പ്രതീകാത്മക ചിത്രം | Photo-PTI
കേരളത്തിലേക്കുള്ള ദേശാടനപ്പക്ഷികളുടെ വരവ് കുറയുന്നതായി വിദഗ്ദ്ധര്‍. അടുത്ത കാലത്തായി കേരളത്തിലേക്കുള്ള ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി പക്ഷിനിരീക്ഷകനായ സി.ശശികുമാര്‍ പറയുന്നു. എല്ലാവര്‍ഷവും ജനുവരിയില്‍ നടക്കുന്ന നീര്‍പക്ഷി സെന്‍സസിലും (Water Bird Census) ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തണ്ണീര്‍ത്തട പക്ഷികളുടെ (Wetland Birds) കണക്കാണ് നിലവില്‍ ലഭ്യമായത്. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നതു പോലെയുള്ള ഘടകങ്ങള്‍ ദേശാടനപ്പക്ഷികളുടെ വരവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തീരമേഖലയിലെത്തുന്ന ദേശാടനപ്പക്ഷികളുടെ (Shore Birds) എണ്ണത്തില്‍ ആഗോള തലത്തില്‍ തന്നെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എണ്ണം കുറയല്‍ മാത്രമല്ല...
എണ്ണം കുറയലിനൊപ്പം പുതിയ ഒട്ടേറെ പക്ഷി വര്‍ഗ്ഗങ്ങളെ കണ്ടെത്താറുണ്ടെന്നും പക്ഷിനിരീക്ഷകനായ സി.ശശികുമാര്‍ പ്രതികരിച്ചു. 'സ്പാനിഷ് സ്പാരോ പോലെയുള്ളവയെ പൊന്നാന്നിയില്‍ കാണാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല', അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെത്തുന്ന പല ദേശാടനപക്ഷികളേയും ആദ്യമായി കണ്ടെത്തുന്നത് കേരളത്തിലാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.എന്നാല്‍ ദേശാടനപ്പക്ഷികളുടെ, പ്രത്യേകിച്ച് നീര്‍പക്ഷികളുടെ (കാട്ടുതാറാവ്, എരണ്ട) എണ്ണം കേരളത്തില്‍ കുറയുന്ന സാഹചര്യമുണ്ട്.

വരവ് കുറയാനുള്ള കാരണങ്ങള്‍
തണ്ണീര്‍ത്തടങ്ങളില്‍ വന്ന മാറ്റങ്ങള്‍ ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം തണ്ണീര്‍ത്തടങ്ങളും സ്ഥിതി ചെയ്യുന്നത് സംരക്ഷിത മേഖലയില്‍ അല്ല. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. റോഡ് നിര്‍മാണം പോലെയുള്ളവ പോലും ദേശാടനപ്പക്ഷികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ മേഖലയില്‍ സംഭവിച്ചതും ഇതാണ്. കൃഷി തീരെ ചെയ്യാത്ത തരിശു മേഖലകള്‍ക്കൊപ്പം റോഡുകളും പെരുകി. ദേശാടനപ്പക്ഷികള്‍ ധാരാളമായി വന്നു കൊണ്ടിരുന്ന സ്ഥലങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ (Habitat Change) തന്നെയാണ് വരവ് കുറയാനുള്ള പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനവും മറ്റൊരു പ്രതികൂല ഘടകമാണ്.
കേരളത്തില്‍ ഏറ്റവുമധികമുള്ളത്..
കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ ഏറ്റവുമധികം എത്തുന്നത് ആലപ്പുഴ ജില്ലയിലെ വേമ്പനാട് മേഖലയിലാണ്. തൃശ്ശൂരിലെ കോള്‍നിലങ്ങളാണ് ദേശാടനപ്പക്ഷികള്‍ അധികമായി എത്തുന്ന മറ്റൊരു മേഖല. നീര്‍പക്ഷികളുടെ 60 ശതമാനവും എത്തുന്നത് ഈ രണ്ടു മേഖലകളിലാണ്. എന്നാല്‍ ഈ പ്രദേശങ്ങളിലും മാറ്റങ്ങളുണ്ടാവുന്നത് ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികള്‍ ഏറ്റവുമധികം എത്തുന്നത് മംഗളവനത്തിലാണ്.
പോംവഴി
തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ദേശാടനപ്പക്ഷികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. വനമേഖലകളെല്ലാം തന്നെ സംരക്ഷിത പ്രദേശങ്ങളായതിനാല്‍ ഈ മേഖലയിലെത്തുന്ന ദേശാടനപ്പക്ഷികളെ കുറിച്ച് നിലവില്‍ ആശങ്കകളില്ല. സ്വകാര്യ ഉടമസ്ഥതയിലായതിനാല്‍ തന്നെ തണ്ണീര്‍ത്തടങ്ങളിലാണ് മാറ്റങ്ങള്‍ കൂടുതലായുണ്ടാകുന്നത്. പക്ഷിസങ്കേതങ്ങളിലൊന്നായ കടലുണ്ടിയില്‍ പോലും മാറ്റങ്ങളുണ്ടാവുന്നത് ദേശാടനപ്പക്ഷികളുടെ വരവിനെ തടയുന്നുണ്ട്.
പ്രജനനത്തിനായി നിലങ്ങളെ ആശ്രയിക്കുന്ന പക്ഷികളാണ് ഏറിയ പങ്ക് ദേശാടനപ്പക്ഷികളും. അതിനാല്‍ മണ്ണില്‍ വരുന്ന മാറ്റങ്ങള്‍ പോലും ഇവയുടെ വരവിനെ ബാധിക്കുന്നുണ്ട്.ദേശാടനപ്പക്ഷികളുടെ വരവ് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ ഇവയുടെ എണ്ണം കൂടാന്‍ സാധ്യതയില്ലെന്നും സി.ശശികുമാര്‍ അഭിപ്രായപ്പെട്ടു.
Content Highlights: population of migratory birds arriving in kerala shows a decline
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..