്റ്റുണ്ടാകുമ്പോള്‍ അതിലെ ഏറ്റവും കൂടിയതിന് പോലും വിലകുറവാണ് എന്ന തോന്നല്‍ ഉണ്ടാക്കി അത് ഓര്‍ഡര്‍ ചെയ്യിക്കാനുള്ള നഡജിങ്ങ് തന്ത്രമാണ് അത്. ചില സൈന്‍ ബോര്‍ഡുകള്‍ , ഷോപ്പുകളിലെ സാധങ്ങളുടെ ക്രമീകരണം തുടങ്ങി പല അവസരങ്ങളില്‍ മനുഷ്യരുടെ ബിഹേവിയറല്‍ സൈക്കോളജിയെ ഉപയോഗിച്ച് ഇങ്ങനെ കാര്യങ്ങള്‍ ചെയ്യിക്കാനാകും.
Content Highlights: decorating urinals with the images of honey bees, and the origin of the word piss, environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..