അതിശൈത്യകാലങ്ങളിൽപ്പോലും ആർട്ടിക്കിൽ ഓസോൺ ദ്വാരം രൂപപ്പെട്ടിട്ടില്ല; ആകാശത്തെ കീറിമുറിക്കരുത്


പ്രൊഫ. ജയനാരായണൻ കുറ്റിപ്പുറത്ത് ഗോപീകൃഷ്ണൻ ജി.എസ്.

ഉരുകിത്തീർന്ന് അവശേഷിച്ച ഐസ്കട്ടയിൽ അഭയം തോടിയ ഹിമക്കരടി, റഷ്യയിലെ ഫ്രാൻസ് ജോസഫ് ലാൻഡിൽ നിന്നുള്ള ദൃശ്യം | AFP

മനുഷ്യന്റെ പ്രവൃത്തികൾ ഭൂമിയെയും കാലാവസ്ഥയെയും എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതിന്റെ പ്രഥമ ഉദാഹരണങ്ങളിലൊന്നാണ് ഓസോൺ പാളിയിൽ 1980-കളിൽ കണ്ടെത്തിയ വലിയ വിള്ളലുകൾ. സ്‌പ്രേ കാനുകളിൽനിന്നും എ.സി., റെഫ്രിജറേറ്റർ തുടങ്ങിയ ശീതീകരണയന്ത്രങ്ങളിൽനിന്നും ഉദ്‌വമിക്കുന്ന ക്ലോറിൻ അടങ്ങിയ സംയുക്തങ്ങൾ ദക്ഷിണധ്രുവത്തിലെ ഓസോൺ പാളിക്കുമേൽ ഉണ്ടാക്കിയ വിള്ളലുകൾ ഭൂമിയുടെ ആകെ സന്തുലിതാവസ്ഥയ്ക്കുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്ന് തിരിച്ചറിയാൻ നാം ഏറെ വൈകിയിരുന്നു. ഇതുകാരണമുണ്ടായ ഓസോൺ നഷ്ടം അപ്പോഴേക്കും 20-30 ദശലക്ഷം കിലോമീറ്റർ വ്യാപ്തിയിലേക്കെത്തുകയും ലക്ഷക്കണക്കിന് മനുഷ്യരിൽ കാൻസർ പോലെയുള്ള മാരക പ്രഹരശേഷിയുള്ള അസുഖങ്ങളുണ്ടാകാൻ വഴിയൊരുക്കുകയും ചെയ്തു.

നിറമില്ലാത്ത കവചം

അടിസ്ഥാനപരമായി മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന, അന്തരീക്ഷത്തിലെ മറ്റ് വാതകങ്ങളുമായി പെട്ടെന്ന് പ്രതിപ്രവർത്തിക്കുന്ന, നിറമില്ലാത്ത വാതകമാണ് ഓസോൺ. ഭൗമോപരിതലത്തിനടുത്തുള്ള ഓസോൺ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാൻസറിനുംവരെ കാരണമാകുന്ന അപകടകാരിയായ ഹരിതഗൃഹവാതകമാണ്. എന്നാൽ, ഭൂമിയുടെ ഉപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ ഏകദേശം 10 മുതൽ 50 കിലോമീറ്റർ മുകളിലായി സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന ഓസോൺ, സൂര്യനിൽനിന്നുള്ള ഹാനികരമായ UV-B വികിരണത്തെ ആഗിരണം ചെയ്യുകയും ഇവ ഭൂമിയിലേക്കെത്തിയാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളെ തടുക്കുന്നതിനും സഹായിക്കുന്നു.

സ്ട്രാറ്റോസ്ഫിയറിൽ ഓസോൺ ഉണ്ടാകുന്നതും നശിപ്പിക്കപ്പെടുന്നതും പ്രകാശവിശ്ലേഷണ പ്രക്രിയയുടെ ഫലമായാണ്. സൂര്യകിരണങ്ങളുടെ സാന്നിധ്യത്തിൽ ഓസോൺ വിഘടിച്ച് ഓക്സിജൻ തന്മാത്രയും (O2) ഒരു സ്വതന്ത്ര ഓക്സിജൻ ആറ്റവും ഉണ്ടാകുന്നു. എന്നാൽ, ഇതേ പ്രക്രിയയുടെ ഭാഗമായി വളരെ പെട്ടെന്നുതന്നെ ഇവ വീണ്ടും യോജിച്ച്‌ ഓസോണായി മാറുന്നു. ഈ ചാക്രികപ്രവർത്തനത്തെ ചാപ്മാൻ ചക്രം എന്നാണു വിളിക്കുന്നത്.

വസന്തകാലത്തെ കണ്ടെത്തൽ

1957-1958 (International Geophysical Year) മുതൽ തുടർച്ചയായി ഓസോണിന്റെ നിരീക്ഷണം നടത്താനായി ബ്രിട്ടീഷ് അന്റാർട്ടിക് സർവേ (BAS) അന്റാർട്ടിക്കയിലെ ഹാലി ബേയിൽ ഒരു ഡോബ്‌സൺ സ്‌പെക്‌ട്രോഫോട്ടോമീറ്റർ സ്ഥാപിച്ചു. ബ്രയാൻ ഗാർഡിനർ, ജോനാഥൻ ഷാങ്ക്‌ലിൻ എന്നിവർക്കൊപ്പം ജോസഫ് ചാൾസ് ഫാർമാനും ചേർന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരായിരുന്നു ഇതിന്റെ പിന്നിൽ. 1976 മുതൽ ദക്ഷിണാർധ ഗോളത്തിലെ വസന്തകാലത്ത് (സെപ്റ്റംബർ-ഒക്ടോബർ) ഓസോണിന്റെ അളവ് ക്രമാതീതമായി കുറയാൻ തുടങ്ങിയതായി അവർ കണ്ടെത്തി. 1984-ൽ ജാപ്പനീസ് ശാസ്ത്രജ്ഞനായ ഷിഗെരു ചുബാച്ചി, ജാപ്പനീസ് അന്റാർട്ടിക് സ്റ്റേഷനായ ഷോവയിൽ(syowa)നിന്നുമുള്ള 1982-ലെ ഓസോണിന്റെ വ്യതിയാനം ഉപയോഗിച്ച് ഇതേ കുറവ് അദ്ദേഹത്തിന്റെ വിശകലനത്തിലും കാണപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് ഫാർമാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇതേക്കുറിച്ച്‌ ആഴത്തിൽ പഠിക്കാനായി ഹാലി ബേയിൽനിന്ന് ഏകദേശം 1500 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി പുതിയ ഒരു സ്പെക്‌ട്രോഫോട്ടോമീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചു. ഹാലി ബേയിലെ പോലെത്തന്നെ അവിടെയും വസന്തകാലത്ത് ഓസോണിന്റെ അളവ് കുറയുന്നത് അദ്ദേഹവും കൂട്ടരും തിരിച്ചറിഞ്ഞു.

ദക്ഷിണധ്രുവത്തിലെ വിള്ളൽ

ഭൂമിയിലെ ഓസോണിന്റെ ഏറിയപങ്കും ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അന്റാർട്ടിക്കയിൽ അല്ലെങ്കിൽ ദക്ഷിണ ധ്രുവത്തിൽ മാത്രം ഒരു വിള്ളൽ ധ്രുവപ്രദേശങ്ങളിൽമാത്രം കാണപ്പെടുന്ന ചില പ്രത്യേക കാലാവസ്ഥാ സ്ഥിതിവിശേഷങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്നും ധ്രുവപ്രദേശങ്ങളിലേക്കുള്ള വായുപ്രവാഹത്തിൽ ഓസോണിനോടൊപ്പം ക്ലോറിൻ, ബ്രോമിൻ തുടങ്ങിയ വാതകങ്ങളും എത്തുന്നു. ശൈത്യകാലത്ത്, ദക്ഷിണധ്രുവത്തിന്റെ താപനില -90 ഡിഗ്രിവരെ താഴുകയും തത്‌ഫലമായി, വായു നിർഗമിക്കുകയും (descend), ഇതു ധ്രുവീയ ചുഴി (പോളാർ വോർട്ടക്സ്) എന്നറിയപ്പെടുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെ ഭ്രമണചലനത്തിന് കാരണമാകുന്നു. ശൈത്യകാലത്ത് ശക്തമാവുന്ന ധ്രുവീയ ചുഴി വായുസഞ്ചാരം ദക്ഷിണധ്രുവത്തിൽ എത്തുന്നത് പൂർണമായും തടയുന്നു. കൂടാതെ, സൂര്യപ്രകാശത്തിന്റെ അഭാവം പ്രകൃത്യാലുള്ള ഓസോൺ രൂപവത്‌കരണത്തെ കുറയ്ക്കുകയും ഒപ്പം സി.ഫ്‌.സി.കളിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ സംയുക്തങ്ങൾ അവശേഷിക്കുന്ന ഓസോൺ തന്മാത്രകളുടെ വിഘടനത്തെ ത്വരപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം രാസപ്രവർത്തനങ്ങളിലൂടെ ക്ലോറിൻ ആറ്റങ്ങൾ പിന്നീട് ആയിരക്കണക്കിന് ഓസോൺ തന്മാത്രകളുടെ നാശത്തിനു ഹേതുവാകുന്നു. പോളാർ സ്ട്രാറ്റോസ്‌ഫെറിക് മേഘങ്ങൾ (പി.എസ്‌.സി.) നീണ്ട ശൈത്യകാലത്ത്, 15 മുതൽ 20 കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന വളരെ താഴ്ന്നതാപനിലയും അസ്ഥിരമായ കാലാവസ്ഥയുമാണ് ദക്ഷിണധ്രുവത്തിലെ ഓസോൺ രസതന്ത്രത്തെ വ്യത്യസ്തമാക്കുന്നത്.

ചുരുക്കത്തിൽ, പി.എസ്‌.സി.യുടെ രൂപവത്‌കരണത്തെ ബാധിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് താപനിലയും സൂര്യപ്രകാശവും. പിന്നീട് ശൈത്യ-വസന്ത സംക്രമണഘട്ടം അവസാനിക്കുന്നതോടുകൂടി താപനില വർധിക്കുകയും ധ്രുവീയ ചുഴി ദുർബലമാവുകയും ചെയ്യുന്നതുവരെ ഓസോൺ ദ്വാരം വളരുന്നു. ശേഷം, വേനലിന്റെ വരവോടുകൂടി ചുറ്റുമുള്ള അന്തരീക്ഷത്തിൽനിന്നുമുള്ള വായു ധ്രുവീയ വായുവുമായി കലരുകയും അതുവഴി ക്ലോറിൻ ഓസോൺ-ശോഷണ രൂപങ്ങൾ ഇല്ലാതാവുകയും ഓസോൺ പാളി പൂർണമായും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നു.

ദക്ഷിണധ്രുവത്തെ അപേക്ഷിച്ച് ഉത്തരധ്രുവത്തിൽ പൊതുവേ 10 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. അന്റാർട്ടിക്കയിൽ സംഭവിക്കുന്നതുപോലെ തീവ്രമായ താഴ്ന്ന താപനില ആർട്ടിക്കിൽ ദീർഘകാലത്തേക്ക് നിലനിൽക്കില്ല. ഇതിനോടൊപ്പം ശൈത്യ-വസന്ത സംക്രമണഘട്ടംവരെ പി.എസ്‌.സി.കൾ നിലനിൽക്കാത്തതിനാൽ, ഓസോൺ വിഘടനത്തിനു ലഭ്യമായ ഹാലോജനുകളുടെ അളവ് ആർട്ടിക്കിൽ വളരെ ചെറുതായിരിക്കും. കൂടാതെ, കരയുടെ സാന്നിധ്യംകാരണം ആർട്ടിക് മേഖലയിൽ ശക്തവും സുസ്ഥിരവുമായ ഒരു ധ്രുവ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനും സാധ്യത തീരെ കുറവാണ്. ഈ ഘടകങ്ങളെല്ലാം അന്റാർട്ടിക്കയെ അപേക്ഷിച്ച് ആർട്ടിക് പ്രദേശത്ത്‌ ഉയർന്ന അളവിലുള്ള ഓസോൺ കാണപ്പെടുന്നതിനു കാരണമാകുന്നു. അതിശൈത്യകാലങ്ങളിൽപ്പോലും ആർട്ടിക്കിൽ ഓസോൺ ദ്വാരം രൂപപ്പെട്ടിട്ടില്ല.

പൂർവസ്ഥിതിയിലാകു​മോ ഓസോൺ

1987-ൽ ഓസോൺ ദ്വാരത്തിന്റെ അവസ്ഥയ്ക്ക് കൂട്ടായി ഒരു പരിഹാരം ഉന്നയിക്കാൻ ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ കാനഡയിലെ മോൺട്രിയലിൽ ഒത്തുകൂടി. 1987 സെപ്‌റ്റംബർ 16-ന് അവർ ഓസോൺപാളിയെ നശിപ്പിക്കുന്ന ഓസോൺ ഡിപ്ലെറ്റിങ്‌ സബ്സ്റ്റൻസസ് എന്ന് അറിയപ്പെടുന്ന വസ്തുക്കളെ പൂർണമായി ഒഴിവാക്കാനുള്ള വ്യവസ്ഥയിൽ ഒരു കരടുപ്രമേയം തയ്യാറാക്കി. ഇതാണ് സെപ്റ്റംബർ 16 ലോക ഓസോൺദിനമായി ആചരിക്കുന്നതിലേക്ക് ലോകരാജ്യങ്ങളെ നയിച്ചത്. 197 ലോക രാജ്യങ്ങൾ പ്രോട്ടോകോളിൽ ഒപ്പുവെച്ചു. 1989 ജനുവരി ഒന്നിന് മോൺട്രിയൽ പ്രോട്ടോകോൾ നടപ്പാക്കിയതിനുശേഷം ക്ലോറോ ഫ്ളൂറോ കാർബൺ ഉൾപ്പെടെയുള്ള സംയുക്തങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം കുത്തനെ കുറയ്ക്കാൻ കഴിഞ്ഞു.

മോൺട്രിയൽ പ്രോട്ടോകോൾ നടപ്പാക്കി 35 വർഷത്തിനുശേഷം, ഓസോൺ പാളി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. 2055-2065 വർഷത്തോടെ ഓസോൺ പാളി പൂർണമായും വീണ്ടെടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ശാസ്ത്രലോകം. എന്നിരുന്നാലും സി.എഫ്‌.സി.കളിൽനിന്ന് ഹൈഡ്രോഫ്ലൂറോകാർബണുകളിലേക്കുള്ള (എച്ച്.എഫ്‌.സി.) മാറ്റം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇവ ആഗോളതാപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമായി പ്രവർത്തിക്കുന്നു. 2016-ൽ ലോകരാജ്യങ്ങൾ റുവാൺഡയിലെ (ആഫ്രിക്ക) കിഗാലിയിൽ വീണ്ടും ഒരു യോഗം ചേർന്ന്‌ 2050-ഓടെ എച്ച്.എഫ്‌.സി.കളുടെ ഉദ്‌വമനം 80 ശതമാനം കുറയ്ക്കുന്നതിനുള്ള കിഗാലി ഭേദഗതി വിഭാവനം ചെയ്യുകയുണ്ടായി.

പരിസ്ഥിതി ശാസ്ത്രജ്ഞനായ ജയനാരായണൻ ഐ.ഐ.ടി. ഖരഗ്പുരിൽ പ്രൊഫസറാണ്‌. അവിടെ റിസർച്ച് സ്കോളറാണ്‌ ഗോപീകൃഷ്ണൻ

Content Highlights: Ozone layer depletion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented